ഈയിടെ അന്തരിച്ച ദാമോദരസിംഹര്‍ ഭാസ്‌കരന്‍ കര്‍ത്തായെ ഡോ. സിറിയക് തോമസ് അനുസ്മരിക്കുന്നു.
കഴിഞ്ഞ നാളില്‍ നാടുനീങ്ങിയ രാജശ്രീ ദാമോദരസിംഹര്‍ ഭാസ്‌കരന്‍ കര്‍ത്താ എന്ന മീനച്ചില്‍ രാജകുടുംബസ്ഥാനീയന്‍ കര്‍ത്താക്കന്മാരുടെ കര്‍ത്താവായിരുന്നെന്നു നിസ്സംശയം പറയാം. ദീര്‍ഘായുസ്സുകൊണ്ടും രാജഗുണങ്ങള്‍കൊണ്ടും മുക്കാല്‍ നൂറ്റാണ്ടുകാലം മീനച്ചില്‍ പ്രദേശത്തു ഭാസ്‌കരന്‍ കര്‍ത്താ എന്ന മീനച്ചില്‍ കര്‍ത്താ സര്‍വാദരണീയനായി വിരാജിച്ചശേഷമാണ് നൂറ്റിയൊന്നാം വയസ്സില്‍ കാലത്തെ കടന്നുപോയത്. രാജഭരണകാലത്തെയും ജനാധിപത്യയുഗത്തെയും തമ്മില്‍ ഗാഢമായി ബന്ധിപ്പിച്ച ചരിത്രത്തിന്റെ പാലമായിരുന്നു ഭാസ്‌കരന്‍ കര്‍ത്താ. സൗമ്യമായ വാക്കുകളും പ്രൗഢമായ ഇടപെടലുകളുംകൊണ്ട് അദ്ദേഹം നാനാജാതിമതസ്ഥരുടെയും മനസ്സുകളില്‍ ഇടം നേടി. ആത്മീയാചാര്യന്‍മാര്‍പോലും അദ്ദേഹത്തിന്റെ സമീപത്ത് ആദരവോടെ വണങ്ങിനിന്നു എന്നതുതന്നെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ സാക്ഷ്യമായിരുന്നു.
സ്വാതന്ത്ര്യംകിട്ടി നമ്മുടെ രാജ്യത്തിനു നിയതമായ നിയമവ്യവസ്ഥയോടുകൂടിയ ഒരു ഭരണഘടന നിലവില്‍വന്നിട്ടു മുക്കാല്‍ നൂറ്റാണ്ടാവുന്നതേയുള്ളൂ. ഭരണഘടനയുടെ മഹത്തായ മൂല്യമായി നമ്മളെല്ലാവരും കൊണ്ടാടുന്നത് ഭരണഘടന നമുക്ക് ഉറപ്പുനല്‍കുന്ന മതേതരവ്യവസ്ഥയെയാണ്. എന്നാല്‍, ഈ സംവിധാനവും സങ്കല്പവും സംസ്‌കാരവും ഭരണഘടന നിലവില്‍ വരുന്നതിനു നൂറ്റാണ്ടുകള്‍മുമ്പും ഭാരതത്തിന്റെ ''ഭരണസംസ്‌കാരം'' ഇവിടെ നിലനിറുത്തിയിരുന്നുവെന്ന തിരിച്ചറിവു നമുക്കുണ്ടാകേണ്ടതുണ്ട്. അതിന് രാജ്യത്തു നിരവധി ഉദാഹരണങ്ങളും ചരിത്രയാഥാര്‍ത്ഥ്യങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ തിളങ്ങിനില്ക്കുന്ന ഒരു മതേതരപ്രതീകമാണ് പാലാ വലിയ പള്ളി എന്ന പാലായിലെ കത്തീഡ്രല്‍.
