1892-ാമാണ്ടില്‍ അമേരിക്കയിലെ വളരെ പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പതിനെട്ടുകാരനായ ഒരു വിദ്യാര്‍ത്ഥി പഠിക്കുന്നുണ്ടായിരുന്നു. തന്റെ പഠനച്ചെലവിനുള്ള വഴി കാണാതെ വിഷമിച്ചു കഴിയുകയായിരുന്ന അവന്‍ ഒരു അനാഥനുമായിരുന്നു. പണം കണ്ടെത്താന്‍ എന്തു വഴിയുണ്ടെന്നും എവിടെപ്പോകണമെന്നും വിഷമിച്ചിരിക്കുകയായിരുന്ന അയാള്‍ അവസാനം ഒരു ആശയം കണ്ടെത്തി. അതു കൂട്ടുകാരനുമായി പങ്കുവച്ചു. കാമ്പസില്‍ ഒരു ഗാനമേളയ്ക്ക് ആതിഥ്യം വഹിച്ചു പണം കണ്ടെത്താമെന്നായിരുന്നു അവന്റെ മനസ്സിലുദിച്ച ആശയം. കൂട്ടുകാരനും ആ മാര്‍ഗം സ്വീകാര്യമായി. അതിനായി അക്കാലത്ത് വളരെ പേരെടുത്ത ഒരു പിയാനിസ്റ്റിനെ സമീപിച്ചു. അദ്ദേഹം പോളീഷ്‌കാരനായ ഇഗ്നാസിയോ ജെ. പദ്ദേര്‍വ്‌സ്‌കി എന്ന ഗായകനായിരുന്നു. അദ്ദേഹത്തിന്റെ മാനേജരുടെ ശ്രദ്ധയില്‍ കുട്ടികള്‍ കാര്യം അവതരിപ്പിച്ചു. പിയാനോ ഗാനമേളയ്ക്ക് രണ്ടായിരം ഡോളര്‍ ഫീസായി ഉറപ്പായും വേണമെന്ന് അദ്ദേഹം അവരോടു പറഞ്ഞു. വ്യവസ്ഥകള്‍ സമ്മതിച്ച് കുട്ടികള്‍ ഉടമ്പടി പാസ്സാക്കി. ഗാനമേള വിജയകരമാക്കിത്തീര്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനുള്ള ചെലവുകള്‍ക്കായി ധനസമാഹരണത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ടിക്കറ്റുകള്‍ അടിച്ചു വില്പനയും തുടങ്ങി.
കരാര്‍ദിനം വന്നെത്തി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവര്‍ക്കു രണ്ടായിരം ഡോളര്‍ പിരിച്ചെടുക്കാനായില്ല. വെറും 1600 ഡോളര്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ! നിരാശരായി, തകര്‍ന്ന മനസ്സുമായി അവര്‍ പദ്ദേര്‍വ്‌സ്‌കിയെ ചെന്നുകണ്ട് തങ്ങളുടെ ദയനീയസ്ഥിതി വിവരിച്ചു. അവര്‍ പിരിച്ചുകിട്ടിയ 1600 ഡോളറും ബാക്കി 400 ഡോളറിനുള്ള ഒരു അവധിച്ചെക്കും നല്‍കി. എത്രയുംവേഗം