സകല രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുകയും 52 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കുകയും ചെയ്ത സാര്‍സ് കൊറോണ വൈറസ് 2 ന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ബി. 1.1.529 ഭീതിയുണര്‍ത്തുംവിധം വ്യാപിക്കുകയാണ്. കഴിഞ്ഞമാസം 24-ാം തീയതി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വൈറസുകള്‍ ഞൊടിയിടകൊണ്ട് അനേകം രാജ്യങ്ങളിലേക്ക് എത്തിപ്പെട്ടതോടെ ആഭ്യന്തര/അന്താരാഷ്ട്രവിമാനസര്‍വീസുകള്‍ക്കു വീണ്ടും വിലക്കേര്‍പ്പെടുത്താന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നു. കോളറ, പ്ലേഗ്, വസൂരി, മലേറിയ, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയവയില്‍നിന്നു വ്യത്യസ്തമായി ഒരേസമയം ഒന്നിച്ച്, എല്ലാ രാജ്യങ്ങളെയും ബാധിച്ച ഒരു യഥാര്‍ത്ഥ പകര്‍ച്ചവ്യാധിയായി കൊവിഡ്-19 ചരിത്രത്തില്‍ ഇടംനേടി.
പ്രമേഹവും ഹൃദ്രോഗവും കാന്‍സറും മറ്റു മാരകരോഗങ്ങളും ഉള്ളവരും, രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്ത 60 വയസ്സിനുമുകളിലുള്ളവരും രോഗവ്യാപനപ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ലോകാരോഗ്യ സംഘടന നല്കിയിരിക്കുന്നത്. മുന്നൊരുക്കങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള ഒരു തയ്യാറെടുപ്പിലൂടെ ലോകാരോഗ്യസംഘടന
യിലെ 194 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഒരു കരാര്‍ രൂപപ്പെടുത്തുമെന്നും ലോകരോഗ്യസംഘടനയുടെ വാര്‍ത്തക്കുറിപ്പില്‍ വെളിപ്പെടുത്തി.
ബംഗളൂരുവിലെത്തിയ 66 കാരനായ സൗത്താഫ്രിക്കന്‍ പൗരനും മുംബൈയിലെ ഡോം ബിവ്‌ലിയിലെത്തിയ ഒരു ചെറുപ്പക്കാരനുമാണ് നമ്മുടെ രാജ്യ
ത്തെ ആദ്യ ഒമിക്രോണ്‍ രോഗികള്‍. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ ഡോംബിവ്‌ലി സ്വദേശി കേപ്ടൗണില്‍ നിന്ന് ദുബായ്, ഡല്‍ഹിവഴിയാണ് മുംബൈയില്‍ വിമാനമിറങ്ങിയത്. ഇതിനിടെ ബംഗളൂരുവിലെത്തിയയാള്‍ രാജ്യം വിട്ടതായി വാര്‍ത്തയുണ്ട്. ബംഗളൂരുവിലെ സര്‍ക്കാരാശുപത്രിയില്‍ സേവനം ചെയ്യുന്ന അനസ്തീസിസ്റ്റാണ് മറ്റൊരു രോഗി. ഇതുവരെ വിമാനയാത്രകളൊന്നും ചെയ്യാത്ത അനസ്തീസിസ്റ്റിനെ രോഗം ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താന്‍ ആരോഗ്യവിദഗ്ധര്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്.
കഴിഞ്ഞ മാസം 28-ാം തീയതി സിംബാബ്‌വേയില്‍ നിന്ന് ഗുജറാത്തിലെ റാംനഗറിലെത്തിയ എഴുപത്തിരണ്ടു കാരനായ ഒമിക്രോണ്‍ബാധിതന്‍ ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനാണു വിമാനം കയറിയത്.ഒമിക്രോണ്‍ റിസ്‌ക് രാജ്യങ്ങളില്‍നിന്നു തിരിച്ചെത്തിയ 75 ലേറെപ്പേര്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവാണെന്നു തിരിച്ചറിഞ്ഞതും ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരുംവിമാനത്താവളങ്ങളില്‍ തെറ്റായ വിലാസം നല്കി രക്ഷപ്പെടുന്നതു വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. സൗത്താഫ്രിക്കയില്‍നിന്ന് ഉത്തര്‍പ്രദേശത്തിലെത്തിയ 13 പേര്‍ തെറ്റായ മേല്‍വിലാസങ്ങളും ഫോണ്‍നമ്പറുകളുമാണു നല്കിയിട്ടുള്ളതെന്നു വാര്‍ത്തയുണ്ട്. വ്യാജവിലാസം നല്‍കി കര്‍ണാടകയില്‍നിന്നു മുങ്ങിയ പത്തു പേരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവരിലൊരാള്‍ കൊവിഡ് ശ്രേണീകരണ റിപ്പോര്‍ട്ടു പുറത്തുവരുംമുമ്പ് രാജ്യംവിട്ടതും ഭയമുണര്‍ത്തുന്നുണ്ട്.
