''യുവജനതയോടു ഞാന്‍ അപേക്ഷിക്കുകയാണ്; ജാതി- മത-രാഷ്ട്രീയവിവേചനങ്ങള്‍ക്കതീതമായി നിങ്ങള്‍ സംസാരിക്കുക.''
-നെല്‍സണ്‍ മണ്ടേല
നാം പുതുവര്‍ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സമസ്തമേഖലകളിലും നമ്മുടെ രാജ്യം നേട്ടം കൈവരിക്കുന്നുണ്ട്. കൊറോണ പോലുള്ള മഹാദുരന്തത്തെ നേരിടാനും നമ്മള്‍ പഠിച്ചുകഴിഞ്ഞു. സ്‌കൂളുകളില്‍ പോകാതെ പഠിക്കാനും ആരാധനാലയങ്ങളില്‍ പോകാതെ പ്രാര്‍ത്ഥിക്കാനും നമുക്കു കഴിഞ്ഞു. ആചാരാനുഷ്ഠാനങ്ങളെക്കാള്‍ പ്രാധാന്യം ആരോഗ്യത്തിനു കൊടുക്കാനും നമ്മള്‍ ശീലിച്ചു. ഒരു കാര്യം നടപ്പാക്കണമെന്നു സ്വയം തീരുമാനിച്ചാല്‍ അതു സാധിക്കുമെന്നു പ്രായഭേദമെന്യേ തെളിയിക്കപ്പെട്ട നാളുകള്‍. എന്നിട്ടും എന്തുകൊണ്ടാവാം ആര്‍ക്കോവേണ്ടി, ആരുടെയൊക്കെയോ ആദര്‍ശങ്ങള്‍ക്കുവേണ്ടി, നമ്മുടെ സമൂഹത്തില്‍ വേട്ടക്കാരും ഇരകളും സൃഷ്ടിക്കപ്പെടുന്നത്?
എവിടെനിന്നു തുടങ്ങാം?
വീട്ടില്‍ ഒരാണ്‍കുട്ടി പിറക്കുന്നത് മഹത്തായ കാര്യമായി കരുതുന്നവരാണ് നമ്മുടെ ആളുകള്‍. വളര്‍ന്നുവരുമ്പോള്‍ അച്ഛന് ഒരു കൈത്താങ്ങും അമ്മയ്ക്കും കുടുംബത്തിനും ഒരു തണലുമാവും എന്ന പ്രതീക്ഷ. ഒരു വിഭാഗം ആണ്‍0കുട്ടികള്‍ പഠിത്തത്തില്‍ മാത്രം ശ്രദ്ധയൂന്നി 'ബുജി' വര്‍ഗത്തില്‍പ്പെടുന്നു. കുറച്ചുപേര്‍ കലാകായികരംഗങ്ങളിലുയര്‍ന്ന് മറ്റൊരു വഴിയേ പോകുന്നു. ഇതിലൊന്നും പെടാത്ത കുറച്ചുപേര്‍ ഒരു ലക്ഷ്യബോധവുമില്ലാതെ പഠിക്കുന്നു, വളരുന്നു. അതായത്, സമസ്തവഴികളും തെളിഞ്ഞുവരുന്നത് വിദ്യാലയങ്ങളില്‍നിന്നാണ്. ഇതിനിടയില്‍ കുട്ടികളുടെ മാനസികാരോഗ്യം എത്രകണ്ട് ഒരു വിഷയമായി എടുക്കുന്നുവെന്നു ചിന്തിക്കേണ്ടതാണ്? കാരണം, യുവതലമുറയ്ക്കിടയില്‍ ആക്രമണോത്സുകത മറ്റൊരിക്കലും കാണാത്ത തലത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
വേട്ടക്കാരനോ
അതോ ഇരകളോ?
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പു പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ ഒരു രംഗം ഓര്‍മ വരുന്നു. വഴിയരുകില്‍ മരിച്ചുകിടക്കുന്ന ഒരാളെ തങ്ങളുടെ രക്തസാക്ഷിയാക്കി മാറ്റാന്‍ പാടുപെടുന്ന കുറെ രാഷ്ട്രീയക്കാര്‍ക്ക് എക്കാലത്തും പ്രാധാന്യമുള്ളതാണ് ആ സിനിമയും അതു നല്കുന്ന സന്ദേശവും.
