അറിയണം ഈ നിയമവഴികള്‍
(കഴിഞ്ഞ ലക്കം തുടര്‍ച്ച)
6. സ്ത്രീകളെ ശല്യം ചെയ്യല്‍ (Eve Teasing / Sexual Harassment) ഒരു സ്ത്രീയുടെ മര്യാദയെ ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കുകയോ ഏതെങ്കിലും ചേഷ്ടകള്‍ കാണിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാം. ഫോണ്‍വഴിയോ എഴുത്തുവഴിയോ ശല്യം ചെയ്യുന്നതും, ഇന്ത്യന്‍ ശിക്ഷാനിയമം 294 (ബി) പ്രകാരം അശ്ലീലവാക്കുകള്‍ പറയുകയോ അശ്ലീലഗാനങ്ങള്‍ പാടുകയോ ചെയ്യുന്നതും മൂന്നു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
7. ഗര്‍ഭച്ഛിദ്രവും ഗര്‍ഭസ്ഥശിശുവിന്റെ മരണം സംഭവിപ്പിക്കുന്നതും (Causing miscarriage and preventing child from being born alive) ഇന്ത്യന്‍ ശിക്ഷാനിയമം 313-ാം വകുപ്പുപ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
8. വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ Offence relating to marriage) നിയമപരമായി വിവാഹം ചെയ്യാതെ ഒരു സ്ത്രീയോടൊപ്പം താമസിക്കുകയും ഭാര്യയാണെന്നു വിശ്വസിപ്പിച്ചുകൊണ്ട് അവരുമായി ലൈംഗികവേഴ്ച നടത്തുകയും ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 493-ാം വകുപ്പുപ്രകാരം പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.
9. കേരള പോലീസ് നിയമം (Kerala Police Act 2011) കേരള പോലീസ് ആക്ടിലെ 119-ാം വകുപ്പ് പ്രകാരം ഏതെങ്കിലും പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗികചേഷ്ടകളോ പ്രവൃത്തികളോ ചെയ്യുകയോ ഏതെങ്കിലും സ്ഥലത്തുവച്ച് സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം തടവോ 10000 രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
10. സ്ത്രീധന നിരോധനനിയമം (Dowary Prohibition Act 1961) ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
11. സ്ത്രീകളുടെ അന്തസ്സിനു ഭംഗം വരുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം (Indecent representation of women (Prohibition) Act 1986).. ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം ഏതെങ്കിലും സ്ത്രീയുടെ ചിത്രം അന്തസ്സിനു ചേരാത്തവിധം പരസ്യങ്ങളിലോ പോസ്റ്ററുകളിലോ പ്രദര്‍ശിപ്പിക്കുന്നതും 4-ാം വകുപ്പുപ്രകാരം അത്തരം ചിത്രങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍, ഫിലിം തുടങ്ങിയവ വിതരണം ചെയ്യുന്നതും പോസ്റ്റുവഴി അയയ്ക്കുന്നതും കുറ്റകരമാണ്.
12. ബാലവിവാഹം(Child Marriage (Prohibition) Act 2006) ഇതിന്റെ 9-ാം വകുപ്പുപ്രകാരം പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ (21 വയസ്സില്‍ മുകളില്‍) 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും 10-ാം വകുപ്പുപ്രകാരം ശിശുവിവാഹം നടത്തിക്കൊടുക്കുന്നതും രണ്ടു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
13. വേശ്യാവൃത്തി നിരോധനനിയമം Immoral Traffic (Prevention) Act 1956) ഈ നിയമത്തിന്റെ 3-ാം വകുപ്പു പ്രകാരം വേശ്യാലയം നടത്തുന്നത് മൂന്നു വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
14. ഗാര്‍ഹികാതിക്രമങ്ങളില്‍നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം. കുടുബത്തിനുള്ളില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിനു വിധേയമാക്കുകയോ അതിക്രമങ്ങളെത്തുടര്‍ന്നു സംഭവിക്കുന്ന വിഷയങ്ങള്‍ക്ക് ഇരയാവുകയോ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്കു കൂടുതല്‍ ഫലപ്രദമായ പരിരക്ഷ നല്‍കുന്നതിനായി നിര്‍മിച്ചിട്ടുള്ള നിയമമാണിത്. 4-ാം വകുപ്പുപ്രകാരം ഗാര്‍ഹികപീഡനം നടക്കുന്നുണ്ടെന്നോ നടന്നുവെന്നോ വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും സംരക്ഷണോദ്യോഗസ്ഥനെ വിവരം തെര്യപ്പെടുത്താവുന്നതാണ്. 31 (1) വകുപ്പുപ്രകാരം നിയമപ്രകാരമുള്ള മജിസ്ട്രേറ്റിന്റെ സംരക്ഷണ ഉത്തരവു കുറ്റാരോപിതന്‍ ലംഘിച്ചാല്‍ പോലീസിനു കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത് ജാമ്യമില്ലാത്ത കുറ്റമാണ്.
