2025 മാര്‍ച്ച് 24, 25 തീയതികളില്‍ കേരള നിയമസഭ ചര്‍ച്ച ചെയ്തു പാസാക്കിയ രണ്ടു സുപ്രധാനബില്ലുകളാണ് സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ 2025, സര്‍വകലാശാലനിയമങ്ങള്‍ ഭേദഗതി ബില്‍ 2025 എന്നിവ. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ബില്‍ നിയമമാകും. ഗവര്‍ണര്‍ ഒപ്പിടുമോയെന്നതു കാത്തിരുന്നു കാണാം. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ശബ്ദവോട്ടോടെ പാസാക്കിയ ഈ നിയമങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുമെന്ന ന്യായവാദം ഒരു പരിധിവരെ അംഗീകരിക്കാം. പക്ഷേ, ബില്ലുകളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ പലതും പൊതുസമൂഹം കാണാതെ പോകുന്നു. കേരളസമൂഹത്തിലിതു ചര്‍ച്ച ചെയ്യാന്‍പോലും രാഷ്ട്രീയനേതൃത്വങ്ങളും അവരുടെ കുഴലൂത്തുകാരും തയ്യാറാകുന്നില്ലെന്നതാണൂ പരമാര്‍ത്ഥം.
വിദ്യാര്‍ഥിരാഷ്ട്രീയത്തിനു പരവതാനി
കലാലയവിദ്യാര്‍ഥിരാഷ്ട്രീയം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും പ്രതിസന്ധികളും നിരന്തരപ്രകോപനങ്ങളും സമരങ്ങളും അക്രമങ്ങളും വെള്ളപൂശാനുള്ള രാഷ്ട്രീയനേതൃത്വങ്ങളുടെ അജണ്ടകള്‍ പുതിയ നിയമനിര്‍മാണത്തിലൂടെയും പഴയനിയമത്തിന്റെ ഭേദഗതികളിലൂടെയും അനാവരണം ചെയ്തിരിക്കുന്നത് വിദ്യാഭ്യാസവിദഗ്ധരും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ മാനേജ്‌മെന്റുകളും പൊതുസമൂഹവും കാണാതെപോകുന്നതും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച് അനങ്ങാതിരിക്കുന്നതും അതിശയിപ്പിക്കുന്നു.
പുതിയ സ്വകാര്യസര്‍വകലാശാലാനിയമത്തിലും പഴയ സര്‍വകലാശാലാനിയമത്തിന്റെ ഭേദഗതിയിലും കലാലയങ്ങളില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ നിയമപരമായ അംഗീകാരം നല്‍കിയിരിക്കുന്നത് സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളുടെ ആഴം ആരും അളക്കുന്നില്ല. നിയമസഭയില്‍ ബില്ല് പാസാക്കുന്നതിനുമുമ്പ് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി 2025 മാര്‍ച്ച് 25 ന് പങ്കുവച്ചത് സര്‍വകലാശാലാബില്‍ ഭേദഗതി 2025 വിദ്യാര്‍ഥികളുടെ അവകാശപ്രഖ്യാപനമെന്നാണ്. വിദ്യാര്‍ഥിരാഷ്ട്രീയത്തിനും സംഘടനകള്‍ക്കും മുമ്പില്‍ രാഷ്ട്രീയ അടിമത്തം പേറുന്ന ജനപ്രതിനിധികളായ നിയമസഭാസാമാജികര്‍ ഒറ്റക്കെട്ടായി അണിനിരന്നുവെന്ന വൈചിത്ര്യവുമുണ്ട്.
സര്‍വകലാശാല നിയമഭേദഗതിയിലെന്ത്?
1986 ലെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല ഭേദഗതി ആക്ടിലെ 30 എ വകുപ്പ് 1 മുതല്‍ 8 വരെ ഉപവകുപ്പുകള്‍, 2013 ലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഭേദഗതി ആക്ടിലെ 54 എ 1 മുതല്‍ 8 വരെ ഉപവകുപ്പുകള്‍, 2015 ലെ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്രസര്‍വകലാശാല ഭേദഗതി ബില്ല് 41 എ 1 മുതല്‍ 8 വരെ ഉപവകുപ്പുകളില്‍ വിദ്യാര്‍ഥികളുടെ അവകാശത്തെക്കുറിച്ചുള്ള നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വിവിധ സര്‍വകലാശാലകളുടെ നിയമഭേദഗതിയില്‍ വിവിധ വകുപ്പുകളിലായി ഒരേതരത്തിലുള്ള ചേര്‍ക്കലുകളാണുള്ളത്.
