•  17 Apr 2025
  •  ദീപം 58
  •  നാളം 7
വചനനാളം

അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം

ഫെബ്രുവരി 9  ദനഹാക്കാലം ആറാം ഞായര്‍
നിയ 24:14-22  ഏശ 63:7-16
ഹെബ്രാ 8:1-6   യോഹ 3:22-31
 
   ദൈവികപ്രകാശവും സ്വര്‍ഗീയ വെളിപ്പെടുത്തലുകളും ഓര്‍മിപ്പിക്കുന്ന ദനഹാക്കാലത്തിലെ ആറാം ആഴ്ചയിലേക്കു നാം പ്രവേശിക്കുകയാണ്. ഈശോയുടെ മാമ്മോദീസായില്‍ തുടങ്ങിയ ദൈവാവിഷ്‌കാരത്തിന്റെ ചിന്തകളും സന്ദേശങ്ങളും ഈ ആരാധനക്രമകാലത്തിലെ ഓരോ ആഴ്ചയിലും നമ്മുടെ വിശ്വാസജീവിതത്തെയും ആത്മീയദര്‍ശനങ്ങളെയും വളര്‍ത്തുന്നതാണ്. നശ്വരമായ ഈ ലോകത്തില്‍ മനുഷ്യനെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ലൗകികവും സ്വാര്‍ഥനിര്‍ഭരവുമായ ആവശ്യങ്ങളും മാനദണ്ഡങ്ങളുമാണെങ്കില്‍ ദൈവത്തിന്റെ വെളിച്ചം കാണുകയും ആ സനാതനപ്രകാശം സ്വീകരിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ മക്കള്‍ സ്വാധീനിക്കപ്പെടേണ്ടത്, നിയന്ത്രിക്കപ്പെടേണ്ടത് സുവിശേഷമൂല്യങ്ങളാലും മാതൃകകളാലുമാണ്. ആത്മീയജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ചില പാഠങ്ങളാണ് ഈ ആഴ്ചയിലെ ദൈവവചനപ്രഘോഷണങ്ങളില്‍ നിഴലിക്കുന്നത്.
    നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ വായനയില്‍, ദൈവത്തിന്റെ കരുണ അനുഭവിച്ച ഇസ്രയേല്‍ജനം തങ്ങളുടെ ജീവിതത്തിലും കരുണ പ്രകടമാക്കണമെന്നും, അനാഥരെയും വിധവകളെയും പരദേശികളെയും പ്രത്യേകം പരിഗണിക്കണമെന്നുമുള്ള സന്ദേശമാണു നല്കുന്നത്.  അഗതിയും ദരിദ്രനുമായവനെ ഒരു കാരണത്താലും പീഡിപ്പിക്കരുതെന്നു തിരുവചനം പ്രഖ്യാപിക്കുന്നു. 
   ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ വായനയും കര്‍ത്താവിന്റെ കാരുണ്യം അനുഭവിച്ചവര്‍ അവിടുത്തെ കാരുണ്യം പ്രകീര്‍ത്തിക്കണമെന്ന കാര്യമാണു പറയുന്നത്. അവിടുന്ന് അവരെ കരങ്ങളില്‍ വഹിക്കുകയും വീണ്ടെടുക്കുകയും ചെയ്തു. എന്നിട്ടും അവര്‍ അതിനെ എതിര്‍ക്കുകയും  പരിശുദ്ധാരൂപിയെ വേദനിപ്പിക്കുകയും ചെയ്യുന്നു എന്ന് പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. 
   സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും ശ്രേഷ്ഠനും കര്‍ത്താവിന്റെ വരവിനു വഴിയൊരുക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകസ്വരവുമായ സ്‌നാപകയോഹന്നാന്റെ ചൈതന്യമാണ് സുവിശേഷത്തില്‍ ദര്‍ശിക്കുന്നത്. യോഹന്നാന്‍ ജീവിതത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്ത മനുഷ്യനായിരുന്നു. തന്റെ ജനത്തിന്റെ ദൈവികമായ തെരഞ്ഞെടുപ്പും നിയോഗവും അവര്‍ കടന്നുവന്ന പൂര്‍വവഴികളും വഴിത്താരകളില്‍ ഇന്നും വീണുകിടക്കുന്ന തിന്മയുടെ നിഴലുകളും അപഭ്രംശങ്ങളും എല്ലാം കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും സ്‌നാപകനു കഴിഞ്ഞു. രക്ഷ തിരിച്ചറിയാത്ത, രക്ഷകനെ തിരിച്ചറിയാത്ത, ദൈവത്തിന്റെ നടത്തിപ്പു ഗ്രഹിക്കാത്ത അപഭ്രംശങ്ങളില്‍ അകപ്പെട്ടുപോയ ജനത്തിന്റെ മുമ്പില്‍ ദൈവമനുഷ്യനായി സ്‌നാപകന്‍ നിലകൊണ്ടു. ദൈവത്തിന്റെ അരുളപ്പാടുകള്‍ക്കനുസരിച്ച് ജനതയെ തിരുത്തുകയും ഒരുക്കുകയും ചെയ്തു. 
   ഉറച്ച ബോധ്യങ്ങളുടെ ജീവിതമായിരിക്കണം ഒരു വിശ്വാസിയുടേതെന്ന് സ്‌നാപകന്‍ പഠിപ്പിക്കുന്നു. വിശ്വാസസത്യങ്ങള്‍ ബോധ്യങ്ങളായി സ്വാംശീകരിക്കപ്പെടുകയും അവ സ്വന്തം ജീവിതംകൊണ്ടു വ്യാഖ്യാനിക്കുകയും ചെയ്യുന്നവനാണ് ഉത്തമ ക്രൈസ്തവവിശ്വാസി. ജീവിതം നമുക്കോരോരുത്തര്‍ക്കും വച്ചുനീട്ടുന്നത് ഒരു ദനഹായുടെ, വെളിപ്പെടുത്തലിന്റെ, സാക്ഷ്യപ്പെടുത്തലിന്റെ നിയോഗംതന്നെയാണ്. സ്വര്‍ഗത്തില്‍നിന്നു നല്കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല (3:27). ഇതു യോഹന്നാന്റെ വിശ്വാസജീവിതത്തില്‍ പാറപോലെ ഉറച്ച ബോധ്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെയും ശുശ്രൂഷയെയും നിര്‍വചിക്കുന്ന ദര്‍ശനമായിരുന്നു ഈ കെണ്ടത്തല്‍. സ്വന്തമായി തനിക്കു യാതൊന്നുമില്ലെന്നും ദൈവത്തില്‍നിന്നുള്ളതുമാത്രമേ തനിക്ക് ഉള്ളൂവെന്നുള്ള തിരിച്ചറിവു സ്വന്തമാക്കിയ മനുഷ്യനായിരിക്കണം ക്രൈസ്തവവിശ്വാസി. ഞാനെന്താണോ അതു ദൈവകൃപയാലാകുന്നുവെന്നുള്ള മനോഭാവമാണത്. ദൈവം നടത്താത്തതൊന്നും നിലനില്ക്കുകയില്ലെന്നും ദൈവം പോറ്റിവളര്‍ത്തുന്നത് ആര്‍ക്കും തടയാനാകില്ലെന്നുമുള്ള തിരിച്ചറിവാണത്. കര്‍ത്താവ് ഭവനം പണിയുകയും നഗരം കാക്കുകയും ചെയ്യുന്നില്ലെങ്കില്‍ മനുഷ്യന്റെ വേലയും കാവലും വ്യര്‍ഥമാകുമെന്നുള്ള ചിരപുരാതനമായ ദൈവജനത്തിന്റെ പ്രാര്‍ഥന സ്‌നാപകന്‍ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയിരുന്നു.
   സ്വയംദാനമായി നല്കുകയും ആത്മദാനത്താല്‍ മറ്റുള്ളവരെ വളര്‍ത്തുകയും ചെയ്യുന്ന ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ശൈലിയാണ് ദൈവജനം കൈക്കൊള്ളേണ്ടതെന്ന് സ്‌നാപകന്റെ പാഠശാലയില്‍നിന്നു നാം പഠിക്കുന്നു. സ്വന്തം ശരീരം മനുഷ്യവര്‍ഗത്തിനു മുറിച്ചുവിളമ്പാനുള്ള അപ്പമായി ദര്‍ശിച്ച ദൈവപുത്രന്റെ ചൈതന്യധാരതന്നെയാണത്.
