''ദൈവം സൃഷ്ടിച്ചതിനുമേല്‍ ഒരു മണ്‍തരിപോലും ഉണ്ടാക്കിവയ്ക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടില്ല. ദൈവസൃഷ്ടിയിലെ ഒരു മണ്‍തരിപോലും നശിപ്പിക്കാനും മനുഷ്യനു കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ഈശ്വരസൃഷ്ടിയിലുള്ളതിനെക്കൊണ്ട് മനുഷ്യന്‍ ചില കളികളെല്ലാം കളിക്കുന്നു. ആ കളിയെ നാം ജീവിതമെന്നു വിളിക്കുന്നു.'' ലോകസഞ്ചാരിയായ, വിവിധ ദേശങ്ങളെയും സംസ്‌കൃതികളെയും ജനതകളെയും അടുത്തറിഞ്ഞ ഒരെഴുത്തുകാരന്‍ ജീവിതത്തിനു നല്കിയ ഈ നിര്‍വചനം എത്ര സുന്ദരവും കൃത്യതയുമാര്‍ന്നതാണ്. മനുഷ്യന്റെ നിസ്സഹായതയിലേക്കല്ല; മറിച്ച്, മനുഷ്യനും പ്രകൃതിയും ഈശ്വരനും ഒന്നുചേരുമ്പോഴുണ്ടാകുന്ന ജീവിതത്തിന്റെ യഥാര്‍ത്ഥമായ സ്വച്ഛതയിലേക്കും എന്നും നിലനില്‌ക്കേണ്ട ആനന്ദത്തിലേക്കുമാണ് 'ഒരു ദേശത്തിന്റെ കഥ'യിലെ കൃഷ്ണന്‍ മാസ്റ്റര്‍ എന്ന കഥാപാത്രത്തിലൂടെ എസ്.കെ. പൊറ്റെക്കാട്ട് വിരല്‍ ചൂണ്ടുന്നത്.
അതിരാണിപ്പാടം എന്ന ഗ്രാമത്തെയും ശ്രീധരന്‍ എന്ന നായകനെയും മുന്‍നിര്‍ത്തി ആത്മാംശപ്രധാനമായ ഒരു നോവലെഴുതുക മാത്രമല്ല എസ്.കെ. പൊറ്റെക്കാട്ട് ചെയ്തത്. ജീവിതത്തെയും മരണത്തെയും സംബന്ധിച്ച കാലാതീതവും ദേശാതീതമാവുമായ ചില യാഥാര്‍ത്ഥ്യങ്ങളെ, കാലമേറുംതോറും തിളക്കമേറി വരുന്ന ഉദാത്തമായ ചില ദര്‍ശനങ്ങളെ താന്‍ കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ മനുഷ്യജീവിതപരിണാമചിത്രങ്ങളോടു ചേര്‍ത്തുവച്ചപ്പോള്‍ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന മനോഹരമായൊരു നോവല്‍ മലയാളത്തിനു സമ്മാനിക്കുകയാണ്. 'അതിരാണിപ്പാട'ത്തെ പഴയ കൗതുകവസ്തുക്കള്‍ തേടിയലഞ്ഞ പരദേശിയായ ആ മനുഷ്യന്‍ ചെയ്തത്.
അരനൂറ്റാണ്ടിനുശേഷവും ഈ നോവലെടുത്തുവച്ചു വായിക്കുമ്പോള്‍ അതിരാണിപ്പാടമെന്ന ഗ്രാമത്തിന്റെ സൗന്ദര്യത്തെക്കാള്‍ അനുവാചകമനസ്സില്‍ ഊര്‍ജവും വെളിച്ചവുമായി മാറുന്ന ആഴമേറിയ ചില ചിന്തകളുടെ സാന്നിധ്യമാണ് ഈ നോവലിനു ഇതിഹാസമാനം നല്കുന്നത്.
