•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

അനന്യസുലഭമായ രാസപ്രവര്‍ത്തനം

നോഹരമായ സപ്രമഞ്ചത്തില്‍ ഇരിക്കുമ്പോള്‍ അതിനെ താങ്ങിനിര്‍ത്തുന്ന നാലു കാലുകളെക്കുറിച്ചു നാം ചിന്തിക്കാറില്ല. അവയിലൊന്നു കേടായാല്‍ മേലെക്കാണുന്ന സുലളിതവിന്യാസങ്ങള്‍ക്ക് ഒരു വിലയും ഇല്ലാതാവുമെന്നു വേവലാതിപ്പെടാറുമില്ല. ഭാഷയെ സംബന്ധിച്ചും സത്യമാണിത്. സൗന്ദര്യത്തിന്റെ നിറകുടമായ ഭാഷയെ നാം ആസ്വദിക്കുമ്പോള്‍ പഠനവഴികളിലെ നാലു നെടുംതൂണുകള്‍, ശ്രവണ - ഭാഷണ - പാരായണ - ലേഖനങ്ങളാണ് എന്ന വ്യക്തമായ ധാരണയുണ്ടാവണം. അതിലൊന്നിന്റെ അപാകത അറിവിന്റെ ശോഷണമാണെന്നും, ഭാഷയുടെ വൈകല്യമാണെന്നും മനസ്സിലാക്കണം. അപ്പോള്‍ നമുക്കു ബോധ്യമാവും പഠനപ്രവര്‍ത്തനമര്‍മങ്ങളിലൊന്നായ വായനയുടെ പ്രാധാന്യത്തെക്കുറിച്ച്. ആധുനികസമൂഹം പുതിയ സാങ്കേതികവിദ്യകള്‍ മനുഷ്യനെ സ്വാധീനിക്കുന്നത് ഏതെല്ലാം കോണിലൂടെയാണെന്നറിയാതെ, പട്ടണത്തിലെ തിരക്കേറിയ ജംഗ്ഷനില്‍ അകപ്പെട്ട ഗ്രാമീണബാലനെപ്പോലെ വിസ്മയംപൂണ്ടു നില്ക്കുകയാണ്. ടെക്‌നോളജി കൈയെത്തിപ്പിടിക്കാത്ത മേഖലകള്‍ വിരളമായിക്കൊണ്ടിരിക്കുന്നു. വായനയെന്ന പച്ചസൂചകത്തിലൂടെത്തന്നെ പോകേണ്ടതുണ്ടോ അറിവിന്റെ ലക്ഷ്യത്തിലെത്താനെന്നു ചിന്തിക്കുകയാണ് ഓരോ മനസ്സും. ഈ പഴഞ്ചന്‍ ഏര്‍പ്പാടുതന്നെ തുടരേണ്ടതുണ്ടോ?    
വായനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുതുവഴിയിലാണു നമ്മള്‍. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ നാം അഭിമാനിക്കുന്നത് നല്ല വായനശീലമുള്ളവരാണെന്നാണ്. രാമായണവും ഭാഗവതവും ബൈബിളുമൊക്കെ പൗരാണികകാലംമുതലേ കേരളീയസമൂഹം വായനയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. പാഠ്യപദ്ധതിക്കപ്പുറത്തേക്കു പാഠശാലകള്‍ വായനയെ ഗൗരവമായി സമീപിച്ചിട്ടുണ്ടോ? എന്തു വായിക്കണം എന്നു മാത്രമല്ല, എങ്ങനെ വായിക്കണം എന്നതും അറിയണം.
പഠിച്ചവ ഉള്‍ക്കൊള്ളാനും ഉള്‍ക്കൊണ്ടവ പ്രയോഗിക്കാനും അറിവിന്റെ പുതുമകളില്‍ കൗതുകത്തോടെ, ജിജ്ഞാസയോടെ കടന്നുകയറാനും ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ കുട്ടികള്‍ പ്രാപ്തരാവുന്നുണ്ടോ? നമ്മുടെ വിദ്യാലയങ്ങളില്‍ വായന വരാന്തയിലോ മൂലകളിലോ മാത്രമായി ഒതുങ്ങിപ്പോവുന്നില്ലേ? അക്ഷരമാലയെ പുസ്തകത്തിനും പഠനത്തിന്നും പുറത്തു നിര്‍ത്തുമ്പോള്‍ ഭാഷയെങ്ങനെ സുലളിതപദവിന്യാസത്തോടെ മനസ്സിനകത്തു കടന്നുവരും? മലയാളലിപികളുടെ യഥാര്‍ത്ഥ ഉച്ചാരണം എനിക്കറിയാമെന്ന് നെഞ്ചില്‍ക്കൈവച്ചു പറയാന്‍ ഇന്നെത്ര പേര്‍ക്കു സാധിക്കും? പറയുന്നതുപോലെ എഴുതുമ്പോള്‍ ലേഖനത്തിലും ഭാഷ വികലമാക്കപ്പെടുന്നില്ലേ?