   ഈശോ ഉന്നതത്തില്‍നിന്നു വന്നവനാണ്; അവിടുന്ന് എല്ലാറ്റിനും ഉപരിയാണ്; മനുഷ്യന്‍ ഭൂമിയില്‍നിന്നുള്ളവനും ഭൂമിയുടേതുമാണ് സ്വര്‍ഗീയകാര്യങ്ങള്‍ കേള്‍ക്കാനും കാണാനും അവനു സാധിക്കണമെങ്കില്‍: ഈശോ അവനില്‍ വളരണം; ഈശോയുടെ സ്വരം ശ്രവിക്കണം എന്നു സ്‌നാപകന്‍ ഓര്‍മിപ്പിക്കുന്നു.
ഇന്നത്തെ ലേഖനഭാഗത്ത് (ഹെബ്രാ 8:1-6) ഇതേ ആശയം കാണാം: നമ്മുടെ രക്ഷയ്ക്കായി ദൈവം നല്കിയ ഏകമാര്‍ഗം ഈശോമിശിഹായാണ്- അതായത്, അവിടുത്തെ വചനങ്ങളും പ്രവൃത്തിമാതൃകകളും. അവിടുന്ന് പുതിയ ഒരുടമ്പടിയുടെ മധ്യസ്ഥനും ശുശ്രൂഷകനുമാണ്. ദൈവം തന്റെ ജനത്തിനു രക്ഷയായി അവരുടെ മധ്യത്തിലേക്ക് തന്റെ കാരുണ്യത്തെ അയയ്ക്കുന്നു എന്ന് ഏശയ്യാ (63:7-16) പറയുന്നതും ഈശോമിശിഹായെ ഉദ്ദേശിച്ചുതന്നെയാണ്.  
   ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭകാലത്ത് യോഹന്നാനു ധാരാളം അനുയായികളുണ്ടായിരുന്നു. തന്റെ കൂടെയുണ്ടായിരുന്ന അനുയായികളെക്കൊണ്ടു സ്വന്തമായി സാമ്രാജ്യം വെട്ടിപ്പിടിക്കാതെ, യഥാര്‍ഥരാജാവിന്റെ പക്കലേക്കു സ്വന്തം അനുയായികളെക്കൂടി പറഞ്ഞയയ്ക്കുന്നു വിനീതനായ സ്‌നാപകന്‍. സ്‌നാപകയോഹന്നാന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന ചിന്ത, ദൈവത്തില്‍നിന്നു നല്കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല എന്നായിരുന്നു.
   വചനഭാഗത്ത് സ്‌നാപകന്‍ തന്നെത്തന്നെ ഉപമിച്ചിരിക്കുന്നതു മണവാളന്റെ തോഴനായിട്ടാണ്. ഈ ഉപമയിലെ മണവാളന്‍ മിശിഹാതന്നെയാണ്. മണവാട്ടി ഇസ്രയേല്‍ജനവും. പാലസ്തീനിയന്‍പശ്ചാത്തലത്തില്‍ വേണം ഇതു മനസ്സിലാക്കാന്‍. യഹൂദന്മാരുടെ വിവാഹാഘോഷങ്ങളില്‍ മണവാളന്റെ തോഴനു പ്രത്യേകം ഉത്തരവാദിത്വങ്ങളുണ്ട്. വിവാഹത്തിനുവേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നത് മണവാളന്റെ തോഴനാണ്. വിവാഹം നടക്കുന്നതുവരെയും മണവാളന്റെ തോഴനു വളരെ ജാഗ്രതയും ശ്രദ്ധയും വേണം. വിവാഹം നടക്കുന്ന അവസരത്തില്‍ ഏറ്റവും സന്തോഷിക്കുന്നതു മണവാളന്റെ തോഴനാണ്. സ്‌നാപകന്‍ മണവാളന്റെ തോഴനായി സ്വയം ചിത്രീകരിക്കുമ്പോള്‍ തന്റെ ദൗത്യത്തെക്കുറിച്ചു പൂര്‍ണബോധ്യം ഉണ്ടായിരുന്നുവെന്നു കാണുവാന്‍ സാധിക്കും. പുതിയ നിയമത്തില്‍ മിശിഹായുടെ മണവാട്ടിയാണ് സഭ. സഭയും മിശിഹായും തമ്മിലുള്ള വിവാഹത്തിനുവേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തി വധുവിനെ വരനുവേണ്ടി സജ്ജമാക്കിയ ഉത്തമതോഴനായിരുന്നു സ്‌നാപകന്‍. വരന്‍ ആഗതനായപ്പോള്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ പിന്മാറുന്ന സ്‌നാപകന്‍ നമ്മോടു പറയുന്നത് അവന്‍ വളരണം, ഞാന്‍ കുറയണം എന്നാണ്. ക്രിസ്തുശിഷ്യനുണ്ടായിരിക്കേണ്ട മനോഭാവത്തിലേക്കാണ് സ്‌നാപകന്റെ ഈ വചനം വിരല്‍ചൂണ്ടുന്നത്. 
