എനിക്കെന്തു കിട്ടും എന്ന ചോദ്യം ഏതു രംഗത്തും സാധാരണമായിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ അതു വായനയ്ക്കു ബാധകമായിരിക്കുന്നു. ഞാനെന്തിനു വായിക്കണം, ആ പുസ്തകം വായിക്കുന്നതിലൂടെ എനിക്കെന്തു ലാഭമുണ്ടാകാനാണ് എന്ന ചോദ്യം എല്ലാ തലമുറയിലുംപെട്ടവര്‍ ആവര്‍ത്തിക്കുന്നു. അഞ്ച് + രണ്ട് = ഏഴ് എന്ന രീതിയില്‍ ഒതുക്കി ഒരു ഉത്തരം പറയാനാകാത്ത ചോദ്യം. പറയാനാണെങ്കിലോ സാഗരസമാനമായ തലത്തില്‍ വിശാലവുമാണത്. അനുഭവിച്ചറിയേണ്ട ശരിയുത്തരത്തെ ചെറുകഷണങ്ങളായെങ്കിലും ഓര്‍ത്തെടുക്കാന്‍ വായനദിനം ഓരോ വര്‍ഷവും വന്നുപോകുന്നു.
ഗ്രന്ഥശാലാസംഘമെന്ന മഹാപ്രസ്ഥാനത്തിന്റെ കാരണക്കാരനെ ഓര്‍മിച്ചെടുക്കുന്ന വായനശാലകള്‍പോലും പുത്തന്‍പുസ്തകങ്ങളുടെ ഗന്ധം വീര്‍പ്പുമുട്ടി നില്ക്കുന്ന കണ്ണാടിയലമാരകളുടെ മോര്‍ച്ചറികളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സംസ്‌കരിക്കാതെ ഉപേക്ഷിച്ച കുറെ പുസ്തകങ്ങളും മാസിക,വാരികകളും അസ്ഥിക്കഷണങ്ങളായി ഷെല്‍ഫുകള്‍ക്കുള്ളില്‍ ചിതറിത്തെറിച്ചു കിടക്കുന്നു. പൊതുസമൂഹം പുറത്തുനിന്നു ചോദ്യം ആവര്‍ത്തിക്കുന്നു: 'വായന മരിച്ചോ?'
യുക്തിയുടെ വഴിയിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചു തര്‍ക്കവിതര്‍ക്കങ്ങളുടെ ഉത്തരങ്ങള്‍ സ്വാംശീകരിച്ചു വസ്തുനിഷ്ഠമായ അറിവിലെത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ അറിവുനേടിയെന്ന അഭിമാനത്തില്‍ ഒരുവന്‍ തൃപ്തി നേടുന്നുള്ളൂ. എന്നാല്‍, അമ്മയുടെ സ്‌നേഹവും പൂവിന്റെ ഗന്ധവും നീരിന്റെ തണുപ്പും നമ്മള്‍ ഏറ്റുവാങ്ങുന്ന അറിവുകള്‍തന്നെയാണ്. പരീക്ഷണശാലകളിലൂടെ സ്ഥാപിച്ചെടുക്കാന്‍ കഴിയാത്ത ഇത്തരം അനുഭവങ്ങളെ ആത്മനിഷ്ഠമായ അറിവാക്കി പരിഗണിച്ചേ പറ്റൂ.
പുസ്തകവും അതിന്റെ വായനയും വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ അറിവുകളുടെ മൂല്യമാര്‍ന്ന തലങ്ങളിലേക്കു മനുഷ്യനെ ഉണര്‍ത്തിയുയര്‍ത്തും എന്നത് അനുഭവസ്ഥരുടെ ആര്‍ജിതാസ്തിതന്നെയാണ്, അതു മറ്റുള്ളവര്‍ക്കു നിസ്സാരമെന്നു തോന്നുമെങ്കില്‍പ്പോലും.
