മനുഷ്യരാശിയുടെ ഉദ്ഭവകാലംമുതല്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് അക്കരപ്പച്ച സ്വപ്നം കണ്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത യാത്ര.
കേരളത്തില്‍നിന്നു വിദേശരാജ്യങ്ങളിലേക്കുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ ഒഴുക്ക് അടുത്തകാലത്ത് ഗണ്യമായി വര്‍ധിച്ചിരിക്കുന്നു; പ്രത്യേകിച്ച് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളടങ്ങിയ മധ്യതിരുവിതാംകൂര്‍മേഖലയില്‍നിന്ന്. ഈ പ്രയാണത്തിന് ചെറിയ തോതിലുള്ള മാന്ദ്യം സംഭവിച്ചിട്ടുണ്ടെങ്കിലും വിദേശയാത്രയ്ക്കു കോപ്പുകൂട്ടി സ്വപ്‌നംകണ്ടു കഴിയുന്നവര്‍ ഇപ്പോഴും നിരവധിയാണ്.
കേരളത്തില്‍നിന്ന് ഓരോ വര്‍ഷവും മുപ്പത്തിരണ്ടായിരത്തോളം യുവജനങ്ങള്‍ പഠനവും ജോലിയുമായി ബന്ധപ്പെട്ടു വിദേശത്തേക്കു കടക്കുന്നതായാണ് അനൗദ്യോഗികമായ കണക്ക്. എന്നാല്‍, യഥാര്‍ഥസംഖ്യ ഇതിലും വളരെക്കൂടുതലാവാം.
ഗള്‍ഫില്‍ ഒരു ജോലി, അത്യാവശ്യത്തിനു പണം കൈയിലെത്തിയാല്‍ നാട്ടിലെത്തി നല്ലൊരു വീടു പണിത് വിവാഹം, ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഗള്‍ഫിലും മറ്റും ജീവിച്ച് ഒരു കെട്ടുറപ്പിനു പാകമാകുമ്പോള്‍ നാട്ടിലെത്തി കുടുംബത്തോടൊപ്പം വിശ്രമജീവിതം. ഇതായിരുന്നു കുറച്ചുമുമ്പുവരെ ഒരു ശരാശരിമലയാളിയുടെ പ്രവാസസ്വപ്നങ്ങള്‍.
എന്നാല്‍, ഇന്നു പാശ്ചാത്യരാജ്യങ്ങളിലെ ജീവിതം തേടിപ്പിടിച്ച് അവിടെ വേരുപിടിപ്പിക്കുകയാണ് യുവകേരളം. ഉപരിപഠനം അതിനൊരു ഉപാധിമാത്രമാണ്. പലപ്പോഴും സര്‍വകലാശാലകളുടെ പേരും പ്രസക്തിയും ഒന്നും ആരും ശ്രദ്ധിക്കുന്നില്ല. എത്രയും പെട്ടെന്ന് ഒരു സ്റ്റുഡന്റ് വിസ സംഘടിപ്പിക്കുന്നു. പിന്നീടു പഠനത്തിനു ശേഷം പൗരത്വം; തുടര്‍ന്ന് സ്ഥിരതാമസത്തിന് അനുമതി - ഇതൊക്കെയാണ് ഇന്നത്തെ ഒരു ശരാശരിമലയാളിയുവാവിന്റെ സ്വപ്നങ്ങള്‍. ഇങ്ങനെ നാടുവിട്ടുപോകുന്നവരില്‍ പലരും മാതൃരാജ്യത്തേക്കു മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. അവര്‍ക്കുണ്ടാകുന്ന ഇളംതലമുറ അവിടത്തെ കാലാവസ്ഥയും ജീവിതരീതികളുമായി പൊരുത്തപ്പെട്ട് പിഴുതുമാറ്റാന്‍ കഴിയാത്തവിധം പാശ്ചാത്യസംസ്‌കാരവുമായി ലയിച്ച് അവിടെ കഴിയാനാഗ്രഹിക്കുന്നു.
എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നു നാം സ്വയം വിശേഷിപ്പിക്കുന്ന കേരളമിന്ന് യുവജനത്തിനു ജീവിക്കാന്‍ വയ്യാത്ത നാടായി മാറിയിരിക്കുന്നത്? കേരളം എന്നും എല്ലാ രംഗത്തും നമ്പര്‍ വണ്‍ ആണെന്നു കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍, ഒരു രാജ്യത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ട യുവത്വത്തെ അമ്പേ അവഗണിച്ചിരിക്കുന്നു എന്നതല്ലേ യാഥാര്‍ഥ്യം? അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും വലിയ പ്രശ്‌നവും പ്രതിസന്ധിയുമായി ഇവിടെ നിലനില്‍ക്കുന്നു. അതിനെ നേരിടാന്‍ ക്രിയാത്മകമായ നയപരിപാടികളോ പദ്ധതികളോ ഇല്ലാത്തത് സ്വാഭാവികമായും യുവജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. കൂടാതെ, പാശ്ചാത്യരാജ്യങ്ങളില്‍ ലഭിക്കുന്ന സാമൂഹികസുരക്ഷയും ഉയര്‍ന്ന ജീവിതനിലവാരവും യുവാക്കളെ അങ്ങോട്ടാകര്‍ഷിക്കുന്നു.
കേരളത്തിന് അതിന്റേതായ ഒരു സംസ്‌കാരവും പാരമ്പര്യവുമുണ്ടായിരുന്നു. എട്ടും പത്തും മക്കളും മാതാപിതാക്കളും മുത്തശ്ശീമുത്തച്ഛന്മാരുമായി ഇല്ലായ്മയും വല്ലായ്മയുമെല്ലാം പങ്കിട്ട് പരസ്പരാശ്രയത്വത്തോടെ സ്‌നേഹമെന്ന ഒറ്റച്ചരടില്‍ ഒന്നിച്ചുകഴിഞ്ഞിരുന്ന സുന്ദരമായ ഒരു കാലഘട്ടം. മണ്ണിനോടു പടവെട്ടി അന്നന്നത്തെ അപ്പം കഴിച്ചിരുന്ന ഒരു ജനത. മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിര്‍ന്നവരെയും സ്‌നേഹബഹുമാനാദരവുകളോടെ കണ്ടിരുന്ന കാലം. അതെല്ലാം വിസ്മൃതിയിലായിരിക്കുന്നു.
ഇന്നു മിക്കവാറും വീടുകളില്‍ അറുപതുതൊട്ട് എഴുപതും എണ്‍പതും തൊണ്ണൂറുംവരെ കഴിഞ്ഞ വൃദ്ധജനങ്ങള്‍ മാത്രം. തങ്ങളുടെ മക്കളുടെയും കൊച്ചുമക്കളുടെയും സാമീപ്യവും സ്‌നേഹപരിലാളനങ്ങളും അനുഭവിക്കാന്‍ കഴിയാതെ ഏകാന്തതയുടെ തുരുത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍! തരിശുനിലങ്ങളില്‍ കൃഷി ചെയ്യാനോ ആദായം ലഭിക്കുന്ന ഏക്കറുകണക്കിന് സ്ഥലങ്ങള്‍പോലും നോക്കിനടത്താനോ ആളില്ല.
സാമ്പത്തികമായി കേരളം അല്പമെങ്കിലും പിടിച്ചുനില്‍ക്കുന്നുവെങ്കില്‍ അത് സര്‍ക്കാരുകളുടെ ഭരണമികവുകൊണ്ടല്ല; വിദേശത്തുനിന്നുവരുന്ന പണത്തിന്റെ ബലത്തില്‍ സാമ്പത്തികമായ ഒരു ഭദ്രത മിക്ക കുടുംബങ്ങളിലും വന്നിട്ടുണ്ട് എന്നതുകൊണ്ടുമാത്രമാണ്. അതോടൊപ്പം, കാര്യമായ മൂല്യശോഷണവും സമൂഹത്തില്‍ വന്നുകഴിഞ്ഞിരിക്കുന്നു. കായികാധ്വാനം കൂടുതല്‍ വേണ്ട കാര്‍ഷിക-നിര്‍മാണമേഖലകളില്‍ ബംഗാള്‍, ജാര്‍ഖണ്ഡ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു യുവാക്കള്‍ ആവേശത്തോടെ ജോലി ചെയ്യുന്നു. കേവലം തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്തിരുന്ന അവരുടെ സാമ്പത്തികനിലയും മെച്ചപ്പെട്ടിരിക്കുന്നു. വര്‍ഷംതോറും ഭീമമായ ഒരു തുക അവര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുക്കുന്നു. കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കി ഇവിടെത്തന്നെ തങ്ങളുടെ വേരുകള്‍ ഉറപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നു.
കാലത്തിന്റെ പോക്ക് ഇങ്ങനെയാണെങ്കില്‍ കേരളത്തില്‍ ഇനിയും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉയരും. പാശ്ചാത്യസംസ്‌കാരത്തിനു സമാനമായ ഒരു പുതിയ സംസ്‌കാരം ഇവിടെ രൂപപ്പെടുകയും ചെയ്യും.