1231 ജൂണ്‍ 13. പാദുവായില്‍ മാത്രമല്ല, പരിസരദേശങ്ങളിലെല്ലാം ദുഃഖത്തിന്റെ കരിനിഴല്‍ പരന്ന ഒരു മൂകദിനമായിരുന്നു. എങ്ങും നെടുവീര്‍പ്പിന്റെയും തേങ്ങലിന്റെയും ദീനസ്വരം മാത്രം. കുട്ടികളും മുതിര്‍ന്നവരുമെല്ലാം നഗരവീഥികള്‍തോറും വിളിച്ചറിയിച്ചു: ''നമ്മുടെ പുണ്യപിതാവും അദ്ഭുതപ്രവര്‍ത്തകനുമായ ആന്റണിയച്ചന്‍ മരിച്ചു.'' ഹൃദയവേദനയോടെയാണ് ആ വാര്‍ത്ത ഏവരും നെഞ്ചിലേറ്റിയത്. ആ പുണ്യാത്മാവിന്റെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ നാനാതുറകളില്‍പ്പെട്ടയാളുകള്‍ ഓടിക്കൂടി ആ പാദങ്ങളില്‍ താണുവണങ്ങി. കര്‍ദിനാള്‍മാരുടെയും മെത്രാന്മാരുടെയും അസംഖ്യം വൈദികരുടെയും സാന്നിധ്യത്തില്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ ആ പുണ്യാത്മാവിനെ സംസ്‌കരിച്ചു. അന്നേദിവസംതന്നെ നിരവധി അദ്ഭുതങ്ങള്‍ നടന്നതായി സാക്ഷ്യങ്ങള്‍ ലഭിക്കുകയുണ്ടായി. പാദുവാ നഗരം കണ്ടിട്ടുള്ളതിലേക്കുംവച്ച് ഏറ്റവും വലിയ മൃതസംസ്‌കാരശുശ്രൂഷയായിരുന്നു അത്.
പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ 1195 ഓഗസ്റ്റ് 15 - ന് മാടമ്പിയും കൊട്ടാരജോലിക്കാരനുമായിരുന്ന മാര്‍ട്ടിന്‍ ബുഗ്ലിയോണിനും ദൈവഭക്തയും വിനയാന്വിതയുമായ തെരേസ സടവേരയ്ക്കും ദൈവം ഒരാണ്‍കുഞ്ഞിനെ നല്‍കിയനുഗ്രഹിച്ചു. കുഞ്ഞിന് ഫെര്‍ണാണ്ടോ എന്നു പേരിട്ടു. തെരേസ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും കുഞ്ഞിനെ വളര്‍ത്തി. അവന്റെ വിശുദ്ധിയും വിവേകവും വിജ്ഞാനവും മറ്റുള്ളവരില്‍ വിസ്മയം വിരിയിക്കാന്‍ പര്യാപ്തമായിരുന്നു. കൗമാരത്തില്‍ത്തന്നെ കുതിരസവാരിയും വാള്‍പ്പയറ്റും അഭ്യസിച്ചു. ആയോധനകലകളിലും നൈപുണ്യം നേടി. മകന്റെ ഔന്നത്യത്തില്‍ മാതാപിതാക്കള്‍ അഭിമാനപുളകിതരായി. പതിനഞ്ചാംവയസ്സില്‍ത്തന്നെ ഫെര്‍ണാണ്ടോ ലിസ്ബണ്‍നഗരത്തിലെ അഗസ്തീനിയന്‍ ആശ്രമത്തില്‍ ചേരുകയും രണ്ടുവര്‍ഷക്കാലത്തെ പരിശീലനം നേടുകയും അതിനുശേഷം കോയിംബ്രയിലുള്ള ആശ്രമത്തില്‍ പഠനം തുടരുകയും ചെയ്തു. ഇതിനോടകം ലത്തീന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളും പഠിച്ചു. മാത്രമല്ല, ഒരു വൈദികനാകണമെന്നുള്ള തീവ്രമായ ആഗ്രഹവും ആ യുവമനസ്സില്‍ മുളപൊട്ടിയിരുന്നു.