15. ഗര്‍ഭകാലത്ത് ലിംഗനിര്‍ണയപരിശോധന നിരോധിച്ചുകൊണ്ടുള്ള നിയമംPre Conception and Prenatal diagnostic Techniques (Prohibition of Sex selection) Act 1994). ഈ നിയമത്തിന്റെ 23-ാം വകുപ്പിന്റെ ഉപവകുപ്പുപ്രകാരം ഗര്‍ഭകാലത്ത് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടറും 3-ാം ഉപവകുപ്പുപ്രകാരം ലിംഗനിര്‍ണയത്തിന് ആവശ്യപ്പെടുന്ന വ്യക്തിയും മൂന്നു വര്‍ഷം തടവിനു ശിക്ഷാര്‍ഹരാണ്.
16. സൈബര്‍ കുറ്റകൃത്യങ്ങള്‍
വിവരസാങ്കേതികനിയമ (Information Technology Act 2008)
66 E ഐ.റ്റി. ആക്ട് 2008: മറ്റൊരാളിന്റെ സ്വകാര്യതയിലേക്കു മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലൂടെ കടന്നുകയറിയാല്‍ മൂന്നുവര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
സെക്ഷന്‍ 67 ഐ.ടി. ആക്ട് 2008: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും മൂന്നുവര്‍ഷംവരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.
66 അ ഐ.ടി ആക്ട് 2008: സ്ത്രീകളുടെ ലൈംഗികകാര്യങ്ങളടങ്ങിയ ഏതെങ്കിലും വിഷയം ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ പ്രസരണം ചെയ്യുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും ആദ്യ തവണയും പിന്നീട് ഏഴു വര്‍ഷംവരെ തടവും പത്തു ലക്ഷംവരെ പിഴയും ശിക്ഷയായി ലഭിക്കാം.
67 ആ: കുട്ടികളുടെ ലൈംഗികചിത്രങ്ങള്‍. കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന കാര്യങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രസരണം നടത്തുകയോ ചെയ്താല്‍ അഞ്ചു വര്‍ഷം തടവും പത്തു ലക്ഷം രൂപവരെ പിഴയും ആദ്യശിക്ഷയിലും ഏഴു വര്‍ഷംവരെ തടവും പത്തു ലക്ഷം രൂപവരെ പിഴയും പിന്നീടുള്ള ശിക്ഷകളിലും ലഭിക്കാവുന്നതാണ്.
ഗാര്‍ഹികപീഡന നിരോധനനിയമം
ഈ നിയമപ്രകാരം, പരാതിക്കാരിയെ മാനസികമോ ശാരീരികമോ ആയി മുറിവേല്പിക്കുന്നതോ വേദനിപ്പിക്കുന്നതോ, അവളുടെ ആരോഗ്യം, സുരക്ഷ, ജീവിതസ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതോ, അതിനിടയാക്കുന്നതോ, ശാരീരികമോ ലൈംഗികമോ വാചികമോ വൈകാരികമോ സാമ്പത്തികമോ ആയി പീഡിപ്പിക്കുന്നതുള്‍പ്പെടെയുള്ളതോ ആയ എതിര്‍കക്ഷിയുടെ പ്രവൃത്തി, ഉപേക്ഷ, കര്‍മം, പെരുമാറ്റം എന്നിവ ഗാര്‍ഹികപീഡനമായി കണക്കാക്കപ്പെടും. സ്ത്രീധനത്തിനോ സ്വത്തിനോ നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയെയോ അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിര്‍കക്ഷി നിര്‍ബന്ധിക്കുകയോ പീഡിപ്പിക്കുകയോ അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ മാനസികമോ ആയി മുറിവേല്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാര്‍ഹികാതിക്രമമാകുന്നു.
പരാതിക്കാരിക്കു ലഭിക്കുന്ന നിവൃത്തികള്‍
വകുപ്പ് - 18: സംരക്ഷണ ഉത്തരവ്
ഇരുകക്ഷികളുടെയും ഭാഗം കേട്ടശേഷം ഗാര്‍ഹികപീഡനം നടന്നുവെന്നോ നടക്കുവാന്‍ സാധ്യതയുണ്ടെന്നോ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നപക്ഷം മജിസ്‌ട്രേറ്റിനു പരാതിക്കാരിക്ക് അനുകൂലമായും എതിര്‍കക്ഷിക്ക് എതിരായും വിവിധ സംരക്ഷണ ഉത്തരവുകള്‍ പുറപ്പെടുവിക്കാം. അതിക്രമം തടഞ്ഞുകൊണ്ടുള്ള ഉത്തരവുകളെന്നും ഇതിനെ വിളിക്കാറുണ്ട്.
