•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

നാം ചേര്‍ത്തുപിടിക്കേണ്ട ഒരേയൊരു ഭൂമി

കാലാവസ്ഥാപ്രതിസന്ധി ലോകം നേരിടുന്ന ഒരു വലിയ ഭീഷണിയാണ്. ഉയരുന്ന താപനില പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നു, പരിസ്ഥിതി ത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു, ഭക്ഷ്യ-ജല സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു. 1.5 ഡിഗ്രി സെല്‍ഷ്യസായി താപനം പരിമിതപ്പെടുത്തുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്നു ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. എന്നാല്‍, അവിടെയെത്താന്‍ എത്ര സമയമെടുക്കും?
നിലവിലെ ജീവിതരീതി നിലനിര്‍ത്താന്‍ ഏകദേശം ആറു ഭൂമിക്കു തുല്യമായ പരിസ്ഥിതി ആവശ്യമാണ്. ഇന്നത്തെ ആവാസവ്യവസ്ഥയ്ക്കു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. നാം ചെലവഴിക്കേണ്ടതും യഥാര്‍ത്ഥത്തില്‍ ചെലവഴിക്കുന്നതും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തികളും പൗരസമൂഹവും പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിലും സര്‍ക്കാരുകളെയും സ്വകാര്യമേഖലയെയും വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നതിലും ഒരു പ്രധാന പങ്കു വഹിക്കണം.
'നമ്മള്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മളെ പൊതിയുന്ന വെളിച്ചം, നമ്മള്‍ കഴിക്കുന്ന ഭക്ഷണം - മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാല്‍, അത്യാര്‍ത്തിക്കുള്ളതില്ല' എന്ന ഗാന്ധിവചനം എന്നത്തേക്കാളും ഇന്നു പ്രസക്തമാകുന്നു. കാലാവസ്ഥാവ്യതിയാനം, പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും നഷ്ടം, വായുമലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ നമ്മെ ബാധിക്കുന്ന ഭീഷണികളാണ്.
കാലാവസ്ഥാവ്യതിയാനം
നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍, 2030-ഓടെ വാര്‍ഷിക ഹരിതഗൃഹവാതകപ്രസരണം പകുതിയായി കുറയ്ക്കണം. അടുത്ത രണ്ടു ദശകങ്ങളില്‍ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസ് കവിയാനുള്ള സാധ്യത 50 ശതമാനമാണ്. പ്രകൃതിവാതകത്തിന്റെ പ്രാഥമികഘടകമായ മീഥേനാണ് ഇന്നു നാം അനുഭവിക്കുന്ന ചൂടിന്റെ 25 ശതമാനത്തിലധികത്തിനും ഉത്തരവാദി.
കാലാവസ്ഥാപ്രതിസന്ധി തീവ്രമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കു കാരണമാകുന്നു. അത് ആയിരക്കണക്കിനാളുകളെ കൊല്ലുകയോ അഭയാര്‍ത്ഥികളാക്കുകയോ ചെയ്യുന്നതിനൊപ്പം ട്രില്യണ്‍ കണക്കിനു സാമ്പത്തികനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു.
പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും നഷ്ടം
ആവാസവ്യവസ്ഥയുടെ തകര്‍ച്ച ഏകദേശം രണ്ടു ബില്യണ്‍ ആളുകളുടെ അല്ലെങ്കില്‍ ലോകജനസംഖ്യയുടെ 40 ശതമാനം ആളുകളുടെ നിലനില്പിനെ ബാധിക്കുന്നു. പരിവര്‍ത്തനം ചെയ്യപ്പെട്ട ഭൂമിയുടെ 15 ശതമാനം പുനഃസ്ഥാപിക്കുന്നതിലൂടെയും വംശനാശത്തിന്റെ വക്കിലെത്തിനില്ക്കുന്ന ജീവജാലങ്ങളുടെ വംശനാശം തടയാനാകും. നമ്മുടെ ആഗോള സാമ്പത്തികഉത്പാദനത്തിന്റെ 10 ശതമാനത്തിലധികം മൂല്യമുള്ള ആവാസവ്യവസ്ഥയുടെ സേവനങ്ങള്‍ നമുക്കു ഓരോ വര്‍ഷവും നഷ്ടമാകുന്നുണ്ട്.
ലോകത്തിലെ കൃഷിഭൂമിയുടെ മൂന്നിലൊന്നു ഭാഗവും നശിച്ചുകഴിഞ്ഞു. 1700 മുതല്‍ ലോകമെമ്പാടുമുള്ള ഉള്‍നാടന്‍ തണ്ണീര്‍ത്തടങ്ങളില്‍ 87 ശതമാനവും അപ്രത്യക്ഷമായി. വാണിജ്യമത്സ്യയിനങ്ങളില്‍ മൂന്നിലൊന്ന് അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. 80 ശതമാനം ജൈവവൈവിധ്യനാശത്തിനും കാരണമാകുന്നത് ഭക്ഷ്യസംവിധാനങ്ങളാണ്.