ബാക്കിതുക നല്‍കാമെന്ന് ഉറപ്പും നല്‍കി. വേണ്ടപോലെ ചെയ്തുതരണമെന്നും അവര്‍ അപേക്ഷിച്ചു. അവരുടെ നിസ്സഹായാവസ്ഥ അവരുടെ മുഖത്തുനിന്നു വായിച്ചറിഞ്ഞിട്ടോ എന്തോ 'വേണ്ട' എന്ന മറുപടി അദ്ദേഹം നല്‍കി. ഇത് 'ഒട്ടും സ്വീകാര്യമല്ല' എന്നു പറഞ്ഞ അദ്ദേഹം ആ കുട്ടികള്‍ നല്‍കിയ ചെക്കു രണ്ടായി കീറി. വാങ്ങിയ 1600 ഡോളര്‍ തിരികെ നല്‍കിക്കൊണ്ട് അവരോടു പറഞ്ഞു: ''നിങ്ങള്‍ക്കു ചെലവായ തുകയത്രയും എടുത്തിട്ടു ബാക്കിയുള്ളതു നിങ്ങള്‍ കൈവശം വച്ചുകൊള്ളുക. നിങ്ങളുടെ ഫീസിന്റെ ചെലവിന് ഉപയോഗിക്കുക. ഇനി ബാക്കിയുള്ളതു വല്ലതുമുണ്ടെങ്കില്‍, ശേഷിച്ചിട്ടുണ്ടെങ്കില്‍ അതുമാത്രം എനിക്കു തന്നാല്‍ മതി!'' കുട്ടികള്‍ അത്യന്തം അദ്ഭുതപ്പെട്ടു. സമനില വീണ്ടെടുത്ത അവര്‍ അദ്ദേഹത്തിന് അകമഴിഞ്ഞ കൃതജ്ഞത പറഞ്ഞു പിരിഞ്ഞു. അതു കാരുണ്യത്തിന്റെ ചെറിയൊരുദാഹരണമായിരുന്നുവെങ്കിലും പദ്ദേര്‍വ്‌സ്‌കിയെ മഹാനായൊരു മനുഷ്യസ്‌നേഹിയായി ചിത്രീകരിക്കാന്‍ അതു കാരണമായി.
വാഗ്ദാനം ചെയ്തപോലെ അദ്ദേഹം അവര്‍ക്കു ഗാനമേളകെങ്കേമമായി നടത്തിക്കൊടുത്തു. തങ്ങള്‍ക്കാവശ്യമായതില്‍ കൂടുതല്‍ നല്ലൊരു തുക കളക്ഷന്‍ കിട്ടിയതില്‍ കുട്ടികള്‍ വളരെയേറെ സന്തോഷചിത്തരായി.
തനിക്ക് ഒട്ടും പരിചയവും അറിവും ഇല്ലാത്ത രണ്ടുപേരെ പദ്ദേര്‍വ്‌സ്‌കി എന്തിനു സഹായിച്ചു? ഇതുപോലുള്ള സ്ഥിതിവിശേഷമോ സാഹചര്യമോ ജീവിതയാത്രയില്‍ നാമും അഭിമുഖീകരിക്കാറില്ലേ? നമ്മില്‍ ചിലരെങ്കിലും 'ഞാന്‍ ഇവരെ സഹായിച്ചാല്‍ നമുക്കെന്തു ഗുണം' എന്നാവും ചിന്തിക്കുക. എന്നാല്‍, 'ഞാന്‍ ഇവരെ സഹായിച്ചില്ലെങ്കില്‍ ഇവര്‍ക്കെന്തു സംഭവിക്കും' എന്നാണ് മനുഷ്യത്വവും ആത്മാര്‍ത്ഥതയും ഉള്ളവര്‍ ചിന്തിക്കുക. അവര്‍ അതു ചെയ്യുന്നതിന്റെ കാരണം അതു തങ്ങള്‍ ചെയ്യേണ്ടതും ശരിയായ ഒരു കാര്യവുമെന്ന ചിന്തയിലാണ്.