ശിശുവിദ്യാഭ്യാസവിചക്ഷണനായ ഡാനിയേല്‍ ഹിറ്റ്മാന്റെ നിരീക്ഷണം വായനയെപ്പറ്റി ഇങ്ങനെയാണ്. ചിന്തയുമായും ശ്രവണ - ഭാഷണ - ലേഖനങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്ന വാചകപ്രക്രിയയാണു വായന. കടലാസിലെ അച്ചടിരൂപങ്ങളില്‍നിന്ന് എഴുത്തുകാരന്‍ ഉദ്ദേശിച്ച ആശയങ്ങളും വിവരങ്ങളും അത് പുനഃസൃഷ്ടിക്കുന്നു. എഴുതപ്പെട്ടവ വായനക്കാരനെ കരയിക്കും, ചിരിപ്പിക്കും, അദ്ഭുതപ്പെടുത്തും, ചിന്തിപ്പിക്കും എന്നൊക്കെപ്പറഞ്ഞാല്‍ അക്ഷരങ്ങള്‍ മാത്രമാണു കടലാസില്‍, അതിനുള്ളിലുള്ള ആശയങ്ങള്‍ വായനക്കാരന്റെ മനസ്സിലാണു പതിയുന്നത് എന്നര്‍ത്ഥം.
ഓരോ അടയാളവും അക്ഷരവും വാക്കും ഉള്ളില്‍ ചില ബിംബങ്ങളും ധാരണകളും ഉണര്‍ത്തും. ചുരുക്കത്തില്‍, ഗതകാലാനുഭവങ്ങളിലൂടെ ലഭിച്ചവയ്ക്കു ജീവനേകുന്ന രാസത്വരകങ്ങളായി അക്ഷരങ്ങള്‍ മാറുന്നു.
ഈ ഘട്ടത്തിലാണു വായനനൈപുണ്യം സ്വായത്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കു കുട്ടിയെ നയിക്കേണ്ടത്. സ്ഫുടമായ വായന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൃശ്യരൂപവും അതിന്റെ അര്‍ത്ഥവും തമ്മില്‍ ശബ്ദംകൊണ്ടു വിളക്കിച്ചേര്‍ക്കലാണ്. ക്രമേണ കാഴ്ചയില്‍നിന്ന് ആശയത്തിലേക്കു പ്രവേശിക്കുമ്പോള്‍ സമാന്തരമായ ആന്തരികചോദനകളിലൂടെ വായനയുടെ പൂര്‍ണതയിലെത്താനും കഴിവുനേടുന്നു. അറിയാനുള്ള ആഗ്രഹമാണു വായനയുടെ പ്രേരകശക്തികളില്‍ മുഖ്യം. പഞ്ചസാരയില്‍ പൊതിഞ്ഞ കയ്പ്പുള്ള ഗുളികപോലെ അറിവിനൊപ്പം ആനന്ദവും ലഭിക്കുന്നതാവണം കുട്ടികളുടെ വായനവസ്തു. വായനയുടെ യഥാര്‍ത്ഥലക്ഷ്യം നിറവേറ്റാന്‍ പ്രാപ്തമാവണം അവരുടെ കൈവശം വന്നുചേരുന്ന പുസ്തകങ്ങള്‍ എന്നു സാരം. വരട്ടുതത്ത്വങ്ങളുടെ കാഠിന്യവും വൈരൂപ്യവും ഉപദേശങ്ങളുടെ അരുതായ്മകളും മൂര്‍ച്ചയും എല്ലാം ചേര്‍ന്ന് അമിതഭാരമുള്ളതാണ് പാരായണവസ്തുവെങ്കില്‍ തീര്‍ച്ച, വായന കുട്ടിയുടെ ശത്രുവായിത്തീരും. താത്പര്യങ്ങളുടെ പച്ചപ്പിലേക്കു കൈപിടിച്ചു നടത്തുന്ന സഹയാത്രികരാവണം പുസ്തകങ്ങള്‍.