ഉപവകുപ്പ് 4 പ്രകാരം. 'വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യാര്‍ഥം ഏതെങ്കിലും സംഘടനയില്‍ അംഗമാകുന്നതിന് അവകാശമുണ്ടായിരിക്കുന്നതും അങ്ങനെയുള്ള ഒരു സംഘടനയില്‍ അവര്‍ ഉള്‍പ്പെടുന്നുവെന്ന കാരണത്താല്‍ സര്‍വകലാശാല അവരെ മുന്‍വിധിയോടെയുള്ള പെരുമാറ്റത്തിനു വിധേയരാക്കാന്‍ പാടില്ലാത്തതുമാണ്'.
5-ാം ഉപവകുപ്പും പ്രത്യേകം ശ്രദ്ധിക്കുക: ''വിദ്യാര്‍ഥികളുടെ ഒരു കൂട്ടത്തിന് സംഘടിക്കുന്നതിനും അതിലെ അംഗങ്ങളുടെ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്. അങ്ങനെയുള്ള ഓരോ സംഘത്തിനും പരസ്യപ്പെടുത്തുന്നതിനും യോഗങ്ങള്‍ നടത്തുന്നതിനും ഏതു വിഷയവും ചര്‍ച്ചചെയ്യുന്നതിനും നിയമാനുസൃതവും സമാധാനപരവുമായ പ്രകടനത്തില്‍ ഏര്‍പ്പെടുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്.''
6-ാം ഉപവകുപ്പില്‍ 'സര്‍വകലാശാലയുടെയും അതിന്‍കീഴില്‍ വരുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും എല്ലാ സമിതികളിലും വിദ്യാര്‍ഥിപ്രാതിനിധ്യമുണ്ടായിരിക്കണം.'
54 സി വകുപ്പും ഉപവകുപ്പുകളും അധ്യാപകരുടെ അവകാശങ്ങളെ സൂചിപ്പിക്കുന്നു. 3-ാം ഉപവകുപ്പുപ്രകാരം 'അധ്യാപകര്‍ക്കോ അവരുടെ സംഘങ്ങള്‍ക്കോ സംഘടനകള്‍ക്കോ സര്‍വകലാശാലയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ, ലിഖിതമായതോ അച്ചടിച്ചതോ ഇലക്ട്രോണിക് രൂപത്തിലുള്ളതോ ആയ മെറ്റീരിയലുകള്‍ കാമ്പസില്‍ വിതരണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്നതാണ്.
ഭാവി പന്താടുന്ന ക്രൂരത
ഉന്നതവിദ്യാഭ്യാസമേഖലയെ രക്ഷിക്കാനെന്നപേരിലുള്ള സര്‍വകലാശാല നിയമഭേദഗതിയുടെ ഉള്ളറകളിലേക്കു കടന്നാല്‍ ഉന്നതവിദ്യാഭ്യാസമേഖലയെ സമ്പൂര്‍ണമായി രാഷ്ട്രീയവത്കരിക്കുന്നതിനു നിയമപരമായ അംഗീകാരമാണു നല്‍കിയിരിക്കുന്നത്.
കോടതികള്‍ക്കുപോലും ഇടപെടാനാവാത്തവിധം നിയമനിര്‍മാണത്തിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം, പണം മുടക്കി സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റുകളെപ്പോലും നോക്കുകുത്തികളാക്കി വിദ്യാര്‍ഥിരാഷ്ട്രീയസംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും രാഷ്ട്രീയാഭിമുഖ്യമുള്ള അധ്യാപകസംഘടനകള്‍ക്കും തീറെഴുതിക്കൊടുക്കുന്ന നിയമനിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ വളരെ വലുതായിരിക്കും. കലാലയരാഷ്ട്രീയത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന സമരമുഖങ്ങളും അക്രമപരമ്പരകളും കൊലപാതകങ്ങളും ഇപ്പോള്‍ത്തന്നെ പുതുതലമുറയുടെ ജീവനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകങ്ങളും ഉപകരണങ്ങളുമായി വിദ്യാര്‍ഥിരാഷ്ട്രീയസംഘടനകള്‍ക്കു നിയമനിര്‍മാണത്തിലൂടെ അംഗീകാരം നല്‍കിയാലുള്ള അവസ്ഥ ഉന്നതവിദ്യാഭ്യാസമേഖലയെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കു നയിക്കും. തീവ്രവാദസംഘങ്ങള്‍ക്കും ലഹരിമാഫിയകള്‍ക്കും ഭീകരവാദഗ്രൂപ്പുകള്‍ക്കും കലാലയങ്ങളിലേക്കു നുഴഞ്ഞുകയറാനും താവളങ്ങള്‍ സൃഷ്ടിക്കാനുമുള്ള ലൈസന്‍സായി പുതിയ നിയമഭേദഗതിയിലെ ഈ വകുപ്പുകള്‍ വഴിതുറക്കുമെന്നുറപ്പ്.