കൗമാരപ്രായമെത്തിയ ഏതൊരു ആണ്‍കുട്ടിക്കും തങ്ങളുടേതായ ഒരു രാഷ്ട്രീയചായ്‌വു കാണും, തന്റേതായ തീരുമാനങ്ങളും ആദര്‍ശങ്ങളും കാണും. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു ഗുണമോ ദോഷമോ ആണിത്. കുടുംബത്തിന്റെയോ കൂട്ടുകാരുടെയോ സ്വാധീനത്തില്‍ രൂപപ്പെട്ട അര്‍ത്ഥശൂന്യമായ ആദര്‍ശങ്ങളാണു സിംഹഭാഗവും. 'നമ്മളിലൊരുത്തനെ തൊട്ടാല്‍ അവന് എട്ടിന്റെ പണി കൊടുക്കണം' എന്ന രീതിയിലുള്ള സംസാരങ്ങളില്‍ തുടങ്ങി 'ആ പണി' കൊടുക്കുവാന്‍ കൂട്ടുനില്‍ക്കുന്ന ഏജന്റ് എന്ന രീതിയിലേക്കുള്ള വളര്‍ച്ച. 'എന്റെ മകന് അല്ലറചില്ലറ രാഷ്ട്രീയബന്ധങ്ങളൊക്കെയുണ്ട്' എന്നു പൊങ്ങച്ചം പറയുന്ന മാതാപിതാക്കന്മാരുണ്ട്. ഇപ്പോള്‍ ഈ കുട്ടിരാഷ്ട്രീയക്കാര്‍ക്കുവേണ്ട ഒരു സ്വഭാവമുണ്ട്-കലിപ്പ്. ഇന്നത്തെ ന്യൂജെന്‍ പറയുന്നപോലെ 'കലിപ്പന്‍!' പതിനെട്ടു തികയുംമുമ്പേ ഈ കലിപ്പന്മാരെ നിഴല്‍പ്പാവകളാക്കാന്‍ വേട്ടക്കാര്‍ എത്തിത്തുടങ്ങും.
മുണ്ടു മടക്കിക്കുത്തി, ചിരിക്കാത്ത മുഖങ്ങളോടെ എല്ലാവരെയും സൂക്ഷ്മതയോടെയും ശത്രുതാമനോഭാവത്തോടും നോക്കി ഇവര്‍ ജീവിക്കുന്നു. ഒരുമിച്ചുകളിച്ചുവളര്‍ന്ന കൂട്ടുകാരന്‍ മറ്റൊരു ആദര്‍ശവുമായി വന്നാല്‍ അവനെ വിരുദ്ധചേരിയിലേക്കു മാറ്റും. ചെറിയ അടിപിടി, ഒത്തുതീര്‍പ്പുകള്‍, സമരങ്ങള്‍ എന്നിങ്ങനെ പടികള്‍ ഓരോന്നായി കയറിക്കഴിഞ്ഞാല്‍ വേട്ടക്കാരുടെയും ഇരകളുടെയും വേഷങ്ങള്‍ അവര്‍ മാറിമാറി അണിയുന്നു. ഈ ഇരയും വേട്ടക്കാരും തമ്മില്‍ വ്യക്തിപരമായി ശത്രുതയൊന്നുമില്ല എന്നതാണു വസ്തുത. രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതികളാകുന്നത് കൂടുതലും ചെറുപ്പക്കാര്‍തന്നെയാണ്. മിക്കപ്പോഴും മുപ്പതിനു താഴെയുള്ളവര്‍. രക്തസാക്ഷിക്ക് അവന്റെ ജീവനും പ്രതികള്‍ക്ക് അവരുടെ ജീവിതവും നഷ്ടപ്പെടുന്നു. കൊല്ലപ്പെട്ടവന്റെ ആശ്രിതര്‍ക്കു കിട്ടുന്ന സഹതാപമോ സാന്ത്വനമോ കൊലപാതകികളുടെ ആശ്രിതര്‍ക്ക് ഒരിക്കലും കിട്ടില്ല. സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഒറ്റപ്പെട്ട് ഇനിയുള്ള കാലം ജീവിക്കാന്‍ അവര്‍ വിധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വേട്ടക്കാരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടുന്ന ഇവരും ഒരര്‍ത്ഥത്തില്‍ ഇരകള്‍തന്നെ.
നാന്‍ പെട്ര മകനേ,
എന്‍ കിളിയോ...
വേട്ടക്കാര്‍ക്കും ഇരകള്‍ക്കും ഇടയില്‍ വിസ്മൃതരാകുന്ന ചിലരുണ്ട്. അവര്‍ ജീവിക്കുന്ന രക്തസാക്ഷികളാണ്. മകനെ നഷ്ടപ്പെട്ട, സ്‌നേഹനിധിയായ സഹോദരനെ നഷ്ടപ്പെട്ട, പ്രാണനെക്കാളധികം കരുതിയ പ്രിയതമനെ നഷ്ടപ്പെട്ട കുറെ സ്ത്രീജന്മങ്ങള്‍. സംഘടനകള്‍ക്ക് ഒരു അംഗത്തെ നഷ്ടപ്പെടുന്നതിലൂടെ കിട്ടുന്നത് രക്തസാക്ഷിയെയാണ്. കുറെ വര്‍ഷങ്ങള്‍ അവരുടെ സ്മൃതിമണ്ഡപത്തിനു മുമ്പില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തുന്നു. പിന്നെയും കഴിഞ്ഞകാല സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.
