•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

സമാധാനം

കുറെ വര്‍ഷംമുമ്പ് ആഗോളതലത്തില്‍ ഒരു ചിത്രരചനാമത്സരം നടന്നു. ഇതിന്റെ സംഘാടകര്‍ അഖിലലോകനിലവാരത്തില്‍ പലവിധ മത്സരങ്ങള്‍ നടത്തി പേരും പ്രശസ്തിയും നേടിയവരാണ്. സമ്മാനത്തുക ഭീമമായ സംഖ്യയും ആകര്‍ഷകമായ ശില്പവും പ്രശസ്തിപത്രവും. അതിനു പുറമേ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ആര്‍ട്ടുഗാലറിയധികാരികള്‍ കൊതിപ്പിക്കുന്ന വിലകൊടുത്ത് അല്ലെങ്കില്‍ ലേലത്തില്‍ പങ്കെടുത്തു സ്വന്തമാക്കും.
ചിത്രരചനയ്ക്കു കൊടുത്ത വിഷയം ''സമാധാനം.'' ലോകപ്രശസ്തരായ അനേകം ചിത്രകാരന്മാര്‍ അതില്‍ പങ്കെടുത്തു. സമാധാനം എന്ന വിഷയത്തെ ആസ്പദമാക്കി ഓരോരുത്തരും അവരവരുടെ പ്രതിഭയ്ക്കും ഭാവനയ്ക്കുമനുസരിച്ച് വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. എല്ലാ ചിത്രങ്ങളും സംഘാടകര്‍ വലിയൊരു ആര്‍ട്ടുഗാലറിയില്‍ പ്രദര്‍ശിപ്പിച്ചു.
ചിത്രകലാസ്‌നേഹികളായ ഒട്ടനവധി ജനങ്ങള്‍ ഓരോ ദിവസവും ചിത്രങ്ങള്‍ കാണാനെത്തി. ഓരോരുത്തരും അവരവരുടെ മനസ്സുകൊണ്ട് സമ്മാനാര്‍ഹമായ ചിത്രം ഇന്നതായിരിക്കുമെന്ന് ഊഹിച്ചു.
സമ്മാനം നിശ്ചയിക്കേണ്ട ദിവസം സമാഗതമായി. പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളെ മുഴുവന്‍ വിലയിരുത്താനും സമ്മാനം നിശ്ചയിക്കാനും ചിത്രകലാ പണ്ഡിതരും കലാമര്‍മജ്ഞരുമായ വിധികര്‍ത്താക്കളെത്തി. അവര്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ ഓരോന്നും വേണ്ടത്ര സമയമെടുത്ത് സാവകാശം സൂക്ഷ്മമായി പരിശോധിച്ചു.
ചിത്രങ്ങള്‍ പല തരത്തിലും പല നിറത്തിലുമുള്ളവ. ഭാവനാസമ്പന്നം. വിഷയത്തോടു നീതിപുലര്‍ത്തുന്നവ. പച്ചിലക്കൊമ്പു ചുണ്ടില്‍കൊത്തിയ സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ ചിത്രം, മനോഹരമായ മഴവില്ലിന്റെ വര്‍ണങ്ങളില്‍ വരച്ച പ്രശാന്തരമണീയായ പ്രകൃതിദൃശ്യം, സായംസന്ധ്യയിലെ വര്‍ണോജ്ജ്വലമായ ആകാശവും സ്വച്ഛമായ കായലും അതിലൂടെ തുഴഞ്ഞുപോകുന്ന വള്ളവും, അമ്മയുടെ തോളില്‍ സുരക്ഷിതമായി ഉറങ്ങുന്ന ഒരു കൊച്ചുകുഞ്ഞിന്റെ കോമളചിത്രം, ആകാശപ്പരപ്പില്‍ മിന്നുന്ന വെള്ളിനക്ഷത്രവും പുഞ്ചിരിക്കുന്ന പൂനിലാവും അതിനു താഴെ കുന്നിന്‍ചെരുവിലുള്ള ഒരാട്ടിന്‍പറ്റവും, ഇരുണ്ടുമൂടിയ ആകാശവും കറുത്ത മേഘപടലങ്ങളും അലറുന്ന കടലും പൊങ്ങുന്ന തിരമാലകളും പാറക്കെട്ടുകളും വീശിയടിക്കുന്ന കൊടുങ്കാറ്റും ഉള്‍ക്കൊള്ളുന്ന കടുത്ത ചായക്കൂട്ടില്‍ വരച്ച ഒരു ചിത്രം - അതിന്റെ ഒരറ്റത്ത് ഒരു മരക്കൊമ്പിലെ പൊത്തില്‍ ഒരു പക്ഷിയിരുന്ന് ഉറങ്ങുന്നു. വൃക്ഷലതാദികളും പൂച്ചെടികളും നിറഞ്ഞ വിജനമായ അന്തരീക്ഷത്തില്‍ ഉദയസൂര്യന്റെ തങ്കരശ്മിയില്‍ മുങ്ങി ധ്യാനനിരതനായി ചമ്രം പടിഞ്ഞിരിക്കുന്ന ഒരു യോഗിവര്യന്‍ - ഇങ്ങനെ ഒട്ടനവധി മനോഹരചിത്രങ്ങള്‍. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവ. ഏതിന് ഒന്നാം സമ്മാനം എന്നു നിര്‍ണയിക്കാന്‍ പ്രയാസം.
ദിവസവും പ്രദര്‍ശനം കണ്ടാസ്വദിച്ച പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഒന്നാം സമ്മാനം നേടിയത് മരക്കൊമ്പിലെ പൊത്തില്‍ ശാന്തമായി ഉറങ്ങുന്ന പക്ഷിയുടെ ചിത്രം. അന്തരീക്ഷവും പ്രകൃതിയും ഇത്രമേല്‍ പ്രക്ഷുബ്ധവും കലുഷിതവും ശബ്ദഭീകരവുമായിരുന്നിട്ടും ആ പക്ഷി ഉറങ്ങുന്നു. മനസ്സില്‍ സമാധാനമുണ്ടെങ്കിലേ ഇങ്ങനെ ശാന്തമായി ഉറങ്ങാനാവൂ. അതിനു  വേവലാതിയും ഉത്കണ്ഠയുമില്ല. അതെല്ലാം ഉള്ളതു മനുഷ്യനാണ്. അവനു സമാധാനമില്ല, സ്വസ്ഥതയില്ല. മനുഷ്യന്‍ അവന്റെ ഉത്കണ്ഠകളും വ്യസനങ്ങളും സര്‍വശക്തനായ ദൈവത്തിനു സമര്‍പ്പിച്ചാല്‍ ശാന്തിയും സമാധാനവും ലഭിക്കുമെന്നു മനുഷ്യന്‍ മറക്കുന്നു.
സമ്മാനാര്‍ഹമായ ചിത്രത്തിലേക്കു വരാം. ഏറെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ മരപ്പൊത്തില്‍ സ്വസ്ഥമായി ഉറങ്ങുന്ന പക്ഷി. അതിനു മനസ്സില്‍ സമാധാനമുണ്ട്. ഒന്നു ധരിക്കുക. മനസ്സില്‍ നന്മയുണ്ടെങ്കില്‍ ഭയമുണ്ടാവില്ല, ടെന്‍ഷനുണ്ടാവില്ല. ഉള്ളില്‍ കരുതലും  സ്‌നേഹവുമുണ്ടെങ്കില്‍ മനസ്സിനു സമാധാനമുണ്ടാവും, സ്വസ്ഥതയുണ്ടാവും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)