അസമീസ് കവി നീല്‍മണി ഫുക്കനും ഗോവന്‍ നോവലിസ്റ്റ് ദാമോദര്‍ മോസോയും ജ്ഞാനപീഠപുരസ്‌കാരനിറവില്‍. ഫുക്കന്‍ കഴിഞ്ഞ കൊല്ലത്തെയും (2020) മോസോ ഇക്കൊല്ലത്തെയും (2021) പുരസ്‌കാരങ്ങളാലാണ് സമ്മാനിതരായിരിക്കുന്നത്.
അസം സാഹിത്യത്തിലെ സിംബോളിക് കവി എന്നു വിളിപ്പേരുള്ള നീല്‍മണി ഫുക്കന്റെ കവിതയുടെ ക്യാന്‍വാസ് വിശാലമാണ്. ഇതിഹാസങ്ങളിലും കെട്ടുകഥകളിലുംപോലും ഇതള്‍ വിടര്‍ത്തപ്പെടുന്നു അദ്ദേഹത്തിന്റെ ഭാവന. ഫുക്കനിലെ കവിക്ക് എന്നും വേറിട്ട ശബ്ദമാണ്. രാഷ്ട്രീയംമുതല്‍ കോസ്മിക് ചിന്തകള്‍വരെയും സമകാലികംമുതല്‍ പ്രാകൃതകാലംവരെയും അദ്ദേഹത്തിന്റെ കവിതകള്‍ക്കു വിഷയമാകുന്നു. തീയും വെള്ളവും, ഗ്രഹങ്ങളും നക്ഷത്രങ്ങളും, കാടുകളും മരുഭൂമിയും, മനുഷ്യനും പാറയും, സമയവും സ്‌പേസും, യുദ്ധവും സമാധാനവും, ജീവനും മരണവുമൊക്കെ ആ തൂലികത്തുമ്പില്‍ വാചാലമായി കടന്നെത്തുന്നു. ഒരു സന്ന്യാസിയുടെ ചിന്താനിര്‍ഭരമായ നിസ്സംഗതയ്ക്കപ്പുറം നൊമ്പരങ്ങളും നഷ്ടബോധത്തിന്റെ ആഴങ്ങളും മരണത്തിന്റെ അര്‍ത്ഥവും ജീവിതത്തിന്റെ നിരര്‍ത്ഥകതയുമൊക്കെ നമുക്കീ കവിതകളില്‍ വായിച്ചെടുക്കാം.
അസമിന്റെ നാട്ടുവഴികളും ഗോത്രപുരാണങ്ങളുടെയും നാടോടിക്കഥകളുടെയും സമ്പന്നമായ പൈതൃകവും ഗ്രാമീണജീവിതത്തിന്റെ താളങ്ങളുമൊക്കെ തന്നിലെ കവിയെ രൂപപ്പെടുത്തിയതായി അദ്ദേഹം പറയുന്നു. കവിതയെന്നത് മനുഷ്യനെ തന്റെ ആത്മാവിനെ കണ്ടെത്താന്‍ സഹായിക്കുന്നതാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. കവിതയെ മനുഷ്യന്റെ ആത്യന്തികഭാഷയായും അദ്ദേഹം കാണുന്നു. ഇരുപതുകളിലെത്തുംമുമ്പേ നീല്‍മണി ഫുക്കന്‍ കവിതയെഴുതാന്‍ തുടങ്ങി. അസമീസ് കവിതകളിലെ ആധുനികതയുടെ തുടക്കക്കാരില്‍ ഒരാളായി അദ്ദേഹത്തെ ലോകം ശ്രദ്ധിക്കുന്നു. ലോകത്ത് എഴുതപ്പെടുന്ന മില്യന്‍ കണക്കിനു കവിതകളുടെ ലോകത്തേക്ക് ഏതാനും കവിതകള്‍ ഞാനും ചേര്‍ത്തുവെക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ആധുനികമനുഷ്യന്‍ ഇന്ന് ആത്മാവു തേടിയുള്ള യാത്രയിലാണ്, കവിതയിലൂടെ ആ ആത്മാവിനെ കണ്ടെത്താമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് കവി പറയുന്നു. ഫ്രഞ്ച് പ്രതീകാത്മകതയാണ് ഫുക്കന്റെ കവിതകള്‍ക്കു പ്രചോദനം.