അക്ഷരങ്ങള്‍ വിജയിച്ചപ്പോള്‍ ആയുധങ്ങള്‍ പരാജയപ്പെട്ടുവെന്ന വാദം ആധുനികലോകത്തിന്റെ ഒരു കോണിലും ഇന്ന് അവതരണയോഗ്യമല്ല. ആയുധമെടുക്കുന്നവര്‍ ശബ്ദങ്ങളെയും വാക്യങ്ങളെയും അറുത്തുമുറിച്ചെറിയുന്ന നിത്യസംഭവങ്ങള്‍ക്കിടയില്‍ 'മാ നിഷാദ' അമര്‍ന്നുപോകുന്നു. അപ്പോഴും അക്ഷരക്കൂട്ടുകള്‍ അച്ചടിമഷി പുരണ്ടു പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നതും ആ വാക്കുകളും വരികളും നിശ്ശബ്ദതയ്ക്കും നിസ്സഹായതയ്ക്കും ശബ്ദമായി മാറുന്നുവെന്നതും പ്രതീക്ഷയും ആശ്വാസവും നല്കുന്ന സംഗതികള്‍ തന്നെയാണ്.
കണ്ടാല്‍, കേട്ടാല്‍, വായിച്ചാല്‍ ചിതലരിക്കാന്‍ തുടങ്ങിയ ചിന്താപദ്ധതികള്‍ വീണ്ടും ശരിയറിയാന്‍ തുടങ്ങും. സ്വാര്‍ത്ഥതയുടെ പര്യായങ്ങള്‍ സഹജീവികളെ കാണാന്‍ തുടങ്ങും. അതാണ് യഥാര്‍ത്ഥ ലാഭമെന്ന സത്യത്തിലേക്കു മനുഷ്യനായി അവന്‍ മടങ്ങും. അതുകൊണ്ടുതന്നെ, കൂടുതല്‍ ശരിയിലേക്കുള്ള മടക്കയാത്രയോ യാത്രത്തുടക്കമോ ആകട്ടെ ഓരോ വായനദിനവും.
എന്തു വായിക്കണമെന്നത് തികച്ചും യുക്തിപരമായ നയമാണ് എന്നതില്‍ തര്‍ക്കമില്ല. എന്തും വായിക്കാമെന്നതും മറ്റൊരു വാസ്തവംതന്നെ. പക്ഷേ, ഒന്നുണ്ട്, ജാതി, മതം, രാഷ്ട്രീയം എന്നിങ്ങനെയുള്ള മേഖലകളില്‍ മിക്കപ്പോഴും സാഹചര്യങ്ങളെ അനുകൂലമാക്കാന്‍ നടത്തുന്ന ചരിത്രാവതരണങ്ങളും വ്യാഖ്യാനങ്ങളും പുത്തന്‍ നിര്‍വചനങ്ങളും ആയുധവ്യാപാര ഉടമ്പടികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, യാഥാര്‍ത്ഥ്യമെന്തെന്നറിയുക എന്ന അനിവാര്യതയുടെ ആഹ്വാനവുമായി ചില പുസ്തകങ്ങള്‍ കണ്‍മുന്നിലെത്തും. തീര്‍ച്ചയായും വായിക്കപ്പെടേണ്ടവ. അവയെ കാണാന്‍ കാലത്തിനു കാതുകൊടുത്താല്‍ മാത്രം മതി. ഒരളവുവരെ സത്യം ബോധ്യപ്പെടാനും കൂടുതല്‍ സത്യാന്വേഷണം നടത്താനും ആ എഴുത്തുകള്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല.
ജീവചരിത്രങ്ങള്‍ മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ആത്മകഥകള്‍ മറ്റുള്ളവരാല്‍ തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, തുടര്‍വായനയും പുനര്‍വായനയും സത്യം തേടുന്നവന് ശ്വാസോച്ഛ്വാസം പോലെയാകുന്നു. അവിടെ വായന മരിക്കുന്നില്ല എന്നു മാത്രമല്ല, പ്രകാശം പരത്തുക എന്ന ധര്‍മം കൂടുതല്‍ ഓജസ്സോടെ നിര്‍വഹിക്കുന്ന ദീപങ്ങളായി പുസ്തകങ്ങള്‍ മാറുകയുമാണു ചെയ്യുന്നത്.
