•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

മറിയമായി മാറണം

  • സെപ്റ്റംബര്‍ 5
  • ഏലിയ സ്ലീവാ മൂശ  രണ്ടാം ഞായര്‍
  • നിയ.7:7-11  ഏശ. 30:18-26
  • 2 തെസ.2:14-3:3   മത്താ.13:1-9,18-23

ടിക്കുരിശ് താരും തളിരുമണിയുന്ന ഈ നാളുകളില്‍ കാല്‍വരിയുടെ നിറുകയില്‍കുകുത്തിനാട്ടപ്പെട്ട ആ മോചനചിഹ്നത്തിന്റെ മായാനിഴലായി നിന്ന മറിയത്തെ മറക്കാനാവുമോ? കന്യാമറിയത്തിന്റെ കല്മഷരഹിതമായ ജനനത്തെ തിരുസ്സഭ  അനുസ്മരിക്കുന്ന ഈ ആഴ്ചയിലെ വചനവായനകളുടെ വിചിന്തനവഴികളൊക്കെയും മറിയമാകുന്ന നലംതികഞ്ഞ വിളനിലത്തേക്കു നീണ്ടുപോകുന്നു.
ഒന്നാം വായനയിലെ ചിന്തകള്‍ ദൈവപ്രമാണങ്ങള്‍ അനുസരിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മിപ്പിക്കുന്നു. കല്പനകള്‍ കര്‍ത്താവിങ്കലേക്കുള്ള കല്പടവുകളാണ്. ചട്ടങ്ങള്‍ ചവിട്ടുപടികളും. കര്‍ത്താവിനെ പ്രണയിക്കുന്നത് അവിടുത്തെ പ്രമാണങ്ങളുടെ പാലനത്തിലൂടെയാണ്. നിയമങ്ങള്‍ നമ്മുടെ നന്മയ്ക്കായുള്ള നയങ്ങളാണ്. പ്രമാണങ്ങളുടെ അനുസരണം ദൈവത്തോടുള്ള നമ്മുടെ പ്രതിസ്‌നേഹമാണ്. സംഖ്യയല്ല, സ്‌നേഹമാണ് സാരം. അലിവാണ് അളവുകോല്‍. വാക്കിനെ വിലമതിക്കുന്നവനും വാഗ്ദാനങ്ങളില്‍ വിശ്വസ്തനും ചെറിയവരുടെ വലിയ ദൈവവുമാണ് നമ്മുടേത്. അവിടുത്തെ ആജ്ഞകളില്‍ അചഞ്ചലരായി നാം നിലകൊള്ളണം. സ്ഥിരതയ്ക്കാണ് എവിടെയും സ്ഥാനം. അസ്ഥിരതയെ ആശ്രയിക്കാനാവില്ല. വിശ്വാസജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകങ്ങളാണ്. ഉടമ്പടികള്‍ ഉറപ്പുള്ളവയായിരിക്കണം.
രണ്ടാം വായനയിലെ ചിന്തകള്‍ വക്രവഴികള്‍ വെടിഞ്ഞ് നേര്‍വഴിക്കു നടക്കാനുള്ള പ്രബോധനം നല്കുന്നു. പിന്നിട്ട പാതയില്‍ തട്ടിത്തെറിപ്പിച്ച നന്മയുടെയും നൈര്‍മല്യത്തിന്റെയും തിരുശേഷിപ്പുകള്‍ തിരഞ്ഞുള്ള ഒരുരുതിരിഞ്ഞുനടപ്പാണ് മാനസാന്തരം. ഉറകെട്ടവയെ ഉപേക്ഷിക്കാനും ഉണ്മയുള്ളവയെ ഉള്‍ക്കൊള്ളാനുമുള്ള ചങ്കൂറ്റമാണത്. മാനസാന്തരംനിരന്തരം നടക്കേണ്ട ഒരുരുമാറ്റമാണ്. മാനസാന്തരപ്പെടുന്നവരുടെ നയനങ്ങള്‍ പിന്നീട് നനയാന്‍ ഇടവരില്ല. കാരണം, കരുണ കാണിക്കുന്നവനാണ് കര്‍ത്താവ്. മുറിവുണക്കാന്‍ മതിയായവനും സൗഖ്യം സാധ്യമാക്കുന്നവനുമായ അവിടുത്തെ അനുഭവിച്ചറിയാന്‍ കഷ്ടപ്പാടുകളെ ഇഷ്ടപ്പെടുന്നവര്‍ക്കു കഴിയും.
മൂന്നാം വായനയിലെ ചിന്തകള്‍ പാരമ്പര്യങ്ങളുടെ പ്രാധാന്യത്തെ ചൂഴ്ന്നുനില്ക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന സഭയുടെ പാരമ്പര്യങ്ങളെ തുരുമ്പു പിടിച്ചവയെന്നുന്നുപേരുകുത്തി അവഹേളിക്കുന്ന പുരോഗമനവാദികളുടെയും, സഭാനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും തുറുങ്കും തൂക്കുകയറും വിധിക്കുന്ന വിദ്വേഷവെറിപൂണ്ട മാധ്യമജഡ്ജിമാരുടെയും നെറികെട്ട 'സേവന'കാലമാണിത്. എന്നാല്‍, വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിരചിതമായ വചനങ്ങളും അനുഷ്ഠിക്കപ്പെടുന്ന ആചാരങ്ങളും സമപ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പ്രമാണഫലകങ്ങളുടെ മറുപുറങ്ങളാണ് പാരമ്പര്യങ്ങള്‍. മാറ്റം നല്ലതാണ്. പക്ഷേ, അത് ആവശ്യമായവയ്ക്കും അനുവദനീയമായ അളവിലും മാത്രംമതി. മാറ്റുള്ളവയെ മാറ്റേണ്ടതില്ല. ചട്ടങ്ങളെയെല്ലാം ചവിട്ടി ചവറ്റുകുട്ടയില്‍ തള്ളാനാവില്ല. സഭ'സ്വഭാവത്താല്‍ ശ്ലൈഹികമാണ്. അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളാകുന്ന അടിത്തറയില്‍ ഉറച്ചുനില്ക്കാന്‍ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്.