1933 ല്‍ ഡെര്‍ഗാവില്‍ ജനിച്ച അദ്ദേഹം അമ്പതുകളുടെ തുടക്കത്തില്‍ കവിതയെഴുതാന്‍ തുടങ്ങി. പതിമൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1981 ലെ കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡും 1990 ലെ പത്മശ്രീയും ഉള്‍പ്പെടെ പത്തു പ്രാദേശിക, ദേശീയ അവാര്‍ഡുകള്‍ നേടി.
1957 ല്‍ ഗോഹട്ടി സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. 1964 ല്‍ ആര്യവിദ്യാപീഠ കോളജില്‍ അധ്യാപകനായിച്ചേര്‍ന്ന് 1992-ല്‍ വിരമിച്ചു. നിരവധി ജാപ്പനീസ്, യൂറോപ്യന്‍ കവിതകള്‍ അസമീസിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫൂക്കന്റെ പ്രശസ്ത കവിതാസമാഹാരമായ കൊബിതാ (കവിത) നിരവധി ഭാഷകളിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്.
ദാമോദര്‍ മോസോ
കൊങ്കിണിഭാഷയില്‍ നോവലുകളും ചെറുകഥകളും തിരക്കഥകളും ബാലസാഹിത്യവും എഴുതുന്ന, സാമൂഹികപ്രവര്‍ത്തകനായ ദാമോദര്‍ മോസോ ഇംഗ്ലീഷ് സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഗോവയുടെ സംസ്ഥാനപദവിക്കായും കൊങ്കിണിയുടെ ഔദ്യോഗികഭാഷാപദവിക്കായും മോസോ പോരാടി.
ഹിന്ദുത്വയ്ക്കെതിരേ ഗോവയില്‍നിന്നുള്ള സജീവശബ്ദമാണ് ഈ എഴുത്തുകാരന്‍. സാംസ്‌കാരിപ്രതിഭകളായ ഗൗരി ലങ്കേഷ്, നരേന്ദ്ര ദഭോല്‍ക്കര്‍, എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പാന്‍സാരെ എന്നിവരുടെ കൊലപാതകത്തില്‍ ആരോപണവിധേയരായ 'സനാതന്‍ സന്‍സ്ഥ' ഗോവയെ മുഴുവന്‍ ബാധിച്ച കാന്‍സറാണെന്ന് ഇദ്ദേഹം പറയുന്നു. 2015 ല്‍ പ്രൊഫ. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മോസോ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കി. ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ മോസോയെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ഇദ്ദേഹത്തിനു പോലീസ് സംരക്ഷണം നല്‍കി. എന്നാല്‍, ബുള്ളറ്റുകള്‍ക്കു ചിന്തയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നായിരുന്നു വധഭീഷണിക്കെതിരേ മോസോയുടെ പ്രതികരണം.
കാര്‍മേലിന്‍, തെരേസാസ് മാന്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ് ഫ്രം ഗോവ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ''ഏകാന്തതയുടെ നൂറുവര്‍ഷങ്ങ'ളുടെ രചയിതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസും മറ്റുള്ളവരും തന്റെ സര്‍ഗാത്മകതയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നു സമ്മതിക്കുന്നുണ്ടെങ്കിലും, ഒരു എഴുത്തുകാരനെയും അനുകരിക്കരുതെന്ന് മോസോ പറയുന്നു. നല്ലതും നിസ്സംഗവുമായ സാഹിത്യത്തെ വേര്‍തിരിച്ചറിയാനുള്ള കഴിവാണ് ഈ എഴുത്തുകാര്‍ തനിക്കു സമ്മാനിച്ചതെന്ന് മോസോ പറയുന്നു.
'ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചിട്ടല്ല കഥകള്‍ എഴുതുന്നത്; മറിച്ച്, അവ എഴുതാന്‍ കഥകള്‍ എന്നെ തിരഞ്ഞെടുത്തതുകൊണ്ടാണെന്ന് മോസോ പറയുന്നു. മോസോയുടെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും ഗോവന്‍ കത്തോലിക്കരാണെന്നതു ശ്രദ്ധേയമാണ്. താന്‍ വളര്‍ന്നുവന്നത് അത്തരമൊരു സാഹചര്യത്തിലാണെന്നും ചുറ്റുപാടുകള്‍ എഴുത്തുകാരനെ സ്വാധീനിക്കുമെന്നും മോസോ പറയുന്നു. ഗോവന്‍ കത്തോലിക്കാ ആചാരങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്ന മജോര്‍ദയിലാണ് അദ്ദേഹം വളര്‍ന്നത്. കത്തോലിക്കര്‍ ഉറ്റസുഹൃത്തുക്കളായതിനാല്‍, സമുദായങ്ങളെ വിവേചനമില്ലാതെ കാണാന്‍ താന്‍ പഠിച്ചുവെന്ന് അദ്ദേഹം മനസ് തുറക്കുന്നു.