പുസ്തകവായനകൊണ്ടുണ്ടാകുന്ന മാനസാന്തരമോ പുത്തന്‍ തിരഞ്ഞെടുപ്പുകളോ സാധാരണമല്ല. എന്നിരുന്നാലും, വിചാരബുദ്ധിയുടെ ഉരകല്ലില്‍ തനിത്തങ്കവും മുക്കുപണ്ടവും തിരിച്ചറിയാന്‍ വായന ഉപകരിക്കുമെന്നതു വാസ്തവംതന്നെ.
അറിവന്വേഷണത്തിന്റെ ബാല്യകൗമാരങ്ങളെത്തുടര്‍ന്ന് യാഥാര്‍ത്ഥ്യബോധത്തിന്റെ വെളിച്ചത്തിലേക്കു വായന തുടരാനാകണം. അതിനു പ്രേരണയും പ്രോത്സാഹനവും കുട്ടിക്കാലത്തേ ലഭിക്കണം. സ്‌കൂള്‍ വിദ്യാഭ്യാസഘട്ടം മുതല്‍ക്കേ ലഭിക്കുന്ന വായനപരിശീലനം അഥവാ, പുസ്തകങ്ങളെ പരിചയപ്പെടല്‍ കരുത്തരായി ജീവിച്ചു മുന്നേറാനും ചോദ്യങ്ങള്‍ ചോദിച്ച് സംശയങ്ങള്‍ തീര്‍ത്ത് അറിവു നിര്‍മിച്ച് ആത്മനിന്ദയില്ലാതെ പൊതുജീവിതം നയിക്കാനും ഒരുവനെ പ്രാപ്തനാക്കും. പക്ഷേ, സ്‌കൂള്‍ ലൈബ്രറികള്‍ ഇന്നും വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാണ്. ശ്വാസംമുട്ടിക്കഴിയുന്ന പുസ്തകക്കൂമ്പാരത്തെ തട്ടിയുണര്‍ത്തി സ്റ്റാഫ്‌റൂമിലും പരിസരത്തും പൊടിപടര്‍ത്താന്‍ മിക്കയിടത്തും ആരും തയ്യാറാവുന്നില്ല. സ്‌കൂള്‍ ലൈബ്രറി കൈകാര്യം ചെയ്യാന്‍ പ്രത്യേക വ്യക്തിയെ നിയോഗിക്കാന്‍ നിയമവുമില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കുട്ടികള്‍ക്കു പുസ്തകം അധ്യാപകര്‍ തന്നെ നല്കും. അവരുടെ ഇഷ്ടങ്ങള്‍ക്ക് ഒരു പരിഗണനയും കിട്ടാറുമില്ല. എല്ലാം വായിക്കാനുള്ളതാണെന്ന ഗുരുവിന്റെ മഹാവാക്യത്തിന്റെ ഗുരുലഘുക്കള്‍ക്കിടയില്‍ അമര്‍ന്ന് പഠിതാവ് കിട്ടിയതുംകൊണ്ടു പോവുകയും ചെയ്യും. വാസ്തവത്തില്‍, വായനയോടുള്ള വെറുപ്പും അകലവും ഇവിടെ തുടങ്ങുകയാണ്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലെങ്കിലും ലൈബ്രേറിയന്റെ തസ്തിക സൃഷ്ടിക്കപ്പെടണം. പുസ്തകം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്കു കിട്ടണം. അവര്‍ വായിക്കട്ടെ, വളരട്ടെ. ഈ വായനദിനത്തില്‍ അങ്ങനെയൊരു ചിന്തയുണ്ടാവട്ടെ.