''ശരാശരിക്കാരനായിരിക്കുന്നതു മോശമല്ല...'' അസാമാന്യമായ സംയമനവും വൈദഗ്ധ്യവും പ്രകടിപ്പിച്ചതിന് രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ് തന്റെ പൂര്‍വവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കെഴുതിയ കത്തിലെ വാക്കുകളാണിവ. സ്‌കൂളില്‍ സ്‌പോര്‍ട്‌സിലും മറ്റു പാഠ്യപ്രവര്‍ത്തനങ്ങളിലും ശരാശരിക്കാരനായിരുന്ന വരുണ്‍സിങ് താന്‍ പില്‍ക്കാലജീവിതത്തില്‍ താണ്ടിയ ശൗര്യചക്രവരെയുള്ള പടവുകള്‍ കുട്ടികള്‍ക്കു പ്രചോദനമേകാനായി കത്തില്‍ കുറിക്കുകയായിരുന്നു.
സംയുക്തസേനാമേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരുടെ ജീവനെടുത്ത കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബാക്കിയുണ്ടായിരുന്നത് വരുണ്‍സിങ്ങായിരുന്നു. പിന്നീട് അദ്ദേഹവും മരിച്ചു. 2021 ഓഗസ്റ്റ് 15 ന് ശൗര്യചക്ര സ്വീകരിച്ച സിങ് സെപ്റ്റംബര്‍ 18 നാണ് ഹരിയാനയില്‍ താന്‍ പഠിച്ച ചണ്ഡിമന്ദിര്‍ ആര്‍മി പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ കത്തയച്ചത്. 'അഭിമാനത്തോടും എളിമയോടുംകൂടിയാണ് ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്. 2020 ഒക്ടോബര്‍ 20 ന് ഞാന്‍ ചെയ്ത ഒരു ധീരകൃത്യത്തിനുള്ള അംഗീകാരമായി ഓഗസ്റ്റ് 15ന് രാഷ്ട്രപതി എനിക്കു ശൗര്യചക്ര സമ്മാനിച്ചു' എന്നുപറഞ്ഞ് തുടങ്ങുന്ന കത്തില്‍ '12-ാം ക്ലാസ്സില്‍ കഷ്ടിച്ച് ഫസ്റ്റ്ക്ലാസ്സ് വാങ്ങിച്ച ശരാശരിക്കാരനായിരുന്നു ഞാന്‍. പക്ഷേ, എനിക്കു വിമാനങ്ങളിലും വ്യോമയാനത്തിലും അഭിനിവേശമുണ്ടായിരുന്നു. ശരാശരിക്കാരനായിരിക്കുന്നതു മോശമല്ല. എല്ലാവര്‍ക്കും 90 ശതമാനത്തിലേറെ മാര്‍ക്കു നേടാനും കഴിയില്ല. അതിനു കഴിയുന്നെങ്കില്‍ അതു വളരെ നേട്ടമാണ്. അംഗീകരിക്കപ്പെടേണ്ട നേട്ടം. സ്‌കൂളില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനായിരിക്കാം. പക്ഷേ, അതു ഭാവിജീവിതത്തിന്റെ അളവുകോലല്ല. നിങ്ങളുടെ താത്പര്യം കണ്ടുപിടിച്ച് അതില്‍ ആത്മാര്‍ഥമായി പരിശ്രമിക്കുക' എന്ന് വരുണ്‍സിങ് എഴുതി.
പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തില്‍' വരുണ്‍സിങ്ങിന്റെ കത്തിലെ വരികള്‍ നരേന്ദ്രമോദി ഉദ്ധരിച്ചു. ജീവിതത്തില്‍ എന്തു നേടാനാകുമെന്നു തീരുമാനിക്കുന്നത് പന്ത്രണ്ടാംക്ലാസ്സിലെ മാര്‍ക്കല്ലെന്നും ഉയര്‍ന്ന മാര്‍ക്കിനെ ജീവിതത്തിന്റെ അളവുകോലായി കാണേണ്ടതില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു. ബഹുഭൂരിപക്ഷം വരുന്ന ശരാശരിക്കാര്‍ക്ക് വളരെ പ്രചോദനാത്മകമായ അനുഭവസാക്ഷ്യമാണിത്. കുട്ടികളുടെ കഴിവിനെ നമ്മുടെ നാട്ടില്‍ വിലയിരുത്തുന്നത് അവനു കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. മറ്റു പല കഴിവുകളുണ്ടായാലും മാര്‍ക്കു കുറഞ്ഞവനെ മണ്ടനെന്നു വിളിച്ച് പരിഹസിക്കും. മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കളില്‍ ഏല്പിക്കുന്ന സമ്മര്‍ദവും വളരെ വലുതാണ്. ചിലര്‍ വീടു വിട്ടുപോകും. ചിലര്‍ ആത്മഹത്യ ചെയ്യും. പരീക്ഷയിലെ വിജയപരാജയങ്ങള്‍ക്ക് അന്തിമജീവിതവിജയവുമായി ഒരു ബന്ധവുമില്ല. മാര്‍ക്കിനെക്കാള്‍ വലുതാണ് മക്കളെന്നും ശരാശരിക്കാരനും ജീവിതത്തില്‍ വിജയിക്കാനാവുമെന്നു നമുക്കു ബോധ്യപ്പെടാന്‍ ഇത്തരം അനുഭവസാക്ഷ്യങ്ങള്‍ ഏറെ സഹായകരമാണ്.
ജീവിതത്തില്‍ വിജയിച്ച പലരും അക്കാദമിക് പെര്‍ഫോമന്‍സില്‍ മികവ് കാട്ടാത്തവരായിരുന്നു. ശരാശരിക്കാര്‍ക്കും തോറ്റുപോകുന്നവര്‍ക്കും നിരവധിയായ കഴിവുകളുണ്ട്. അവരുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ ഇക്കൂട്ടര്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. ആഗ്രഹത്തെക്കാള്‍ അഭിരുചിയാണ് പ്രധാനം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗികമായ താത്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ഛയെയും അഭിരുചി (അുശേൗേറല) എന്നു വിളിക്കാം. അഭിരുചിയില്ലാത്ത മേഖല തിരഞ്ഞെടുത്താല്‍ ഇടയ്ക്കു പഠനം ഉപേക്ഷിക്കേണ്ടിവരും. ക്യാപ്റ്റന്‍ വരുണ്‍സിങ് വ്യക്തമാക്കുന്നപോലെ അദ്ദേഹത്തിന് വിമാനങ്ങളിലും വ്യോമയാനത്തിലും അഭിനിവേശമുണ്ടായിരുന്നു. ആ മേഖല തിരഞ്ഞെടുത്തതുകൊണ്ടാണ് അദ്ദേഹത്തിന് ഉന്നതജീവിതവിജയം നേടാനായത്.
അഭിരുചിക്കനുസരിച്ച് പഠിക്കാനാകുന്നതുകൊണ്ടാണ് ജര്‍മനി, ഫിന്‍ലന്റുപോലെയുള്ള രാജ്യങ്ങള്‍ മനുഷ്യവിഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നില്‍നില്‍ക്കുന്നത്. പഠിക്കുന്നതും ജോലിചെയ്യുന്നതും അഭിരുചിക്ക് അനുസൃതമാകുമ്പോഴാണ് ജീവിതത്തില്‍ വിജയം കടന്നുവരുന്നത്. മാതാപിതാക്കളുടെ ആഗ്രഹത്തെക്കാള്‍ കുട്ടികളുടെ അഭിരുചി ശാസ്ത്രീയമായി നിര്‍ണയിച്ചുവേണം പ്ലസ്ടുവിനുശേഷം പഠനം തുടരേണ്ടത്. സാമാന്യബുദ്ധിയില്‍നിന്നു വ്യത്യസ്തമായി മറ്റേതെങ്കിലും രംഗത്ത് സാമര്‍ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അതു കണ്ടെത്തി കൃത്യമായ ദിശയില്‍ നീങ്ങിയാല്‍ ലക്ഷ്യത്തിലെത്താനാകും. ജീവിതവിജയവും നേടാനാകും.
ലേഖനം
ശരാശരിക്കാരനായിരിക്കുന്നത് മോശമല്ല