ഈ തത്ത്വത്തിന്റെ മറ്റൊരു രൂപമാണ് പുസ്തകം ചങ്ങാതിയാണ് എന്ന ഉപമ. നല്ല ചങ്ങാതി നന്മയെ പുകഴ്ത്തുകയും തിന്മയെ തുറന്നുകാട്ടുകയും ചെയ്യും. പുകമറ സൃഷ്ടിക്കുന്ന സ്‌നേഹമല്ല ചങ്ങാതിയുടേത്.
ചങ്ങാതിയുള്ളവന്‍ എത്ര നല്ലോന്‍
ചങ്ങാതി നല്ലവന്‍ എത്ര ധന്യന്‍
ചങ്ങാതിയല്ലോ വഴിവിളക്ക്
ചങ്ങാതി കണ്ണാടിപോലെയല്ലോ
ചങ്ങാത്തത്തിന്റെ ആദ്യനാളുകളില്‍ അധ്യാപകരും രക്ഷിതാക്കളുമാണ് കുട്ടിയുടെ വഴിവിളക്കുകള്‍. വികസനത്തിന്റെ ഓരോ ഘട്ടത്തിലും ഒപ്പം നിന്ന് സംശയനൂലാമാലകളുടെ കെട്ടുകളഴിച്ചു നേര്‍വഴിയുടെ രജതരേഖ ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥരാണവര്‍. പ്രാഥമികതലത്തിലെ പഠനവിമുഖതയുടെ പ്രധാനകാരണം വായനശേഷി വികസിപ്പിക്കാത്തതുകൊണ്ടാണെന്നാണു പഠനങ്ങള്‍ പറയുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികളില്‍ അമ്പതു ശതമാത്തിലേറെയും വായനവൈഭവം കുറഞ്ഞവരാണത്രേ. ഇവര്‍ പില്ക്കാലത്ത് അന്തര്‍മുഖരോ ക്രൂരന്മാരോ തെമ്മാടികളോ ആയി പരിവര്‍ത്തിച്ചു സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും സാമൂഹികവളര്‍ച്ചയുടെ മുരടിപ്പുകീടങ്ങളായിത്തീരുകയും ചെയ്യുന്നു. അവരുടെ യഥാര്‍ത്ഥ പ്രതികരണശേഷി തിന്മകളുടെ വളക്കൂറുള്ള മണ്ണിലേക്കു പറിച്ചുനടപ്പെടുന്നു. അത് മുന്നില്‍ക്കണ്ടിട്ടാണ് ക്രാന്തദര്‍ശിയായ കവി കുഞ്ഞുണ്ണിമാഷ്
'വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും,
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും'
എന്നുദ്‌ബോധിപ്പിച്ചത്. വായിക്കാതെ ലഭിക്കുന്ന വളവ്, വെളവാണെന്നും അത് സമൂഹത്തിനു നേരേയുള്ള വില്ലു വളയ്ക്കലാണെന്നും മാഷിനറിയാം. വിളയുന്നത് വിളവും, വിളവ് വിത്തും വിത്ത് ജീവനുമാണെന്ന തിരിച്ചറിവാണ് ആവശ്യം. ഒരു സമൂഹത്തെ മുഴുവന്‍ വിളവുള്ളവരാക്കുവാന്‍ വായനയെക്കാള്‍ വലിയ ഒരായുധമില്ല. അതുകൊണ്ടാണ് ബ്രഹ്ത്, മനുഷ്യരാശിയോട് 'പട്ടിണിയായ മനുഷ്യാ, പുസ്തകം കയ്യിലെടുത്തോളൂ, അത് നിനക്കൊരു പുതിയ ആയുധമാണ്' എന്ന് ആഹ്വാനം ചെയ്തത്. നമ്മുടെ പി.എന്‍ പണിക്കരെന്ന മഹാനുഭാവന്‍ അതേ ആശയത്തെ ജനകീയമാക്കി, ഗ്രന്ഥശാലാപ്രസ്ഥാനത്തിലൂടെ, വയോജനവിദ്യാഭ്യാസപദ്ധതിയിലൂടെ. ദിനാചരണമെന്ന വാര്‍ഷികചര്യയിലൂടെ നമ്മുടെ വിദ്യാലയങ്ങളില്‍ അതിന്റെ ചെറുസ്ഫുരണം തെളിയുന്നുണ്ടെങ്കിലും ഇതേവരെ ലക്ഷ്യം നേടാനായിട്ടില്ല. എങ്കിലും വിളക്കുകെടുത്തി അന്ധകാരത്തിലാകുന്നതിനെക്കാള്‍ എത്രയോ മഹത്തരമാണ് കെടാവിളക്കുമായി പാറുന്ന കൊച്ചുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം!
