•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

അകപ്പുരയുടെ ആത്മീയത

  അറപ്പുരകളില്‍ ഒന്നുംതന്നെ കരുതിവയ്ക്കാത്ത കുരുവികളെയും വിശന്നുവീഴാതെ കാക്കുന്നവനാണു ദൈവമെന്നു പഠിപ്പിച്ചുനടന്ന നസ്രായന്റെ വാക്കുകളുടെ പൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കാതെപോയ സമ്പന്നനായ ഒരുരു മനുഷ്യന്‍ (ലൂക്കാ 12:13-20). അതുകൊണ്ടുതന്നെ തന്റെ വയലേലകള്‍ വമ്പിച്ച വിളവേകിയ വര്‍ഷം കതിര്‍മണികളുടെ കൂമ്പാരം കണ്ടു കണ്ണു മഞ്ഞളിച്ച അയാള്‍ അറപ്പുരകള്‍ പൊളിച്ചു കൂടുതല്‍ വിസ്തൃതമായവ പണിയാന്‍ പദ്ധതിയിട്ടു. ലോകത്തിന്നുഅയാള്‍ വിവേകിയായി. എന്നാല്‍, ദൈവത്തിനു വിഡ്ഢിയും! ലോകം അയാളെ ചന്തംചാര്‍ത്തിയപ്പോള്‍ ദൈവം അയാളോടു ചിലതൊക്കെ ചോദിച്ചു. അതിനുള്ള രണ്ടു കാതലായ കാരണങ്ങളെ ധ്യാനിക്കുന്നത് ദൈവദൃഷ്ടിയില്‍ നാം ഭോഷരോ ഭാഗ്യരോ എന്നു വിലയിരുത്താനും ചില ചോദ്യങ്ങള്‍ നമ്മോടുതന്നെ ചോദിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനുമൊക്കെ അല്പമെങ്കിലും ഉപകരിക്കും.
അവന്‍ മറന്നു
വിളവിന്റെ സമൃദ്ധിയില്‍ അതിനേക്കാള്‍ വിലയേറിയ പലതും അവന്‍ വിസ്മരിച്ചു. വയലില്‍ വിതയ്ക്കപ്പെട്ട വിത്തുകളെ മുളപ്പിച്ചു, വളര്‍ത്തി, കതിരണിയിച്ച വിളവിന്റെ നാഥനെ അവന്‍ മറന്നു. ജീവിതം കേവലം പിച്ചപ്പാത്രമാണെന്നും, അതിനുള്ളിലെ സമ്പാദ്യമെന്നു കരുതുന്നവയെല്ലാം സര്‍വേശ്വരന്റെ സംഭാവനകളാണെന്നും മറന്നു. ദൈവത്തിന്റെ ദാനങ്ങളെ ഉള്‍ക്കൊള്ളാന്‍ അറപ്പുരകള്‍ പോരാതെവന്നപ്പോള്‍ അവയുടെയൊക്കെ ദാതാവായവന്റെ സാന്നിധ്യത്തെ തന്റെ ഹൃദയമാകുന്ന അകപ്പുരയില്‍ അവന്‍ മറന്നു. വിളവുകളുടേതെന്നല്ല, സ്വന്തം ഉടലിന്റെയും ഉയിരിന്റെയുംതന്നെ ഉടയോനും, പിറ്റേന്നു പുലര്‍ച്ചയില്‍ താന്‍ ഉണരണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരമുള്ളവനുമായവനെ അവന്‍ മറന്നു. വിശ്വാസജീവിതത്തില്‍ മറവിയെ തിന്മയ്ക്കു തുല്യമായി കരുതുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. പലതിനെക്കുറിച്ചുമുള്ള മറവിമൂലമാണ് നാം പാപത്തില്‍ കഴിയുന്നത്. ദൈവം സമൃദ്ധി സമ്മാനിക്കുന്നത് സഹജീവികളെ സ്മരിക്കാന്‍കൂടിയാണ്. നമ്മുടെ പല പിഴകളെ അവന്‍ മറക്കുമെങ്കിലും ചില മറവികളെ പൊറുക്കാന്‍ വഴിയില്ല. ഓര്‍ക്കണം, മരിക്കാന്‍ കിടക്കുന്നവരൊഴികെയുള്ളവര്‍ക്കു മറവി വിനാശകരമാണ്. വേണ്ടതും വേണ്ടാത്തതുമായ പലതിനെപ്പറ്റിയും വീണ്ടുവിചാരമില്ലാതെയുള്ള ജീവിതത്തിന്നുഅതു കാരണമാകും.
