•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

വിശ്വാസവളര്‍ച്ചയാണു വലുത്

അറിവിന്റെ അധ്യായങ്ങള്‍ പാഠപുസ്തകങ്ങളിലുള്ളപ്പോള്‍, തിരിച്ചറിവിന്റെ താളുകള്‍ വിശ്വാസഗ്രന്ഥങ്ങളിലാണുള്ളത്. അതുകൊണ്ടുതന്നെ, ക്രൈസ്തവകുഞ്ഞുങ്ങളുടെ മത, വേദ, വിശ്വാസപരിശീലനം മാതാപിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കടമയായിട്ടാണ് കത്തോലിക്കാസഭ കണക്കാക്കുന്നത്. അതേ, വിജ്ഞാനത്തിന്റെ വിശാലലോകത്തിലേക്കു വിശ്വാസത്തിന്റെ വാതിലിലൂടെ വേണം നമ്മുടെ കുട്ടികള്‍ കടക്കാന്‍.

കൊവിഡ് പകര്‍ച്ചവ്യാധി ലോകവ്യാപകമായി പരത്തിയ ഭീതി ബാക്കിനില്ക്കുമ്പോഴും, കുട്ടികളെ കലാലയങ്ങളിലേക്കയയ്ക്കാനുള്ള തത്രപ്പാടുകള്‍കൊണ്ടു കുടുംബാന്തരീക്ഷങ്ങള്‍ നിറയുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ താഴെച്ചേര്‍ക്കുന്ന ചില ചിന്തകള്‍ ക്രൈസ്തവമാതാപിതാക്കളും മക്കളും ഒരുപോലെ തങ്ങളുടെ ഓര്‍മത്താളുകളില്‍ കുറിച്ചിട്ടാല്‍ കൊള്ളാം.
വിശ്വാസമാണ് വിജ്ഞാനത്തെക്കാള്‍ വിലയേറിയത്
അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസ്സുറ്റതും അര്‍ത്ഥപൂര്‍ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതം തന്നെ. അറിവില്ലാത്തവര്‍ ചവറാണ്. അറിവുള്ളവര്‍ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്‍ക്കേ ലോകം വില കല്പിക്കൂ. നാലക്ഷരം അറിയാവുന്നവര്‍ക്കേ നട്ടെല്ലുനിവര്‍ത്തി നില്ക്കാനാവൂ. അതുകൊണ്ടുതന്നെ, അറിവിനുവേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിയും അലച്ചിലും അവസാനിക്കുന്നില്ല. വിശുദ്ധഗ്രന്ഥത്തില്‍ വിജ്ഞാനത്തെ രത്‌നങ്ങളെക്കാള്‍ ശ്രേഷ്ഠവും (സുഭാ. 8:11; 16:16), തന്നെ സ്‌നേഹിക്കുന്നവരെ സമ്പന്നരാക്കുന്നതുമായ ഒന്നായിട്ടാണ് (സുഭാ. 8:21) ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, കേവലം അറിവിന്റെ അക്ഷരക്കൂട്ടുകള്‍ക്കു മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനോ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. വിജ്ഞാനവാരിധിക്ക് മനുഷ്യന്റെ അന്തര്‍ദാഹത്തെ അകറ്റാന്‍ ഇന്നും സാധിച്ചിട്ടില്ല. അവിടെയാണ് വിശ്വാസത്തിന്റെ മുന്‍തൂക്കം മനുഷ്യന്‍ മനസ്സിലാക്കേണ്ടത്.
