•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

കരുണാര്‍ദ്രനായ ബ്രൂണോ അച്ചന്‍

ഫാ. ബ്രൂണോ കണിയാരകത്ത് സി.എം.ഐ. ഡിസംബര്‍ 15 ന് ദൈവദാസപദവിയിലേക്ക്

താപസനായിരുന്ന വിശുദ്ധ ബ്രൂണോ തന്റെ താപസ അറയുടെ മുമ്പില്‍ തന്നെക്കാണാന്‍ വരുന്നവരെ ഓര്‍മപ്പെടുത്തിക്കൊണ്ട് ഒരു കാര്യം എഴുതിവച്ചിരുന്നു. അതിപ്രകാരമാണ്: ''ശരീരം പുറത്തുവച്ചിട്ട് ആത്മാവിനെ മാത്രം അകത്തു പ്രവേശിപ്പിക്കുക.'' ശരീരത്തിനുപരി ആത്മാവിനു വില നല്‍കിയ ഒരു വിശുദ്ധന്റെ വിലപ്പെട്ട വാക്കുകള്‍. ലോകത്തില്‍ ജഡത്തിനു വിലയിടുന്നവര്‍ക്കുള്ള ഒരു വിശുദ്ധന്റെ താക്കീത്.
ഈ വിശുദ്ധന്റെ നാമധാരിയായി സി.എം.ഐ. സഭയില്‍ ജീവിച്ചു മരിച്ച ബഹു. ബ്രൂണോ കണിയാരകത്തച്ചനെ ഡിസംബര്‍ 15-ാം തീയതി ദൈവദാസനായി പ്രഖ്യാപിക്കുന്നു. 'ആത്മാവച്ച'നെന്നു വിശ്വാസികള്‍ വിശേഷിപ്പിച്ചിരുന്ന ഒരു ആത്മീയമനുഷ്യനും താപസസന്ന്യാസിയുമായിരുന്നു അസാധാരണത്വങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്ത ദൈവത്തിന്റെ ഈ എളിയ മനുഷ്യന്‍.  വാഴ്ത്തപ്പെട്ട 'കുഞ്ഞച്ച'നെപ്പോലെതന്നെ ആത്മാവച്ചനും രാമപുരംകാരനായിരുന്നു.  സമകാലികരും സതീര്‍ത്ഥ്യരും ചാര്‍ച്ചക്കാരും. പാലാ രൂപതയിലെ പുരാതനമായ കണിയാരകത്ത് (വടക്കുംകര) കുടുംബത്തില്‍ ആഗസ്തിയുടെയും ഏലിയാമ്മയുടെയും ഒമ്പതു മക്കളില്‍ നാലാമനായി പിറന്ന ദേവസ്യായാണ് പിന്നീട് ബ്രൂണോ അച്ചനും തുടര്‍ന്ന് ആത്മാവച്ചനുമായി പരിണമിച്ചത്. വി. ചാവറയച്ചനോടൊപ്പം 1855 ഡിസംബര്‍ 8 ന് വ്രതം ചെയ്ത് സന്ന്യാസികളായ സി.എം.ഐ. സഭയിലെ ആദ്യ പതിനൊന്നു പിതാക്കന്മാരില്‍ ഒരാളായ മാണി (ഇമ്മാനുവേല്‍) കണിയാരകത്ത് ബ്രൂണോ അച്ചന്റെ വല്യപ്പന്റെ ജ്യേഷ്ഠനായിരുന്നു.
കൃശഗാത്രനും മിതഭാഷിയും താപസനുമായിരുന്ന ബ്രൂണോ അച്ചന് കുര്യനാട്ടിലെ അള്‍ത്താരബാലന്മാരുടെ നിഷ്‌കളങ്കമായ മനസ്സില്‍നിന്നു വീണ വിളിപ്പേരാണ് 'ആത്മാവച്ചന്‍' എന്നത്. കുഞ്ഞുങ്ങള്‍ക്കു വെളിപ്പെടുത്തപ്പെടുന്ന വിശേഷജ്ഞാനം. ആത്മാവച്ചനെന്ന ആത്മനിറവുള്ള പേരാണ് ഇന്നും വിശ്വാസികളുടെയും നാട്ടുകാരുടെയും നാവിന്‍തുമ്പിലുള്ളത്. ആ പേരായിരുന്നു അദ്ദേഹത്തിന് ഏറെ ഇണങ്ങുന്നതും സ്വഭാവത്തിനു വഴങ്ങുന്നതും. ജീവിതകാലത്തും മരണശേഷവും ദൈവസാന്നിധ്യത്തിന്റെ അടയാളമായി നിലകൊണ്ട ബ്രൂണോ അച്ചനെ അടക്കം ചെയ്ത കുര്യനാട് സെന്റ് ആന്‍സ് ആശ്രമസെമിത്തേരിയില്‍ കുട്ടികളടക്കം നൂറു കണക്കിനു ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി കടന്നുവരുന്നു.