സ്വകാര്യത്തിലും രാഷ്ട്രീയ അജണ്ട
കേരള സംസ്ഥാന സ്വകാര്യസര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ 2025 ലും സമാനമായ നിയമങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ പുറത്തുവിട്ട ബില്ലിലെ 29, 30, 31 വകുപ്പുകളില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍, വിദ്യാര്‍ഥികളുടെ പരാതികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 30-ാം വകുപ്പ് പ്രത്യേകമായി പഠനവിഷയമാക്കേണ്ടതാണ്. 30 (1) ല്‍ ഓരോ വിദ്യാര്‍ഥിക്കും സ്റ്റാറ്റിയൂട്ടുകളാല്‍ നിര്‍ണയിക്കപ്പെടാവുന്ന നിര്‍ദിഷ്ട അവകാശങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.' 30(2)ല്‍ 'വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും സര്‍വകലാശാലയ്ക്കു ബാധ്യതയുണ്ടായിരിക്കുന്നതാണ്'. 30(3)ല്‍ 'ഒരു വിദ്യാര്‍ഥി യൂണിയന്‍ ഉണ്ടായിരിക്കേണ്ടതും അതിന്റെ ഘടനയും അധികാരങ്ങളും ചുമതലകളും സ്റ്റാറ്റിയൂട്ടുകളാല്‍ നിര്‍ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതുമാണ്.
ചുരുക്കിപ്പറഞ്ഞാല്‍, സ്വകാര്യസര്‍വകലാശാലകളുടെ സമ്പൂര്‍ണനിയന്ത്രണം കാലക്രമേണ വിദ്യാര്‍ഥി-അധ്യാപക യൂണിയനുകള്‍ക്കും രാഷ്ട്രീയനേതൃത്വങ്ങള്‍ക്കുമായിരിക്കും. രാജ്യത്ത് സ്വകാര്യസര്‍വകലാശാല ആരംഭിക്കാന്‍ തുടങ്ങുന്ന 28-ാമത്തെ സംസ്ഥാനമാണ് കേരളം. 27 സംസ്ഥാനങ്ങളിലെയും സ്വകാര്യ സര്‍വകലാശാലാനിയമത്തില്‍ ഇല്ലാത്ത വിദ്യാര്‍ഥി അവകാശ വകുപ്പുകളാണ് സാക്ഷരകേരളത്തിലെ ഉന്നതവിദ്യാഭ്യാസവിദഗ്ധന്മാര്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഭരണനേതൃത്വങ്ങള്‍ കേരളത്തെ വിദ്യാഭ്യാസഹബ്ബാക്കുമെന്നു വിളിച്ചുപറയുമ്പോഴും വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ഇരകളാകാന്‍വേണ്ടി സ്വകാര്യവ്യക്തികളും അവരുടെ ട്രസ്റ്റുകളും സംഘങ്ങളും കേരളത്തില്‍ പണമിറക്കിയാല്‍ എന്തുനേട്ടമുണ്ടാകുമെന്ന് രണ്ടുവട്ടം ആലോചിക്കണം. കലാലയാന്തരീക്ഷത്തെ കലാപകലുഷിതമാക്കുന്ന വിദ്യാര്‍ഥിരാഷ്ട്രീയത്തെ നിയന്ത്രിക്കാനോ നിലയ്ക്കു നിര്‍ത്താനോ സാധിക്കാതെ ഉന്നതവിദ്യാഭ്യാസമേഖല ചക്രശ്വാസം വലിക്കുമ്പോള്‍ നിയമഭേദഗതിയിലൂടെ ഇക്കൂട്ടര്‍ക്കു സംഘടനാസ്വാതന്ത്ര്യം അനുവദിക്കുമ്പോഴുള്ള ഭവിഷ്യത്തുകള്‍ ചിന്തകള്‍ക്കതീതമായ തിരിച്ചടിയാകും.
