രഞ്ജിത പ്ലസ് വണ്ണിനു പഠിക്കുന്നു. കൊവിഡു കാല ത്ത് ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയായപ്പോള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാനായി അച്ഛന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തിരുന്നു. കൊവിഡുകാലം കഴിഞ്ഞെങ്കിലും ഓണ്‍ലൈനിലെ സന്തതസഹചാരിയായ സ്മാര്‍ട്ട് ഫോണുമായുള്ള ചങ്ങാത്തം വിട്ടില്ല.
മുമ്പൊക്കെ വീട്ടിലെത്തിയാല്‍ അമ്മയെ വീട്ടുകാര്യങ്ങളിലൊക്കെ സഹായിക്കുമായിരുന്നു. ഇപ്പോള്‍ ഫോണിന്റെ മുമ്പിലാണ് എപ്പോഴും. അച്ഛന്‍ വിദേശത്താണ്. രാത്രി താമസിച്ചാണ് ഉറങ്ങുന്നത്. ഉറങ്ങാന്‍ പോകുമ്പോഴും ഫോണ്‍ ഒപ്പമുണ്ട്. രാവിലെ താമസിച്ചാണ് എഴുന്നേല്‍ക്കുന്നത്. ഉറക്കച്ചടവോടെയാണ് ക്ലാസ്സിലിരിക്കാറ്.
മുമ്പ് സാമാന്യം നന്നായി പഠിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പഠനത്തിലും പിന്നിലായി. മാത്രമല്ല, ഭയങ്കരദേഷ്യവും ഇടയ്ക്കു സങ്കടവും കാട്ടാറുണ്ട്. അങ്ങനെയാണ് ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തുകൊണ്ടുപോകുന്നത്. ഉറങ്ങുമ്പോള്‍ വെളുപ്പിനു രണ്ടര മൂന്നുമണിയൊക്കെയാവും. കൊറിയന്‍ സോങ്‌സാണ് ഇഷ്ടം. ഗെയിംസും ചാറ്റിങ്ങും റീല്‍സ് കാണലും എല്ലാം ഒപ്പമുണ്ടെന്നു മനഃശാസ്ത്രജ്ഞനോടു തുറന്നുപറഞ്ഞു.
അപ്പോഴും മൊബൈല്‍ഫോണ്‍ കൈയില്‍ത്തന്നെയുണ്ട്. മോളുടെ കൈയില്‍നിന്നു ഫോണ്‍ വാങ്ങിച്ചുപിടിച്ചോളൂ എന്ന് അമ്മയോടു പറഞ്ഞു.
അമ്മ വാങ്ങാന്‍ ശ്രമിച്ചതേ ഫോണില്‍ മുറുകെപ്പിടിച്ചു. ശക്തിയായി വലിച്ചതും രഞ്ജിത ഫോണെടുത്ത് നിലത്തേക്ക് ഒറ്റയേറ്. എന്നിട്ട് അലറിക്കൊണ്ടു ചോദിച്ചു:
''എന്റെ ക്ലാസിലെ ഫ്രണ്ട്‌സ് പലരും ഇഷ്ടംപോലെ ഡേറ്റിങ് ആപ്പുകളൊക്കെ ഡൗണ്‍ലോഡ് ചെയ്ത്, ഫുള്‍ടൈം ഫോണിലാ. എന്നെമാത്രം എന്തിനാ ഇവിടെ പിടിച്ചുകൊണ്ടുവന്നിരിക്കുന്നെ?''
മൊബൈല്‍ അഡിക്ഷന്റെ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന രഞ്ജിതയുടെ പ്രതികരണം അപ്രതീക്ഷിതമല്ല; മറിച്ച്, മൊബൈല്‍ഫോണ്‍ അഡിക്ടായിക്കഴിഞ്ഞാല്‍ ആ ഫോണ്‍ തിരിച്ചുവാങ്ങാന്‍ ശ്രമിച്ചതിന്റെ പേരില്‍ ആത്മഹത്യവരെ ചെയ്ത സംഭവങ്ങള്‍ കേരളത്തില്‍ ഒട്ടേറെയാണ്.