അവന്‍ അകന്നു
മറവിമൂലം അയാള്‍ മറ്റുള്ളവരില്‍നിന്നകന്നു. അവന്റെ അതിരിന്റെ അപ്പുറത്തുള്ളവരുടെ ആവശ്യങ്ങളില്‍നിന്നകന്നു. തന്റെമാത്രം സുഭിക്ഷതയുടെയും സുഖലോലുപതയുടെയും സങ്കുചിതമായ ഒരു സങ്കേതത്തിലേക്ക് ഒതുങ്ങിക്കൂടി. അയല്ക്കാരുടെ കുറവുകളുടെയും തന്റെ നിറവുകളുടെയും നടുവിലായി സ്വാര്‍ഥതയുടെ ഒരു കട്ടിയുള്ള പുകമറതന്നെ അയാള്‍ മനഃപൂര്‍വം മെനഞ്ഞു. അളവുകളില്ലാതെ കിട്ടിയ അനുഗ്രഹങ്ങള്‍ അയാളുടെ ഹൃദയമാകുന്ന അകപ്പുരയെ കൂട്ടരില്‍നിന്നും കൂടപ്പിറപ്പുകളില്‍നിന്നുമൊക്കെ ഏറെ അകറ്റി. അടുപ്പം അരോചകവും അകലം ആശ്വാസപ്രദവുമായി അയാള്‍ക്കനുഭവപ്പെട്ടു. സഹജീവികളില്‍നിന്ന് അകന്നിരിക്കുന്നത് സ്വസ്ഥവും സുരക്ഷിതവുമായിക്കരുതി. അറപ്പുരയുടെ വാതിലുകള്‍ തുറന്നപ്പോള്‍ അകപ്പുരയുടെ വാതിലുകള്‍ അയാള്‍ കൊട്ടിയടച്ചു. ആത്മീയജീവിതത്തില്‍ ദൈവത്തില്‍നിന്നും സഹജരില്‍നിന്നുമുള്ള നമ്മുടെ അകല്ച്ച അത്യധികം ആപത്കരമാണ് എന്ന കാര്യം നാം മറക്കരുത്. അന്ധകാരത്തിലേക്കും ആത്മീയ അഴുകലിലേക്കുമാണ് അതു നമ്മെ നാമറിയാതെ അടുപ്പിക്കുന്നത്. 
സ്വാര്‍ഥതയും ആകുലതയും മനുഷ്യരുടെമാത്രം കൂടപ്പിറപ്പുകളാണെന്നു പറയാം. ഇതരജീവജാലങ്ങളിലൊന്നും അവ പ്രകടമായി കാണാറില്ല. 'ഞാനും എന്റേതും' എന്ന മനോഭാവമുള്ളതോ, നാളെയെക്കുറിച്ച് ആകുലപ്പെട്ട് താടിക്കു കൈയുംകൊടുത്തിരിക്കുന്നതോ ആയ മറ്റു ജീവികള്‍ പ്രപഞ്ചത്തിലില്ല. എന്നാല്‍, സ്വാര്‍ഥതയും ആകുലതയുമില്ലാത്ത മനുഷ്യര്‍, വളരെ വിരളവും. അതുകൊണ്ടൊക്കെയാണ് സര്‍വവ്യാധിസമ്പന്നരായി നാം മാറുന്നതും. മധുരത്തിന്മേലിരുന്നു മധുരം തിന്നുന്ന പക്ഷിമൃഗാദികള്‍ ഒന്നുംതന്നെ ഇന്‍സുലിന്‍ കുത്തുന്നില്ല. കൊഴുപ്പിന്റെ കേന്ദ്രമായ കൊഴുത്ത നാല്ക്കാലികളൊന്നും കൊളസ്‌ട്രോളിനു മരുന്നും കഴിക്കുന്നില്ല. പക്ഷേ, ഇവയൊക്കെ തിന്നുന്ന മനുഷ്യര്‍ക്ക് ആശുപത്രിയില്‍നിന്നിറങ്ങാന്‍ സമയവുമില്ല. ഒരു പരിധിവരെ നമ്മുടെ അനാരോഗ്യത്തിനു കാരണം, ആകുലതയും സ്വാര്‍ഥതയുമൊക്കെയാണ്. സ്വാര്‍ഥത കൂടുമ്പോള്‍ ആകുലതയും കൂടും. അതുകൊണ്ടുതന്നെ ഇവ രണ്ടും കുറയ്ക്കാന്‍ 'ദൈവാശ്രയബോധം' എന്ന ഒറ്റമൂലിമാത്രമേയുള്ളൂ. സകല സമൃദ്ധിയുടെയും സൗഭാഗ്യങ്ങളുടെയും മധ്യത്തിലും സര്‍വേശ്വരന്റെ സഹായത്തെയും സഹതാപത്തെയും ശരണപ്പെടാറുള്ള സന്നദ്ധതയും സാധുശീലവുമാണത്. വാനിലെ പറവകളും വയലിലെ പുഷ്പങ്ങളുമൊക്കെ വിശാലമായ സൃഷ്ടപ്രപഞ്ചത്തിലെ ദൈവപരിപാലനയുടെ വലിയ വെളിപാടുകളാണ്. 'എനിക്കാവശ്യമുള്ളതെല്ലാം ദൈവം തരും' എന്ന വിശ്വാസം നമ്മിലെ സ്വാര്‍ഥതയെയും, 'എന്റെ ഇല്ലായ്മയില്‍ ദൈവം എന്നെ പരിപാലിക്കും' എന്നത് ആകുലതയെയും അകറ്റും. 'എന്റെ ദൈവമേ, എന്റെ ആശ്രയമേ' എന്ന സുകൃതജപം കൂടുതല്‍ ദൈവാശ്രയബോധത്തോടെ ജീവിക്കാന്‍ നമ്മെ സഹായിക്കും.
