വിവാഹത്തിന്റെ തലേന്നാള്‍ പ്രതിശ്രുതവരന്‍ കാമുകിയുമൊത്ത് ഒളിച്ചോടിപ്പോയെന്ന വാര്‍ത്ത ഫോണില്‍ക്കൂടി കേള്‍ക്കേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും? സ്വാഭാവികമായും അവള്‍ തകര്‍ന്നുപോകും. അവളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോര്‍ത്തു പ്രേക്ഷകര്‍ അസ്വസ്ഥരുമാകും. എന്നാല്‍, നാം ചിന്തിച്ചുകൂട്ടുന്നതിനു വിരുദ്ധമായ രീതിയിലാണ് അവള്‍ അതിനോടു പ്രതികരിക്കുന്നത്.
അര്‍ച്ചന 31 നോട്ടൗട്ട് എന്ന, ഐശ്വര്യലക്ഷ്മി നായികയായ ചിത്രത്തിന്റെ കാര്യമാണു പറഞ്ഞുവരുന്നത്. വീട്ടുകാരെപ്പോലും വിവരമറിയിക്കാതെ അവള്‍ പിറ്റേദിവസം വിവാഹവേഷം ധരിച്ച് കതിര്‍മണ്ഡപത്തിലെത്തുന്നു. പാഴായിപ്പോകുമായിരുന്ന വിവാഹസദ്യ വിളിച്ചുവന്നവര്‍ക്കെല്ലാം വിളമ്പുന്നു. സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നു.
ഇതൊക്കെ ഏതു നാട്ടില്‍ ഏതു പെണ്‍കുട്ടിക്കു സാധിക്കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നൂറുശതമാനം ശരിയാണ്. ഇത് സിനിമാറ്റിക്കല്ലേ ഇതിലപ്പുറവും കാണിക്കാമെന്നു നാം പുച്ഛിച്ചുതള്ളുകയും ചെയ്യും. അതും ശരിയാണ്. പക്ഷേ, വിവാഹം മുടങ്ങിപ്പോയിട്ടും ഒരു പെണ്‍കുട്ടി തന്റെ ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു, സാഹചര്യങ്ങളെയും സ്ഥിതിഗതികളെയും എങ്ങനെ സമീപിക്കുന്നു എന്നതിലെ പോസിറ്റീവു സൂചനയാണ് അര്‍ച്ചനയുടെ ഈ തീരുമാനത്തിനു കൈയടി നല്കുന്നത്. എന്റെ ഭാവി തീരുമാനിക്കുന്നതു ഞാനാണെന്നാണ് അവളുടെ ധീരമായ പ്രഖ്യാപനം. ഒരു ജോത്സ്യനല്ല അക്കാര്യം തീരുമാനിക്കുന്നതെന്ന് അവള്‍ തുടര്‍ന്നു പറയുന്നു.
വിവാഹം മുടങ്ങിയതിന്റെ പേരില്‍ കരഞ്ഞുംപിഴിഞ്ഞും വീട്ടിലിരിക്കാതെ അവള്‍ വിവാഹദിവസം ആടിപ്പാടുന്നു. ധീരമായ തീരുമാനങ്ങളെടുക്കുന്നു. ഇതു പുതിയ കാലത്തെ പെണ്‍കുട്ടികളില്‍ കാണുന്ന പ്രകടമായ മാറ്റത്തിന്റെ തെളിവാണ്.
കാര്യങ്ങളെ വൈകാരികമായോ ബാലിശമായോ സമീപിക്കുന്നതിനു പകരം യുക്തിസഹമായും വിവേകത്തോടെയും നോക്കിക്കാണുന്ന പെണ്‍കുട്ടികളുടെ ലോകമാണ് ഇത്. അതിരുകടന്ന വൈകാരികതയില്‍നിന്നും നിസ്സഹായതയില്‍നിന്നും മോചനം നേടി സ്വന്തം കാലില്‍ നില്ക്കാന്‍ കരുത്തു നേടിയ സ്ത്രീകള്‍ ഇന്നു കുറവൊന്നുമല്ല. വളരെ ശുഭോദര്‍ക്കമായ കാര്യമാണിത്.
സ്ത്രീക്കു പുരുഷനെക്കൂടാതെയും ജീവിക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ തന്റെ പാര്‍ട്ട്ണറെ തിരഞ്ഞെടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തനിക്കു ഭാരമാകുമെന്നു തോന്നുന്ന ബന്ധങ്ങളെ അറുത്തുമാറ്റാന്‍ അവള്‍ തെല്ലും മടിക്കുന്നുമില്ല.
