ഏപ്രില്‍ 6 നോമ്പുകാലം ആറാം ഞായര്‍
ഉത്പ 19:15-26 ജോഷ്വ 21:43-22:5 റോമാ 14:13-23 യോഹ 10:11-18
ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കുന്ന ഇടയനായ ഈശോയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോടു സംസാരിക്കുന്നത്. കര്‍ത്താവ് ഇടയനും ഇസ്രയേല്‍ ആടുകളുമാണെന്ന സങ്കല്പം ഇസ്രയേലില്‍ നിലനിന്നിരുന്നു. കര്‍ത്താവാണെന്റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല (സങ്കീ. 23:1). കര്‍ത്താവ് ജനത്തിന്റെ ദൈവവും ജനം അവിടുത്തെ മേച്ചില്‍സ്ഥലത്തെ ആടുകളുമാണ് (സങ്കീ. 95:7;77:20). കൂട്ടംവിട്ട ആടിനെപ്പോലെ ഞാന്‍ അലയുന്നു. അങ്ങയുടെ ദാസനെ തേടിവരണമേ (സങ്കീ. 119:176) എന്നു സങ്കീര്‍ത്തകന്‍ പ്രാര്‍ഥിക്കുന്നുണ്ട്: പുതിയനിയമത്തില്‍ നാലു സുവിശേഷങ്ങളിലും ഈശോയെ ഇടയനായി ചിത്രീകരിക്കുന്നുണ്ട് (മത്താ. 9:36; 18:12; മര്‍ക്കോ. 6:34; ലൂക്കാ.12:32; 15:41; യോഹ. 10:1-18).
പാപത്തില്‍ മുഴുകിയ സോദോം-ഗൊമോറദേശം ശിക്ഷിക്കപ്പെടുമ്പോഴും തിന്മ•ചെയ്യാതെ നിന്നിരുന്ന, നന്മയുടെ പ്രതിരൂപങ്ങളായിരുന്ന ലോത്തിനെയും കുടുംബത്തെയും രക്ഷിക്കുന്ന വിവരണമാണ് ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ശ്രവിക്കുന്നത്. സോദോമില്‍നിന്നു ലോത്തിനെയും അടുത്ത ബന്ധുക്കളെയും രക്ഷിച്ച ദൈവികപ്രവൃത്തിയില്‍ ഒരു ഇടയന്‍ ആടിനെ അപകടത്തില്‍നിന്നു രക്ഷിക്കുന്നതുപോലെ ലോത്തിനെയും കുടുംബത്തെയും അനുധാവനം ചെയ്ത് രക്ഷയിലേക്കു നയിക്കുന്നതാണ് കാണുന്നത്. കര്‍ത്താവിന് അവനോടു കരുണ തോന്നി അവനെയും ഭാര്യയെയും മക്കളെയുമെല്ലാം കൈയ്ക്കുപിടിച്ച് നഗരത്തിനു പുറത്തു കൊണ്ടുപോയി വിട്ടു. തിന്മയെ പരാജയപ്പെടുത്തി മനുഷ്യകുലത്തിനു രക്ഷ നല്കുന്ന മിശിഹായെത്തന്നെയാണ് സോദോം-ഗോമോറായില്‍ രക്ഷ നല്കുന്ന കര്‍ത്താവില്‍ ദര്‍ശിക്കാനാവുന്നത്.
ജോഷ്വായുടെ നേതൃത്വത്തില്‍ കര്‍ത്താവിന്റെ വചനത്താല്‍ നയിക്കപ്പെട്ട് ഇസ്രയേല്‍ജനം കാനാന്‍ദേശം കൈവശപ്പെടുത്തിയതിനെക്കുറിച്ചാണ് ജോഷ്വായുടെ പുസ്തകത്തില്‍നിന്നുള്ള പ്രഘോഷണം. പന്ത്രണ്ടുഗോത്രങ്ങളുടെ ഒരു സംയുക്തസംരംഭമായിട്ടായിരുന്നു വാഗ്ദത്തനാടിന്റെ കൈവശപ്പെടുത്തല്‍. അതുകൊണ്ട് അവരുടെ കാനാന്‍ദേശത്തെ വിജയം സഹോദരങ്ങളുടെ ഐക്യത്തിന്റെ വിജയമായിരുന്നുവെന്നു പറയാം. കാനാന്‍ദേശം യോര്‍ദാന്‍ നദിക്കു പടിഞ്ഞാറാണ്. യോര്‍ദാന്‍ നദിക്കു കിഴക്കുഭാഗത്തും കുറെ സ്ഥലങ്ങള്‍ ഇസ്രയേല്‍ജനം നേരത്തേതന്നെ കൈവശപ്പെടുത്തുകയും രണ്ടര ഗോത്രങ്ങള്‍ക്കു വീതിച്ചുനല്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ രണ്ടര ഗോത്രങ്ങളിലെ യോദ്ധാക്കളും കാനാന്‍ദേശം പിടിച്ചടക്കാന്‍ ഇതര സഹോദരഗോത്രങ്ങളെ സഹായിച്ചതിനുശേഷംമാത്രമാണ് തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിയത്.