വായുമലിനീകരണം
വായുമലിനീകരണം പ്രതിവര്‍ഷം ഏഴു ദശലക്ഷം അകാലമരണങ്ങള്‍ക്കു കാരണമാകുന്നു. മൊത്തം മരണങ്ങളില്‍ പത്തില്‍ ഒന്‍പതും സംഭവിക്കുന്നത് വായുമലിനീകരണംമൂലമാണ്. ഇതു നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതിആരോഗ്യഅപകടമായി മാറുന്നു.
2019 ല്‍, ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള അന്തരീക്ഷമലിനീകരണപഠനത്തില്‍ 92 ശതമാനം ആളുകളും മലിനീകരണത്തിന്റെ അപകടകരമായ അതിര്‍ത്തികളിലാണെന്നു കണ്ടെത്തി. ഉപരിതല, ഭൂഗര്‍ഭ ജലസ്രോതസ്സുകളുടെ ആരോഗ്യത്തെക്കുറിച്ചു വേണ്ടത്ര അറിവില്ലാത്തതിനാല്‍ മൂന്നു ബില്യണിലധികം ആളുകള്‍ അപകടസാധ്യതയിലാണെന്ന് ഏറ്റവും പുതിയ യു.എന്‍. സുസ്ഥിരവികസനഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
സാധാരണ അവസ്ഥയില്‍, ജലആവാസവ്യവസ്ഥയില്‍ പ്രവേശിക്കുന്ന പ്ലാസ്റ്റിക് മാലിന്യം 2016-ലെ 9-14 ദശലക്ഷം ടണ്ണില്‍നിന്ന് 2040-ഓടെ 23-37 ദശലക്ഷം ടണ്ണായി - ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിക്കും. ടൂറിസം, ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സമുദ്ര പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മൊത്തം ആഗോളസാമ്പത്തികച്ചെലവ് 2018 ല്‍ 6-19 ബില്യണ്‍ യുഎസ് ഡോളറാണ്. 1950 മുതല്‍ 2017 വരെ, ഏകദേശം രണ്ടു ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെട്ടു. അതില്‍ ഏഴു ബില്യണ്‍ ടണ്‍ മാലിന്യമായി മാറി. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്‌സിന്‍ എന്ന വിഷം വായുമലിനീകരണം ഉണ്ടാക്കുന്നു. ഇത് കാന്‍സറിനും കാരണമാവുന്നു.
സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദബോധമുള്ള മനുഷ്യരും നിറഞ്ഞ നല്ല ഭൂമി അടുത്ത തലമുറയ്ക്കു കൈമാറാന്‍ നമുക്കു ബാക്കിവേണം. ഒരു ദിനാചാരണത്തിലും ഒരു മരത്തൈ നടുന്നതിലും തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്വം. ഒറ്റയ്‌ക്കൊരു നിലനില്പ് സാധ്യമല്ലെന്നും എല്ലാ ജീവജന്തുജാലങ്ങളും സ്വന്തം വംശവൃക്ഷത്തിലെ ചില്ലകളാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാകട്ടെ. മരങ്ങളെ കെട്ടിപ്പിടിച്ചു സംരക്ഷിച്ച സുന്ദര്‍ലാല്‍ ബഹുഗുണ എന്ന ഇതിഹാസം നമുക്കു നഷ്ടമായി. എന്നാല്‍, മരങ്ങളെ പ്രാണനെപ്പോലെ ചേര്‍ത്തുപിടിച്ച അദ്ദേഹത്തിന്റെ സന്ദേശം നമുക്കു പാഠമാകട്ടെ.
മനുഷ്യര്‍ വീട്ടിലൊളിക്കുമ്പോള്‍ പരിസ്ഥിതി പച്ചപിടിക്കുന്നു. അതേ, ഭൂമി കുറെക്കൂടി പച്ചപിടിക്കട്ടെ. പരിസ്ഥിതിദിനം പ്രകൃതിക്കുവേണ്ടി മാത്രമല്ല നമ്മുടെ ജീവനുവേണ്ടിക്കൂടിയുള്ള യുദ്ധമാണ്. ഇതില്‍ നാം ജയിച്ചേ മതിയാകൂ! ഒരിക്കല്‍ നാം കൗതുകത്തോടെ കണ്ടിരുന്ന പല ജീവികളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്ന വസ്തുതയെങ്കിലും തിരിച്ചറിയണം. ഇതു കേവലം ജീവികളെയും പ്രകൃതിയെയും ഈ ഭൂമുഖത്തു നിലനിര്‍ത്തുന്നതിനുവേണ്ടി മാത്രമല്ല. നമ്മള്‍ ഓരോരുത്തര്‍ക്കും, വരുന്ന തലമുറയ്ക്കും നിലനില്‍ക്കാന്‍വേണ്ടിക്കൂടിയാണ് എന്ന ഓര്‍മയില്‍ വേണം നാം ജീവിക്കേണ്ടത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)