അറിവിന്റെ ആരംഭം വിശ്വാസത്തില്‍ അടിത്തറ പാകിയ ദൈവഭയമാണ് (സങ്കീ. 11:10). വിശ്വാസത്തില്‍ വേരൂന്നാത്ത മനുഷ്യന്റെ വിജ്ഞാനം അവനോടൊപ്പം അവസാനിക്കും (ജോബ് 12:2). വിജ്ഞാനി മരിക്കും (സങ്കീ. 49:10). എന്നാല്‍, വിശ്വാസി മരിച്ചാലും ജീവിക്കും (യോഹ. 11:25). ഓര്‍ക്കണം, വിദ്യാലയങ്ങള്‍ പള്ളിക്കൂടങ്ങളായിട്ടാണ് ആരംഭിച്ചത്. പള്ളി ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസത്തിന്റെ കൂടാരമാണ്. അതിനോടടുത്തുള്ള വിദ്യാലയത്തില്‍ തെളിച്ചുകൊടുക്കുന്ന വിജ്ഞാനത്തിന്റെ വിളക്കുതിരിക്ക് വിശ്വാസതൈലത്തിന്റെ നനവാണുള്ളത്. ഒരു ക്രിസ്ത്യാനിയുടെ ജീവിതമാകുന്ന വൃക്ഷത്തിന്റെ തായ്ത്തടി വിശ്വാസവും, ശിഖരങ്ങള്‍ വിവിധ തരത്തിലുള്ള വിജ്ഞാനവുമാണ്. 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്നത് ഭൗമോന്മുഖരായ വിശ്വവാസികളുടെ മാത്രം തത്ത്വമാണ്. എന്നാല്‍ 'വിശ്വാസധനം സര്‍വ്വധനാല്‍ പ്രധാനം' എന്നതായിരിക്കണം സ്വര്‍ഗോന്മുഖരായ, വിശ്വാസികളായ നമ്മുടേത്. കര്‍ത്താവു പുകഴ്ത്തുന്നത് വിശ്വാസത്തിന്റെ നിറവിനെയും (മര്‍ക്കോ. 5:34) ഇകഴ്ത്തുന്നത് അതിന്റെ കുറവിനെയുമാണ് (മത്താ. 8:26). മനുഷ്യപുത്രന്‍ വരുമ്പോള്‍ മന്നില്‍ വിശ്വാസം കണ്ടെത്തുമോ (ലൂക്കാ 18:8) എന്നതാണ് അടിസ്ഥാനപരമായ ചോദ്യവും. വിശ്വാസത്തെ വിസ്മരിച്ച് നാം വാരിക്കൂട്ടുന്ന വിജ്ഞാനമണികള്‍ വിരലുകളുടെ വിടവുകളിലൂടെ വെറുതെ ചോര്‍ന്നുപോവുകയേയുള്ളൂ. പുല്ക്കൂട്ടിലെ പൈതലിനു പാദപൂജ ചെയ്ത ജ്ഞാനികളെപ്പോലെ വിജ്ഞാനം വിശ്വാസത്തിനു പാദസേവ ചെയ്യുക തന്നെവേണം. കാരണം, വിശ്വാസമാണ് വിജ്ഞാനത്തിനു ശക്തിയും ശുദ്ധിയും ശോഭയുമേകുന്നത്.
വിജ്ഞാനം ദൈവികദാനമാണ്
(സുഭാ. 8) വിദ്യയെ വിഗ്രഹത്തെപ്പോലെ പൂവിട്ടു പൂജിക്കുന്ന മനുഷ്യന്‍ മറന്നുപോകരുതാത്ത ഒരു പരമാര്‍ത്ഥമാണ് അറിവിന്റെ ഉറവിടം ദൈവമാണെന്നത്. പരിജ്ഞാനത്തില്‍ പേരുകേട്ട സോളമന്‍രാജാവിനു ദൈവമാണ് വിജ്ഞാനവരമേകുന്നത് (1 രാജാ 4:29; 2 ദിന 1:12). കൈക്കുള്ളിലൊതുക്കുന്ന ഒരു സമ്പാദ്യമെന്നതിലുപരിയായി സര്‍വജ്ഞാനിയായ തമ്പുരാന്‍ നല്കുന്ന ഒരു സമ്മാനമാണ് ജ്ഞാനം (1 കോറി. 12:8). കഠിനാദ്ധ്വാനവും കഷ്ടപ്പാടുമൊക്കെ അതിന് അര്‍ഹരാകുവാന്‍ ആവശ്യവുമാണ്. ദൈവം ലോകത്തിനു നല്കിയ ഏറ്റവും മഹത്തായ ദാനം തന്റെ ഏകജാതനാണ്. ആ ക്രിസ്തുതന്നെയാണ് നമ്മുടെ യഥാര്‍ത്ഥ ജ്ഞാനവും (1 കോറി. 1:30). അവനില്‍ ശരണപ്പെടുന്നവര്‍ക്ക് തന്റെ ജ്ഞാനത്തിന്റെ ഓഹരി അവന്‍ നല്കും (ലൂക്കാ. 21:15). ആകയാല്‍, അറിവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ ആത്മാവിന്റെ അനുഗ്രഹത്തിനായി അനുദിനം പ്രാര്‍ത്ഥിക്കണം (യാക്കോ. 1:15), കാരണം, ആത്മാവാണ് ആധികാരികതയുള്ള അധ്യാപകന്‍ (ലൂക്കാ. 12:12). അവന്‍ പകര്‍ന്നുതരുന്ന  വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വെട്ടത്തില്‍ മാത്രമേ തട്ടിവീഴാതെ ദൂരങ്ങള്‍ താണ്ടാന്‍ നമുക്കു കഴിയൂ.