പുത്രന്റെ ഉറച്ച തീരുമാനമറിഞ്ഞ മാതാപിതാക്കള്‍ നിസഹായരായി നിന്നു. അതവര്‍ക്കു താങ്ങാവുന്നതിലധികമായിരുന്നു. മാതാപിതാക്കളുടെ എല്ലാ എതിര്‍പ്പുകളെയും അനിഷ്ടങ്ങളെയും മറികടക്കാന്‍ സൗമ്യനും ശാന്തനുമായ ഫെര്‍ണാണ്ടോയുടെ ശക്തമായ പ്രാര്‍ത്ഥനകളും നിഷ്‌കളങ്കമായ ഇടപെടലും സഹായകമായി. അങ്ങനെ കോയിംബ്രയിലെ ഹോളിക്രോസ് ആശ്രമത്തില്‍ ഫെര്‍ണാണ്ടോ ഒരു വൈദികവിദ്യാര്‍ത്ഥിയായി പഠനം തുടങ്ങി. 1219 ല്‍ ഒരു അഗസ്റ്റീനിയന്‍ സന്ന്യാസവൈദികനായി അദ്ദേഹം ജീവിതത്തിന്റെ പുതിയൊരു വഴിത്തിരിവിലേക്കു പ്രവേശിച്ചു! തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിലുമെല്ലാം പ്രാവീണ്യം നേടിയിട്ടും അധികാരികള്‍ തന്നെ കേവലം ഒരു ആശ്രമവിചാരിപ്പുകാരനായി മാത്രം നിയോഗിച്ചതില്‍ ഏറെ മനോവേദനയും നീരസവും അനുഭവപ്പെട്ടിരുന്നുവെങ്കിലും ദൈവഹിതത്തിനു കീഴ്‌വഴങ്ങി തന്നെ ഏല്പിച്ച ദൗത്യമെല്ലാം കൃത്യമായി നിര്‍വഹിച്ചുകൊണ്ട് ദൈവത്തോടു ചേര്‍ന്നുനിന്നു.
ഒരുനാള്‍ അഞ്ച് ഫ്രാന്‍സിസ്‌കന്‍ സഹോദരന്മാര്‍ യാത്രയ്ക്കിടയില്‍ ഹോളിക്രോസ് ആശ്രമത്തിലെത്തിച്ചേര്‍ന്നു. തങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. ദീനദയാലുവും അതിഥിസല്‍ക്കാരപ്രിയനുമായ ഫെര്‍ണാണ്ടോ അച്ചന്‍ അവരെ സ്വീകരിച്ച് ആദരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. വി. ഫ്രാന്‍സീസ് അസ്സീസി സ്ഥാപിച്ച സന്ന്യാസസഭയിലെ ഈ സഹോദരന്മാരുടെ ആന്തരികസൗന്ദര്യവും ജീവിതഗന്ധിയായ ദാരിദ്ര്യവും ലാളിത്യവും വ്രതശുദ്ധിയുമെല്ലാം അച്ചനെ ഏറെ സ്വാധീനിച്ചു! അവരില്‍നിന്നു പകര്‍ന്നുകിട്ടിയ ഫ്രാന്‍സിസ്‌കന്‍ ചൈതന്യം അച്ചന്റെ ജീവിതശൈലിയെ സമൂലം മാറ്റിമറിച്ചു.
സുവിശേഷവേലയ്ക്കായി മൊറോക്കോയിലേക്കു പുറപ്പെട്ട സഹോദരന്മാരുടെ രക്തസാക്ഷിത്വത്തിന്റെ ദുഃഖവാര്‍ത്ത ഫെര്‍ണാണ്ടോ അച്ചനെ ദുഃഖത്തിലാഴ്ത്തിയെങ്കിലും ചില ഉറച്ച തീരുമാനങ്ങള്‍ക്കതു കാരണമായി ഭവിച്ചു. ഫ്രാന്‍സിസ്‌കനിസം അച്ചന്റെ ചിന്താമണ്ഡലത്തെ ലഹരിപിടിപ്പിച്ചു. അങ്ങനെ ഫെര്‍ണാണ്ടോ അച്ചന്‍ അഗസ്തീനിയന്‍ സഭയില്‍നിന്ന് ഫ്രാന്‍സിസ്‌കന്‍ സന്ന്യാസസഭയിലേക്ക് അധികാരികളുടെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി പ്രവേശിച്ചു. അതു വിളിക്കുള്ളിലെ വിളിയായി തിരിച്ചറിഞ്ഞുകൊണ്ട് ഹൃദയത്തിലേറ്റുവാങ്ങി.
