വഖഫ് നിയമഭേദഗതിയുടെ തീരുമാനത്തിലേക്കു ജനപ്രതിനിധികള്‍ എത്തുകയാണ്. പാര്‍ലമെന്റിന്റെ ഈ സെഷനില്‍ത്തന്നെ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചുകഴിഞ്ഞു. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ആശ്വാസത്തേക്കാളേറെ ആശങ്ക നിഴലിക്കുന്നുണ്ട്. മുന്നണികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്വാര്‍ഥപരമായ രാഷ്ട്രീയതാത്പര്യങ്ങളും നീതിക്കായുള്ള നിലവിളിയുടെ അടയാളമായ വഖഫ് ഭേദഗതിയെ നിശ്ശബ്ദമാക്കുന്ന തീരുമാനത്തിലേക്കു നയിക്കുമോ എന്ന ആശങ്കയാണ് മുനമ്പമുള്‍പ്പെടെയുള്ള ജനതയെ അലട്ടുന്നത്.
വഖഫ് നിയമഭേദഗതിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ജനപ്രതിനിധികളും അന്തിമതീരുമാനമെടുത്തേ മതിയാവൂ. തീരുമാനത്തില്‍ ഭരണഘടന അനുശാസിക്കുന്ന നീതിയുടെ പക്ഷത്ത് ഞങ്ങളുടെ ജനപ്രതിനിധികളെ കാണണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അനീതിയാല്‍ നയിക്കപ്പെടുന്ന പ്രതിനിധികള്‍ ഒരു ജനത്തിനും അഭിമാനമല്ല; അപമാനമാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന നീതിക്കായുള്ള ഈ നിയമഭേദഗതിയിലൂടെ വഖഫ് നിയമം ഇല്ലാതാക്കണമെന്നല്ല, കൈയേറ്റാനുമതി നല്‍കുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഏതെങ്കിലും ഒരു സമുദായത്തിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമല്ല; മറിച്ച്, വഖഫ് നിയമത്തിന്റെ അന്യായമായ വകുപ്പുകള്‍മൂലം ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അന്ത്യം വരുത്തണമെന്നും ശാശ്വതമായ പരിഹാരമുണ്ടാകണമെന്നുമുള്ള നീതിയുടെ നിലവിളിയാണ്.
വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എം.പി.മാരും നിഷ്പക്ഷവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണമെന്നുള്ള കത്തോലിക്കാമെത്രാന്‍സമിതിയുടെയും ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടുചെയ്യണമെന്നുള്ള കേരളമെത്രാന്‍സമിതിയുടെയും ആഹ്വാനങ്ങള്‍ നീതിക്കായുള്ള ജനതയുടെ നിലവിളിയുടെ ഓര്‍മപ്പെടുത്തലാണ്; കക്ഷിരാഷ്ട്രീയം മറന്ന് ജനപക്ഷത്തിനായി നീതിയുടെ ഭേദഗതിയില്‍ അനുകൂലമായ നിലപാട് ജനപ്രതിനിധികള്‍ കൈക്കൊള്ളണമെന്ന ഓര്‍മപ്പെടുത്തലാണ്.
രാജ്യത്തിന്റെ ഭരണരീതിക്കും നിയമനിര്‍മാണത്തിനും ദിശാസൂചികയായ ഭരണഘടനയെയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുകയെന്നത് ഭരണാധികാരികള്‍കൂടിയായ ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. നൈമിഷികവും സ്വാര്‍ഥവുമായ നേട്ടത്തിനുവേണ്ടി കൈക്കൊണ്ട അസ്തിത്വനിഷേധത്തിനു തുല്യമായ നിശ്ശബ്ദതയും നിസ്സംഗതയും ജനപ്രതിനിധികള്‍ കൈവെടിയണം. വഖഫ് നിയമഭേദഗതി ബില്‍ വിരല്‍ചൂണ്ടുന്നത് ഭൂമിയുടെ അവകാശത്തിന്മേലുള്ള അഭിപ്രായത്തിലേക്കുമാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളായ മതേതരത്വം, സമത്വം, നീതി എന്നിവയിലേക്കു കൂടിയാണ്. വഖഫ് നിയമഭേദഗതി ബില്ലില്‍ ജനപ്രതിനിധികള്‍ നിലപാടു സ്വീകരിക്കുമ്പോള്‍ 'ഭരണം' അല്ല ഭരണഘടന നിങ്ങളുടെ നയമായി മാറണം. അപ്പോള്‍ മാത്രമേ, ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനും ഭരണഘടന ഉറപ്പുനല്‍കുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുമായി നിലകൊള്ളാനാവൂ. രാഷ്ട്രീയപ്പാര്‍ട്ടിപ്രതിനിധിയായി ഈ നിയമഭേദഗതി ബില്ലിനെ സമീപിക്കാതെ, യഥാര്‍ഥ ജനപ്രതിനിധികളായി ഭരണഘടനാവകാശത്തിനും സംരക്ഷണത്തിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരാകണം ഓരോ ജനപ്രതിനിധിയും.
വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു ജനതയുടെ ആശങ്കകളെയെല്ലാം ആശ്വാസമാക്കി മാറ്റുന്ന സമീപനം ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ എല്ലാ പാര്‍ലമെന്റംഗങ്ങളും എടുക്കുമെന്നു പ്രത്യാശിക്കാം. പിന്തുണ നിലപാടിന്റെ പ്രവൃത്തിയായി മാറുന്ന ദിനത്തില്‍ കേരളത്തിലെ പാര്‍ലമെന്റംഗങ്ങളുടെ എണ്ണം പൂജ്യമാവാതെ, പൂര്‍ണമാകട്ടെ.