നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര 11
നിഖ്യാവിശ്വാസത്തോടുള്ള എതിര്‍പ്പ്
ആരിയൂസിന്റെ സിദ്ധാന്തത്തെ നിഖ്യാസൂനഹദോസ് തള്ളിക്കളയുകയും ആരിയൂസിനെ പുറത്താക്കുകയും ചെയ്തുവെങ്കിലും കാലക്രമത്തില്‍ ആരിയൂസിന്റെ പഠനത്തിന് കൂടുതല്‍ പ്രചാരം സിദ്ധിക്കുകയും പലരും അതിനെ അനുകൂലിക്കുകയും ചെയ്യാന്‍ തുടങ്ങി. ആരിയൂസിനെ നേരത്തേ അനുകൂലിച്ച വ്യക്തിയായിരുന്നു നിക്കൊമേദിയായിലെ മെത്രാനായിരുന്ന എവുസേബിയൂസ്. ആരിയൂസിനോടൊപ്പം അദ്ദേഹവും പുറംതള്ളപ്പെട്ടെങ്കിലും സാവധാനം അദ്ദേഹം ചക്രവര്‍ത്തിയുടെ ഇഷ്ടത്തിനു പാത്രമാകാന്‍ തുടങ്ങി. മാത്രവുമല്ല, കോണ്‍സ്റ്റന്റൈന്റെ സഹോദരിയായ കോണ്‍സ്റ്റന്റീനായും ആരിയൂസിന്റെ പഠനങ്ങളെ അനുകൂലിച്ചിരുന്നു. ആരിയൂസിനെ നേരത്തേതന്നെ എതിര്‍ത്ത ഗ്രൂപ്പിന്റെ സാരഥിയായിരുന്ന അത്തനേഷ്യസ് ഇതിനോടകം അലക്‌സാണ്ട്രിയായിലെ മെത്രാനായി അവരോധിക്കപ്പെട്ടിരുന്നു.
ആരിയൂസിനോട് നേരത്തേയുണ്ടായിരുന്ന വിരോധം സാവധാനം ഇല്ലാതായി എന്നു മാത്രമല്ല, ആരിയൂസ് അനുഭാവികള്‍ അധികാരത്തില്‍ വരാനും രാജാവിനെ സ്വാധീനിക്കാനും തുടങ്ങി. തത്ഫലമായി ആരിയൂസിനെ നേരത്തേ എതിര്‍ത്ത, തുടര്‍ന്ന് അലക്‌സാണ്ട്രിയായിലെ മെത്രാനായിരുന്ന അത്തനേഷ്യസിനെ 335 ല്‍ ട്രിയറിലേക്കു നാടുകടത്തി. 336 ല്‍ കോണ്‍സ്റ്റന്റൈനുമായുള്ള ഒരു സംഭാഷണം വഴി 'തന്റെ സത്യവിശ്വാസം' തെളിയിക്കാന്‍ ആരിയൂസിനു സാധിച്ചു. ടയര്‍, ജറുസലേം എന്നിവിടങ്ങളില്‍ വച്ച് 335 ല്‍ എടുത്ത തീരുമാനം ആരിയൂസിനെ തിരികെ യെടുക്കണം എന്നതായിരുന്നു. തിരികെയെടുക്കാന്‍ കോണ്‍സ്റ്റന്റൈയിന്‍ കല്പനയും കൊടുത്തു. എന്നാല്‍, അതിനു തലേദിവസം ആരിയൂസ് മരിച്ചു. എങ്കിലും ആര്യനിസം അംഗീകരിക്കപ്പെട്ടതുപോലെയായി. ആര്യനിസത്തിന്റെ ഈ തിരിച്ചുവരവ് സഭയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്കും വിഘടനങ്ങള്‍ക്കും കാരണമായി. ഇതിനൊരു പരിഹാരം കാണാനായി 342 ല്‍ ഒരു കൗണ്‍സില്‍ സാര്‍ദിക്കായില്‍ ചേര്‍ന്നു. ഇതുവഴി പ്രശ്‌നത്തിനു പരിഹാരമായില്ല എന്നുമാത്രമല്ല, ഇതിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണു ചെയ്തത്.