സ്ത്രീയായതിന്റെ പേരിലോ സ്‌നേഹിച്ചുവെന്നതിന്റെ പേരിലോ വിവാഹപൂര്‍വലൈംഗികതയുടെപേരിലോ ജീവിതകാലം മുഴുവന്‍ അവനെ സഹിച്ചുജീവിച്ചുകൊള്ളാമെന്ന തീരുമാനമൊന്നും ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കില്ല. ഉയരെ സിനിമയിലെ പല്ലവിയെ ഓര്‍ക്കുന്നില്ലേ? തന്നെ ഇമോഷണലി ബ്ലാക്ക് മെയില്‍ ചെയ്യുന്ന, തന്റെ വളര്‍ച്ചയ്ക്കു വിഘാതങ്ങള്‍ സൃഷ്ടിക്കുന്ന കാമുകനോട് അവള്‍ ചോദിക്കുന്നത് നിനക്കെന്റെ ജീവിതത്തില്‍നിന്ന് ദയവായി ഒന്ന് ഒഴിഞ്ഞുമാറിപ്പോകാമോയെന്നാണ്.
എന്നിട്ടും വിടാതെ പിന്തുടരുന്ന അവനെ അവള്‍ അറുത്തുമാറ്റുകതന്നെ ചെയ്തു. അതിനു പിന്നീട് അവള്‍ വലിയ വിലകൊടുക്കേണ്ടി വന്നെങ്കിലും അവളുടെ തീരുമാനം ശരിയായിരുന്നുവെന്നുതന്നെ തെളിയിക്കപ്പെടുന്ന സന്ദര്‍ഭംകൂടിയായി അതു മാറുന്നുണ്ട്.
ചാരിത്ര്യമെന്ന സംഗതി സ്ത്രീക്കുമാത്രം ആവശ്യമുള്ളതാണെന്നാണ് ഇന്നും പുരുഷന്മാരുടെയെല്ലാം വിശ്വാസം. തനിക്ക് എവിടെയും പോകാം ഏതു ചെളിയിലും ചവിട്ടാം. പക്ഷേ, തന്റെ പെണ്ണ് സുചരിതയായിരിക്കണം. ഇതാണ് അവന്റെ മട്ട്.
ഇത്തരത്തിലുളള ആണഹന്തയുടെ, ആണ്‍പക്ഷത്തിന്റെ നേര്‍ക്കായിരുന്നു ഷെയ്ന്‍ നിഗം നായകനായ ഇഷ്‌ക് സിനിമയിലെ നായിക തന്റെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയത്. ചാരിത്ര്യശുദ്ധിയുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഭൂമി പിളര്‍ന്നുപോകുന്ന സീതാദേവിമാരുടെ കാലമൊക്ക കഴിഞ്ഞു. അഗ്‌നിശുദ്ധി നടത്തി പതിവ്രത ചമയാനും അവള്‍ക്കു മനസ്സില്ലാതെയായിരിക്കുന്നു. ഇഷ്‌കിലെ നായിക പറയുന്നത് അതാണ്.
വീരനായ നായകന്റെ കരത്തിന്റെ ചൂടറിയുമ്പോള്‍ അവനോടുള്ള ആരാധനമൂത്ത് പിന്നീടുള്ള കാലം മുഴുവന്‍ വിനീതദാസിയായ ഭാര്യയായും പ്രണയിനിയായും (വാണിവിശ്വനാഥ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍) മാറുന്ന പെണ്ണുങ്ങളൊക്കെ കാലഹരണപ്പെട്ടുപോയി. 'എന്റെ വീട്ടില്‍ താമസിച്ച് എനിക്കു വച്ചുവിളമ്പാനും എന്റെ മക്കളെ പെറ്റുപോറ്റാനും രാത്രിയില്‍ എന്റെ സ്‌നേഹകാമങ്ങള്‍ക്കു കീഴ്‌പ്പെടാനും ഇത്തിരി കള്ളടിച്ചു വന്ന് ഞാന്‍ വച്ചുതരുന്ന വീക്കുകള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങാനും പിന്നെ ഞാന്‍ വടിയായി തെക്കേലെ മാവുവെട്ടി എന്നെ കത്തിക്കുമ്പോള്‍ വാവിട്ടുനിലവിളിക്കാനും എനിക്കൊരു പെണ്ണിനെ ആവശ്യമുണ്ട് (നരസിംഹം) എന്നു പറയുന്ന ഫ്യൂഡലിസ്റ്റ് നായകന്മാരോടു നീ പോ മോനേ ദിനേശാ എന്നു പറയാന്‍ കരുത്തുള്ളവരായി ഇന്നത്തെ സ്ത്രീകള്‍ മാറിയിരിക്കുന്നു. പുരുഷനോടു ബന്ധപ്പെടുത്തി മാത്രമല്ല തങ്ങള്‍ നിര്‍വചിക്കപ്പെടേണ്ടതെന്ന തിരിച്ചറിവിലേക്ക് അവര്‍ വളര്‍ന്നുകഴിഞ്ഞു.