കണ്ടും കേട്ടും രുചിച്ചും മണത്തും തൊട്ടുമാണ് അറിവിന്റെ ബാഹ്യവാതില്‍ നമ്മള്‍ തുറക്കുന്നതെങ്കിലും ആറാം ഇന്ദ്രിയത്തിന്റെ, ഹൃദയത്തിന്റെ തലോടല്‍ കൊണ്ടാണ് അറിവ് ആഹ്ലാദമാവുന്നത് എന്നതിനാല്‍, എത്ര വളര്‍ന്നാലും സ്വയാനന്ദത്തിന്റെ ചിന്താപദ്ധതികള്‍ പങ്കുവയ്ക്കാത്ത നവസാങ്കേതികവിദ്യകളുടെ കാഴ്ചകളിലോ സ്പര്‍ശങ്ങളിലോ മുട്ടിത്തകര്‍ന്നുപോവില്ല വായന എന്നുതന്നെയാണ് എന്റെ പക്ഷം. പാരായണം പുതിയരൂപം അവലംബിച്ചേക്കാം, പക്ഷേ, പൂര്‍ണാര്‍ത്ഥത്തില്‍ വായനതന്നെ നിലനില്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വേവലാതിയുടെ മുള്‍മുനയില്‍നിന്നു വായനയുടെ മരണം പ്രവചിക്കാതെ സൗന്ദര്യത്തിന്റെ ആഹ്ലാദത്തിലേക്ക്, അലൗകികമായ വിജ്ഞാനപ്രപഞ്ചത്തിലേക്കു പറന്നുയരാന്‍ കുട്ടികളെയും, നമ്മളെത്തന്നെയും സദാ സജ്ജരാക്കുകയാണ് അഭികാമ്യം. എന്തെന്നാല്‍, വായന അനുഭവമാണ്, സംസ്‌കാരമാണ്, മനുഷ്യനെ സമചിത്തതയുടെ പ്രിയമണ്ഡലത്തിലേക്കുയര്‍ത്തുന്ന അറിവാണ്. വിദ്യയും അനുഭൂതിയും ഹൃദയത്തിലേറ്റാന്‍ വരമൊഴിയെ ഇഴപിരിച്ചെടുക്കുന്ന അനന്യസുലഭമായ രാസപ്രവര്‍ത്തനമാണ്.

പി.എന്‍. പണിക്കര്‍

ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും കാന്‍ഫെഡിന്റെ സംഘാടകനുമായിരുന്ന പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ കേരളത്തില്‍ ഒരാഴ്ചക്കാലം വായനവാരമായി ആചരിക്കുന്നു. 1909 ല്‍ കോട്ടയം ജില്ലയിലെ നീലംപേരൂരിലായിരുന്നു  ജനനം. വായനയില്‍ വലിയ ഭ്രമമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നിരന്തരപരിശ്രമഫലമായി ജന്മനാട്ടില്‍ സനാതനധര്‍മശാല എന്ന പേരില്‍ ഒരു വായനശാല സ്ഥാപിതമായി.
1945 സെപ്റ്റംബറില്‍ നടന്ന 47 ഗ്രന്ഥശാലകളുടെ സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ഗ്രന്ഥശാലാപ്രസ്ഥാനം ഉടലെടുത്തത്. 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. 1977 വരെ അദ്ദേഹം ഗ്രന്ഥശാലാസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
1977 ല്‍ അദ്ദേഹം കാന്‍ഫെഡിന്റെ (കേരള നോണ്‍ ഫോര്‍മല്‍ എജ്യൂക്കേഷന്‍) സംഘാടകനായി പ്രവര്‍ത്തനം ആരംഭിക്കുകയും സാക്ഷരതായജ്ഞത്തില്‍ മുഴുകുകയും ചെയ്തു. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ മികച്ച സാമൂഹികപ്രവര്‍ത്തകനുള്ള സഹൃദയവേദി അവാര്‍ഡ് ലഭിച്ചു
.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)