പണ്ടു പണ്ട്; എന്നുവച്ചാല്‍ വളരെപ്പണ്ട്, വൃക്ഷലതാദികള്‍ പരസ്പരം സംസാരിക്കുകയും അങ്ങിങ്ങ് നടന്നുനീങ്ങുകയുമൊക്കെ ചെയ്യുമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
അന്ന്;
ഒരു കാട്ടില്‍ കുറെയേറെ വൃക്ഷങ്ങളുണ്ടായിരുന്നു. തേക്കും തേമ്പാവും മരുതും മണിമരുതും ചടച്ചിയും തമ്പകവുമൊക്കെ അവിടെ വളര്‍ന്ന് വന്മരങ്ങളായി നിന്നിരുന്നു. തമ്മില്‍ത്തമ്മില്‍ വലിയ യോജിപ്പിലായിരുന്നു അവര്‍. പരസ്പരം തമാശകള്‍ പറഞ്ഞും ചിരിച്ചും, ശിഖരങ്ങള്‍ ആട്ടി തമ്മില്‍ത്തമ്മില്‍ തട്ടിമുട്ടി സന്തോഷമായിട്ടങ്ങനെ കഴിഞ്ഞുവരുമ്പോള്‍
ഒരുനാള്‍,
ഒരു ചുരുളന്‍ ചുരുളി ആ കാട്ടിലേക്ക് നടന്നുവന്നു. ചുരുളന്‍ ചുരുളിയുടെ വരവ് കാട്ടിലെ വമ്പന്മാരായ തേക്കിനും തേമ്പാവിനുമൊന്നും ഒട്ടുംതന്നെ രസിച്ചില്ല. തേക്ക്, മറ്റു മരങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ചിട്ടു പറഞ്ഞു:
''ദാ വരുന്നുണ്ട്'' അവന്‍ എല്ലാവരേയും തോണ്ടി വിളിച്ചിട്ട് പറഞ്ഞു:
''ദാ, ദാ, കണ്ടോ; ചുരുളന്റെ വരവ്. അവനെ നമ്മുടെ കൂട്ടത്തില്‍ ചേര്‍ക്കേണ്ട.''
തേമ്പാവും മരുതും മണിമരുതും ചടച്ചിയും തമ്പകവും എല്ലാവരും തേക്കിനോടു ചേര്‍ന്നു.
''അതെയതെ, വളഞ്ഞുപൊളഞ്ഞു മൊരടു പിടിച്ചവന്‍. പോരാഞ്ഞിട്ട് പൊത്തും, കൂനും, അശ്രീകരം. നമുക്കവനെ കൂട്ടേണ്ട.'' എല്ലാവരും തേക്കിനോടു ചേര്‍ന്നുപറഞ്ഞു.
ചുരുളന്‍ ചുരുളി അപ്പോഴേക്കും അടുത്തെത്തി. വൃക്ഷക്കൂട്ടം കുശുകുശുക്കുന്നത് ചുരുളി കേള്‍ക്കുന്നുണ്ടായിരുന്നു.
മരങ്ങളൊന്നും ചുരുളിയെ കണ്ടതായിപ്പോലും ഭാവിച്ചില്ല. ചുരുളിക്ക് വലിയ സങ്കടമായി. തന്റെ ദേഹം ആകെ വളഞ്ഞു പൊളഞ്ഞിരിക്കുന്നു. പോരാഞ്ഞിട്ടൊരു പൊത്തും. പണ്ട് ആരോ ഒരു കൊമ്പു വെട്ടിയതാ. അതിപ്പോള്‍ വെള്ളമിറങ്ങി പൂതമിച്ചു പൊത്തായി. ചുരുളന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഓര്‍ത്താല്‍ അവന് കണ്ണീരു വരും.
കുറേക്കാലമങ്ങനെ കഴിഞ്ഞു. പെട്ടെന്നൊരു ദിവസം, കാട്ടില്‍ കുറേയാളുകളെത്തി. അവരുടെ കൈയില്‍ കോടാലിയും വാളും വെട്ടുകത്തിയും കയറുമൊക്കെയുണ്ടായിരുന്നു. അവര്‍ വന്നപാടെ പണി തുടങ്ങി. എന്താ പണി? മരങ്ങളൊക്കെ മുറിക്കല്‍തന്നെ.
നല്ല വണ്ണത്തില്‍, ഉയരത്തില്‍ നേരേ വളര്‍ന്നു നില്ക്കുന്ന മരങ്ങള്‍ നോക്കി ഒന്നൊന്നായി അവര്‍ മുറിച്ചടുക്കി. തേക്കും തേമ്പാവും തമ്പകവും ഒന്നൊന്നായി അവര്‍ മുറിച്ചു. കാട്ടിലെ മരങ്ങള്‍ എല്ലാം ഏതാണ്ട് തീര്‍ന്നു. ഒടുവിലാണ് പണിക്കാര്‍ ചുരുളന്റെ അടുത്തെത്തിയത്. വെട്ടുകാരന്‍ ചുരുളന്റെ ചുറ്റുംനടന്ന് ആകെയൊന്നു നോക്കി. എന്നിട്ടയാള്‍ പറഞ്ഞു:
''ഹും; ഇതൊരു പൊളവന്‍ മരം. ആകെ പൊത്തും മൊരടും. ഒന്നും കിട്ടില്ല. ഇതു മുറിക്കേണ്ട.''
മരംവെട്ടുകാര്‍ ചുരുളനെ വിട്ട് വളവും പുളവുമില്ലാത്ത മരംനോക്കിപ്പോയി.
ചുരുളന് ആശ്വാസമായി. അവന്‍ മനസ്സാ സന്തോഷിച്ചു.
''എന്റെ വളവും പൊളവും പൊത്തും മൊരടും എത്ര നന്നായി.''