ഇതിനോടകം രാഷ്ട്രീയമായ വലിയ മാറ്റങ്ങളും റോമാസാമ്രാജ്യത്തിലുണ്ടായി. മഹാനായ കോണ്‍സ്റ്റന്റൈന്‍ 337 ല്‍ മരിച്ചു. തുടര്‍ന്ന് റോമാസാമ്രാജ്യം അദ്ദേഹത്തിന്റെ മൂന്നു മക്കള്‍ക്കായി വിഭജിക്കപ്പെട്ടു: കോണ്‍സ്റ്റന്റൈയിന്‍ രണ്ടാമന്‍ (337-340), കോണ്‍സ്റ്റാന്‍സ് (337-350), കോണ്‍സ്റ്റാന്‍സിയൂസ് രണ്ടാമന്‍ (337-360). ഇവരില്‍ ആദ്യ രണ്ടുപേര്‍ പടിഞ്ഞാറും മൂന്നാമന്‍ കിഴക്കും അധികാരികളായിരുന്നു. എന്നാല്‍, 350 ല്‍ കോണ്‍സ്റ്റാന്‍സിയൂസ് II കിഴക്കിന്റെയും പടിഞ്ഞാറിന്റെയുംകൂടി ഒറ്റ അധികാരിയായി. അങ്ങനെ കോണ്‍സ്റ്റന്റൈന്റെ കാലത്തെപ്പോലെ റോമാസാമ്രാജ്യം ഒറ്റരാജ്യമായി നിലനിന്നു. തന്റെ രാജ്യത്ത് ഏകീകൃതത്വം ആഗ്രഹിച്ച അദ്ദേഹം ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിച്ചു; വിജാതീയമായ ഒന്നും അനുവദിച്ചില്ല. വിജാതീയദേവന്‍മാര്‍ക്കു പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ 341 ലും 346 ലും നിയമങ്ങള്‍ കൊണ്ടുവന്നു. അതോടെ വിജാതീയബലികളും രാജ്യത്തുടനീളം മുടക്കപ്പെട്ടു. ഇതെല്ലാം ക്രിസ്തുമതത്തിന്റെ വലിയ വളര്‍ച്ചയ്ക്കു കാരണമായി. എന്നാല്‍, അദ്ദേഹം ആര്യനിസമാണു പ്രചരിപ്പിച്ചത്. കാരണം, അതാണ് കുറേക്കൂടി അര്‍ഥവത്തായി അദ്ദേഹത്തിനു തോന്നിയത്. അദ്ദേഹം ആര്യനിസത്തിന്റെ പ്രവാചകനായിത്തീര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലേക്ക് ആര്യനിസത്തിന്റെ പ്രവാചകരെ അദ്ദേഹം അയയ്ക്കുന്നുണ്ട്. ആര്യനിസത്തെ അനുകൂലിക്കുന്നതിന്റെ ഭാഗമായാണ് നേരത്തേ ആര്യനിസത്തെ എതിര്‍ത്ത അത്തനേഷ്യസിനെ നാടുകടത്തിയത്. അതുകൊണ്ടാണ് അത്തനേഷ്യസ് പ്രവാസത്തിലായിരുന്ന കാലത്ത് 'ആര്യനിസത്തിന്റെ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ കോണ്‍സ്റ്റാന്‍സിയൂസിന് എതിരായി ഇങ്ങനെ എഴുതുന്നത്; 'ഔദ്ധത്യത്തിന്റെ പ്രവാചകന്‍, പാഷണ്ഡതയുടെ രാജാവ്, അന്തിക്രിസ്തുവിന്റെ മുന്‍ഗാമി' എന്ന്. ഇക്കാലത്ത് റോമാസാമ്രാജ്യത്തിലെ സഭയില്‍ത്തന്നെ കിഴക്ക് - പടിഞ്ഞാറ് എന്നീ രണ്ടു വ്യത്യസ്ത ചിന്തകള്‍, വിപരീതചിന്തകള്‍ ശക്തിപ്പെടുന്നതു കാണാനാകും. അത്തനേഷ്യസിനെ അലക്‌സാണ്ട്രിയായില്‍നിന്ന് പുറത്താക്കിയത് അനീതിയാണെന്നു വാദിച്ച പടിഞ്ഞാറുഭാഗം നിഖ്യാവിശ്വാസപ്രമാണത്തോടുള്ള വിധേയത്വം ഒന്നുകൂടി പ്രഖ്യാപിച്ചപ്പോള്‍, കിഴക്കുഭാഗം അത്തനേഷ്യസിനെ പുറംതള്ളിയത് അംഗീകരിച്ചു. അദ്ദേഹത്തെ പിന്തുണച്ച ജൂലിയന്‍ ഒന്നാമന്‍ മാര്‍പാപ്പായെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. 342 ലെ സാര്‍ദിക്ക കൗണ്‍സിലില്‍ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ രണ്ടായാണ് സമ്മേളിച്ചത്. അതാണ് ഇവരുടെ ഭിന്നതകള്‍ രൂക്ഷമാകാനുള്ള പ്രധാന കാരണവും. ഈ കൗണ്‍സിലില്‍ കിഴക്കുഭാഗം നിഖ്യാ കൗണ്‍സിലിലെ 'ഒരേസത്ത' (വീാീ ീൗശെീ)െയ്ക്ക് പകരം മറ്റൊരു ഫോര്‍മുലതന്നെ രൂപപ്പെടുത്തി. 'പിതാവിനേപ്പോലെയുള്ള പുത്രന്‍' (son is like the Father)'എല്ലാക്കാര്യങ്ങളിലും പിതാവിനേപ്പോലെയുള്ളവന്‍(in all respects like the Father) 'പിതാവിന്റെതന്നെ പ്രകൃതിയിയുള്ളവന്‍' (of a nature like that of the Father) എന്നിങ്ങനെയായിരുന്നു അവരുടെ വീക്ഷണങ്ങള്‍.