1220 ജൂലൈ മാസത്തില്‍ തന്റെ വെള്ളക്കുപ്പായം ഊരിമാറ്റി പരുക്കന്‍ തവിട്ടുകുപ്പായവും അരയില്‍ കയര്‍കൊണ്ടുള്ള കെട്ടും സ്വന്തമാക്കി. അങ്ങനെ ഫെര്‍ണാണ്ടോ അച്ചന്‍ ആന്റണി എന്ന പേരു സ്വീകരിച്ചുകൊണ്ട് ഒരു ഫ്രാന്‍സിസ്‌കന്‍ വൈദികനായി സുവിശേഷവേല ആരംഭിച്ചു. തന്റെ ദൗത്യനിര്‍വഹണത്തിനിടയില്‍ അവിചാരിതമായി വി. ഫ്രാന്‍സിസ് അസ്സീസിയെ കണ്ടുമുട്ടുവാനിടവന്നു. മാത്രമല്ല, റോമിലേക്ക് വി. ഫ്രാന്‍സിസിനോടൊത്ത് യാത്ര ചെയ്യാനും ക്ഷീണിതനായ അദ്ദേഹത്തെ ശുശ്രൂഷിക്കാനുമുള്ള അസുലഭാഗ്യം കൂടി ലഭ്യമായി. ആന്റണിയച്ചന്റെ പ്രസംഗചാതുരിയിലും പ്രബോധനവൈഭവത്തിലും ജ്ഞാനതൃഷ്ണയിലും തപോബലത്തിലും ആകൃഷ്ടനായ വി. ഫ്രാന്‍സിസ് ഈ യുവവൈദികനെ ദൈവവചനപ്രഘോഷണത്തിനായി നിയോഗിച്ചു. അച്ചന്‍ എവിടെയെല്ലാം വചനം പ്രഘോഷിച്ചുവോ അവിടെയെല്ലാം വമ്പിച്ച ജനാവലി തടിച്ചുകൂടാന്‍ തുടങ്ങി. പാപികള്‍ പശ്ചാത്തപിക്കാനും രോഗികള്‍ സൗഖ്യപ്പെടാനും മരിച്ചവര്‍ പുനര്‍ജീവിക്കാനും പാഷണ്ഡതകള്‍ തകര്‍ന്നടിയാനും തുടങ്ങി. മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങള്‍ മനസ്സിലാക്കാനും ഒരേസമയത്തു രണ്ടിടത്തു പ്രത്യക്ഷപ്പെടാനും കടലിലെ മത്സ്യങ്ങളുമായി സംവദിക്കാനും വിവിധ ഭാഷകളില്‍ സംസാരിക്കാനുമൊക്കെയുള്ള അനവധി അമാനുഷികസിദ്ധികള്‍ അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന അദ്ഭുതപ്രവര്‍ത്തകന്‍ എന്ന വിശേഷണത്തിനര്‍ഹനാക്കി.
ദൈവസ്‌നേഹത്താല്‍ കത്തിജ്വലിക്കുന്ന ഹൃദയങ്ങള്‍ക്ക് അടങ്ങിയിരിക്കാനാവില്ല. അവിടെനിന്നു നന്മയുടെ കിരണങ്ങള്‍ മറ്റുള്ളവരിലേക്കുകവിഞ്ഞൊഴുകും. അധ്വാനവും കഠിനതപശ്ചര്യകളും ഫ്രാന്‍സിസ് പിതാവിനെ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതുപോലെ തന്റെ ജീവിതവും അസ്തമിക്കാറായെന്ന് ആന്റണിയച്ചനു ബോധ്യമായി. പതിനൊന്നു വര്‍ഷക്കാലം രാപകലില്ലാതെയുള്ള സുവിശേഷവേലയ്ക്കു വിരാമമിട്ടുകൊണ്ട് ജീവിതബലി പൂര്‍ത്തിയാക്കിയ ആന്റണിയച്ചന്‍ സഭയിലെ ഏറെ ആദരിക്കപ്പെടുന്ന വിശുദ്ധരിലൊരാളാണ്. മാത്രമല്ല, ചരിത്രത്തില്‍ ഇടംപിടിച്ച ഒരു ഇതിഹാസവുമാണ്. 1232 മേയ് 30 ന് ഗ്രിഗറി ഒന്‍പതാമന്‍ മാര്‍പാപ്പാ ആന്റണിയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. തല്‍സമയം ലിസ്ബണിലെ കത്തീഡ്രല്‍ ദൈവാലയമണികള്‍ മണിക്കൂറുകളോളം താനേ മുഴങ്ങിയെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അനേകര്‍ക്ക് ദൈവവചസ്സുകള്‍ പകര്‍ന്നുനല്കിയ പുണ്യംപുരണ്ട നാവ് അഴുകാന്‍ ദൈവം അനുവദിച്ചില്ല. ഇന്നും മാംസളമായി നിലകൊള്ളുന്ന വിശുദ്ധന്റെ നാവ് തന്നോടു യാചിക്കുന്നവര്‍ക്കു ദൈവസന്നിധിയില്‍ മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ജീവനുള്ള ദിവ്യ ഉണ്ണിയെ കരങ്ങളില്‍ വഹിക്കാനുള്ള മഹാഭാഗ്യവും സ്വര്‍ഗം വിശുദ്ധനു പ്രദാനം ചെയ്തു. 12-ാം പീയൂസ് പാപ്പാ വി. അന്തോനീസിനെ വേദപാരംഗതന്‍ എന്ന മഹനീയസ്ഥാനം നല്‍കി ആദരിച്ചു.
ലോകമെമ്പാടുമുള്ള സെന്റ് ആന്റണിയുടെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളിലെല്ലാം എണ്ണമറ്റ അദ്ഭുതങ്ങളും അടയാളങ്ങളുമാണ് ഈ മഹാവിശുദ്ധന്‍ തന്റെ ഭക്തരിലേക്കു ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ വിവിധ തുറകളിലും തരത്തിലുംപെട്ടവര്‍ക്ക് വിശുദ്ധന്‍ അഭയസ്ഥാനമാണ്. ജൂണ്‍ 13 - ന് ആഗോളസഭയില്‍ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നു!