കലാലയരാഷ്ട്രീയചരിത്രം
കേരളത്തിലെ കലാലയങ്ങളില്‍ 1960 മുതല്‍ ആരംഭിച്ച സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു നിയമംമൂലമുള്ള അംഗീകാരമാണ് കേരളനിയമസഭ 2025 മാര്‍ച്ച് 25 നു നല്‍കിയിരിക്കുന്നത്. ഈ 65 വര്‍ഷക്കാലം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും അരങ്ങേറിയ അക്രമപരമ്പരകളും കൊലപാതകങ്ങളും പൊതുസമൂഹത്തില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും അരാജകത്വവും കണ്ടില്ലെന്നു നടിച്ച് കലാലയരാഷ്ട്രീയത്തെ വെള്ളപൂശാന്‍ നിയമസഭാസാമാജികര്‍ കക്ഷിഭേദമെന്യേ ഒറ്റക്കെട്ടായി കൈകോര്‍ത്തത് സാക്ഷരസമൂഹത്തെ ലജ്ജിപ്പിക്കുന്നു. നിയമസഭാസാമാജികരുടെ ശമ്പളവര്‍ധനയില്‍മാത്രമാണ് ഇതിനുമുമ്പ് ഇത്രയും വലിയ ഒരുമയും സ്വരുമയും നാം ദര്‍ശിച്ചത്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കൊടിപിടിക്കാന്‍ ആളുവേണം. അധികാരമുറപ്പിക്കാന്‍ അക്രമങ്ങള്‍ വേണം. വിദ്യാര്‍ഥിരാഷ്ട്രീയചരിത്രവും പാരമ്പര്യവും പൊതുവേദികളില്‍ പുലമ്പാനും തലമുറകളിലേക്ക് ഇവ കൈമാറി ആവേശം വിളമ്പാനും രക്തസാക്ഷികള്‍ വേണം. കേരളത്തിലെ കലാലയങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ മറവില്‍ കഴിഞ്ഞ ആറരപ്പതിറ്റാണ്ടായി സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ചുരുക്കമിതാണ്. തിളയ്ക്കുന്ന നല്ല പ്രായത്തില്‍ കലാലയങ്ങളില്‍ അക്രമങ്ങള്‍ക്കിരയായി ജീവന്‍ വെടിയേണ്ടിവന്നവരുടെ ആത്മാക്കള്‍പോലും ക്ഷമിക്കുന്നതല്ല സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ഉന്നതവിദ്യാഭ്യാസ നിയമനിര്‍മാണത്തിലെ വിദ്യാര്‍ഥിരാഷ്ട്രീയ അജണ്ടകള്‍. സ്വാശ്രയസമരത്തിന്റെ പേരില്‍ കൂത്തുപറമ്പില്‍ വെടിയേറ്റ് തെരുവില്‍ പിടഞ്ഞുമരിച്ച രക്തസാക്ഷികളുടെ ആത്മാക്കള്‍ മടങ്ങിവന്നിരുന്നെങ്കില്‍ കേരളനിയമസഭ 2025 മാര്‍ച്ച് 25 ന് ചോരക്കളമാകുമായിരുന്നു.
2017 ലെ കോടതിവിധി
കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നുള്ള കോടതിവിധികള്‍ 2002 മുതല്‍ നിലവിലുള്ളതാണ്. 2017 ല്‍ പൊന്നാനി എംഇഎസ് കോളജില്‍ സമരംമൂലം ക്ലാസുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിവാക്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. 'ദൈവാലയത്തിലോ ക്ഷേത്രങ്ങളിലോ ആരും ധര്‍ണ നടത്താറില്ലയെന്ന' കോടതിയുടെ വിലയിരുത്തല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പവിത്രത ഉയര്‍ത്തിക്കാട്ടുന്നു. 2017 ഒക്ടോബര്‍ 2 ലെ കോടതിനിരീക്ഷണങ്ങള്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍ ഇവിടെ പ്രത്യേകം പരാമര്‍ശിക്കാതെ തരമില്ല. അവ പ്രധാനമായും താഴെപ്പറയുന്നവയാണ്.