കുര്യനാട് സെന്റ് ആന്‍സ് ആശ്രമഡയറിക്കുറിപ്പില്‍ (നാളാഗമം) അന്നത്തെ  ആശ്രമപ്രിയോരായിരുന്ന ബഹു. ക്രിസ്റ്റഫര്‍ ജെ. തയ്യില്‍ സി.എം.ഐ. ബ്രൂണോ അച്ചന്റെ മൃതസംസ്‌കാരകര്‍മങ്ങള്‍ക്കുശേഷം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ''ബ്രൂണോ അച്ചന്‍ സഭയിലെ ഏറ്റവും പ്രായംകൂടിയ ആളായിരുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പ്രസംഗപാടവമോ ആളുകളെ കൈയിലെടുക്കുന്ന സംഘടനാശേഷിയോ ഒന്നും അദ്ദേഹത്തിനില്ലായിരുന്നെങ്കിലും  ജാതിമതഭേദമെന്യേ അനേകര്‍ അദ്ദേഹത്തെ  ആദരിച്ചിരുന്നു. കൃശഗാത്രനും മിതഭാഷിയും അതേസമയം ജനങ്ങളുടെ ആത്മകാര്യങ്ങളില്‍ അതീവതത്പരനുമായിരുന്ന അദ്ദേഹത്തെ അവര്‍ 'ആത്മാവച്ചന്‍' എന്നു വിളിച്ചിരുന്നു. ജനങ്ങളുടെ മുമ്പില്‍ അദ്ദേഹം വിശുദ്ധനും അദ്ഭുതസിദ്ധിയുള്ളവനുമായി അറിയപ്പെട്ടു. (കുര്യനാട് ആശ്രമനാളാഗമം 1990-92, പേജ് 68-69).
പാപസങ്കീര്‍ത്തനവേദിയിലെ പ്രേഷിതന്‍
ബ്രൂണോ അച്ചന്‍ ജീവിച്ച ആശ്രമസമൂഹങ്ങളിലെല്ലാം അജപാലന ആത്മീയശുശ്രൂഷകളില്‍ അദ്ദേഹം അതീവശ്രദ്ധ ചെലുത്തി ജീവിച്ചു. വാക്ചാതുരികൊണ്ടല്ല, ജീവിതംകൊണ്ടായിരുന്നു ബ്രൂണോ അച്ചന്‍ സുവിശേഷം വാചാലമാക്കിയതെന്ന്  അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ സന്ന്യാസസമര്‍പ്പണജീവിതത്തിന്റെ നല്ല പങ്കും, അനുരഞ്ജനശുശ്രൂഷയ്ക്കായി പൂര്‍ണമായി സമര്‍പ്പിച്ചു. പാപസങ്കീര്‍ത്തനവേദിയിലെ പാപികളുടെ കൂട്ടുകാരനായി, പാപവിമോചകനായി ആത്മാവച്ചന്‍ തന്റെ ആത്മം സമര്‍പ്പിച്ചു. സമീപ ഇടവകകളിലെല്ലാം പാപസങ്കീര്‍ത്തനവേദിയില്‍ മടുപ്പില്ലാതെ മണിക്കൂറുകള്‍ ഇരുന്ന് ദൈവത്തിന്റെ കരുണ അനേകര്‍ക്കു പകര്‍ന്നുകൊടുക്കുന്നതില്‍ ആനന്ദം അനുഭവിച്ച ദൈവികകരങ്ങളിലെ കരുണയുടെ എളിയ ഉപകരണമായിരുന്നു ബ്രൂണോ അച്ചന്‍. വലിയ പാപികള്‍ക്കുപോലും ചെറിയ പ്രായശ്ചിത്തം നല്‍കി അവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ ഏറെനേരമിരുന്നു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കുവേണ്ടി സ്വയം പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്ന കുമ്പസാരക്കൂടിന്റെ തടവുകാരനായ പുരോഹിതന്‍. ദുര്‍ബലമായ ശരീരം, നിര്‍മലമായ മനസ്സ്, അടിമുടി ലാളിത്യം (വസ്ത്രത്തിലും പെരുമാറ്റത്തിലും), പാവങ്ങളോടുള്ള സ്‌നേഹം, സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരോടു ചേര്‍ന്നുനില്‍ക്കുന്ന മനസ്സ് ഇതൊക്കെയാവാം ബ്രൂണോ അച്ചനെന്ന സന്ന്യാസിയെ വ്യതിരിക്തനാക്കിയത്. സഭാനിയമങ്ങളോടും സഭാധികാരികളോടും എന്നും ആദരവും അനുസരണവും പുലര്‍ത്താന്‍ ബ്രൂണോ അച്ചന്‍ ശ്രദ്ധിച്ചിരുന്നു.