മൊബൈല്‍ അഡിക്ഷനിലേക്കു വന്നാലുള്ള ദോഷങ്ങള്‍
1. പഠനത്തില്‍ ശ്രദ്ധ കുറയുന്നു. 20 മിനിറ്റുപോലും ക്ലാസില്‍ ശ്രദ്ധിച്ചിരിക്കാനോ പുസ്തകം വായിക്കാനോ പറ്റാത്ത അവസ്ഥ.
2. ഓര്‍മശക്തിക്കുറവ്
3. ഇന്റര്‍പഴ്‌സനല്‍ സ്‌കില്‍ കുറയുന്നു. മുതിര്‍ന്നവരോട്, എതിര്‍ലിംഗത്തിലുള്ളവരോടു സംസാരിക്കാന്‍ മടി.
4. ആത്മവിശ്വാസക്കുറവ്.
5. ഉറക്കമില്ലായ്മ. മൊബൈല്‍ ഫോണിലെ ബ്ലൂ-റേയ്‌സ് കണ്ണില്‍ പതിക്കുന്നത് ഉറക്കം തടയും.
6. മാനസികസമ്മര്‍ദം
7. ആത്മഹത്യ. മൊബൈല്‍ അഡിക്ഷന്റെ അങ്ങേയറ്റത്ത് ആത്മഹത്യവരെ സംഭവിക്കാം. പഠനത്തിലെ തോല്‍വി തുടങ്ങി ഉള്‍പ്പെടെ അനേകം പ്രശ്‌നങ്ങള്‍ കാരണമാകാം.
എങ്ങനെ പരിഹരിക്കാം?
ഒറ്റയടിക്കു ഫോണ്‍ പിടിച്ചുവാങ്ങുന്നത് ശരിയായ രീതിയല്ല. ദോഷങ്ങള്‍, സംഭവങ്ങളും ഉദാഹരണങ്ങളും സഹിതം പറഞ്ഞുമനസ്സിലാക്കുക. സ്‌ക്രീന്‍ ടൈം ഉപയോഗം നിശ്ചിതസമയത്തേക്കുമാത്രം പരിമിതപ്പെടുത്തുക. വീട്ടുകാര്യങ്ങളിലുള്‍പ്പെടെ എന്‍ഗേജ്ഡ് ആക്കുക. ഉദാഹരണത്തിന്, തുണികള്‍ വാഷിങ് മെഷീനിലിടുക, തുണി മടക്കിവയ്ക്കുക, പാത്രം കഴുകുക, കിച്ചണില്‍ സഹായിക്കുക, ചെടികള്‍ക്കു വെള്ളം ഒഴിക്കുക, ഓമനജീവികളുടെ പരിപാലനം, വായനയെ പ്രോത്സാഹിപ്പിക്കല്‍, കായികാധ്വാനമുള്ള കളികള്‍ പ്രോത്സാഹിപ്പിക്കല്‍, (ഉദാ: ഫുട്‌ബോള്‍, വോളിബോള്‍, ടെന്നീസ്, സ്വിമ്മിങ്, ബാസ്‌കറ്റ്‌ബോള്‍ മുതലായവ.) ഒപ്പം, സാമൂഹികചടങ്ങുകളില്‍ പങ്കെടുപ്പിക്കുക.
മൊബൈല്‍ അഡിക്ഷന്‍ ഉള്‍വലിയലിലേക്കു നയിക്കാറുണ്ട്. മാത്രമല്ല, ആശയവിനിമയശേഷിയും കുറയ്ക്കും.
മിന്നുന്നതെല്ലാം പൊന്നല്ല
പ്രവീണയുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍സര്‍വീസിലാണ്. ജോലിത്തിരക്കുകളും മറ്റുമായപ്പോള്‍ കൗമാരക്കാരിയായ മോളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റിയില്ല.
അങ്ങനെയിരിക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രവീണയുടെ ചിത്രത്തിനു താഴെ കമന്റിട്ടയാളെ ശ്രദ്ധിക്കുന്നത്. പതിയെ അടുപ്പമായി. ഒടുവില്‍ ഒളിച്ചോടി ഒരുമിക്കല്‍.
ഒരുമിച്ചുതാമസിച്ചതോടെയാണ് അക്കാര്യം ബോധ്യമായത്. കാമുകന്‍ രഞ്ജിത്ത് ബാംഗ്ലൂരില്‍ വാഹനമോഷണസംഘത്തിലെ കണ്ണിയാണ്.