1. വിദ്യാര്‍ഥിസംഘടനകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല.
2. മക്കളെ കോളജില്‍ വിടുന്നതെന്തിനെന്ന് രക്ഷിതാക്കള്‍ ചിന്തിക്കണം. പഠിക്കാനും അതുവഴി മാന്യമായ ജോലിയും ജീവിതമാര്‍ഗവുമാണു ലക്ഷ്യമിടുന്നത്.
3. കുട്ടികള്‍ക്കു ധര്‍ണയും പിക്കറ്റിംഗും രാഷ്ട്രീയപ്രവര്‍ത്തനവുമാണോ പ്രധാനമെന്നു മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മുന്നില്‍ ആരെങ്കിലും ധര്‍ണയും സത്യാഗ്രഹവും നടത്താറുണ്ടോ?
മഹത്തായ ഈ കോടതിവിധിയെപ്പോലും നിഷ്പ്രഭമാക്കുന്നതാണ് രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ 2025 മാര്‍ച്ച് 25 ലെ പുതിയ ഉന്നതവിദ്യാഭ്യാസനിയമനിര്‍മാണത്തിലെ വിദ്യാര്‍ഥി അവകാശവാദങ്ങള്‍.
രാഷ്ട്രീയവാദഗതികള്‍
വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിനു നിയമപരമായി വാതില്‍ തുറക്കണമെന്നുള്ള വാദഗതികളും വിചിത്രംതന്നെ. അവ ഇപ്രകാരം:
1. ജനാധിപത്യബോധം ഉണര്‍ത്താന്‍.
2. വിദ്യാര്‍ഥിസംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകളല്ല എന്ന ന്യായം പറഞ്ഞ്.
3. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജാതി - മതവത്കരണത്തിനെതിരേ വിദ്യാര്‍ഥികളില്‍ ഉണര്‍വുണ്ടാക്കാന്‍.
4. വിദ്യാഭ്യാസമേഖലകളില്‍ മാനേജ്‌മെന്റുകളെ കൂച്ചിക്കെട്ടാനും സ്വകാര്യ സ്വാശ്രയ സേവനമേഖലകളെ നിലയ്ക്കുനിര്‍ത്താനും.
5. വിദ്യാര്‍ഥികള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ തീവ്രവാദപ്രസ്ഥാനങ്ങളിലേക്കു തിരിയുന്നതിനെതിരേ പ്രതികരിക്കാന്‍.
6. വിദ്യാര്‍ഥികളില്‍ സ്വാര്‍ഥതയും വ്യക്തിവാദവും വളരുന്നതു തടയാന്‍
7. ലഹരിയുപയോഗം വര്‍ധിക്കുന്നതു നിര്‍ത്തലാക്കാന്‍
8. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍
9. വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും ആരുടെ മുമ്പിലും അടിയറ വയ്ക്കാതിരിക്കാന്‍.
ഇതെല്ലാം മനസ്സില്‍ സൂക്ഷിച്ചുവെച്ചായിരിക്കാം സര്‍വകലാശാല നിയമഭേദഗതി വിദ്യാര്‍ഥികളുടെ അവകാശപ്രഖ്യാപനമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി സംസ്ഥാനനിയമസഭയില്‍ ബില്ലിന്റെ അവതരണവേളയില്‍ പറഞ്ഞത്.
സ്വാശ്രയപഠനശിപാര്‍ശകള്‍
സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ സംഘടനാസ്വാതന്ത്ര്യവും പ്രതിഷേധപ്രകടനത്തിനുള്ള അവകാശവും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നു സ്വാശ്രയമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹൈക്കോടതി മുന്‍ ജഡ്ജി കെ.കെ. ദിനേശന്‍ അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശകളുടെ നടത്തിപ്പാണ് കേരള നിയമസഭയില്‍ 2025 മാര്‍ച്ച് 25 ന് അരങ്ങേറിയത്.