ഭര്‍ത്താവിനെ തിരഞ്ഞെടുക്കുന്നതുമുതല്‍ ലൈംഗികതവരെയുള്ള കാര്യങ്ങളില്‍ സ്വന്തം അഭിപ്രായം പറയാന്‍ കഴിവും സ്വാതന്ത്ര്യവും ഉള്ളവരാണ് ഇന്നത്തെ സ്ത്രീകള്‍. ഭര്‍ത്താവിന്റെ ആട്ടും തുപ്പും സഹിച്ചു കഴിയുന്നതാണ് ഉത്തമഭാര്യയുടെ കടമയെന്നു തെറ്റായിധരിച്ച് അയാളുടെ പാദരക്ഷകള്‍പോലും സാരിത്തുമ്പുകൊണ്ട് തുടച്ചുകൊടുക്കുന്ന (പല്ലാവൂര്‍ ദേവനാരായണന്‍) കുടുംബിനിയില്‍നിന്നും വീട്ടിെല സകലമാന ജോലികളും പകലന്തിയോളം ചെയ്തുമടുത്ത് രാത്രിയില്‍ ഏകപക്ഷീയമായ ലൈംഗികതാത്പര്യങ്ങള്‍ക്കു മനസ്സില്ലാമനസ്സോടെ വഴങ്ങിക്കൊടുക്കുന്ന ബിന്ദുമാരില്‍നിന്നും (വെറുതെ ഒരു ഭാര്യ) ഫോര്‍പ്ലേയൊക്കെ ആവാം എന്ന് അഭിപ്രായം പറയുന്ന ഭാര്യമാരിലേക്ക് (ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍) നമ്മുടെ സ്ത്രീകളും സമൂഹവും ദാമ്പത്യവ്യവസ്ഥയും മാറിയിരിക്കുന്നു. ഈ മാറ്റം സൃഷ്ടിച്ച ആഘാതം കുറച്ചൊന്നുമല്ല.
അറിഞ്ഞോ അറിയാതെയോ പുരുഷനില്‍നിന്ന് ഒഴിവാക്കപ്പെടുന്ന സ്ത്രീകള്‍ തങ്ങളുടേതായ രീതിയില്‍ ഇടം കണ്ടെത്തിയിരിക്കുന്ന ലോകംകൂടിയാണ് ഇത്. പുരുഷന്റെ അസാന്നിധ്യത്തില്‍ സ്വന്തം സാധ്യതകളെ പ്രകാശിപ്പിക്കാന്‍ കഴിവുള്ളവരായി അവര്‍ മാറുന്നു. തുഴ നഷ്ടപ്പെട്ട ജീവിതത്തോണി ഏതു പ്രതികൂലങ്ങള്‍ക്കു നടുവിലും തീരത്തെത്തിക്കാന്‍ അവര്‍ ആര്‍ജവം കാണിക്കുന്നു. വാടിപ്പോകുന്ന പെണ്ണിനു പകരം തീയില്‍ക്കുരുത്തുനില്ക്കുന്ന പുതിയ പെണ്‍മുഖമായി സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു.
ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയും റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവും പോലെയുള്ള സിനിമകള്‍വെട്ടിത്തുറന്നുകൊടുത്തത് വ്യത്യസ്തമായ ഒരു പാതയും വീക്ഷണവും അതിജീവനവും സ്ത്രീജീവിതവുമായിരുന്നു.
മാറിയ കാലത്തെ മാറിയ സ്ത്രീയെക്കുറിച്ച് ഇങ്ങനെ പോസിറ്റീവായിപ്പറയാന്‍ ഒരുപിടിയുണ്ടെങ്കിലും സ്ത്രീമഹത്ത്വം ഘോഷിക്കാനും, സ്ത്രീസ്വാതന്ത്ര്യം വെളിപ്പെടുത്താനും, അവനെക്കാള്‍ താന്‍ ഒട്ടും പിന്നിലല്ലെന്നു സ്ഥാപിച്ചെടുക്കാനുമുള്ള ചില സ്ത്രീശ്രമങ്ങള്‍ അപഹാസ്യവും നിന്ദ്യവും അപലപനീയവുമായിത്തീരുന്നുണ്ടെന്ന കാര്യവും പറയാതിരിക്കാനാവില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ ഗീതു അണ്‍ചെയിന്‍ഡ് എന്ന ഹ്രസ്വസിനിമ.