നിഖ്യാവിശ്വാസത്തെ എതിര്‍ത്തവര്‍ ആര്യനിസത്തെ അനുകൂലിച്ചിരുന്ന കോണ്‍സ്റ്റാന്‍സിയൂസ് ചക്രവര്‍ത്തിയോട് മറ്റൊരു കൗണ്‍സില്‍കൂടി നടത്താന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് പാശ്ചാത്യര്‍ ഇറ്റലിയിലെ റിമിനിയിലും പൗരസ്ത്യര്‍ സെലുഷ്യയിലും ഒന്നുചേര്‍ന്നു. അപ്പോഴും ഒരു തീരുമാനമുണ്ടായില്ല. റിമിനിയില്‍ സമ്മേളിച്ച പാശ്ചാത്യര്‍ നിഖ്യാവിശ്വാസപ്രമാണത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെലൂഷ്യായില്‍ ചേര്‍ന്നവരുടെയിടയില്‍ യാതൊരു അഭിപ്രായ ഐക്യവുമുണ്ടായില്ല. തുടര്‍ന്ന് നിഖ്യാഫോര്‍മുലയില്‍നിന്ന് അല്പം വ്യത്യസ്തമായ ഫോര്‍മുല കോണ്‍സ്റ്റാന്‍സിയൂസ് രൂപപ്പെടുത്തി. യഥാര്‍ഥ നിഖ്യാഫോര്‍മുലയെ പൗരസ്ത്യര്‍ സ്വീകരിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തത്. മാത്രവുമല്ല, ആരിയൂസിന്റെ പഠനങ്ങളോട് ഇപ്പോള്‍ താത്പര്യമുള്ള ചക്രവര്‍ത്തിക്ക് നേരത്തേ ആരിയൂസിനെ എതിര്‍ക്കാന്‍വേണ്ടി രൂപപ്പെടുത്തിയ homo ousian ഫോര്‍മുലയില്‍ അല്പം മാറ്റം വന്നുകാണാന്‍ ഇഷ്ടപ്പെടുകയും ചെയ്തു. പുതിയ ഫോര്‍മുല ഇപ്രകാരമായിരുന്നു: ''വേദപുസ്തകം അനുസരിച്ച് പിതാവും പുത്രനും സത്തയില്‍ ഒരുപോലെയാണ്.'' ആദ്യത്തെ ഫോര്‍മുല niceanum എന്ന പേരില്‍ അറിയപ്പെട്ടിരുന്നെങ്കില്‍ പുതിയതിന് ിv nicenum എന്ന പേര് നല്‍കി. സാമ്രാജ്യത്തിലെ എല്ലാ മെത്രാന്മാരും ഇത് അംഗീകരിച്ച് ഒപ്പുവയ്ക്കാന്‍ കോണ്‍സ്റ്റാന്‍സിയൂസ് ആവശ്യപ്പെടുകയും ചെയ്തു; അല്ലാത്തവരെ സ്ഥാനഭ്രഷ്ടരാക്കാനും തീരുമാനിച്ചു.