സഹോദരങ്ങള്‍ തമ്മില്‍ത്തമ്മില്‍ ഇടര്‍ച്ചയാകാതെ ഐക്യത്തില്‍ വ്യാപരിക്കുന്നതിനെപ്പറ്റിയാണ് റോമ. 14:13-23 പ്രതിപാദിക്കുന്നത്. സഹോദരര്‍ സഹവസിക്കുന്ന സമൂഹത്തില്‍ ആരും ആര്‍ക്കും ഇടര്‍ച്ച നല്കരുതെന്ന് ശ്ലീഹാ ഓര്‍മിപ്പിക്കുന്നു. സഹോദരന് ഇടര്‍ച്ചയോ മാനസികവിഷമമോ നല്കുന്നവന്‍ സ്‌നേഹത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. ദൈവത്തിനു സ്വീകാര്യനും മനുഷ്യര്‍ക്കു സുസമ്മതനുമായി വര്‍ത്തിക്കാനാണ് ശ്ലീഹാ ഉപദേശിക്കുന്നത്.
ഈശോ ആരാണെന്നും അവിടുത്തെ സന്ദേശമെന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്കു പലസ്തീനായുടെ പശ്ചാത്തലത്തിലുള്ള ഉപമയിലൂടെ യോഹന്നാന്‍ ഉത്തരം നല്കുകയാണ് ഇന്നത്തെ സുവിശേഷത്തില്‍. ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്ന ഇടയനാണ് ഈശോ. കള്ളന്മാരും വ്യാജ ഇടയന്മാരും വിശ്വാസിസമൂഹത്തെ വഴിതെറ്റിക്കാന്‍ വെമ്പല്‍കൊള്ളുന്ന സാഹചര്യത്തില്‍ ഈശോ നല്ല ഇടയനും വിശ്വാസികളുടെ മാര്‍ഗത്തിനു ഭ്രംശം വരുത്തുന്ന വ്യാജപ്രബോധകര്‍ വ്യാജ ഇടയന്മാരുമാണെന്ന് യോഹന്നാന്‍ സമര്‍ഥിക്കുന്നു. സ്വാര്‍ഥലാഭത്തിനുവേണ്ടി ദൈവജനത്തെ അവഗണിക്കുന്ന ഇസ്രയേലിലെ നിയമജ്ഞരെയും ഫരിസേയരെയും വ്യാജഇടയന്മാരായി ചിത്രീകരിക്കുന്ന സുവിശേഷകന്‍ അവര്‍ക്കുള്ള ഒരു ബദലായിട്ടാണ് ആടുകള്‍ക്കു ജീവന്‍ ഉണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി പരിശ്രമിക്കുന്ന നല്ല ഇടയനായി ഈശോയെ അവതരിപ്പിക്കുന്നത്. 10:1-6ല്‍ ഇടയനെയും ആടുകളെയുംകുറിച്ചു വിവരിക്കുന്ന യോഹന്നാന്‍ ശ്ലീഹാ 10:7-10ല്‍ തൊഴുത്തിന്റെ വാതിലിനെയും അതില്‍ പ്രവേശിക്കുന്നവരെയും 10:10-18 ല്‍ നല്ല ഇടയനായ ഈശോയെയുംകുറിച്ചു പ്രതിപാദിക്കുന്നു.
നല്ല ഇടയന്‍: യോഹന്നാന്‍ ശ്ലീഹാ ഈശോയെ വിശേഷിപ്പിച്ചിരിക്കുന്നത് നല്ല ഇടയന്‍ എന്നാണ്. ഈശോയുടെ നന്മയെ ഊന്നിപ്പറയാന്‍വേണ്ടിയാണ് മനോഹരം, സുന്ദരം എന്ന അര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ കാലോസ് എന്ന പദം ഇടയന്‍ എന്ന വാക്കിനോടുകൂടെ ഉപയോഗിച്ചിരിക്കുന്നത്. ജനനേതാക്കളായ മറ്റ് ഇടയന്മാരെക്കാള്‍ ഈശോ ശ്രേഷ്ഠനാണ്, നല്ലവനാണെന്ന് ഈ വിശേഷണം സൂചിപ്പിക്കുന്നു. കൂടാതെ, നല്ല എന്ന വിശേഷണം ഈശോയാകുന്ന ഇടയനോടു കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഈശോയുടെ കനിവും കാരുണ്യവും ഈ വാക്ക് ഉള്‍ക്കൊള്ളുന്നുണ്ട്. നല്ല ഇടയന്‍ എന്ന വാക്കിന്റെ അര്‍ഥം നന്മയും കനിവും കാരുണ്യവുമുള്ള അജപാലകന്‍ എന്നാണ്.
നല്ല ഇടയന്റെ പ്രത്യേകതകള്‍ യോഹ. 10:1-18 ല്‍ നല്ല ഇടയന്റെ ഭാവങ്ങളെ സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട്. 1. വ്യാജമാര്‍ഗങ്ങളിലൂടെ തൊഴുത്തില്‍ പ്രവേശിക്കാതെ യഥാര്‍ഥവാതിലിലൂടെ അകത്തു പ്രവേശിക്കുന്നവന്‍ (10:1-2). 2. വ്യക്തിപരമായ ബന്ധമുള്ളതിനാല്‍ ആടുകളെ പേരുചൊല്ലി വിളിക്കുന്നവന്‍ (10:3). 3. ആടുകളുടെ നന്മ കാംക്ഷിച്ച് അവയെ മേച്ചില്‍സ്ഥലങ്ങളിലേക്കു നയിക്കുന്നവന്‍ (10:3). 4. ആടുകളുടെ മുമ്പേ നടന്ന് അവയ്ക്കു വഴികാണിച്ചുകൊടുക്കുന്നവന്‍ (10:4). 5. അപകടസന്ധിയില്‍ ഓടിപ്പോകാതെ ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നവന്‍ (10:11). 6. കൂലിക്കുവേണ്ടിമാത്രം ആടുകളെ നോക്കുന്ന വ്യക്തിയെപ്പോലെയല്ലാതെ ആടുകളെ സ്വന്തമായി കരുതുന്നവന്‍ (10:12-13). 7. ആടുകളെ അറിഞ്ഞു സ്‌നേഹിക്കുന്നവന്‍ (10:14) 8. തൊഴുത്തില്‍പ്പെടാത്ത മറ്റ്ആടുകളെയും കരുതലോടെ കാക്കുന്നവന്‍ (10:16).
ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നവര്‍
ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെയെല്ലാം വഴിയില്‍ ഉപേക്ഷിച്ച് തന്റെതന്നെ രക്ഷ തേടി ഓടിപ്പോകുന്നു (10:12). അതുവഴി ചെന്നായ് ആടുകളെ ആക്രമിക്കുകയും അവയെ ചിതറിച്ചുകളയുകയും ചെയ്യുന്നു. ഏ.ഡി. 70 ലെ ജറുസലേംദേവാലയത്തിന്റെ പതനത്തിനു തൊട്ടുമുമ്പായി യഹൂദനേതാക്കന്മാരെല്ലാം യാമ്‌നിയ എന്ന സ്ഥലത്തേക്കു പലായനം ചെയ്യുന്നതും അതേത്തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഈ ഒരു പരാമര്‍ശത്തിന്റെ (10:12) പശ്ചാത്തലമായി വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കള്‍ സാധാരണ അഭിപ്രായപ്പെടുന്നത്. അപകടം വരുന്നുവെന്നു കാണുമ്പോള്‍ ഏല്പിക്കപ്പെട്ടിരിക്കുന്നവരുടെ രക്ഷ നോക്കാതെ സ്വയം രക്ഷ തേടുന്നവര്‍ വെറും കൂലിക്കാരന്റെ സ്വഭാവമുള്ളവരാണെന്നു വ്യക്തം. അതായത്, ഏല്പിക്കപ്പെട്ടിരിക്കുന്നവയെ സ്വന്തമെന്നപോലെ കരുതി സംരക്ഷിക്കേണ്ടതിനുപകരം അപകടത്തിന് അവയെ വിട്ടുനല്കിക്കൊണ്ട് സ്വയരക്ഷ തേടുന്നവന്‍ ആത്മാര്‍ഥതയില്ലാത്തവനാണ്, കടപ്പാടുകള്‍ ഇല്ലാത്തവനാണ്. കൂലിക്കാരന്‍ കൂലിക്കുവേണ്ടി മാത്രം തന്റെ ജോലി നിര്‍വഹിക്കുമ്പോള്‍ നല്ല ഇടയന്‍ ആടുകളോടുള്ള അവന്റെ സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ശുശ്രൂഷിക്കുന്നതെന്നും ഈ വാക്യം പഠിപ്പിക്കുന്നു. തന്റെ ജീവനും ആടുകളുടെ ജീവനും തമ്മില്‍ ഒരു തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാനേ കൂലിക്കാരനായ ഇടയന്‍ ശ്രദ്ധിക്കൂ. എന്നാല്‍, ഈശോയെ സംബന്ധിച്ചിടത്തോളം ഇടയവൃത്തി ഒരു ഉടമ്പടിവേലയല്ല; പ്രത്യുത, ഒരു ജീവിതദൗത്യമാണ്. ഈശോയാകുന്ന ഇടയന്‍ ആടുകളുടെ വാതിലാണ്, വാതില്‍ കാവല്‍ക്കാരനാണ്.