വിശ്വാസശിക്ഷണവും വിജ്ഞാനശിക്ഷണവും
വിജ്ഞാനശിക്ഷണം തീര്‍ച്ചയായും വിലപ്പെട്ടതുതന്നെ. ബാലനായ ഈശോയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വരച്ചാണ് വളര്‍ന്നുവന്നത് (ലൂക്കാ 2:52). വേണ്ടത്ര വിദ്യാഭ്യാസവും പൊതുപരിജ്ഞാനവും അവനു നല്കാന്‍ നസറത്തിലെ അവന്റെ അപ്പനമ്മമാര്‍  അതീവശ്രദ്ധാലുക്കളായിരുന്നു. അക്കാരണത്താല്‍ത്തന്നെ, ദൈവാലയത്തില്‍ ഉപാധ്യായന്മാരുടെ ഒപ്പമിരുന്ന് അവരോടു മറുചോദ്യങ്ങള്‍ ഉന്നയിക്കാനും അതുവഴി അവരുടെയൊക്കെ ആശ്ചര്യത്തിനും പ്രശംസയ്ക്കും പാത്രമാകാനും അവനു സാധിച്ചു. അപ്പോഴും, ദൈവികവും മതപരവുമായ കാര്യങ്ങള്‍ക്കാണ് അവന്‍ മുന്‍ഗണന കൊടുത്തിരുന്നത് (ലൂക്കാ 2:49). മക്കള്‍ മാതാപിതാക്കളുടെ മനക്കോട്ടകളാണ്. കുഞ്ഞുങ്ങളുടെ ഭാവി ഉത്തരവാദിത്വമുള്ള രക്ഷകര്‍ത്താക്കളുടെ ആകുലതകളില്‍ ഒന്നാണ്. അവരുടെ വാര്‍ദ്ധക്യത്തിലും വല്ലായ്മകളിലും അവര്‍ക്കു താങ്ങും തണലുമാകേണ്ടവരാണ് മക്കള്‍. ആകയാല്‍, അവര്‍ക്ക് ആവുന്നത്ര വിദ്യാഭ്യാസം കൊടുക്കണമെന്നത് മാതാപിതാക്കളുടെ ഒരു വാശിയാണ്. കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളോടു പ്രതിബദ്ധതയില്ലാത്ത അപ്പനും അമ്മയും തങ്ങളെത്തന്നെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഓര്‍ക്കാം, പരിജ്ഞാനത്തിലുള്ള പരിശീലനമാണ് കുഞ്ഞുങ്ങളെ രക്ഷിതാക്കളോടും രാഷ്ട്രത്തോടുമൊക്കെ കടപ്പാടുള്ള പൗരരാക്കി മാറ്റുന്നത്.
വിദ്യാഭ്യാസശിക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് മേലുദ്ധരിച്ചവയെല്ലാം സത്യമാണെന്നിരിക്കെ, മികച്ച വിജ്ഞാനം കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍ മുന്തിയ വിദ്യാലയങ്ങള്‍ക്കായി മത്സരിക്കുന്ന മാതാപിതാക്കള്‍ ദൈവികദാനങ്ങളായ തങ്ങളുടെ കുട്ടികളുടെ വിശ്വാസവളര്‍ച്ചയാണ് വിജ്ഞാനവളര്‍ച്ചയെക്കാള്‍ വലുത് എന്ന പരമാര്‍ത്ഥം മനഃപൂര്‍വം മറന്നുപോകരുത്. വിജ്ഞാനശിക്ഷണത്തിലൂടെ സ്വായത്തമാക്കുന്ന അറിവ് വിശ്വാസശിക്ഷണത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന തിരിച്ചറിവിലേക്ക് കുഞ്ഞുങ്ങളെ നയിക്കണം. അറിവിനെ തിരിച്ചറിവാക്കുന്നത് വിശ്വാസമാണ്. വിശ്വാസത്തിന്റെ തായ്‌വേരില്ലാത്ത വിജ്ഞാനം തലച്ചോറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തിള്‍ക്കണ്ണി മാത്രമാണ്. കാലവ്യതിയാനത്തില്‍ അതു കരിഞ്ഞുപോകും. അറിവ് മനുഷ്യരെ മൃഗങ്ങളല്ലാതാക്കുന്നേയുള്ളൂ. തിരിച്ചറിവാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. അറിവിന്റെ അധ്യായങ്ങള്‍ പാഠപുസ്തകങ്ങളിലുള്ളപ്പോള്‍, തിരിച്ചറിവിന്റെ താളുകള്‍ വിശ്വാസഗ്രന്ഥങ്ങളിലാണുള്ളത്. അതുകൊണ്ടുതന്നെ, ക്രൈസ്തവകുഞ്ഞുങ്ങളുടെ മത, വേദ, വിശ്വാസപരിശീലനം മാതാപിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കടമയായിട്ടാണ് കത്തോലിക്കാസഭ കണക്കാക്കുന്നത്. അതേ, വിജ്ഞാനത്തിന്റെ വിശാലലോകത്തിലേക്കു വിശ്വാസത്തിന്റെ വാതിലിലൂടെ വേണം നമ്മുടെ കുട്ടികള്‍ കടക്കാന്‍.