എന്നാല്‍, അന്നത്തെ മാര്‍പാപ്പാ ലിബേരിയൂസും പൊയ്തിയേഴ്‌സിലെ ഹിലരിയും ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഈ സ്ഥിതിവിശേഷത്തെപ്പറ്റി വി. ജറോം എഴുതുന്നത് 'അന്നത്തെ മുഴുവന്‍ ലോകവും (ക്രിസ്തീയ) ആര്യന്‍ ആയിക്കഴിഞ്ഞു എന്നത് ഏവരെയും വിഷമിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു' എന്നാണ്. എന്നാല്‍, ഈ ആര്യന്‍ ആശയം (വിശ്വാസം) സത്യവിരുദ്ധമായിരുന്നു എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയാണ്. അതിനാല്‍, നിഖ്യാസൂനഹദോസ് കഴിഞ്ഞ് 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ക്രിസ്തീയലോകം നിഖ്യാവിശ്വാസത്തില്‍നിന്ന് - യഥാര്‍ഥ വിശ്വാസത്തില്‍നിന്ന് - വ്യതിചലിച്ച്, ആര്യന്‍ ആശയം സ്വീകരിച്ചുകഴിഞ്ഞിരുന്നു എന്നത് വിരോധാഭാസംതന്നെയാണ്. ഇതിന്റെ പ്രചാരകര്‍ക്ക് റോമാചക്രവര്‍ത്തി നല്‍കിയ പിന്തുണയാണ് ഇതിനു കാരണം. എന്നാല്‍, ഇതു തെറ്റായിപ്പോയി എന്നു കാലം താമസിയാതെ തെളിയിച്ചു.
പഴയ, പുതിയ നിഖ്യാക്കാര്‍
361 ല്‍ കോണ്‍സ്റ്റാന്‍സിയൂസിന്റെ ബന്ധുവായ ജൂലിയന്‍ ചക്രവര്‍ത്തിയായി. തന്റെ മുന്‍ഗാമിയെ വെറുത്തിരുന്ന ചക്രവര്‍ത്തി താമസിയാതെതന്നെ കോണ്‍സ്റ്റാന്‍സിയൂസിന്റെ പല ബന്ധുക്കളെയും സുഹൃത്തുക്കളെയും വധിച്ചു. മാത്രവുമല്ല, അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന ക്രിസ്തുമതത്തെയും വെറുക്കാന്‍ തുടങ്ങി. ക്രിസ്തുമതത്തിനുപകരം ഒരു വിജാതീയമതം ജൂലിയന്‍ പ്രചരിപ്പിച്ചു. വിജാതീയമതപുരോഹിതരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം അതിനുള്ള സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായില്ലെങ്കിലും ഭരണകര്‍ത്താക്കളും കൂട്ടരും ക്രിസ്ത്യാനികള്‍ക്കെതിരായിരുന്നു. പല ക്രിസ്ത്യാനികളും കൊല്ലപ്പെടുകയും ചില മെത്രാന്മാരെ നാടുകടത്തുകയും ചെയ്തു. പൗരസ്ത്യദേശത്തെയാണ് ഇതു കൂടുതലായി ബാധിച്ചത്. ക്രിസ്തുമതത്തിനെതിരേയുള്ള ചക്രവര്‍ത്തിയുടെ ഈ മനോഭാവം കാരണമാണ് ചരിത്രത്തില്‍ അദ്ദേഹം 'വിശ്വാസത്യാഗിയായ ((apostate) ജൂലിയന്‍' എന്ന് അറിയപ്പെടുന്നത്. രണ്ടു വര്‍ഷത്തെ ഭരണശേഷം 363 ല്‍ പേര്‍ഷ്യക്കാര്‍ക്കെതിരേയുള്ള യുദ്ധത്തില്‍ ടൈഗ്രീസ് നദീതാഴ്‌വരയില്‍ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു. മരണസമയത്ത് എന്നാല്‍, അദ്ദേഹം ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. കാരണം, അദ്ദേഹം അവസാനം പറഞ്ഞത് 'അല്ലയോ ഗലീലിയാ, നീ തന്നെ അവസാനം വിജയിച്ചിരിക്കുന്നു' എന്നായിരുന്നു.
തുടര്‍ന്ന് അധികാരത്തില്‍ വന്ന ജോവിയന്‍ ചക്രവര്‍ത്തി (363-364) എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തിയിരുന്നെങ്കിലും ക്രിസ്തുമതത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. ഒന്നരവര്‍ഷംമാത്രം നീണ്ട ഭരണകാലത്ത് ചില വിജാതീയക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. തുടര്‍ന്നു വന്ന വലന്റീനിയന്‍ ചക്രവര്‍ത്തി (364-365) ക്രിസ്ത്യാനിയായിരുന്നെങ്കിലും മതപരമായ കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കുകയാണു ചെയ്തത്. അതിനാല്‍, വിജാതീയമതങ്ങളും പാഷണ്ഡതകളും അദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് അനായാസം പ്രചരിച്ചു.
(തുടരും)