ചിന്തയിലും സംസാരത്തിലും, സര്‍വസാധാരണമായി കടന്നുവരുന്ന ഒരു പദമാണ് കറിവേപ്പില. ''കറിവേപ്പില പോലെ'' എന്ന പദപ്രയോഗവും സാധാരണം. ''ഞാന്‍ വെറുമൊരു കറിവേപ്പിലയാണിവിടെ'', ''വെറുമൊരു കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു'' എന്നിങ്ങനെയുള്ള പലരുടെയും കുണ്ഠിതങ്ങള്‍ക്കിടയിലും കറിവേപ്പിലയുടെ മാറ്റു കുറഞ്ഞുപോകുന്നില്ല. കാരണം, കറിവേപ്പില ഗന്ധത്തിലും രുചിയിലും സ്വഭാവത്തിലും വളരെ ഔഷധമൂല്യമുള്ളതാണ്.
കറിവേപ്പില പലപ്പോഴും ഉപയോഗശേഷം വലിച്ചെറിയുന്നത് വിഷാംശത്തെ സ്വാംശീകരിക്കാനുള്ള അതിന്റെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. എന്തായാലും, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയും ആരോഗ്യസംരക്ഷണത്തിനുള്ള ഉപാധിയുമാണ് കറിവേപ്പില. ഇത്തരമൊരു ഔഷധസസ്യം ഉപയോഗിക്കാന്‍ പാകത്തിനു നമ്മുടെ വീട്ടുമുറ്റത്തുണ്ടാകണം എന്ന ഒരു ചിന്തയും ശാഠ്യവും ഇതു പങ്കുവയ്ക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇല /പച്ചക്കറികളെല്ലാം വന്‍തോതില്‍ രാസകീടനാശിനികള്‍ കലര്‍ന്നവയാണെന്ന സത്യവും നാം ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു.
പരിസ്ഥിതിവിചിന്തനത്തില്‍ ആഗോളതാപനത്തിന്റെ അനന്തരഫലമായി നമ്മെ നേരിട്ടുബാധിക്കുന്ന ഒരു പ്രശ്‌നം ഭക്ഷ്യസുരക്ഷതന്നെയാണ്. 30 മുതല്‍ 40 വരെ ശതമാനം ഭക്ഷ്യോത്പാദനത്തിനുള്ള കുറവ് ഇപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. എല്ലാവിധ ഭക്ഷണസാധനങ്ങളിലും ഏറെക്കുറെ ഉപയോഗിക്കുന്ന കറിവേപ്പിലയില്‍നിന്നുതന്നെ ഒരു വിപ്ലവത്തിനു തുടക്കം കുറിക്കാം.
കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുറെ കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ പരിസരങ്ങളിലുള്ള കുടുംബങ്ങളില്‍ കറിവേപ്പ് സര്‍വേ നടത്തി ഓരോ കുടുംബത്തിനും ഓരോ കറിവേപ്പിന്‍തൈ സമ്മാനിച്ച സംഭവം ഓര്‍ക്കുന്നു. ഇതൊക്കെ നട്ടുവയ്ക്കാനുള്ള മണ്ണുപോലും നമുക്കു നഷ്ടമാകുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍! ഇപ്പോള്‍ത്തന്നെ കേരളസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കോടികള്‍ മുടക്കിയുള്ള കെ റെയില്‍ പദ്ധതി, കേരളത്തെ വിഭജിച്ചുകൊണ്ട് യാത്രാക്ലേശം കുറയ്ക്കുമ്പോഴും സാധാരണക്കാരുടെ ജീവിതക്ലേശങ്ങള്‍ കുറയുന്നില്ല എന്നറിയണം. റോഡുകള്‍ക്കും മാളുകള്‍ക്കും പാളങ്ങള്‍ക്കുംവേണ്ടി നമ്മുടെ മണ്ണ് ഇത്രമേല്‍ വ്യാപകമായി അന്യാധീനപ്പെടുമ്പോള്‍ മിച്ചമുള്ള മണ്ണ് നമ്മുടെ പാദസ്പര്‍ശത്തിനായി കാത്തിരിക്കുന്നു.
വര്‍ത്തമാനങ്ങള്‍ നിറുത്തി നിശ്ശബ്ദമായി ചിലതൊക്കെ ചെയ്തുതുടങ്ങേണ്ട സമയമായി. മസനോബു ഫുക്കുവൊക്കയും, വംഗാരി മാതായിയും, കണ്ടല്‍ പൊക്കുടനുമൊക്കെ സുഗന്ധം പരത്തി മിന്നിമറയുന്നുണ്ട്. അമ്മച്ചിമാരുടെ അടുക്കളകളില്‍നിന്നു നിത്യഹരിതവിപ്ലവത്തിന്റെ തീപ്പന്തങ്ങള്‍ ജ്വലിച്ചുയരട്ടെ. കുടുംബത്തിലെ ഓരോ അംഗത്തിനും ഓരോ കറിവേപ്പ് എന്ന സൂത്രവാക്യം ഓരോ കുടുംബിനിയും ഉയര്‍ത്തട്ടെ. ഈ സൂത്രവാക്യത്തെ നിര്‍ദ്ധരിക്കാനുള്ള സമവാക്യങ്ങള്‍ ഓരോ ഗൃഹത്തിലും രൂപപ്പെടുമ്പോള്‍ മണ്ണിനൊപ്പം മനസ്സും കുളിരണിയുന്ന അനുഭവത്തിനു സാക്ഷ്യമാകും.
കറിവേപ്പില ഒരു തുടക്കംമാത്രം. മനുഷ്യന്റെ സ്വപ്നങ്ങളില്‍നിന്നു മണ്ണു മായാതിരിക്കാനുള്ള വിത്തുകള്‍ നാം പാകണം. അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കാനുള്ള വിമോചനശബ്ദം പാലസ്തീനാ കടന്നു ചുറ്റിനുമെത്തുന്നു. മണ്ണില്‍ ചവിട്ടിനിന്ന് നെറ്റിയിലെ വിയര്‍പ്പു തുടയ്ക്കാന്‍ കഴിയുന്ന ദിനത്തെക്കുറിച്ചുള്ള ഒരു സ്വപ്നം നമുക്കുണ്ടാകുമോ? 'സമ്പത്തുകാലത്ത് തൈ പത്തു വച്ചാല്‍ ആപത്തുകാലത്ത് കായ് പത്തു തിന്നാം.' മുത്തശ്ശിമാര്‍ ഒരു ചിരിയോടെ ഈണത്തില്‍ ചൊല്ലിക്കൊണ്ടു പിന്‍വാങ്ങുന്നു! ഏറ്റുചൊല്ലാന്‍ കഴിയുമോ? മാറ്റം പാട്ടിന്റെ ഈ ഈരടികള്‍.