എന്തോ പറയുവാന്‍വേണ്ടി ആശ്രമപ്രിയോരുടെ മുമ്പില്‍ മൂന്നുവട്ടം തല കുനിക്കുന്ന ബ്രൂണോ അച്ചന്റെ ചിത്രം ബഹു. ജെയിംസ് കണിയാരകത്ത് സി.എസ്.റ്റി. അമനകര ആശ്രമത്തില്‍വച്ചു കണ്ടത് ഓര്‍മച്ചെപ്പില്‍ ഇന്നും സൂക്ഷിക്കുന്നു. എന്തിനും ഏതിനും ആരോടും 'വലിയ ഉപകാരം' എന്നു ബ്രൂണോ അച്ചന്‍ പറഞ്ഞിരുന്നതായും അദ്ദഹം ഓര്‍മിക്കുന്നു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെപ്പോലെതന്നെ സഭയില്‍ ശ്രേഷ്ഠസ്ഥാനമൊന്നും ഒരു കാലത്തും വഹിച്ചിട്ടില്ലാത്ത, അവ ആഗ്രഹിച്ചിട്ടുപോലുമില്ലാത്ത അപൂര്‍വതയായിരുന്നു ബ്രൂണോ അച്ചന്‍. തന്റെ വ്രതാര്‍പ്പണത്തിന്റെ പ്ലാറ്റിനംജൂബിലിനിറവില്‍ ബ്രൂണോ അച്ചന്‍ പങ്കുവച്ച ചില കാര്യങ്ങള്‍ ആ ജീവിതത്തിന്റെ നേര്‍ച്ചിത്രവും നേര്‍വാക്കും സുതാര്യതയും വെളിപ്പെടുത്തുന്നതാണ്. ബ്രൂണോ അച്ചന്റെ വാക്കുകളില്‍ അത് ഇപ്രകാരമാണ്:
'ചെറുപ്പത്തിലേ ഒരു സന്ന്യാസിയാകണമെന്ന മോഹമുണ്ടായിരുന്നു. രാമപുരത്ത് പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഞാന്‍ മാന്നാനത്തു വന്നു. ഫസ്റ്റ് ഫോമിലും സെക്കന്‍ഡ് ഫോമിലും മാന്നാനം ബോര്‍ഡിങ്ങില്‍ നിന്നാണു പഠിച്ചത്. സി.എം.ഐ. സഭയുടെ ആരംഭംമുതലേ എന്റെ കുടുംബം സഭയുമായി ബന്ധപ്പെട്ടതാണ്. ചാവറയച്ചനോടൊത്തു വ്രതമനുഷ്ഠിച്ച 11 പിതാക്കന്മാരില്‍ ഒരാള്‍ കണിയാരകത്ത് മാണിയച്ചനായിരുന്നു. എന്റെ വല്യപ്പന്റെ ജ്യേഷ്ഠന്‍. എന്റെ ഒരു പേരപ്പന്‍ (അപ്പന്റെ ജ്യേഷ്ഠന്‍) ഇടവകപ്പട്ടക്കാരനുമായിരുന്നു, കണിയാരകത്തു ചാക്കോച്ചന്‍. അദ്ദേഹത്തിന്റെ പ്രേരണയും പ്രോത്സാഹനവുമുണ്ടായി. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. എങ്കിലും കഴിവിനൊത്തു ബുദ്ധിമുട്ടി പഠിച്ചിരുന്നു. അതുകൊണ്ട്, പഠിപ്പിച്ചവര്‍ക്കൊക്കെ തൃപ്തിയായിരുന്നു. മാന്നാനത്തെ പഠനം കഴിഞ്ഞ്  അമ്പഴക്കാട്ടിനു പോയി, നവസന്ന്യാസത്തിന്. നവസന്ന്യാസം കഴിഞ്ഞ് ചെത്തിപ്പുഴയ്ക്കു പോയി. അന്ന് അവിടെയാണു ദൈവശാസ്ത്രപഠനം. 