കോഴിക്കോട്ടുകാരായ രണ്ടു പേരും തമിഴ്‌നാട്ടുകാരിയായ യുവതിയും മുംബൈ സ്വദേശികളായ 288 പേരും ജനിതകശ്രേണീകരണഫലം കാത്തിരിക്കുന്നവരാണ്. ഇതിനിടെ, ദക്ഷിണാഫ്രിക്കയില്‍നിന്നു നാട്ടിലെത്തിയ ഒരു ഛത്തീസ്ഗഡ് സ്വദേശിക്കെതിരേ ക്വാറന്റൈന്‍ ലംഘിച്ചതിനു കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഉറവിടം തേടി
സാര്‍സ് കൊറോണ വൈറസ് 2 ന്റെ ഒമിക്രോണ്‍ വകഭേദം നവംബര്‍ 24 ന് ദക്ഷിണാഫ്രിക്കയില്‍ പ്രത്യക്ഷപ്പെടുംമുമ്പ് ഹോളണ്ടില്‍ (നെതര്‍ലന്‍ഡ്‌സ്) ഉണ്ടായിരുന്നതായി കണ്ടെത്തി. അതിനും നാളുകള്‍ക്കുമുമ്പ് നൈജീരിയയില്‍ ഇവ ഉണ്ടായിരുന്നതായി നൈജീരിയന്‍ ആരോഗ്യവകുപ്പു വെളിപ്പെടുത്തിയിരുന്നെങ്കിലും സ്ഥിരീകരണം നല്കിയിരുന്നില്ല. ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ ആരോഗ്യഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 19 നും 23 നും പരിശോധിച്ച സാമ്പിളുകളിലും ഒമിക്രോണ്‍ വൈറസുകളുണ്ടായിരുന്നു.
കൂടുതല്‍ രാജ്യങ്ങളിലേക്കു വൈറസുകള്‍ പടരുന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. യു.എസ്., യു.കെ., ബെല്‍ജിയം, സൗദിഅറേബ്യ, മലേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. സ്വന്തം പൗരന്മാര്‍ ഉള്‍പ്പെടെ രാജ്യത്തെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ യു.എസ്. ഒരുങ്ങുന്നു. യു.കെ.യില്‍ ഇതിനകം 22 രോഗബാധിതരെ കണ്ടെത്തിയതിനാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് വേഗം കൂട്ടി. എട്ട് ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മലേഷ്യ പ്രവേശനം നിഷേധിച്ചുകഴിഞ്ഞു. ജപ്പാനാകട്ടെ, ഈ മാസം അവസാനംവരെ വിദേശയാത്രക്കാരെ വിലക്കി. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ജപ്പാന്‍വഴി കടന്നുപോകുന്ന മറ്റു രാജ്യക്കാര്‍ക്കും തത്കാലം വിലക്കില്ല. എന്നാല്‍, മടങ്ങിയെത്തുന്ന സ്വദേശികള്‍ക്കു രണ്ടാഴ്ചത്തേക്കു ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ജപ്പാനില്‍ ആകെ രോഗികളുടെ എണ്ണം 286 ആയി. സൗത്താഫ്രിക്കയില്‍നിന്നെത്തി ഹോങ്കോങ്ങിലെ ഒരു മുന്തിയ ഹോട്ടലില്‍ ക്വാറന്റൈനിലായിരുന്ന ഒരാളില്‍നിന്ന് ഇടനാഴിക്കപ്പുറം എതിര്‍വശത്തുള്ള മുറിയിലെ താമസക്കാരനും വൈറസുകള്‍ പടര്‍ന്നുകിട്ടിയതോടെ അവിടത്തെ രോഗികളുടെ എണ്ണം രണ്ടായി. രണ്ടാമത്തെയാള്‍ കാനഡയില്‍നിന്നു ഹോങ്കോങ്ങില്‍ വിമാനമിറങ്ങിയ വ്യക്തിയാണ്. ക്വാറന്റൈനിലായിരുന്ന വ്യക്തി ശരിയായ രീതിയിലല്ല മാസ്‌ക് ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മാസങ്ങളായി കൊവിഡ് മുക്തമായിരുന്ന നഗരത്തിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലായിരുന്നെങ്കിലും രോഗപ്പകര്‍ച്ച തടയാന്‍ കഴിയാത്തത് ഒമിക്രോണ്‍ വൈറസുകളുടെ വ്യാപനശേഷി ആദ്യവൈറസുകളെക്കാള്‍ പതിന്മടങ്ങാണെന്നു വ്യക്തമാക്കുന്നു.