ആഘോഷങ്ങള്‍ക്കുവേണ്ടിയോ തിരഞ്ഞെടുപ്പുകളില്‍ വോട്ടുകിട്ടാന്‍വേണ്ടിയുള്ള ഒരു സഹതാപപാത്രമായോ ഇവരെ മുന്‍നിരയില്‍ നിര്‍ത്താറുണ്ട്. ഈയിടെ ഒരു രക്തസാക്ഷിയുടെ ഭാര്യ പറയുകയുണ്ടായി: ''ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും നടുവില്‍ ഞങ്ങള്‍ക്കു സ്ഥാനമുണ്ട്. പക്ഷേ, ഞങ്ങളുടെ കുടുംബങ്ങളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് പുറംലോകത്തിനറിയില്ല.'' അത്രയുംനാള്‍ ചേര്‍ത്തുനിര്‍ത്തിയവനാണ് പെട്ടെന്നൊരുദിവസം കൊലക്കത്തിക്കിരയാവുന്നത്. ജീവിതയാത്രയില്‍ തനിച്ചായിപ്പോകുന്നവര്‍ക്ക് പിരിവെടുത്ത് കുറെ പണം നല്കിയാല്‍ എല്ലാമായി എന്നു ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാല്‍ അവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന ശൂന്യതയെന്തെന്ന് ആരും അറിയുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവാന്‍, സങ്കടങ്ങളില്‍ ചേര്‍ത്തുനിര്‍ത്താന്‍ ആരുമില്ലാതാവുന്നു. നിറങ്ങളില്ലാത്ത ഒരുജീവിതമാണ് അവര്‍ക്കു പിന്നീടുണ്ടാകുന്നത്.
നിങ്ങള്‍ തീരുമാനിക്കുക
രാഷ്ട്രീയം എന്തിനുവേണ്ടി നിലകൊള്ളണമെന്നാണു നിങ്ങള്‍ കരുതുന്നത്? നിങ്ങളുടെ ആദര്‍ശങ്ങള്‍ക്കെതിരാണ് എന്ന ഒറ്റക്കാരണത്താല്‍ ഒരാളുടെ ജീവനെടുക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? ഇതുവരെയുള്ള രാഷ്ട്രീയകൊലപാതകങ്ങള്‍ നോക്കുകയാണെങ്കില്‍ കൊന്നവരും കൊല ചെയ്യപ്പെട്ടവരും യുവാക്കളാണ്. അതായത്, എവിടെയോ വായിക്കപ്പെട്ടപോലെ, 'പ്രായമായവര്‍ യുദ്ധം ആഹ്വാനം ചെയ്യും, യുവാക്കള്‍ യുദ്ധം ചെയ്യുകയും മരണപ്പെടുകയും ചെയ്യും.'
വിവേചനം വേണ്ട
വിവേകം മതി
സര്‍ക്കാര്‍ തലത്തില്‍ തുടങ്ങാം മാറ്റങ്ങള്‍. ആദ്യം മാറ്റേണ്ടത് ഇവിടത്തെ വിദ്യാഭ്യാസസമ്പ്രദായമാണ്. വിദ്യാഭ്യാസം നേടേണ്ടതിന്റെയും അതിലൂടെ സ്വയം ഉണരേണ്ടതിന്റെയും ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തണം. വ്യത്യസ്തങ്ങളായ ആദര്‍ശങ്ങളും അഭിപ്രായങ്ങളും ചുറ്റിനുമുണ്ടെന്നും അവയെല്ലാം സമചിത്തതയോടെ കാണണമെന്നും പഠിപ്പിക്കണം. മറ്റൊരാളെ മുറിവേല്പിച്ചുകൊണ്ട് വിജയം നേടുന്നത് എത്രത്തോളം ഹീനമാണെന്നു ബോധ്യപ്പെടുത്തണം. ഒരാളെ സഹായിക്കണമെന്നുണ്ടെങ്കില്‍ അതിനു നല്ലൊരു മനസ്സിന്റെ നിറം മാത്രം മതിയെന്നു കുട്ടികള്‍ അറിയണം. ഒരു രാഷ്ട്രീയ കൊലപാതകവും നാട്ടില്‍ സമാധാനമുണ്ടാക്കുന്നില്ല. പേടിയും ആശങ്കയുമുണര്‍ത്തി ജനജീവിതം താറുമാറാക്കുകയാണു ചെയ്യുന്നതെന്നു കുട്ടികള്‍ മനസ്സിലാക്കണം. രാഷ്ട്രീയത്തിനപ്പുറം ജീവിതമൂല്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം.
രാഷ്ട്രീയത്തിലിറങ്ങാനും വിരമിക്കാനും നിശ്ചിതപ്രായപരിധിയും മാനദണ്ഡങ്ങളുമുണ്ടായാല്‍ത്തന്നെ ഒരു പരിധിവരെ രാഷ്ട്രീയകലഹങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാനാകും. രാഷ്ട്രീയത്തെ ധനസമ്പാദനത്തിനായി ഒരു വിഭാഗം കണക്കാക്കുമ്പോഴാണ് ഇവിടെ അപച്യുതികളുണ്ടാകുന്നത്. സംഘടിക്കണം, നാടിന്റെ നന്മയ്ക്കായി മാത്രം. അല്ലാതെ, ആരുടെയും നിഴല്‍പ്പാവകളാകില്ല എന്നു തീരുമാനിക്കണം. വീടിനും നാടിനും രക്തസാക്ഷികളെയല്ല, മനസ്സാക്ഷിയുള്ള യുവതലമുറയെയാണാവശ്യം.