ആയിരം വര്‍ഷംമുമ്പാണ് പാലാ വലിയ പള്ളി സ്ഥാപിതമായതെന്നാണു ചരിത്രത്തെളിവുകളും വിശ്വാസവും. അന്നു പാലാപ്രദേശത്ത് അഞ്ചോ ആറോ ക്രൈസ്തവകുടുംബങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഭരണഘടനാഭാഷ ഉപയോഗിച്ചാല്‍ ക്രൈസ്തവ'ന്യൂനപക്ഷം'. പാലായില്‍ ആരാധനാലയം ഇല്ലാതിരുന്നതുകൊണ്ട് ഞായറാഴ്കളില്‍ കുറവിലങ്ങാടുപള്ളിയിലായിരുന്നുവത്രേ അവരൊക്കെ പ്രാര്‍ത്ഥനയ്ക്കു പോയിരുന്നത്. ഹൈന്ദവസഹോദരങ്ങളുടെ ഭാഷയില്‍ 'ദര്‍ശനത്തിന്' പോയിരുന്നത്! ഇക്കാര്യം എപ്പോഴോ അന്നു മീനച്ചില്‍ ഭരണാധികാരിയായിരുന്ന ക്ഷത്രിയസ്ഥാനീയന്‍ മീനച്ചില്‍ കര്‍ത്തായുടെ ശ്രദ്ധയില്‍വന്നു. തന്റെ പ്രജകളില്‍പ്പെട്ട ഒരു വിഭാഗത്തിന് അവരുടെ വിശ്വാസപ്രകാരം ആരാധനയ്ക്ക് അവസരമില്ലെന്ന അറിവിലാണ് ഭൂമിയും പള്ളി പണിയാനുള്ള തടിയും സൗജന്യമായി നല്‍കി പാലാപ്പള്ളി സ്ഥാപിച്ചത്. തന്റെ പ്രജകളില്‍ത്തന്നെയുള്ള ചിലര്‍ പള്ളിപണി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ കര്‍ത്താ നേരിട്ടെത്തി അവിടെത്തന്നെ ശ്രാമ്പി (ഷെഡ്) കെട്ടി താമസിച്ചു പള്ളിപണി പൂര്‍ത്തിയാക്കിക്കൊടുക്കുകയായിരുന്നുവെന്നും കഥയുണ്ട്. അതിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. പള്ളിപണി പൂര്‍ത്തിയാക്കി കര്‍ത്താ മടങ്ങിയപ്പോള്‍ ആ ശ്രാമ്പിയില്‍ താമസിച്ചവരാണത്രേ പിന്നീട് 'ശ്രാമ്പിക്കല്‍'ക്കാരായതെന്നും വ്യാഖ്യാനമുണ്ടല്ലോ.
പുതിയ കത്തീഡ്രല്‍ പണി പൂര്‍ത്തിയാക്കി കൂദാശ ചെയ്യുന്ന ദിവസം പാലായുടെ ആദ്യബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ കുമ്പാനി മഠത്തില്‍ച്ചെന്ന് ശ്രീ ഭാസ്‌കരന്‍ കര്‍ത്തായെക്കണ്ട് ഒരു ഓട്ടുവിളക്കു സമ്മാനിച്ചതും പാലാപ്പള്ളിക്ക് തേക്കിന്റെ ഒരു കൊടിമരം കര്‍ത്താക്കന്മാര്‍ സംഭാവന ചെയ്തതും മീനച്ചില്‍ താലൂക്കിന്റെ മതസാഹോദര്യത്തിന്റെയും പഴയകാല ഭരണാധികാരികളുടെ 'മതേതര'മനസ്സിന്റെയും തിളക്കമാര്‍ന്ന തെളിവുകള്‍തന്നെ. പില്ക്കാലത്ത് പള്ളിക്കാപറമ്പില്‍ പിതാവും കല്ലറങ്ങാട്ടു പിതാവും മുരിക്കന്‍പിതാവുമൊക്കെ വയലില്‍പ്പിതാവിന്റെ മാതൃകയാണു സ്വീകരിച്ചതും. സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രാദേശികഭരണസംവിധാനത്തിന്റെ ഭാഗമായി പഞ്ചായത്തുകള്‍ നിലവില്‍വന്നപ്പോള്‍ മുത്തോലി പഞ്ചായത്തിന്റെ പ്രസിഡന്റായി ശ്രീ ഭാസ്‌കരന്‍ കര്‍ത്താ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജനാധിപത്യകാലത്തും കര്‍ത്താക്കന്മാര്‍ 'പ്രജകള്‍'ക്കൊപ്പംതന്നെ നിന്നുവെന്നു സാരം.
നൂറു വയസ്സുവരെ ജീവിച്ചുവെന്നതല്ല, നൂറാം വയസ്സിലും മനസന്തോഷത്തോടെയും മുഖപ്രസാദത്തോടെയും ജനങ്ങളെ സ്‌നേഹിച്ചും അവരുടെ ആവശ്യങ്ങളില്‍ അവര്‍ക്കൊപ്പം നിന്നും അവരെ അന്വേഷിച്ചും നാടിന്റെ സ്പന്ദനങ്ങളറിഞ്ഞും ജീവിച്ചുവെന്നതാണ് ഭാസ്‌കരന്‍ കര്‍ത്തായെ വ്യത്യസ്തനാക്കുന്നത്. ഏതു ഭരണവ്യവസ്ഥയും ജനങ്ങള്‍ക്കു നന്മയായി ഭവിക്കണമെങ്കില്‍ ഭരണകര്‍ത്താക്കളുടെ മനസ്സ് ജനങ്ങളോടുള്ള പ്രതിബദ്ധതയിലാണു നിലനില്‌ക്കേണ്ടതെന്ന വലിയ പാഠമാണു മീനച്ചില്‍ കര്‍ത്താക്കന്മാരുടെ ചരിത്രസാക്ഷ്യം. അതിന്റെ ഏറ്റവും വലിയ താരശോഭയിലാണ് ദാമോദരസിംഹര്‍ ഭാസ്‌കരന്‍ കര്‍ത്താ നമ്മെ കടന്നുപോയത്.