ഹോളണ്ടില്‍ രോഗികളായി കണ്ടെത്തിയ 13 പേരും സൗത്താഫ്രിക്കയില്‍നിന്നുള്ള വിമാനയാത്രികരായിരുന്നു. ആംസ്റ്റര്‍ഡാമില്‍ അവരോടൊപ്പം വിമാനമിറങ്ങിയ 600 പേരില്‍ 61 പേര്‍ കൊവിഡ് ബാധിതരായിരുന്നു. ജനിതകമാറ്റത്തിലൂടെ രൂപപ്പെട്ട പുതിയ വൈറസുകള്‍ അവരിലുണ്ടോയെന്നു കൂടുതല്‍ അന്വേഷണങ്ങളില്‍നിന്നേ വ്യക്തമാകൂ. രണ്ടുവീതം രോഗികളുള്ള ഓസ്‌ട്രേലിയായും ഡെന്മാര്‍ക്കും വിദേശയാത്രകള്‍ക്കു കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. യു.എസ്., യു.കെ., യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങള്‍, ശ്രീലങ്ക, ഒമാന്‍, തായ്‌ലന്‍ഡ് എന്നിവ ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്‌സ്വാന, നമീബിയ, സിംബാംബ്‌വേ എന്നിവയടക്കമുള്ള 9 തെക്കന്‍ ആഫ്രിക്കന്‍ രാജ്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ നല്‍കി. വാക്‌സിന്റെ ലഭ്യതക്കുറവും ജനങ്ങളുടെ വിമുഖതയുംമൂലം വാക്‌സിനേഷനില്‍ പിന്നാക്കം നിന്ന തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മുപ്പതിലേറെ ജനിതകവ്യതിയാനം സംഭവിച്ച ഒമിക്രോണ്‍ വൈറസുകള്‍ രൂപപ്പെട്ടതെന്ന് തെളിഞ്ഞുകഴിഞ്ഞു.
പ്രതിരോധം അനിവാര്യം
ഒമിക്രോണ്‍ വൈറസ് ബാധമൂലം ഒരു രാജ്യത്തും ഒരാള്‍പോലും മരണപ്പെട്ടിട്ടില്ലെങ്കിലും രോഗവ്യാപനത്തോത് ഭയം ജനിപ്പിക്കുന്നുണ്ട്. രണ്ടു ഡോസ് വാക്‌സിനും എടുത്ത് 6 മാസം തികയാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ യുഎസും യുകെയും തയ്യാറെടുക്കുകയാണ്. മറ്റു മാരകരോഗങ്ങളുള്ള 40 വയസ് പൂര്‍ത്തിയായ വ്യക്തികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കുമാണു തുടക്കത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്കുക. ഫൈസറിന്റെയോ ബയോണ്‍ടെക്കിന്റെയോ മൂന്നു ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് 93 ശതമാനം പ്രതിരോധശേഷി കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് ഇസ്രായേലില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ കണ്ടെത്തി. കൊവിഡ് 19 ബാധിതരിലെ മരണനിരക്ക് 81 ശതമാനം കുറയ്ക്കാനും മൂന്നു ഡോസ് വാക്‌സിന്‍ ഫലപ്രദമാണെന്നും പഠനങ്ങള്‍ തെളിയിച്ചു. മാരകമായ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ ഇതേ മാതൃകയാണ് നമ്മുടെ രാജ്യവും സ്വീകരിക്കേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. സര്‍ക്കാരിന്റെയും സ്വകാര്യമേഖലയുടെയും കൈവശമുള്ള ദശലക്ഷക്കണക്കിനു ഡോസ് വാക്‌സിനുകള്‍ കാലപ്പഴക്കംമൂലം ഉപയോഗശൂന്യമാകുംമുമ്പേ ബൂസ്റ്റര്‍ ഡോസിനായി ഉപയോഗിച്ചുതുടങ്ങണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ക്കുള്ളത്. എന്നാല്‍, രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കാന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മറ്റെന്തു നടപടികള്‍ സ്വീകരിച്ചാലും ഫലപ്രാപ്തിയിലെത്തുകയില്ലെന്നും അവര്‍ വിലയിരുത്തുന്നു.