ടോക്‌സിക് ആയ ചില ആണ്‍സൗഹൃദങ്ങളെ, അവ തനിക്ക് പിന്നീട് ഭാരമായി മാറുമെന്നു മനസ്സിലാക്കി ഗീതു വേണ്ടെന്നു വയ്ക്കുന്നുണ്ട്. അതവളുടെ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പും. അതിനെ അഭിനന്ദിക്കാതിരിക്കാനാവില്ല പക്ഷേ, വിവാഹത്തോളമെത്തുന്ന ഒരു ബന്ധത്തില്‍ ആണ്‍സുഹൃത്ത് തന്നെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുമ്പോള്‍ അവള്‍ അവനെ നേരിടുന്നത് ഒരു തെറി വിളിച്ചുകൊണ്ടാണ്.
തെറിവിളിക്കുന്നത് ഏതു സാഹചര്യത്തിലും സംസ്‌കാരഹീനതയാണ്. ആരു വിളിച്ചാലും അത് അപലപനീയവുമാണ്. ഗീതുവിനോടു പക്ഷം ചേര്‍ന്നു ചിന്തിക്കുകയും അവളോട് അനുഭാവപൂര്‍വം ഇടപെടുകയും ചെയ്യുന്ന പ്രേക്ഷകനെപ്പോലും അപ്രതീക്ഷിതമായി ഗീതു നടത്തുന്ന ഈ ആക്രമണം ഞെട്ടിച്ചുകളയുന്നുണ്ട്. പക്ഷേ, ഈ തെറിയെയും സ്ത്രീസ്വാതന്ത്ര്യപ്രഖ്യാപനമായി കണ്ടു കൈയടിക്കുന്നവരുണ്ടെന്നതാണ് ഒരു യാഥാര്‍ത്ഥ്യം, അതാണു ഖേദകരവും.
ക്ലബ് ഹൗസുകളിലെ സ്ത്രീകളുടെ തെറിവിളികളും അശ്ലീലസംഭാഷണങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണല്ലോ. പുരുഷന്മാരോട് അല്ലെങ്കില്‍ ഒരു വിഭാഗം സ്ത്രീകളോടു മാത്രം പറയുമെന്നു വിചാരിച്ചിരുന്ന, സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സംഭാഷണങ്ങളാണ് ഇന്ന് സ്ത്രീകള്‍ യാതൊരു മറയുമില്ലാതെ വിളിച്ചുകൂവുന്നത്.
തെറിവിളിച്ചു നേടേണ്ടതല്ല സ്ത്രീയുടെ സ്വാതന്ത്ര്യം. അവള്‍ അബലയും ചപലയുമാണെന്നത് പഴകിത്തേഞ്ഞ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളുമാണ്. ഇന്ന് പുരുഷനൊപ്പമോ ചിലയിടങ്ങളിലെങ്കിലും പുരുഷനെക്കാളുമോ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവളും സ്വപ്രത്യയസ്ഥൈര്യത്തോടെ മുന്നോട്ടുപോകുന്നവളുമാണ് സ്ത്രീ.
സ്ത്രീകളെ മാനിക്കുന്ന പുരുഷന്മാരും പുരുഷന്മാരെ മാനിക്കുന്ന സ്ത്രീകളുമാണ് ഈ സമൂഹത്തിനും കാലത്തിനും ആവശ്യം. പരസ്പരം ആദരിച്ചും സ്‌നേഹിച്ചും മുന്നോട്ടുപോകേണ്ടതാണ് ആ ബന്ധം. അതിന് ഉലച്ചിലുണ്ടാക്കുന്ന ഒരുതരത്തിലുള്ള പെരുമാറ്റവും വാക്കും ഇരുഭാഗത്തുനിന്നുമുണ്ടാകരുത്. കൊടുക്കുന്നതാണല്ലോ തിരിച്ചുകിട്ടുന്നത്. പരസ്പരാദരവോടെ കൈകള്‍ കോര്‍ത്തുപോകുന്ന ആണ്‍ - പെണ്‍ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും കാലം നമുക്ക് ഇനിയെങ്കിലും ഉണ്ടാകട്ടെ.