''ശ്രീധരാ, ജീവിതം വഴിപിഴച്ചു വഷളാവാന്‍ തെറ്റുകള്‍ എമ്പാടും വേണമെന്നില്ല. ചിലപ്പോള്‍ ഒരൊറ്റത്തെറ്റുമതി.'' സ്വയംമറന്നാഘോഷിച്ച യൗവനത്തിന്റെ കുതിപ്പുകള്‍ക്കിടയില്‍ എപ്പോഴോ പിടികൂടിയ രോഗത്തിന്റെ കഠിനവേദനകളില്‍ കാലമേറെ താണ്ടിയ ഗോപാലേട്ടന്‍ എന്ന കഥാപാത്രത്തിന്റെ വാക്കുകളാണിത്. എട്ടാംക്ലാസുവരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന, മരപ്പണിക്കാരനായിരുന്ന ഒരു മനുഷ്യനില്‍ നിന്നെങ്ങനെയാണ് ചിന്തയുടെ ആകാശം തൊടുന്ന ഇത്തരം വാക്കുകള്‍ പ്രവഹിക്കുന്നത്? രോഗത്തിന്റെ ദീര്‍ഘകാലതപസ്യയില്‍ മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന ആത്മജ്ഞാനത്തിന്റെ വെളിച്ചമല്ലാതെ മറ്റെന്താണു നമുക്കിവിടെ കാണാനാവുന്നത്! പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഭ്രമണാത്മകമായ ഒരേ ആത്മശക്തിയില്‍പ്പെട്ട അണുക്കളാണെന്നും വാക്കുകൊണ്ടോ ചിന്തകൊണ്ടോ കര്‍മംകൊണ്ടോ മറ്റൊരുവനു നേര്‍ക്കു നാമെറിയുന്ന ആയുധം ലക്ഷ്യം കണ്ടാലുമില്ലെങ്കിലും ഒരിക്കല്‍ നമ്മുടെ നെഞ്ചില്‍ത്തന്നെ തിരിച്ചെത്തുമെന്നും അജ്ഞാതമായ ആ ശക്തിക്കുമുന്നില്‍ നാം നിസ്സഹായരാണെന്നും ഇതേ കഥാപാത്രത്തിലൂടെ നോവലിസ്റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.
അതിരാണിപ്പാടത്തെ അജ്ഞാതരായ ചില വഴിപോക്കരില്‍പ്പോലും ജീവിതസത്യങ്ങള്‍ വാറ്റിയെടുത്ത ചെറുമൊഴികളുടെ വീര്യം പൊറ്റെക്കാട്ട് വേണ്ടുവോളം നിറച്ചിട്ടുണ്ട്. ''കടലുപോലെ കിടന്നിരുന്ന ഒരു തറവാടു മുഴുവനും കുടിച്ചു വറ്റിച്ച മദ്യപ്പിശാചാണ് ആ പോകുന്നത്'' എന്ന് പ്രതാപിയായിരുന്ന കേളഞ്ചേരി കുഞ്ഞിക്കേളു മേലാനെ നോക്കി പിറുപിറുക്കുന്നത് നോവലിലെ പേരില്ലാത്ത ഏതോ ഒരു കഥാപാത്രമാണ്. ആളും അകമ്പടിക്കാരും ആഘോഷങ്ങളുമായി നാടിളക്കിമറിച്ചിരുന്ന ഒരു മനുഷ്യനെ റിക്ഷാക്കൂലിപോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ മുഷിഞ്ഞ വസ്ത്രവുമായി തെരുവില്‍ നിര്‍ത്തുന്ന മദ്യത്തിന്റെ 'മാജിക്' കണ്ടിട്ടാവണം മഹാലക്ഷ്മി വിലാസം ഹോട്ടലിലെ മദ്യവിരുന്നിന്റെ പ്രലോഭനങ്ങളില്‍നിന്ന് ശ്രീധരന്‍ എന്നേക്കുമായി അകന്നുമാറാന്‍ തീരുമാനിച്ചത്.