സുവിശേഷത്തിലെ ചിന്തകള്‍ വിത്തുകളെ വിളകളാക്കാനുള്ള വിളിയാണ്. കനിസമൃദ്ധിയാണ് കാതലായ കാര്യം. വിശ്വാസികളായ നമ്മുടെ അനുദിനജീവിതനിലങ്ങളില്‍ വചനം വിത്തുകളായി അവിരാമം വിതയ്ക്കപ്പെടുന്നുണ്ട്. നൂറുമേനി ഉറപ്പുതരുന്ന നല്ല നിലമാണോ നമ്മുടേത് എന്നതാണു ചോദ്യം. വിതക്കാരന്റെ അലസതയല്ല, നമ്മുടെ അശ്രദ്ധയാണ് വിത്തുകള്‍ അസ്ഥാനത്തു വീഴുന്നതിനും വിഫലമായിപ്പോകുന്നതിനുമുള്ള അടിസ്ഥാനകാരണം. ആകയാല്‍, കല്പനകളാകുന്ന കലപ്പയാല്‍ ഉഴുതുമറിച്ച്, സുകൃതവരങ്ങളാല്‍ സേചിതമാക്കി, കൂദാശകളാകുന്ന വളമിട്ട്'തളിച്ച് ഹൃദയവയലുകളൊരുക്കിയിടാം. ജീവിതവ്യാപാരങ്ങളെ കൂടുതല്‍ ക്രൈസ്തവീകരിക്കാം. വചനവിത്തുകളെ വളഞ്ഞുവളരുന്ന കളകളെ കളയാം. വിതയ്ക്കപ്പെടുന്ന വചനവിത്തുകളെ വിളയും വിഭവവുമാക്കി വിളമ്പുക എന്നതാണ് വാസ്തവത്തില്‍ ക്രിസ്ത്വനുകരണവും ക്രൈസ്തവധര്‍മവും.
നാളിതുവരെ വീണുകിട്ടിയ വിത്തുകളെ വിളകളാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? വഴിയോരത്തു തഴയപ്പെടുന്ന വിത്തുകളാണ് ആകാശപ്പറവകള്‍ക്ക്ക്കുആഹാരമാകുന്നത്. മണ്ണിന്റെ ആഴമില്ലായ്മയും കളകളും കണ്ടകപ്പടര്‍പ്പുകളുമൊക്കെ നമ്മുടെതന്നെ തന്റേടത്തിന്റെയും താത്പര്യമില്ലായ്മയുടെയും നിര്‍മിതികളാണ്. അതോടൊപ്പം, വിത്തുകളെ കൊത്തിപ്പറക്കാനും നാമ്പുകളെ ഞെരുക്കിനശിപ്പിക്കാനും കതിരുകളെ കാര്‍ന്നുതിന്നാനും തക്കം പാര്‍ക്കുന്ന നാരകീയശക്തികള്‍ പെരുകിവരുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും വിസ്മരിക്കരുത്. വചനം വളരെയേറെ വെല്ലുവിളികള്‍ നേരിടുന്ന കലികാലമാണിത്. വചനാധിഷ്ഠിതമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെ വിലങ്ങുവയ്ക്കാനും അഴികള്‍ക്കുള്ളില്‍ അടയ്ക്കാനും അധികാരിവര്‍ഗത്തിന്  അല്പംപോലും അറപ്പില്ലാത്ത കറുത്തകാലം. എന്നാല്‍, നല്ല നിലത്തിന്റെ പര്യായമെന്നവണ്ണം നാരീമണിയൊരുവള്‍ മുന്നില്‍ മിന്നിനില്പുണ്ട്. കന്യാമറിയമാണ് കാലമിന്നോളം കണ്ടിട്ടുള്ള, കളകളും കിളികളുമില്ലാത്ത കന്നിപ്പാടം. അരുളപ്പെട്ട വചനത്തെ ഹൃദയവയലിലും ഉരുവായ വചനത്തെ ഉദരവയലിലും സഹര്‍ഷം സ്വീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തവള്‍. മാതാവാണ് മാതൃക. ആ കൃപ നിറഞ്ഞവളിലേക്കു കണ്ണുകളെറിയാം. ഓരോ പിറവിയും പരിശുദ്ധ അമ്മയുടേതുപോലെ (സെപ്റ്റംബര്‍ 8) പാര്‍ത്തലത്തില്‍ പുണ്യത്തിന്റെ പുല്‍നാമ്പാകണം. പാഴ്ജന്മമാകാനല്ല വാഴ്‌വിലെ നമ്മുടെ നിയോഗം. പിന്നെയോ, വിശുദ്ധഗ്രന്ഥമാകുന്ന വെള്ളിത്താലത്തില്‍നിന്നു വിതക്കാരനായ ദൈവം വാരിവിതറുന്ന വചനമണികളെ വളവും വെള്ളവുമേകി വളര്‍ത്താനുള്ളതാണ്. അതിന്റെ പൂര്‍ത്തീകരണത്തിനായി പ്രതിനിമിഷം നാമോരോരുത്തരും മറിയമായി മാറണം.

 

Login log record inserted successfully!