''തെരേസാസ് മാനി'ല്‍നിന്നു വ്യത്യസ്തമാണ്, 'ഫ്രം ദ മൗത്ത്സ് ഓഫ് ബേബ്‌സി'ലെ ടോണ്‍' എന്ന് അദ്ദേഹം വിശദീകരിക്കുന്നു. 'ദ ലാന്‍ഡ് ഓഫ് ഹ്യൂമന്‍ ബീങ്‌സി'ല്‍ ഗോവയുടെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്തേക്കു ഞാന്‍ പോയി, അവിടെ നിങ്ങള്‍ക്ക് കന്നഡിഗ കുടിയേറ്റക്കാരുടെ ശബ്ദം കേള്‍ക്കാം.'' തന്റെ കഥകളുടെ വേറിട്ട ടോണുകളെക്കുറിച്ച് അദ്ദേഹം പറയുന്നു.
''എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുമേല്‍ ഫാസിസത്തിന്റെ കൈയേറ്റം നടക്കുമ്പോള്‍ ഭയപ്പെടാതിരിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടത്. എഴുത്തുകാരന്‍ ഒരേസമയം യോദ്ധാവുകൂടിയാണ്. സമൂഹത്തെ നേര്‍വഴിക്കു നടത്തുകയെന്ന ചുമതലകൂടി നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്'' മോസോ പറയുന്നു.
1944 ഓഗസ്റ്റ് 1 ന് മജോര്‍ദയിലാണ് അദ്ദേഹം ജനിച്ചത്. മറാത്തി, പോര്‍ച്ചുഗീസ് ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, മുംബൈ സര്‍വകലാശാലയില്‍നിന്നു ബി.കോം ബിരുദമെടുത്ത. മുംബൈ ജീവിതത്തിനിടെയാണ് കൊങ്കിണിഭാഷയില്‍ കഥകളെഴുതിത്തുടങ്ങുന്നത്. മൂന്ന് നോവല്‍, അഞ്ച് കഥാസമാഹാരം, മൂന്നു ബാലസാഹിത്യം തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
''വായനശീലം വളര്‍ത്തിയെടുക്കുക, നിങ്ങള്‍ സ്വയം പ്രകടിപ്പിക്കുന്ന ഭാഷയില്‍ പ്രാവീണ്യം നേടുക... എഴുതുക...'' മോസോ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു.
കൊങ്കിണിഭാഷയെയും സമൂഹത്തെയും സംബന്ധിച്ച് ജ്ഞാനപീഠപുരസ്‌കാരം ഏറെ അഭിമാനകരമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്. സാഹിത്യം ഒരിക്കലും പാഴായിപ്പോകില്ലെന്നു പുതുതലമുറയിലെ കൊങ്കിണി എഴുത്തുകാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.
മോസോയുടെ ചെറുകഥകള്‍ക്ക് കൊങ്കിണി വായനക്കാരില്‍ നല്ല സ്വീകാര്യതയാണുള്ളത്. നിരവധി ദേശീയ മാസികകളിലും ആന്തോളജികളിലും അദ്ദേഹത്തിന്റെ കഥകളും കോളങ്ങളും പ്രസിദ്ധീകരിക്കുന്നു.
മോസോയുടെ കൃതികള്‍ പല ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2010 ല്‍ ആരംഭിച്ച ഗോവ ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ കോ-ക്യൂറേറ്ററും സഹസ്ഥാപകനുമാണ് മോസോ. ഗോവ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ 2004 ല്‍ പുറത്തിറങ്ങിയ അലീഷ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.
ജ്ഞാനപീഠം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോസോ പറയുന്നു. കൊങ്കണി എഴുത്തുകാര്‍ മറ്റു ഭാഷകള്‍ പഠിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതിലൂടെ അവര്‍ക്ക് സ്വന്തം കൃതികള്‍ വിവര്‍ത്തനം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. മോസോയുടെ കാര്‍മോലിന്‍ എന്ന നോവ
ലിന് സാഹിത്യ അക്കാദമി അവാര്‍ഡും സുനാമി സൈമണ്‍ എന്ന നോവലിന് കൊങ്കിണി സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.