ശുദ്ധപ്രണയത്തിന്റെയും പകയുടെയോ സ്വാര്‍ത്ഥതയുടെയോ വിഷമേശാത്ത വേര്‍പിരിയലുകളുടെയും നിശ്ശബ്ദമുഹൂര്‍ത്തങ്ങള്‍ ശ്രീധരന്റെ ജീവിതത്തില്‍ അനുവാചകര്‍ക്കു കാണാനാവും. അതിരാണിപ്പാടത്തെ വഴിയരികിലുണ്ടായിരുന്ന ഓലക്കുടിലില്‍ കഴിഞ്ഞിരുന്ന, നോട്ടുബുക്കുനിറയെ കവിതകളെഴുതുമായിരുന്ന അമ്മുക്കുട്ടിയും പാതിതളര്‍ന്ന ശരീരവും തെല്ലുപോലും മങ്ങലേല്‍ക്കാത്ത ചിരിയുമായി പഴമ്പായയില്‍ കിടന്നിരുന്ന നാരായണിയും ഉത്തര സ്വിറ്റ്‌സര്‍ലണ്ടിലെ മഞ്ഞുമലനിരകളില്‍വച്ചു ശ്രീധരന്‍ പരിചയപ്പെട്ട എമ്മ എന്നു പേരുള്ള ജര്‍മന്‍കാരിയും 'ഒരു ദേശത്തിന്റെ കഥ'യിലെ വ്യത്യസ്തമായ മൂന്നു പ്രണയപാഠങ്ങളാണ്.
ആരുമറിയാതെ അമ്മുക്കുട്ടി നോട്ടുബുക്കില്‍ കുറിച്ചിട്ട കവിതകള്‍ ശ്രീധരന്‍ ആദ്യമായി കാണുന്നത് അവള്‍ മരിച്ചതിനുശേഷമാണ്. ഇഷ്ടത്തെ തുറന്നുപറയാന്‍ നാണിച്ചും പേടിച്ചും അകന്നും മറന്നെന്നു ഭാവിച്ചും വര്‍ഷം പിന്നിട്ടവര്‍. അവളെയോര്‍ത്ത് ശ്രീധരനെഴുതിയ ദുഖാത്മകമായ പ്രേമഗാനങ്ങളത്രയും മരണമേല്പിക്കുന്ന ശൂന്യതയെ മറികടന്നുള്ള മനസ്സിന്റെ സര്‍ഗ്ഗസ്പന്ദനങ്ങളായിവേണം കരുതാന്‍.
''അപ്പ്വേട്ടാ, നമ്മുടെ വിരുന്നുകാരന് പേരയ്ക്കാ പറിച്ചുകൊടുക്ക്'' നിലത്തുവിരിച്ച പഴമ്പായയില്‍നിന്നു കേട്ടിരുന്ന സ്‌നേഹമൂറുന്ന മൊഴികള്‍ നാരായണിയുടെ കുഴിമാടത്തിനരികെ നില്ക്കുമ്പോഴും ശ്രീധരന്റെ മനസ്സില്‍ മുഴങ്ങുന്നു. ചങ്ങാതിയായ അപ്പുവിന്റെ അനുജത്തിയായിരുന്നു നാരായണി ഒരു പൊന്‍കിനാവായിരുന്നു അവള്‍. എന്നും കിനാക്കള്‍ക്ക് മരണമില്ലെന്നും ചിന്തിച്ച് വ്യഥയടക്കാന്‍ ശ്രമിക്കുന്ന ശ്രീധരനെക്കൊണ്ട് കുഴിമാടത്തിനുമുന്നില്‍ നിര്‍ത്തിക്കൊണ്ടുതന്നെ പൊറ്റെക്കാട്ട് ആ കനിയൂട്ടുന്നു.
ഭാഷയുടെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും അതിരുകളെ കുലീനമായ പ്രണയാക്ഷരങ്ങളാല്‍ മായിച്ചുകളഞ്ഞവള്‍, ഒരിക്കല്‍ തിരിച്ചുപോകേണ്ടവനാണെന്നറിഞ്ഞിട്ടും ശ്രീധരനൊപ്പം ബേയന്‍സ് തടാകക്കരയിലൂടെയും മഗ്‌നോളിയാ മരങ്ങള്‍ക്കിടയിലൂടെയും ഇന്ത്യയെയും ഇന്ത്യന്‍ സാഹിത്യത്തെയുംപറ്റി വാതോരാതെ വര്‍ത്തമാനം പറഞ്ഞിരുന്നവള്‍, 'ലോകത്തിലെ സകല ഗ്രന്ഥങ്ങളും നശിച്ചാലും ദൈവമേ, ശാകുന്തളം നശിക്കരുതേ' എന്നു പ്രാര്‍ത്ഥിച്ച ജര്‍മന്‍ കവിയുടെ മനസ്സിനൊപ്പം നിന്നവള്‍ ഒടുവില്‍ ഒടുവില്‍ ഒരു കൈകൊണ്ടു ശ്രീധരന്റെ കൈയിലെ പെട്ടികള്‍ തട്ടിത്തെറിപ്പിച്ച് മറ്റേ കൈകൊണ്ട് അവനെ തടഞ്ഞു പോകരുതേ എന്നു വിലപിച്ചവള്‍... എന്നിട്ടും എമ്മ എന്ന പെണ്‍കിടാവിന്റെ സ്‌നേഹത്തെ എന്തുകൊണ്ടായിരിക്കും ശ്രീധരന്‍ അവഗണിച്ചത്? അവന്റെ മനസ്സില്‍ ആ നിമിഷം വലിയൊരു താരതമ്യം നടക്കുന്നു. ജങ്‌ഫ്രോഗിരിയും സഹ്യാദ്രിയും കൂര്‍ത്തമേല്‍പ്പുരയോടുകൂടിയ പള്ളികളും പൊന്‍താഴികക്കുടമണിഞ്ഞ അമ്പലങ്ങളും ആപ്പിള്‍ത്തോപ്പുകളും തെങ്ങിന്‍ തോപ്പുകളും ആര്‍നദിയും ഭാരതപ്പുഴയും... ദേശസ്വത്വത്തിന്റെ അടരുകളെ പറിച്ചെറിയാന്‍ കഴിയാത്ത ഒരു മനസ്സായതുകൊണ്ടാവാം എമ്മയുടെ പ്രണയത്തെ ശ്രീധരന് നിരാകരിക്കേണ്ടിവന്നത്.
ടശേഹഹ ഞലാലായലൃശിഴ ്യീൗഋാാമ എന്ന ഒറ്റ വരിയുള്ള കത്ത് നാട്ടിലെത്തുമ്പോഴും അയാളതിനെ അവഗണിക്കുന്നു. മാഹിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തിനടുത്ത്, കരിനീലത്തലമുടിക്കു കറുത്തവിരിഞ്ഞ മിഴികളുമുള്ള ഒരു തനി മലയാളിപെണ്‍കിടാവിനെ വധുവായി സ്വീകരിക്കുന്നതിന്റെ തലേരാത്രി ശ്രീധരന്‍ ആ കത്ത് ചാമ്പലാക്കുന്നു. ഒത്തുചേരലുകളും ഒഴിഞ്ഞുകൊടുക്കലുകളും അകന്നുമാറലുകളും തെറ്റിപ്പിരിയലുകളുമെല്ലാം ചേര്‍ന്ന ബഹളമയമായ ഒരു തെരുവാണ് ജീവിതം എന്നുകൂടി 'ഒരു ദേശത്തിന്റെ കഥ' സാക്ഷ്യപ്പെടുത്തുന്നു.