തൊഴുത്തില്‍പ്പെടാത്ത മറ്റ് ആടുകള്‍ (10:16): സകല ജനവും ഈശോയില്‍ ഒരു ഗണമായിത്തീരേണ്ടതാണെന്ന ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വചനം. എല്ലാ ആടുകളെയും അറിയുകയും സ്‌നേഹിക്കുകയും അവയ്ക്കുവേണ്ടി സ്വയം ജീവന്‍ അര്‍പ്പിക്കുകയും ചെയ്ത ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഇടയനാണ് ഈശോ. ആ ഈശോയില്‍ വിശ്വാസമര്‍പ്പിച്ച് കൂട്ടായ്മയില്‍ നില്ക്കുന്നവരാണ് തൊഴുത്തില്‍പ്പെടുന്ന ആടുകള്‍. നല്ല ഇടയനായ ഈശോയില്‍ വിശ്വസിക്കാത്തവരാണ് തൊഴുത്തിനു പുറത്തുനില്ക്കുന്നവര്‍. ഈശോയെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നവരും അവിടുത്തെ അറിഞ്ഞശേഷം പലവിധ കാരണങ്ങളാല്‍ ഈശോയില്‍നിന്നകന്നുപോയവരും തൊഴുത്തിനു പുറത്തുള്ളവരാണ്. തൊഴുത്തിനു പുറത്തുള്ളവരെല്ലാവരും തിരികെവന്ന് ഏകതൊഴുത്തും ഏക ഇടയനുമാകണമെന്നാണ് ഇവിടെ അര്‍ഥമാക്കുന്നത്. ചിതറിക്കഴിയുന്ന ജനമെല്ലാം ഈശോയില്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്നാണ് ഈ വചനത്തിന്റെ ധ്വനി. എല്ലാ മനുഷ്യരുടെയും രക്ഷകനായ ഈശോയുടെ സാര്‍വത്രികരക്ഷാകരദൗത്യത്തിന്റെ സൂചനകളാണിവ. എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടുമെന്ന് എഴുതിയിട്ടില്ലേ? (മര്‍ക്കോ. 10:17).
സുവിശേഷഭാഗം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത് മിശിഹായുടെ അനുയായി അനുഷ്ഠിക്കേണ്ട രണ്ടു ധര്‍മങ്ങളിലേക്കാണ് - ഇടയധര്‍മവും അജധര്‍മവും. ഈശോയെ സ്വന്തം ജീവിതത്തില്‍ അനുകരിക്കാന്‍ തയ്യാറായിട്ടുള്ള ആര്‍ക്കും ഇടയധര്‍മമുണ്ട്. പിതാവായ ദൈവത്തിന്റെ ഇടയച്ചെറുക്കനായി മിശിഹാ സ്വയം ചിത്രീകരിക്കുന്നതുപോലെ, മിശിഹായുടെ ഇടയച്ചെറുക്കന്മാരാണ് നാം ഓരോരുത്തരും. മിശിഹാ തന്റെ സംരക്ഷണത്തിനേല്പിക്കപ്പെട്ടിരുന്ന എല്ലാവരുടെയും പരിരക്ഷയ്ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചിരിക്കുന്നതുപോലെ നമുക്കും ഒരു ഇടയധര്‍മമുണ്ട്. വികാരിയച്ചന്‍ ഇടവകജനത്തിന് ഇടയനായിരിക്കണം. മാതാപിതാക്കള്‍ മക്കള്‍ക്കും, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കും, ഭരണകര്‍ത്താക്കള്‍ ഭരണീയര്‍ക്കും, ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ക്കും, യജമാനന്‍ തൊഴിലാളികള്‍ക്കും ഇടയന്മാരായിരിക്കണം. നല്ല ഇടയനായ ഈശോയുടെ പാത നാം പിന്തുടരുമ്പോള്‍ നമ്മുടെ ജീവിതവും നമ്മെ ഉത്തരവാദിത്വമേല്പിച്ചവരുടെ പരിരക്ഷയ്ക്കുവേണ്ടി ആകേണ്ടിയിരിക്കുന്നു. ജീവന്‍ സമര്‍പ്പിക്കുക എന്നു പറയുമ്പോള്‍ അവര്‍ക്കുവേണ്ടി മരിക്കുക എന്നതിനേക്കാള്‍ മരിക്കുന്നതുവരെയും അവര്‍ക്കുവേണ്ടി ജീവിക്കുകയെന്നതാണ് മനസ്സിലാക്കേണ്ടത്.