പദ്ദേര്‍വ്‌സ്‌കി പിന്നീട് നാട്ടിലേക്കു മടങ്ങി. അദ്ദേഹം താമസിയാതെ പോളണ്ടിന്റെ പ്രധാനമന്ത്രിയുമായി! അദ്ദേഹത്തിന്റെ ഭരണതന്ത്രജ്ഞതയും നേതൃപാടവവും പോളിഷ് ജനതയെ ഹഠാദാകര്‍കര്‍ഷിച്ചു. നിര്‍ഭാഗ്യവശാല്‍ യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പോളണ്ട് ആകെ തകര്‍ച്ചയിലുമായി; എങ്ങും പട്ടിണിയും പരിവട്ടവും. അവരെ പോറ്റാനുള്ള വക പോളണ്ടിലില്ലാതായി. സഹായത്തിനുള്ള നിലവിളിയില്‍ ജനതയുടെ വേദനയില്‍ നീറിയ അദ്ദേഹം പരിഹാരം കാണാനുള്ള വഴിതേടി. ഒടുവില്‍ സഹായത്തിനായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് റിലീഫ് അഡ്മിനിസ്‌ട്രേഷനെ സമീപിക്കാന്‍ തീരുമാനിച്ചു. ഹെര്‍ബെര്‍ട്ട് ഹൂവര്‍ (ഒലൃയലൃ േഒീീ്‌ലൃ) എന്നൊരാള്‍ അവിടെയുണ്ടെന്നും അദ്ദേഹമിപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ടാണെന്നും അദ്ദേഹം അറിഞ്ഞു. ഒട്ടും അമാന്തം കൂടാതെ അദ്ദേഹം ഹൂവറെ കാര്യങ്ങള്‍ അറിയിച്ചു സഹായം അഭ്യര്‍ത്ഥിച്ചു. ഹെര്‍ബെര്‍ട്ട് ഹൂവര്‍ സഹായിക്കാമെന്നേറ്റു. ഉടനടി ടണ്‍ കണക്കിനു ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയ കപ്പലുകള്‍ പോളണ്ടിലേക്കു തിരിച്ചു. ഒരു വലിയ ദുരന്തരം പോളണ്ടിനു സംഭവിക്കാമായിരുന്നത് അങ്ങനെയൊഴിവായി. പദ്ദേര്‍വ്‌സ്‌കിക്ക് ആശ്വാസവുമായി.
നേരിട്ട് അമേരിക്കയിലെത്തി ഹൂവറെക്കണ്ട് നല്‍കിയ ഉപകാരത്തിനും സഹായത്തിനും നന്ദി പറയുവാന്‍ പദ്ദേര്‍വ്‌സ്‌കി തീരുമാനിച്ചു. അതിനായി അമേരിക്കയിലെത്തി ഹൂവറിന്റെ സന്മനസ്സിന് ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിച്ചുതുടങ്ങിയപ്പോള്‍ ഹൂവര്‍ ഇടപെട്ടു പറഞ്ഞു: ''മിസ്റ്റര്‍ പ്രധാനമന്ത്രീ, നിങ്ങള്‍ എനിക്കു നന്ദി പറയേണ്ടതില്ല, നിങ്ങള്‍ ഇക്കാര്യം ഓര്‍മിക്കുന്നില്ലായിരിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ചെറുപ്പക്കാരനായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോളജുപഠനം പൂര്‍ത്തീകരിക്കാനുള്ള ഫീസിനു സഹായം ചെയ്തിട്ടുണ്ട്. ഞാന്‍ അവരില്‍ ഒരാളാണ്.''