ആഖ്യാനം ചെയ്യപ്പെട്ട കാലത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോടും പാരിസ്ഥിതിക പരിണാമങ്ങളോടും നീതിപുലര്‍ത്തുന്നു എന്നതാണ് ഈ നോവലിന്റെ മറ്റൊരു സവിശേഷത മാപ്പിളക്കലാപവും ദേശീയപ്രക്ഷോഭവുമെല്ലാം അതിന്റെ തീവ്രസംഘര്‍ഷങ്ങളോടെതന്നെ നോവലില്‍ ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യസമരത്തെ 'ഗാന്ധിപ്പിരാന്ത്' എന്നു പരിഹസിച്ചവരെയും ഗാന്ധിയെച്ചൊല്ലി മര്‍ദനമേറ്റു മരിച്ചവരെയും അതിരാണിപ്പാടത്തു കാണാം.
അതിരാണിപ്പാടത്തെ കാളികൂളി പ്രേതപിശാചുക്കളുടെയും യക്ഷികളുടെയും ആവാസകേന്ദ്രമായിരുന്ന പൂതപ്പറമ്പ് പിന്നീടു വെള്ളപ്പട്ടാളക്കാരുടെ പരിശീലനകേന്ദ്രവും ഗോള്‍ഫ് കളിയുടെ മൈതാനവുമായി മാറുന്നു. മഴക്കാലരാത്രികളില്‍ അതിരാണിപ്പാടത്തു മുഴങ്ങിയിരുന്ന തവളകളുടെ പാട്ടുകച്ചേരികള്‍ എന്നോ നിലച്ചുപോയി. ആ ഭേകഭാഗവതര്‍മാരെല്ലാം ഐസുകുപ്പായമിട്ട് സായിപ്പിന്റെ തീന്‍മേശയിലെത്തി ഡോളറുകളായി തിരിച്ചെത്തുന്നു. പൈതൃകത്തെയും വിഭവങ്ങളെയും സായിപ്പിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്ന ഈ സാമ്പത്തികശാസ്ത്രത്തിന്റെ വിനാശം തിരിച്ചറിഞ്ഞതുകൊണ്ടാണ് 'കേരളത്തില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ച തവളക്കാലുകളുടെ എണ്ണം എത്ര'' എന്ന വിചിത്രമായ ചോദ്യം എം.പി. കൂടിയായ ശ്രീധരന് പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ടിവന്നത്. വെള്ളവും കടല്‍ത്തീരവും പുഴയും പാറയും മണ്ണും മരങ്ങളുമെല്ലാം വിറ്റുതുലയ്ക്കാന്‍ ഭരണ-ഉദ്യോഗസ്ഥവൃന്ദം മത്സരിക്കുന്ന വര്‍ത്തമാനകേരളത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒട്ടേറെ പാരിസ്ഥിതിക പാഠങ്ങള്‍ 'ഒരു ദേശത്തിന്റെ കഥ'യിലുണ്ട്.
അതിരാണിപ്പാടം എന്ന ദേശത്തിന്റെ മാത്രം കഥയല്ല ഈ നോവല്‍. ശ്രീധരനും കൃഷ്ണന്‍മാസ്റ്ററും വേലു മൂപ്പരും ശകുനിക്കമ്പൗണ്ടരും മീശക്കാരനും കുടക്കാല്‍ബാലനും നാരായണിയും അമ്മുക്കുട്ടിയും എമ്മയുമെല്ലാം വാസ്തവത്തില്‍ ആരാണ്? ഈശ്വരന്‍ ഉണ്ടാക്കിവച്ചതിനുമേല്‍ ഏതൊക്കെയോ ലീലകള്‍; ധര്‍മാധര്‍മങ്ങളുടെയോ സുഖദുഃഖങ്ങളുടെയോ ത്യാഗഭോഗങ്ങളുടെയോ ഭിന്നകേളികളാടുന്ന നരജീവിതപരിണാമത്തിന്റെ അനശ്വരമൂര്‍ത്തികള്‍. അതുകൊണ്ടുതന്നെയാണ് ജ്ഞാനപീഠലബ്ധിയാല്‍ ഈ നോവലും എഴുത്തുകാരനും ആദരിക്കപ്പെട്ടത്.