•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

ജനപ്രിയവൈദികന് ജന്മനാടിന്റെ സ്‌നേഹസ്മാരകം

യിരങ്ങളുടെ മനസ്സില്‍ ഇന്നും ഒരു ഊര്‍ജസ്മൃതിയായി വിരാജിക്കുന്ന ഫാ. തോമസ് വിരുത്തിയില്‍ എന്ന വഴിയച്ചന് ജന്മനാടിന്റെ സ്‌നേഹസ്മാരകം! വഴിവെട്ട് ഒരു ജീവിതനിയോഗമായി ഏറ്റെടുത്ത് ഉള്‍നാടുകളുടെ ഉള്‍ത്തുടിപ്പായി മാറിയ വഴിയച്ചന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കല്ലറ പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായപ്രതിമ, വഴിയച്ചന്‍ മുന്‍കൈയെടുത്തു നിര്‍മിച്ച കല്ലറ-വെച്ചൂര്‍ റോഡില്‍ പെരുന്തുരുത്തു പാലത്തിനുസമീപം വഴിയോരവിശ്രമകേന്ദ്രത്തില്‍ സ്ഥാപിതമായിരിക്കുന്നു. മന്ത്രി വി.എന്‍. വാസവന്‍ പ്രതിമ അനാച്ഛാദനം ചെയ്തു.  

കല്ലറ വിരുത്തിയില്‍ (മുട്ടത്താഴത്ത്) കുടുംബാംഗമായ ഫാ. തോമസ്  ആലുവ സെമിനാരിയില്‍ പഠിച്ച് 1961 ല്‍ പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപത മാന്‍വെട്ടം ഇടവകാംഗമായ തോമസച്ചന്‍ വിജയപുരം രൂപതയിലാണു പൗരോഹിത്യശുശ്രൂഷ നിര്‍വഹിച്ചത്. പാലാ രൂപതയില്‍ ദീര്‍ഘകാലം േസവനം ചെയ്തിരുന്ന ഫാ. സെബാസ്റ്റ്യന്‍ വിരുത്തിയില്‍ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനാണ്.
ഇടവകശുശ്രൂഷയിലിരിക്കേ, വൈകാതെ വഴിയച്ചന്‍ നാടിന്റെ വികസനപാതയിലേക്കു ചുവടുവയ്ക്കുകയായിരുന്നു. സഞ്ചാരസൗകര്യമാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന് ദീര്‍ഘവീക്ഷണപടുവായ അദ്ദേഹം കണ്ടു. അങ്ങനെ നാട്ടുകാരുടെ സഹകരണത്തോടെ വഴിയച്ചന്‍ നൂറുകണക്കിനു വഴികള്‍ വെട്ടിത്തുറന്നു; പാലങ്ങള്‍ പണിതുയര്‍ത്തി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ അറുപതു പഞ്ചായത്തുകളിലായി മുന്നൂറോളം റോഡുകളും പത്തിലധികം പാലങ്ങളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
ഇപ്പോള്‍ വഴിയച്ചന്റെ പ്രതിമ സ്ഥാപിതമായിരിക്കുന്ന, പാടശേഖരത്തിന്റെ നടുവിലൂടെ പതിനഞ്ചു തുരുത്തുകളെ കോര്‍ത്തിണക്കുന്ന കല്ലറ-വെച്ചൂര്‍ റോഡ് വഴിയച്ചന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. മുപ്പത്തഞ്ചുവര്‍ഷമായി ജനങ്ങളുടെ ആവശ്യമായിരുന്ന കുറുമുള്ളൂര്‍ പാലം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയതു വഴിയച്ചനായിരുന്നു. സര്‍ക്കാരിനു നിര്‍മിക്കാന്‍ കഴിയാതിരുന്ന കടുത്തുരുത്തിപ്പാലം നിര്‍മിച്ചതും വഴിയച്ചന്‍തന്നെ. തറവാട്ടില്‍നിന്നു കിട്ടിയ അറുപതു സെന്റു കൃഷിഭൂമി വിറ്റുകിട്ടിയ പണംകൊണ്ടാണ് ആയാംകുടി-ഏറ്റുമാനൂര്‍ റോഡു നിര്‍മിച്ചത്.
വഴിവെട്ടില്‍ നേതൃത്വം ചമഞ്ഞു മാറിനില്ക്കുകയായിരുന്നില്ല വഴിയച്ചന്‍. കൈലിയും ബനിയനുമായി, നാടന്‍ വേഷത്തില്‍ മണ്ണുവെട്ടാനും കുഴിയെടുക്കാനും കട്ടപൊടിക്കാനും മെറ്റല്‍ നിരത്താനും  അച്ചന്‍ മുന്നില്‍നിന്നു. അച്ചന്‍ വെട്ടിയ വഴികളെല്ലാം അദ്ദേഹത്തിന്റെ വേര്‍പ്പുകണങ്ങള്‍ പതിഞ്ഞവയാണ്. വേണ്ടിവന്നാല്‍ മരത്തില്‍ കയറി കൊമ്പുകള്‍ മുറിക്കാനും അച്ചന്‍ റെഡിയായിരുന്നു. അങ്ങനെ ജാതിമതഭേദമെന്യേ ഏവര്‍ക്കും പ്രിയങ്കരനായി വഴിയച്ചന്‍.
മറ്റൊരു സിദ്ധിവിശേഷവും അച്ചനു  സ്വന്തമായിരുന്നു; ഒരു പ്രദേശത്തെ കല്ല്, ഇല, മണ്ണ് ഇവ നോക്കി അവിടെ വെള്ളമുണ്ടോയെന്ന് അച്ചന്‍ കൃത്യമായി പറയും. അങ്ങനെ കേരളത്തിലുടനീളം അച്ചന്‍ കുത്തിയ കിണറുകള്‍ക്കു കണക്കില്ല. മരങ്ങളിലെ പമ്പിങ് സിസ്റ്റവും ഫംഗസ് മാര്‍ക്കുകളും, മരങ്ങളില്‍ ഭൂമി നടത്തുന്ന ഫോട്ടോണിക് സ്‌പ്രേ എന്നിങ്ങനെ രണ്ടു ശാസ്ത്രപുസ്തകങ്ങളും, മരങ്ങളില്‍ ഊര്‍ജം കയറുന്നു എന്ന പേരില്‍ ഒരു ലഘുലേഖയും അദ്ദേഹം എഴുതിയിട്ടുണ്ട്. സംഗീതത്തിലും താത്പര്യമുണ്ടായിരുന്ന അദ്ദേഹം പാട്ടുകളെഴുതുകയും സംഗീതം നല്കുകയും ചെയ്തിരുന്നു. സ്‌നേഹഗീതം, കാല്‍വരിഗീതം എന്നിങ്ങനെ ഏതാനും ഓഡിയോകാസറ്റുകളും ഇറക്കിയിട്ടുണ്ട്.
കരുത്തനും കര്‍മധീരനുമായിരുന്ന വഴിയച്ചന്‍ അന്തരിച്ചിട്ട് മാര്‍ച്ച് മൂന്നിന് 17 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഈ ധന്യവേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ പ്രതിമാസ്ഥാപനത്തിലൂടെ മുന്‍കൈയെടുത്ത പഞ്ചായത്തധികൃതരും ജനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു. 
ശില്പി ദിനീഷ് കെ. പുരുഷോത്തമനാണ് വഴിയച്ചന്റെ പ്രതിമ നിര്‍മിച്ചത്.

    -   മഞ്ജുഷ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)