നമ്മുടെ ലോകം അദ്ഭുതകരമാണ്. ചുറ്റും നടക്കുന്നവ നമുക്കും അനുഭവത്തിനിടയാക്കാറുണ്ട്. നമ്മുടെ കഴിവിന്റെ ഒരംശമല്ല, പരമാവധികൊണ്ട് നാം മറ്റുള്ളവരെ സഹായിക്കണം. സാമൂഹികജീവിതമാണല്ലോ നമ്മുടേത്. ഒടുവില്‍ നാം നമ്മെത്തന്നെയാണു സഹായിക്കുന്നതെന്ന കാര്യം നാം മറന്നുകൂടാ. അക്കാര്യം മനസ്സിലാക്കിയാല്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകും. മറ്റുള്ളവരില്‍ നന്മയുടെ വിത്തുപാകുന്നവരെ ഈശ്വരന്‍ ഒരിക്കലും മറക്കില്ല. പ്രകൃതിയില്‍ തനിക്കുവേണ്ടിത്തന്നെ ഒന്നും ജീവിച്ചുപോവുന്നില്ലതാനും. നദി അതിലുള്ള ജലം കുടിച്ചുതീര്‍ക്കുന്നില്ല; വൃക്ഷസസ്യജാലങ്ങള്‍ അവയുടെ ഫലങ്ങള്‍ ഭക്ഷിക്കുന്നില്ലല്ലോ. സൂര്യന്‍ നമുക്കുവേണ്ടിയല്ലേ ചൂടും വെളിച്ചവും നല്‍കുന്നത്? പൂക്കള്‍ തങ്ങളുടെ ഭംഗിയും സൗരഭ്യവും പുറത്തേക്കു പരത്തുന്നത് തങ്ങള്‍ക്കായിട്ടല്ലല്ലോ. 'മറ്റുള്ളവര്‍ക്കായി ജീവിക്കുക' എന്നതാണു പ്രകൃതിനിയമംതന്നെയും. അങ്ങനെ അതില്‍ത്തന്നെയുള്‍ക്കൊള്ളുന്നു ജീവിതത്തിന്റെ രഹസ്യവും. 'പരോപകാരാര്‍ത്ഥമിദം ശരീരം' എന്ന പഴമൊഴിതന്നെയും ആര്‍ഷഭാരതസംസ്‌കാരത്തിന്റെ നിദര്‍ശനമായിരുന്നല്ലോ.
ഇന്നു നമ്മുടെ സമൂഹത്തില്‍ കാണുന്ന ചില ദുഷ്പ്രവണതകള്‍ നമുക്ക് വല്ലായ്മയുണ്ടാക്കുന്നില്ലേ? വ്യക്തികള്‍ തമ്മിലും സമൂഹത്തിലും ദേശത്തിലും ദേശീയ അന്തര്‍ദേശീയരംഗത്തും ഇതുപോലെ ചില അരുതായ്കകള്‍ നാം കാണാറില്ലേ? സഹകരണം, പരസ്പരസഹായം, സാഹോദര്യം ഇവയുടെ അഭാവംകൊണ്ടാണല്ലോ കലഹവും കലാപവും യുദ്ധങ്ങള്‍തന്നെയും ഉണ്ടാവുന്നത്. ഉപകാരം കിട്ടിയിട്ട് നന്ദിപറയാത്തവരും നമ്മില്‍നിന്നു സഹായം കിട്ടിയിട്ട് വിസ്മരിക്കുന്നവരുമൊക്കെ ഇന്നു സമൂഹത്തിലും രാഷ്ട്രീയത്തിലും പെരുകുന്നതുതന്നെ മനുഷ്യത്വചിന്തയുടെ അഭാവമാണല്ലോ. നന്മ ചെയ്തിട്ടു തിന്മ തിരിച്ചു ചെയ്യുന്ന കടുംകൈകളെയും നാം കാണുന്നു. വ്യക്തികള്‍ സമൂഹത്തിലും സമൂഹം രാജ്യത്തിലും, രാജ്യങ്ങള്‍ അന്താരാഷ്ട്രരംഗത്തും ഇങ്ങനെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണല്ലോ ലോകം ഹിംസാത്മകവും അക്രമാസക്തവുമാകുന്നത്. തന്‍കാര്യലക്ഷ്യവും പരദ്രോഹവുമുള്ളവര്‍ ലോകത്തുള്ളതാണ് അരക്ഷിതാവസ്ഥയ്ക്കും അസമാധാനത്തിനും കാരണമെന്നത് വിസ്മരിക്കാതിരിക്കാം. 'ലോകാ, സമസ്താ സുഖിനോ ഭവന്തു' എന്നതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം.