2022 മേയ് 15-ാം തീയതി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഡച്ച് കര്‍മല സഭാ വൈദികന്‍ ടൈറ്റസ് ബ്രാന്‍ദ്‌സ്മ (1881-1942)
വത്തിക്കാനില്‍ വിശുദ്ധപദവി പ്രഖ്യാപനാവസരത്തില്‍ നവവിശുദ്ധരുടെ ഛായാചിത്രങ്ങള്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ മുഖവാരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ട്. ഇത്തവണ പത്തുപേര്‍ ഉണ്ടായിരുന്നതുകൊണ്ടാകാം ഒരു ക്യാന്‍വാസില്‍ രണ്ടുപേരുടെ വീതം ചിത്രങ്ങള്‍ ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ രക്തസാക്ഷികളായി മരിച്ചവരാണെങ്കിലും വിശുദ്ധ ദേവസഹായംപിള്ളയോടൊപ്പം ഉണ്ടായിരുന്ന ചിത്രം (1712-1752) ഡച്ചുകാരനായ വി. ടൈറ്റസ് ബ്രാന്‍ദ്‌സ്മയുടേതാണ്. ദേവസഹായംപിള്ളയ്ക്കു കത്തോലിക്കാവിശ്വാസം പകര്‍ന്നുനല്‍കിയ വലിയ കപ്പിത്താന്‍ യുസ്താഷ് ഡിലനോയിയും ഡച്ചുകാരനായിരുന്നു എന്നതു സ്മരണാര്‍ഹമാണ്.
ഹോളണ്ടിലെ (നെതര്‍ലണ്ട്‌സ്) ഉഗോ ക്ലോസ്റ്റര്‍ എന്ന സ്ഥലത്ത് 1881 ഫെബ്രുവരി 23-ാം തീയതിയാണ് വിശുദ്ധന്‍ ജനിച്ചത്. മാതാപിതാക്കള്‍ ടൈറ്റസ് ബ്രാന്‍ദ്‌സ്മയും ടിജിറ്റ്‌പോസ്റ്റ്മയും. മാമ്മോദീസായില്‍ 'അന്നോ' എന്ന പേരാണ് നല്കിയിരുന്നത്. ആറു മക്കളില്‍ ഒരാളൊഴിച്ച് എല്ലാവരും സന്ന്യാസജീവിതം തിരഞ്ഞെടുത്തു.
സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അന്നോ 1898 ല്‍ കാര്‍മലൈറ്റ് ഓര്‍ഡറില്‍ പരിശീലനത്തിനായി ചേര്‍ന്നു. നോവിഷ്യറ്റിന്റെ അവസാനം പിതാവിന്റെ പേരായ ടൈറ്റസ് എന്ന നാമം സ്വീകരിച്ച് പ്രഥമവ്രതവാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഫിലോസഫിയും തിയോളജിയും കര്‍മലീത്താ സഭാസമൂഹത്തിന്റെ സെമിനാരികളില്‍ പൂര്‍ത്തിയാക്കി. ആവിലായിലെ വി. അമ്മത്രേസ്യായെപ്പറ്റിയുള്ള ഒരു ഫ്രഞ്ചുഗ്രന്ഥത്തിന്റെ ഡച്ചുപരിഭാഷ പൂര്‍ത്തിയാക്കി 1901 ല്‍ അതു പ്രസിദ്ധീകരിച്ചു.
1905 ജൂണ്‍ മാസം 17-ാം തീയതി 24-ാം വയസ്സില്‍ പുരോഹിതനായി തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് മൂന്നുവര്‍ഷം റോമില്‍ ഉപരിപഠനം നടത്തി. പ്രശസ്തമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫിയില്‍ ഡോക്ടറേറ്റും ലെയോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സോഷ്യോളജിയില്‍ ബിരുദവും നേടി. അനാരോഗ്യത്തെ വകവയ്ക്കാതെ കഠിനാധ്വാനം ചെയ്യുന്ന സ്വഭാവം അദ്ദേഹം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തി. ഫാദര്‍ ടൈറ്റസ് ബ്രാന്‍ദ്‌സ്മ റോമിലെ പഠനകാലത്ത് ഹോളണ്ടിലെ പല കത്തോലിക്കാപ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതിയിരുന്നു.
1909 ല്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയ ഡോ. ടൈറ്റസ് ബ്രാന്‍ദ്‌സ്മ 'ഒസ്സ്' എന്ന പട്ടണത്തിലെ കര്‍മലീത്താ സെമിനാരിയില്‍ ഫിലോസഫി പ്രൊഫസറായി നിയമിതനായി. 1923 വരെഈ അധ്യാപനച്ചുമതല വളരെ നന്നായി അദ്ദേഹം നിറവേറ്റി. അതോടൊപ്പം പ്രൊഫസര്‍ ബ്രാന്‍ദ്‌സ്മ 'കാര്‍മല്‍ റോസസ്സ്' എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും അമ്മത്രേസ്യായുടെ കൃതികള്‍ ഡച്ചുഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു. ഒരു ദിനപത്രത്തിന്റെ നടത്തിപ്പിലും അദ്ദേഹം പ്രധാനപങ്കു വഹിച്ചു.
1923 ല്‍ സമാരംഭിച്ച നിമെഗന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിതനായി; 1942 വരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു. ഒരദ്ധ്യയനവര്‍ഷം (1938-39) യൂണിവേഴ്‌സിറ്റിയുടെ റെക്ടറായും സേവനം അനുഷ്ഠിച്ചു.
1935 മുതല്‍ 'ഉത്രക്ട്' രൂപതയുടെ ആര്‍ച്ചുബിഷപ്, ഫാ. ടൈറ്റസ് ബ്രാന്‍ദ്‌സ്മയെ കത്തോലിക്കാ ജേര്‍ണലിസ്റ്റിസിന്റെ ചാപ്ലൈനായി നിയമിച്ചു. പ്രൊഫ. ബ്രാന്‍ദ്‌സ്മയ്ക്ക് അന്താരാഷ്ട്ര ജേര്‍ണലിസ്റ്റ് അസോസിയേഷനില്‍ അംഗത്വവും ഉണ്ടായിരുന്നു. അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളിലും അയര്‍ലണ്ടിലും കാര്‍മലൈറ്റ് ആദ്ധ്യാത്മികതയെ സംബന്ധിച്ച് കോണ്‍ഫറന്‍സുകള്‍ നടത്തി.
നാസി തടങ്കല്‍പ്പാളയത്തില്‍
അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മനിയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന നാഷണല്‍ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അപകടങ്ങള്‍ മുന്‍കൂട്ടിക്കാണാനും തന്റെ യൂണിവേഴ്‌സിറ്റി ക്ലാസുകളില്‍ അതെപ്പറ്റി പ്രതിപാദിക്കാനും പ്രൊഫസര്‍ ടൈറ്റസ് ബ്രാന്‍ദ്‌സ്മ ശ്രദ്ധിച്ചിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരത്തില്‍ വരികയും യഹൂദരുടെ വംശഹത്യ ലക്ഷ്യം വച്ചുള്ള അതിക്രൂരമായ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 1939 ആയപ്പോഴേക്കും ജര്‍മന്‍ പട്ടാളം അയല്‍രാജ്യങ്ങള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ തുടങ്ങി. രണ്ടാംലോകമഹായുദ്ധത്തിന്റെ തുടക്കമായി.
യുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ചിരുന്ന ഹോളണ്ട്, ബല്‍ജിയം തുടങ്ങിയ രാജ്യങ്ങളും 1940 മേയ്മാസത്തില്‍ അനായാസം കീഴ്‌പ്പെടുത്തി. ധാരാളം യഹൂദര്‍ അധിവസിച്ചിരുന്ന ഒരു രാജ്യമായിരുന്നു ഹോളണ്ട്. ജര്‍മനിയില്‍നിന്ന് നാസികളെ ഭയന്ന് ഹോളണ്ടില്‍ അഭയം പ്രാപിച്ച ആന്‍ഫ്രാങ്കിന്റേതുപോലുള്ള ധാരാളം കുടുംബങ്ങളും ഉണ്ടായിരുന്നു. വിശുദ്ധ ഏദിത്ത് സ്റ്റൈനും സഹോദരി റോസയും യഹൂദവംശജരായിരുന്നതുകൊണ്ട് ഹോളണ്ടിലെ ഒരു മഠത്തില്‍ അഭയം പ്രാപിച്ചിരുന്നു. അവരെ എല്ലാം കണ്ടെത്തി വംശഹത്യയ്ക്കായി ഒരുക്കിയിരുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയച്ചിരുന്നു. പല രാജ്യങ്ങളില്‍നിന്നായി ഏകദേശം 60 ലക്ഷം യഹൂദര്‍ കൊലചെയ്യപ്പെട്ടതായി കണക്കാക്കുന്നു. ഈ വംശഹത്യയ്‌ക്കെതിരേ ഹോളണ്ടിലെ കത്തോലിക്കാസഭ ശക്തമായി പ്രതികരിക്കുകയും പള്ളികളില്‍ ഇടയലേഖനം വായിക്കുകയും ചെയ്തു. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം പ്രൊഫ. ടൈറ്റസ് ബ്രാന്‍ദ്‌സ്മയുടെ പിന്തുണ ഉണ്ടായിരുന്നു. ബിഷപ്‌സ് കോണ്‍ഫെറന്‍സിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം ഓരോ കത്തോലിക്കാ പ്രസിദ്ധീകരണശാലയും സന്ദര്‍ശിച്ച് നാസികള്‍ നല്കുന്ന യാതൊരു പ്രചാരണലേഖനങ്ങളും അച്ചടിക്കരുതെന്ന് അറിയിച്ചു.
ഇതെല്ലാം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന രഹസ്യപ്പോലീസ് 1942 ജനുവരി മാസം 20-ാം തീയതി ഫാദര്‍ ടൈറ്റസ് ബ്രാന്‍ദ്‌സ്മയെ അറസ്റ്റു ചെയ്തു. ദീര്‍ഘമായ ചോദ്യം ചെയ്യലുകള്‍ക്കുശേഷം പരിക്ഷീണിതനായ അദ്ദേഹത്തിനു പല ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു. അവസാനം, ജര്‍മനിയില്‍ മ്യൂണിക്കിനു സമീപമുള്ള ഡാഹാവ് തടങ്കല്‍ പാളയത്തിലെത്തിച്ചു.
ലക്ഷക്കണക്കിനു യഹൂദര്‍ക്കു പുറമേ മറ്റ് എതിരാളികളെയും ഈ ക്യാമ്പില്‍ പീഡിപ്പിച്ചിരുന്നു. വൈദികരും സന്ന്യസ്തരും സെമിനാരിക്കാരുമായി 2720 പേര്‍ 1938 നും 45 നും ഇടയ്ക്ക് ഡാഹാവില്‍ കഴിഞ്ഞിട്ടുണ്ടെന്നാണു കണക്ക്. ഇവരില്‍ 1034 പേര്‍ കൊല ചെയ്യപ്പെട്ടു.
കായികാധ്വാനത്തിനു ശേഷി ഇല്ലാത്തതുകൊണ്ടായിരിക്കാം 1942 ജൂലൈമാസം 26-ാം തീയതി മാരകമായ വിഷം കുത്തിവച്ച് ഫാദര്‍ ടൈറ്റസിനെ വധിച്ചു. വിഷം കുത്തിവച്ചത് ഡച്ചുകാരിയായ ഒരു നേഴ്‌സായിരുന്നു. നാസി പ്രത്യയശാസ്ത്രം തലയ്ക്കുപിടിച്ച ആ സ്ത്രീക്ക് ഫാ. ടൈറ്റസ് മരിക്കുന്നതിനുമുമ്പ് താന്‍ ഉപയോഗിച്ചിരുന്ന ജപമാല സമ്മാനിച്ചു. തനിക്കു പ്രാര്‍ത്ഥിക്കാന്‍ അറിയില്ല എന്നു ധിക്കാരപൂര്‍വം പറഞ്ഞ അവരോട്, 'പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്നു മാത്രം ഉരുവിട്ടാല്‍ മതിയെന്നു പ്രതിവചിച്ചു. ഈ സ്ത്രീ പിന്നീടു മാനസാന്തരപ്പെടുകയും നാമകരണനടപടികളുടെ ഭാഗമായി ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
1985 നവംബര്‍ 3-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ റോമില്‍വച്ച് ടൈറ്റസ് ബ്രാന്‍ദ്‌സ്മയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഔഷ്‌വിറ്റ്‌സ് തടങ്കല്‍പ്പാളയത്തില്‍ ജീവന്‍ ഹോമിച്ചവരായ വി. മാക്‌സിമില്യന്‍ കോള്‍ബെയോടും വിശുദ്ധ ഏദിത്ത് സ്റ്റൈനോടുമൊപ്പം വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വി. ടൈറ്റസ് ബ്രാന്‍ദ്‌സ്മ നമ്മള്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ. വിശുദ്ധപദവി പ്രഖ്യാപനത്തിനു രണ്ടുദിവസംമുമ്പ് റോമില്‍ ചേര്‍ന്ന കത്തോലിക്കാ പത്രപ്രവര്‍ത്തകരുടെ സമ്മേളനം ഈ വിശുദ്ധനെ ജേര്‍ണലിസ്റ്റുകളുടെ സ്വര്‍ഗീയമധ്യസ്ഥനായി പ്രഖ്യാപിക്കണമെന്നു ഫ്രാന്‍സിസ് പാപ്പായോടു അഭ്യര്‍ത്ഥിക്കുകയുണ്ടായി.