1928 മേയ് 20 ന് അഭിവന്ദ്യ തോമസ് കുര്യാളശേരി തിരുമേനിയാണ് ഞങ്ങള്‍ക്കു പട്ടംതന്നത്. എന്റെ പുത്തന്‍ കുര്‍ബാന മുത്തോലി ആശ്രമദൈവാലയത്തിലായിരുന്നു. പട്ടമേറ്റശേഷം കുറെയേറെ സ്ഥലങ്ങളില്‍ മാറിമാറി ജോലി ചെയ്തിട്ടുണ്ട്. കുര്യനാട്, പല തവണയായി 25 വര്‍ഷത്തിലധികം അവിടെയായിരുന്നു. അമനകരയിലും കുറെ വര്‍ഷങ്ങള്‍ കഴിച്ചിട്ടുണ്ട്.
പലയിടത്തും പ്രൊക്യുറേറ്റര്‍ ജോലിയായിരുന്നു. പുതുക്രൈസ്തവരുടെ കാര്യാന്വേഷണവുമുണ്ടായിരുന്നു, പുതുപ്പള്ളി പോലുള്ള സ്ഥലങ്ങളില്‍. പിന്നെ ജോലി എന്നു പറയത്തില്ലെങ്കിലും വൈദികശുശ്രൂഷയ്ക്കായിരുന്നു ധാരാളം സമയം ചെലവഴിച്ചത്. കുമ്പസാരം, കുര്‍ബാന, രോഗികള്‍ക്കും പ്രായം ചെന്നവര്‍ക്കും വിശുദ്ധകൂദാശകള്‍ പരികര്‍മം ചെയ്യുക തുടങ്ങിയവ. അന്ന് ഇത് വളരെ ഭാരമുള്ള ജോലിയായിരുന്നു. ഒന്നാമത് എനിക്ക് അതിനൊരു ടേസ്റ്റില്ല... ജോലിയെക്കുറിച്ചുപറഞ്ഞാല്‍, എനിക്കു വലിയ കഴിവില്ല, സാധുവാണ് എന്നൊക്കെ പലരും പറയാറുണ്ട്. അതു ശരിയുമാണ്. ഇന്നു പഠിത്തമുള്ളവരും  സാമര്‍ത്ഥ്യമുള്ളവരും ധാരാളമുണ്ട്. അന്ന് ആള്‍ക്കാര്‍ കുറവായിരുന്നു. ചാഴി വിലക്കുന്നതിലും മറ്റും പ്രത്യേകം സിദ്ധികളുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. അത് എന്റെ പ്രത്യേക കഴിവോ ഒന്നുമല്ല, വരുന്നവരുടെ വിശ്വാസം. ചാഴി വിലക്കാനും പിശാചുബാധയൊഴിപ്പിക്കാനും പ്രത്യേകം ഫോര്‍മുലയുണ്ട്. അതനുസരിച്ചു നടത്തണം. ഫലിക്കുമെന്നാണ് അനുഭവം.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസരം, സന്ന്യാസവസ്ത്രം സ്വീകരിച്ച ദിവസവും കുര്‍ബാനപ്പട്ടമേറ്റു  പുത്തന്‍കുര്‍ബാന ചൊല്ലിയ അവസരവുമായിരുന്നു. ഞാന്‍ 97 ലേക്കു കയറി. വാതത്തിന്റെ ബുദ്ധിമുട്ടുണ്ട്. സന്ധിബന്ധങ്ങളില്‍ വേദനയുണ്ട്. കാഴ്ചയ്ക്കും കേള്‍വിക്കും കുറവുണ്ട്. പൊതുവേ ശക്തിക്കുറവുണ്ട്. എന്നാലും, കുര്‍ബാന ചൊല്ലുന്നുണ്ട്. പഴയ മലയാളം കുര്‍ബാന കാണാതെ അറിയാം. അതാണു ചൊല്ലുന്നത്. ജൂബിലിസന്ദേശമായി പറയാനുള്ളത് ഇതാണ്: 'കഴിവനുസരിച്ചു നന്മ ചെയ്യണം. എനിക്ക് അങ്ങനെയൊരു നിശ്ചയമുണ്ട്. കുമ്പസാരിക്കാന്‍ ആളുകള്‍ നില്ക്കുന്നു. അവരെ അങ്ങനെ നിറുത്തി താമസിപ്പിക്കരുത്. രോഗികളെ കുമ്പസാരിപ്പിച്ച് കുര്‍ബാനയും രോഗീലേപനവും കൊടുക്കാന്‍ പോകണം. നമ്മളത് ഉടനെ നടത്തിക്കൊടുക്കണം. അതിനുണ്ടാകുന്ന ക്ലേശങ്ങള്‍ സഹിക്കണം.'
1991 ഡിസംബര്‍ 15 ന് പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ വച്ചാണ് ബ്രൂണോ അച്ചന്‍ നിര്യാതനായത്. അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവ് അന്ത്യശുശ്രൂഷകള്‍ നടത്തി. ഏതാണ്ട് 2000 ത്തോളം ജനങ്ങളും നൂറില്‍പ്പരം കന്യാസ്ത്രീകളും ഏതാണ്ട് 150 അച്ചന്മാരും ചടങ്ങില്‍ സംബന്ധിച്ചു. ചരമപ്രസംഗം നടത്തിയ അന്നത്തെ പ്രൊവിന്‍ഷ്യാള്‍ ബഹു. ജയിംസ് നരിതൂക്കിലച്ചന്‍ ബ്രൂണോ അച്ചന്റെ ജീവിതവൈശിഷ്ട്യം ഹൃദയസ്പര്‍ശിയായവിധം അവതരിപ്പിച്ചു. പുണ്യശ്ലോകനായ രാമപുരം കുഞ്ഞച്ചന്റെ സഹപാഠിയായിരുന്ന ബ്രൂണോ അച്ചന്‍ കുഞ്ഞച്ചനെപ്പോലെ അവശത അനുഭവിക്കുന്നവരുടെ അത്താണിയായിരുന്നെന്നും  ആരും പിണങ്ങാത്ത, ആരെയും പിണക്കാത്ത ഒരു സ്‌നേഹസമ്പന്നനായിരുന്നെന്നും പ്രത്യേകം എടുത്തുപറയുകയുണ്ടായി.

ജീവിതരേഖ
സന്ന്യസ്തനാമം:ഫാ. ബ്രൂണോ
മാമ്മോദീസാപ്പേര്: ദേവസ്യാ
നാമവിശേഷണം:ആത്മാവച്ചന്‍
ഇടവക: രാമപുരം
രൂപത : പാലാ
ജനനം: 20-11-1894
മാതാപിതാക്കള്‍: ആഗസ്തിയും ഏലിയാമ്മയും
വിദ്യാഭ്യാസം: രാമപുരം,മാന്നാനം
സന്ന്യാസവ്രതവാഗ്ദാനം:14-11-1915
തിരുപ്പട്ടം: 20-5-1923
വൈദികപട്ടം നല്‍കിയത്: ചങ്ങനാശേരി മെത്രാനായിരുന്ന ധന്യന്‍ മാര്‍ തോമസ് കുര്യാളശേരില്‍
ആത്മീയശുശ്രൂഷ ചെയ്ത ആശ്രമങ്ങളും സ്ഥലങ്ങളും: തേവര, വാഴക്കുളം, തലോര്‍, എല്‍ത്തുരുത്ത്, പാലാ, പൂഞ്ഞാര്‍, ബംഗളൂരു, കോട്ടയം (ദീപിക).

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)