മൂന്നുവിധത്തില്‍ മനുഷ്യനു വളരാം, വളര്‍ത്താം: മറ്റുള്ളവരെ തളര്‍ത്തി ഞാന്‍ വളരുന്നു; ഈ മനോഭാവം മാനുഷികതയില്‍ താണ മനോഭാവമാണ്. ഇതു മൃഗീയമാണ്. മൃഗങ്ങളാണ് സാധാരണ അക്രമസ്വഭാവത്തിലൂടെ വളരുന്നത്. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നത് കാട്ടിലെ നീതിയാണ്. കാട്ടിലെ നീതി മാനുഷികനീതിയാക്കാന്‍ ശ്രമിക്കുമ്പോഴാണ് സമൂഹത്തില്‍ അക്രമങ്ങളുണ്ടാകുന്നത്.
   ഞാന്‍ വളരുന്നു, മറ്റുള്ളവരെ വളര്‍ത്തുകയും ചെയ്യുന്നു; ഇത് മാനുഷികമാണ്. മനുഷ്യനെ പരസ്പരസഹകരണത്തിലൂടെ വളരുകയും വളര്‍ത്തുകയും ചെയ്യുന്നു. ഈ മനോഭാവത്തിലും മഹനീയമാണ് ക്രിസ്തീയമനോഭാവം.
    മറ്റുള്ളവര്‍ വളരാന്‍വേണ്ടി ഞാന്‍ തളരുന്നു; മാനുഷികതയില്‍നിന്നും ഉയര്‍ന്ന സ്വഭാവമാണ് ഇത്. ഇത് ദൈവികമാണ്. മാനുഷികഭാവത്തില്‍ സൃഷ്ടിക്കപ്പെടുന്ന മനുഷ്യന്‍ ഈ ദൈവികതയിലേക്കു വളരേണ്ടിയിരിക്കുന്നു.
    സ്‌നാപകയോഹന്നാനിലൂടെ ഈശോനാഥന്‍ നമുക്കു നല്കുന്ന സന്ദേശം, നാം മാനുഷികതയില്‍നിന്നുയര്‍ന്നു ദൈവികതയിലേക്കു വളരണമെന്നാണ്. കുരിശിലെ ബലിയാണ് ഈ മനോഭാവത്തിന്റെ ഏറ്റവും ഉത്തമമായ മാതൃക. നമ്മുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇന്നും അള്‍ത്താരയില്‍ മുറിക്കപ്പെടുന്ന തമ്പുരാന്‍ നമ്മോടു പറയുന്നുണ്ട്: അവന്‍ വളരണം, ഞാന്‍ കുറയണം. ആ തമ്പുരാന്റെ ശരീരരക്തങ്ങള്‍ സ്വീകരിച്ച് സമൂഹത്തിലേക്കിറങ്ങുന്ന നമ്മെ നയിക്കുന്ന ചിന്തയും അപരനുവേണ്ടി ഞാന്‍ തളരണം എന്നതായിരിക്കട്ടെ.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)