പ്രണയിച്ചപ്പോള്‍ കണ്ടു മുഖമായിരുന്നില്ല യഥാര്‍ഥമുഖം.
സ്‌നേഹം ദിവ്യമാണ്, പരിശുദ്ധമാണ്. പക്ഷേ, സ്‌നേഹത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതെല്ലാം യഥാര്‍ഥ സ്‌നേഹമാകണമെന്നില്ല. അവിടെ ചതിക്കുഴികള്‍ ഒരുക്കി കാത്തിരിക്കുന്നവരുണ്ടാകാം. അതിനാല്‍ സ്‌നേഹം നിറഞ്ഞ അന്തരീക്ഷമാകട്ടെ കുടുംബത്തിലുള്ളത്. ഒരാള്‍ക്ക് മക്കള്‍ക്കു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം തന്റെ ജീവിതപങ്കാളിയെ സ്‌നേഹിക്കുക എന്നതാണ്. സ്‌നേഹവും വിശ്വാസവും ദൈവാശ്രയത്വവും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ സാധിക്കും.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
കിം ഒമ്പതില്‍ പഠിക്കുന്നു. സാധാരണ കുടുംബത്തില്‍നിന്നാണു വരുന്നത്. പക്ഷേ, അടുത്തകാലത്തായി കൂട്ടുകാര്‍ക്കൊക്കെ ഇഷ്ടംപോലെ ചെലവു ചെയ്യുന്നു. വീട്ടില്‍നിന്നു പണം അങ്ങനെ കൊടുക്കാറില്ല. പിന്നെ എവിടുന്നാണ്? ആ അന്വേഷണം ചെന്നെത്തിയത് ഒരു കൈമാറ്റത്തിലാണ്. ഒരു പൊതി ഒരു സ്ഥലത്തുനിന്നെടുക്കണം. അതിന്റെ ഫോട്ടോ ഒരു നമ്പരിലേക്ക് അയയ്ക്കണം. തുടര്‍ന്ന് മറ്റൊരു സ്ഥലത്തു കൊണ്ടുവയ്ക്കണം. അവിടെ 500 രൂപയും വച്ചിട്ടുണ്ട്. അതെടുക്കാം.
അവനറിയാതെ ഡ്രഗ് കാരിയറായി മാറുകയായിരുന്നു. ഒരു പാവം പയ്യന്‍. ഒടുവില്‍ സ്‌കൂളധികൃതരും മാതാപിതാക്കളുമെല്ലാമറിഞ്ഞതോടെ കൗണ്‍സലിങ്ങെല്ലാം കഴിഞ്ഞ് ഇപ്പോള്‍ സ്വാഭാവികജീവിതം നയിക്കുന്നു. സ്‌കൂളുകളില്‍പ്പോലും രാസലഹരി കൈമാറ്റം ചെയ്യപ്പെടുന്നത് സഹപാഠികളികളിലൂടെയാണെന്നതാണ് ഞെട്ടിക്കുന്ന വിവരം. സാധാരണമദ്യത്തിന്റെ 15 ഇരട്ടി ഇഫക്ടാണ് ഇത്തരം രാസലഹരിവസ്തുക്കള്‍ക്കുള്ളത്. സ്റ്റാമ്പ് രൂപത്തിലുള്‍പ്പെടെ എളുപ്പം മറയ്ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇവ ലഭ്യമാണ്. ഐസ്‌ക്രീമിലും ജ്യൂസിലും, എന്തിന്, ബര്‍ഗറില്‍വരെ ഇവ ലഭ്യമാണ്. അടുത്തകാലത്ത് ചങ്ങനാശേരി റെയില്‍വേസ്റ്റേഷനില്‍നിന്നു രാസലഹരി പിടിച്ചത് ബെര്‍ഗറിലായിരുന്നു.
മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണ്, ക്ലാസ്‌സമയം കഴിഞ്ഞുള്ള സമയം അവര്‍ എവിടെയാണ്, അവരുടെ പെരുമാറ്റത്തില്‍, ശീലങ്ങളില്‍ മാറ്റം വരുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളെല്ലാം മാതാപിതാക്കള്‍ മനസ്സിലാക്കിയിരിക്കണം.