ജസ്റ്റിസ് കെ.കെ. ദിനേശന്‍ പഠനസമിതിയുടെ ശിപാര്‍ശകളില്‍ പറയുന്നതിപ്രകാരം: 'കാമ്പസുകളില്‍ ആയുധം കൈവശംവയ്ക്കാതെ സമാധാനപരമായി നടത്തുന്ന സത്യാഗ്രഹമോ സമരമോ തടയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അംഗീകൃതവിദ്യാര്‍ഥിസംഘടനകളെമാത്രം കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. വിദ്യാര്‍ഥിരാഷ്ട്രീയത്തിനു ന്യായമായ പരിധി ഏര്‍പ്പെടുത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമില്ലെന്നും ഇതു നിയമനിര്‍മാണത്തിലൂടെയേ സാധ്യമാവൂയെന്നും ശിപാര്‍ശയിലുണ്ട്.'
'ഭരണഘടനയുടെ 19-ാം അനുച്ഛേദപ്രകാരം പൗരന്മാര്‍ക്ക് അഭിപ്രായപ്രകടനം നടത്താനും സമാധാനപരമായി സമ്മേളിക്കാനും യൂണിയനുകളും അസോസിയേഷനുകളും രൂപീകരിക്കാനും അവകാശമുണ്ട്. അതേസമയം, ഏതു വ്യാപാരത്തിലും ബിസിനസിലും ജോലിയിലും ഏര്‍പ്പെടാനും ഇതേ അനുച്ഛേദം പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുമുണ്ട്. വിദ്യാഭ്യാസം തൊഴിലായാണു നിര്‍വചിച്ചിട്ടുള്ളത്. ഇതിനുള്ള അവകാശത്തിനുമാത്രം പ്രാധാന്യം നല്‍കിയാണ് വിദ്യാര്‍ഥിരാഷ്ട്രീയത്തിനു കോടതി വിലക്കേര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികള്‍ക്കു സംഘടിക്കാനും യൂണിയന്‍പ്രവര്‍ത്തനം നടത്താനുമുള്ള അധികാരത്തിന് പരിധി നിശ്ചയിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സോജന്‍ ഫ്രാന്‍സിസ് കേസിലെ ഉത്തരവിലൂടെ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ, ഈ പരിധി മാനേജ്‌മെന്റുകള്‍ക്കു നിശ്ചയിക്കാനാവുന്നതല്ല. നിയമനിര്‍മാണസഭകള്‍ക്കുമാത്രമേ ജനഹിതമറിഞ്ഞുള്ള പരിധി നിശ്ചയിക്കാനാവൂ. വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനവും സമരങ്ങളും നിരോധിക്കുന്നത് ഭരണഘടനാപരമായ പൗരന്മാരുടെ അവകാശത്തെ പൂര്‍ണമായി ഹനിക്കലാണ്.'
കേരളം കണ്ണുതുറക്കട്ടെ
വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ അതിപ്രസരവും അരക്ഷിതാ
വസ്ഥയുംമൂലം കേരളത്തില്‍ സ്വന്തം മക്കളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്നു. പുതുതലമുറ നാടുവിട്ടോടുന്ന സ്ഥിതിവിശേഷം ജനസംഖ്യാക്രമങ്ങള്‍പോലും അട്ടിമറിക്കുന്നു. എന്തിനേറെ, സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും സംസ്ഥാനസര്‍ക്കാര്‍ തീറ്റിപ്പോറ്റുന്ന ഉദ്യോഗസ്ഥരുടെയും മക്കള്‍പോലും ഉന്നതവിദ്യാഭ്യാസം നടത്തുന്നത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമാണ്. കേരളത്തിലെ വിവിധ കോളജുകളില്‍ പതിനായിരക്കണക്കിനു സീറ്റുകള്‍ പഠിക്കാന്‍ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. പുതുതലമുറയെ കേരളമണ്ണില്‍നിന്ന് ആട്ടിപ്പായിക്കുന്നവര്‍ വികലമായ രാഷ്ട്രീയ അടിമത്വം പേറുന്ന പഠനറിപ്പോര്‍ട്ടുകള്‍ ഗൂഢലക്ഷ്യത്തോടെ പൊടിതട്ടിയെടുത്തു നിയമമാക്കുമ്പോള്‍ ഈ നാടിനെ വന്‍നാശത്തിലേക്കു തള്ളിവിടുന്ന വലിയ അപകടമാണ് ബോധപൂര്‍വം ക്ഷണിച്ചുവരുത്തുന്നതെന്ന് നാം മറക്കരുത്.
കവര്‍സ്റ്റോറി
കലാലയരാഷ്ട്രീയത്തിന് സര്‍ക്കാര്‍ കുടപിടിക്കുമ്പോള്‍