വിസ്തൃതമാക്കപ്പെടേണ്ടത് ഹൃദയമാകുന്ന അകപ്പുരയാണ്. അല്ലാതെ, കരനിര്‍മിതങ്ങളായ അറപ്പുരകളല്ല. വരസമൃദ്ധിയില്‍ വിശാലഹൃദയരായി നാം മാറേണ്ടതുണ്ട്. ഹൃദയം വിശാലമാകുമ്പോഴേ അവിടെ ദൈവത്തിനും സഹജീവികള്‍ക്കും  സ്ഥലവും സ്ഥാനവുമൊക്കെ ഉണ്ടാകൂ. ഇടുങ്ങിയതാകുംതോറും അതിനുള്ളില്‍ സ്വാര്‍ഥത്തിനുപോലും ഇടംതികയാതെ വരും. ഓര്‍ക്കണം, വിശാലമല്ലാത്ത അകപ്പുരകള്‍ വെറും പുകപ്പുരകള്‍മാത്രമാണ്. അവയ്ക്കുള്ളില്‍ മറവിയുടെ മാറാലയും, സ്വാര്‍ഥതയുടെ കരിപടലവു െമാക്കെയേ കാണൂ. അവയുടെ ഉടമസ്ഥര്‍ ആകാതിരിക്കുന്നതാണ് ആത്മീയജീ വിതത്തിന്നു ഉത്തമം. സ്വത്തല്ല, ഹൃത്താണു മഹത്തരം. ഹൃദയം പകുത്തു നല്കാനാണ് കര്‍ത്താവ് വന്നതും വചിച്ചതും. സ്വര്‍ഗത്തില്‍ സമ്പത്ത് സംഭരിച്ചിട്ടുണ്ടോ എന്നതുതന്നെയാണ് അടിസ്ഥാനചോദ്യം. കല്ലും മരവുംകൊണ്ടു കെട്ടിയെടുക്കുന്ന അറപ്പുരകള്‍ക്കുള്ളിലെ നിക്ഷേപങ്ങളൊക്കെ ചാഴിയും ചോരനും കവര്‍ന്നെടുക്കാം. എന്നാല്‍, ഹൃദയമാകുന്ന അകപ്പുരയും അതിനുള്ളിലുള്ളവയും അങ്ങേയറ്റം സുരക്ഷിതമായിരിക്കും. കാരണം, അവയ്ക്ക് സ്വര്‍ഗത്തിന്റെ സംരക്ഷണവും, കര്‍ത്താവിന്റെ കാവലുമുണ്ടായിരിക്കും. സമ്പാദ്യങ്ങള്‍ ഇനിമുതല്‍ ഐഹികബാങ്കുകളിലല്ല, സ്വര്‍ഗീയമായവയില്‍ നമുക്കു നിക്ഷേപിച്ചുതുടങ്ങാം. സമ്പത്തിന്റെ കൊമ്പത്തിരുന്നു കഴിച്ചുകൂട്ടാനുള്ളതല്ല ക്രിസ്ത്യാനിയുടെ ജീവിതനാളുകള്‍. നോമ്പിന്റെ നാളുകളില്‍ ഹൃദയമാകുന്ന അകപ്പുര ആവുന്നത്ര വിസ്തൃതമാക്കിക്കൊണ്ട് ദൈവദൃഷ്ടിയില്‍ ധനികരും ധന്യരുമാകാം. കൊടുത്തുകൊണ്ട് കോടീശ്വരരാകാനുള്ള വിളിയാണ് ക്രിസ്തീയശിഷ്യത്വവും ജീവിതവും എന്ന ഒന്നാം പാഠം എന്നും ഓര്‍മയില്‍ വയ്ക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)