''ഞാനവനെ ഒന്നു നുള്ളിപോലും നോവിച്ചിട്ടില്ല... എന്നിട്ടും...''
രോഹനെക്കുറിച്ച് അച്ഛനായ സുരേഷിന്റെ വാക്കുകളാണ്.
മക്കളെ വേദനകളൊന്നും അറിയിക്കാതെ വളര്‍ത്തുന്നത് നല്ല കാര്യമാണെന്നാണ് പലരും വിചാരിക്കുന്നത്. വേദന അറിഞ്ഞവര്‍ക്കേ അതേ വേദനയനുഭവിക്കുന്നവരുടെ വേദന തിരിച്ചറിയാന്‍ പറ്റുകയുള്ളൂ. വീട്ടിലെ സാമ്പത്തികസ്ഥിതി അറിഞ്ഞുവേണം മക്കള്‍ വളരാന്‍. ഒപ്പം, പണത്തിന്റെ മൂല്യം അറിഞ്ഞുവേണം വളരാന്‍.
അല്ലെങ്കില്‍, കെട്ടഴിച്ചുവിട്ട പട്ടംപോലെ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് അറ്റുപോകാം.
പ്രോത്സാഹനം ഇന്ധനം.
മക്കള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍, പഠന,പാഠ്യേതരരംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അവരെ നല്ല വാക്ക്, നോട്ടം, സ്പര്‍ശനം എന്നിവയാല്‍ അഭിനന്ദിക്കുക.
ശിക്ഷണം ദേഷ്യം തീര്‍ക്കലാകരുത്
മക്കള്‍ തെറ്റു ചെയ്താല്‍ ശിക്ഷിക്കണം. പക്ഷേ, അതൊരിക്കലും ദേഷ്യം തീര്‍ക്കലാകരുത്; മറിച്ച്, ആ തെറ്റ് അവര്‍ക്കു ബോധ്യമാകാന്‍ പര്യാപ്തമായരീതിയിലാവണം. നല്ല അടുപ്പമുണ്ടെങ്കില്‍ ഒരു നോട്ടം മതി, അവര്‍ തെറ്റുകള്‍ തിരിച്ചറിഞ്ഞു പശ്ചാത്തപിക്കാന്‍.
കഴിവുകള്‍ കണ്ടെത്തുക
ഓരോ കുട്ടിയുടെയും മികവ് ഉയര്‍ന്നുനില്‍ക്കുന്ന മേഖലകള്‍ കണ്ടെത്തി, ആ മേഖലയില്‍ പ്രോത്സാഹനം കൊടുക്കുക.
ലക്ഷ്യം - മുഖ്യഘടകങ്ങള്‍
ഭാവിയിലെ ലക്ഷ്യം രൂപീകരിക്കുമ്പോള്‍ അവരുടെ താത്പര്യം, കഴിവ്, അഭിരുചി, വ്യക്തിത്വസവിശേഷതകള്‍ എന്നിവയ്ക്കു പരിഗണന നല്‍കണം. ഏതു മേഖലയിലായാലും അവിടെ അവര്‍ ഒന്നാമതെത്തട്ടെ.
താരതമ്യം വേണ്ടാ
മറ്റു കുട്ടികളുമായി അവരെ താരതമ്യപ്പെടുത്തേണ്ടാ. ഓരോരുത്തര്‍ക്കും അവരവരുടേതായ കഴിവുകളും കുറവുകളുമുണ്ട്. കഴിവുകള്‍ ജ്വലിപ്പിക്കാന്‍ സഹായിക്കാം. കുറവുകളെ അംഗീകരിച്ചു പരിഹരിക്കാന്‍ ശ്രമിക്കുക.
ദൈവാശ്രയത്വം മുഖ്യം
ഏറ്റവും പ്രധാനമായി ദൈവാശ്രയത്വത്തിലും മൂല്യബോധത്തിലും അവരെ മുന്നോട്ടു നയിക്കാം. ഏതു പ്രതിസന്ധിയിലും അവര്‍ മുന്നേറും. ഒപ്പം, ദൈവസ്‌നേഹവും പരസ്‌നേഹവും അവരില്‍ എന്നുമുണ്ടാകും.