വേദപാഠക്ലാസുകള്‍ വിശ്വാസസിരകളാണ്
സിനഗോഗുകളില്‍ പഠിപ്പിച്ചും (ലൂക്കാ 4:15), പ്രസംഗിച്ചും ചുറ്റിസഞ്ചരിച്ച കര്‍ത്താവ് തന്റെ ശ്രോതാക്കളെയും ശിഷ്യരെയുമൊക്കെ  വിശ്വാസശിക്ഷണത്തില്‍ രൂപീകരിക്കുകയായിരുന്നു. ശിശുക്കളെ അരികിലേക്കു വിളിച്ച് അനുഗ്രഹിച്ചപ്പോഴും ആലിംഗനം ചെയ്തപ്പോഴും അവന്‍ അവര്‍ക്ക് വിശ്വാസത്തിന്റെ വിശുദ്ധസ്പര്‍ശമാണ് സമ്മാനിച്ചത് (മര്‍ക്കോ. 10:14). ഗുരുവധരങ്ങളില്‍നിന്നു വിശ്വാസത്തിന്റെ മധുമൊഴികള്‍ കേട്ടു പഠിച്ച അപ്പസ്‌തോലഗണം പിന്നീട് വിവിധ സഭാസമൂഹങ്ങളെ മതബോധനത്തിലൂടെ പ്രബുദ്ധരാക്കി. അതുകൊണ്ടുതന്നെ, കത്തോലിക്കാസഭ ഇന്നും മതബോധനക്ലാസുകള്‍ക്ക് അഗ്രസ്ഥാനം കൊടുക്കുന്നു. ക്രിസ്ത്യാനിയായ ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്കു ദൈവവിശ്വാസമാകുന്ന ആത്മീയരക്തം സംവഹിക്കുന്ന ധമനികളാണ് വേദപാഠക്ലാസുകള്‍.
വിശുദ്ധരെല്ലാംതന്നെ തങ്ങളുടെ ജീവിതത്തില്‍ മതബോധനത്തെ പ്രധാന പീഠത്തില്‍ പ്രതിഷ്ഠിച്ചവരാണ്. വി. ആഗസ്തീനോസ്, നിസായിലെ വി. ഗ്രിഗറി, വി. ജോണ്‍ ക്രിസോസ്റ്റോം, അലക്‌സാണ്ട്രിയായിലെ വി. ക്ലെമെന്റ്, വി. ഡെന്നീസ് തുടങ്ങിയവരെല്ലാം തന്നെ വേദോപദേശകരായിരുന്നു. വി. ജെറോം അദ്ദേഹത്തിന്റെ ജീവിതസായാഹ്നം കുട്ടികള്‍ക്കു മതബോധനം നല്‍കുന്നതിനാണു നീക്കിവച്ചത്. പാരീസിലെ പ്രസിദ്ധനായ ചാന്‍സലറായിരുന്ന ജീന്‍ ഗേര്‍സണ്‍, താന്‍ കുഞ്ഞുങ്ങളെ വേദോപദേശം പഠിപ്പിക്കുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍, 'കുഞ്ഞുങ്ങളെ നരകസര്‍പ്പത്തില്‍നിന്നു രക്ഷിക്കുകയും, സഭയുടെ പൂന്തോട്ടത്തിലെ ഈ ഇളംചെടികള്‍ക്കു വെള്ളമൊഴിച്ചുകൊടുക്കുകയും ചെയ്യുന്നതിനെക്കാള്‍ മഹത്തായ ഒരു സേവനം എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല' എന്നാണു മറുപടി നല്കിയത്.
ഇടവകയിലെ മതപഠനസംബന്ധമായ എല്ലാ സംരംഭങ്ങളോടും സഹകരിക്കാം. മതാധ്യാപകരെ മാനിക്കാം. കുടുംബത്തില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ അവരെ അധിക്ഷേപിച്ചു സംസാരിക്കരുത്. അവരോടുള്ള അപമാനം അവര്‍ പകര്‍ന്നുകൊടുക്കുന്ന ദൈവികമായ അറിവിനോടുള്ള അനാദരവുതന്നെ. ഇവരെയൊക്കെ അപമാനിക്കുമ്പോള്‍ ഓര്‍ക്കുക, നമ്മുടെ കുഞ്ഞുങ്ങള്‍ മറ്റാരുടെയെങ്കിലുമൊക്കെ മുമ്പില്‍വച്ച് നമ്മെയും പുച്ഛിച്ചു പറയുന്നുണ്ട്. വീടുകളില്‍ കുട്ടികള്‍ വിശ്വാസത്തിലധിഷ്ഠിതമായ വിജ്ഞാനത്തില്‍ വളര്‍ന്നുവരട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)