വകുപ്പ് 19 : താമസസൗകര്യ ഉത്തരവ്
പരാതിക്കാരിക്കു നിയമപരമായി അവകാശമുണ്ടെങ്കിലും ഇല്ലെങ്കിലും എതിര്‍കക്ഷിക്കൊപ്പം പങ്കു പാര്‍ത്ത വീട്ടില്‍നിന്ന് ഒഴിപ്പിക്കുകയോ, താമസിക്കുന്നതില്‍ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാന്‍ ഈ വകുപ്പുപകാരം മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ പങ്കു പാര്‍ത്ത വീട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും ഇരയാക്കപ്പെടുന്നയാള്‍ താമസിക്കുന്ന വീട്ടിലേക്കോ പങ്കുപാര്‍ത്ത വീട്ടിലേക്കോ അതിലെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കരുതെന്ന് എതിര്‍കക്ഷികളോട് നിര്‍ദേശിക്കാനും ഇപ്രകാരം കഴിയും.
വകുപ്പ് 20 : സാമ്പത്തികപരിഹാരങ്ങള്‍
പരാതി പരിഗണിക്കുന്ന വേളയില്‍, പരാതിക്കാരിക്കും കുട്ടികള്‍ക്കും പ്രതിമാസച്ചെലവിനു നല്‍കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും എതിര്‍കക്ഷിയോടു നിര്‍ദേശിക്കാന്‍ ഈ വകുപ്പ് മജിസ്‌ട്രേറ്റിന് അധികാരം നല്‍കുന്നു.
വകുപ്പ് 21 : കസ്റ്റഡി ഉത്തരവുകള്‍
ഈ വകുപ്പുപ്രകാരം കുട്ടികളുടെ താത്കാലികസംരക്ഷണത്തിനുള്ള ചുമതല ഹര്‍ജിക്കാരിക്ക് കോടതി മുഖാന്തരം നേടിയെടുക്കാവുന്നതാണ്. മറ്റു നിയമങ്ങളില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും, കേസിന്റെ വിചാരണവേളയില്‍ ഹര്‍ജിക്കാരിക്കോ ഹര്‍ജിക്കാരിക്കുവേണ്ടി മറ്റാളുകള്‍ക്കോ ഇത്തരത്തില്‍ അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ഹര്‍ജിക്കാരിയെ കുട്ടികളുടെ താത്കാലികസംരക്ഷണം ഏല്പിക്കുന്നപക്ഷം എതിര്‍കക്ഷികള്‍ക്കു കുട്ടികളെ കാണുന്നതിനുള്ള അനുവാദവും മജിസ്‌ട്രേറ്റിനു നല്‍കാവുന്നതാണ്.
വകുപ്പ് 22 : നഷ്ടപരിഹാര ഉത്തരവുകള്‍
സാമ്പത്തികപരിഹാരങ്ങള്‍ക്കു പുറമേ, പരാതിക്കാരി നേരിട്ടിട്ടുള്ള മാനസിക - വൈകാരിക അതിക്രമങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കാന്‍ എതിര്‍കക്ഷിയോടു കോടതിക്കു നിര്‍ദേശിക്കാവുന്നതാണ്.
അതിക്രമങ്ങള്‍ക്ക് എതിരേയുള്ള പ്രതിരോധമെന്ന നിലയില്‍ ഇനിപറയുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ക്കു സ്വീകരിക്കാവുന്നതാണ്.
1. എപ്പോഴും പോലീസ് ടെലിഫോണ്‍ നമ്പര്‍ കൈവശം സൂക്ഷിക്കുക
2. ആവശ്യമുള്ളപ്പോള്‍ പോലീസില്‍ ഫോണ്‍ ചെയ്യുക.
3. അടിയന്തരകാര്യങ്ങളില്‍ സഹായിക്കുന്നവരുടെ പേരുവിവരങ്ങള്‍ കൈയില്‍ സൂക്ഷിക്കുക.
4. വിശ്വാസമുള്ള ഒരു അയല്‍വാസിയുടെ ടെലിഫോണ്‍ നമ്പര്‍ കൈയില്‍ സൂക്ഷിക്കണം.
5. ശല്യക്കാര്‍ സമീപിച്ചാല്‍ എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.