•  3 Apr 2025
  •  ദീപം 58
  •  നാളം 5
വചനനാളം

ഈശോയുടെ മഹത്ത്വത്തില്‍ പങ്കുചേരാന്‍

മാര്‍ച്ച് 16 നോമ്പുകാലം മൂന്നാം ഞായര്‍

ഉത്പ 7:6-24  ജോഷ്വ 5:13-6:5
റോമാ 7:14-25  മത്താ 20:17-28

   നോമ്പുകാലം മൂന്നാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് ഈശോ തന്റെ ദൗത്യപൂര്‍ത്തീകരണത്തിനായി ജറുസലേമിലേക്കു യാത്രയാകുന്നതും, മിശിഹായുടെ രാജ്യത്തില്‍ പങ്കാളിയാവാനും വലിയവനാകാനുമുള്ള ഒരുവന്റെ യോഗ്യത എന്താണെന്നും സ്വര്‍ഗരാജ്യത്തിലെ വലിയവന്‍ എന്നതുകൊണ്ട് ഈശോ അര്‍ഥമാക്കുന്നത്  എന്താണെന്നുമാണ്.
   ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള വായന, തിന്മ പെരുകുമ്പോള്‍ ദൈവം ഇടപെടുമെന്നും അവിടുന്ന്  തിന്മയെ നശിപ്പിക്കുകയും നന്മയെ പരിരക്ഷിക്കുകയും ചെയ്യുമെന്ന സന്ദേശം നല്കുന്നതിനു വിശുദ്ധഗ്രന്ഥകര്‍ത്താവ് അവതരിപ്പിക്കുന്ന വെള്ളപ്പൊക്കവിവരണത്തില്‍നിന്നുള്ള ഭാഗമാണ്. തിന്മയുടെ പിടിയില്‍നിന്നു മനുഷ്യകുലത്തെ രക്ഷിക്കാന്‍ ദൈവത്തിനു പദ്ധതിയുണ്ട് എന്ന സന്ദേശമാണ് വെള്ളപ്പൊക്കവിവരണത്തിലൂടെ ഗ്രന്ഥകര്‍ത്താവ് പഠിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷ നല്കുന്നതിനു തയ്യാറാക്കിയ പേടകം കുരിശിന്റെ പ്രതിരൂപമാണ്. തിന്മയുടെമേല്‍ മിശിഹാ നേടുന്ന വിജയത്തിന്റെ പ്രതീകമാണ് വെള്ളപ്പൊക്കത്തിന്റെ വിവരണവും തുടര്‍ന്നുള്ള പുനഃസൃഷ്ടിയും.  
ജോഷ്വായുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ വായനയില്‍ ഇസ്രയേല്‍ജനം ജറീക്കോപ്പട്ടണം കീഴടക്കുന്നതിനുള്ള പദ്ധതിയാണു വിവരിക്കുന്നത്. കര്‍ത്താവിന്റെ വചനമനുസരിച്ചു പ്രവര്‍ത്തിച്ച് ശക്തമായ കോട്ട തകര്‍ക്കുന്നു. വാഗ്ദത്തനാട്ടിലേക്കു പ്രവേശിക്കുന്നതിനു തടസ്സമായിരുന്ന ജറീക്കോക്കോട്ടയുടെ കാര്യമാണിത്. നോമ്പുകാലം ദുഷ്ടതയുടെ കെട്ടുകള്‍ തകര്‍ക്കുന്ന കാലമാണെന്ന് ഏശയ്യാപ്രവാചകന്‍ പറഞ്ഞത് നോമ്പുകാലം ഒന്നാം ഞായറാഴ്ച ശ്രവിച്ചതാണ്. യഥാര്‍ഥ വാഗ്ദത്തനാടായ സ്വര്‍ഗരാജ്യം നേടുന്നതിനു തടസ്സമായി നില്ക്കുന്ന ദൂഷ്ടതയുടെ കോട്ടകള്‍ കര്‍ത്താവിന്റെ ശക്തിയില്‍ ശരണപ്പെട്ട്, ദൈവവചനമനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ തകര്‍ക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് രണ്ടാമത്തെ പ്രഘോഷണം നല്കുന്നത്. 
    പൗലോസ് ശ്ലീഹാ റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍നിന്നുള്ള വായനയിലൂടെ നാം തകര്‍ക്കേണ്ട ദുഷ്ടതയുടെ കോട്ടകള്‍ എന്താണെന്നാണു പ്രബോധിപ്പിക്കുന്നത്? ഇച്ഛിക്കുന്ന നന്മകള്‍ ചെയ്യാന്‍ പറ്റാതെ ഇച്ഛിക്കാത്ത തിന്മ ചെയ്യുന്നതിനെക്കുറിച്ചാണ് ശ്ലീഹാ പറയുന്നത്. നാം ഇച്ഛിക്കാത്തതു ചെയ്യുന്നത് തിന്മ•നമ്മില്‍ വസിക്കുന്നതുകൊണ്ടാണ്; ആത്മാവിന്റെ പ്രേരണയെ നിഹനിക്കുന്നവിധത്തില്‍ തിന്മയുടെ പ്രലോഭനം നമ്മില്‍  വസിക്കുന്നതുകൊണ്ടാണ്. പാപത്തിന്റെ നിയമത്തിന് ഒരുവനെ തടവുകാരനാക്കിയിരിക്കുന്ന ജഡത്തിന്റെ പ്രലോഭനങ്ങളില്‍നിന്ന്, ലോകത്തിന്റെ മോഹങ്ങളില്‍നിന്നു മോചനം നേടുന്നതാണ് ദുഷ്ടതയുടെ കോട്ടകള്‍ തകര്‍ക്കുന്നത്. ലോകത്തിന്റേതായ വിധത്തില്‍ ചിന്തിച്ചുകൊണ്ട് ഈശോയുടെ പക്കല്‍വന്ന സെബദീപുത്രന്മാരുടെ അമ്മയുടെ ആവശ്യത്തിനു മറുപടി പറഞ്ഞുകൊണ്ട്, എപ്രകാരമാണ് ലൗകികതയുടെ താത്പര്യങ്ങളെ തകര്‍ത്തുകൊണ്ട് സ്വര്‍ഗരാജ്യത്തിന്റെ ശിഷ്യന്മാര്‍ വര്‍ത്തിക്കേണ്ടത് എന്നാണ്  ഇന്നത്തെ സുവിശേഷം പങ്കുവയ്ക്കുന്നത്.      
ഈശോയുടെ കുരിശുമരണത്തെപ്പറ്റിയുള്ള മൂന്നാമത്തെ പ്രവചനത്തോടെയാണ് സുവിശേഷഭാഗം ആരംഭിക്കുന്നത് (20:17-19). തുടര്‍ന്ന്, ശിഷ്യത്വത്തെപ്പറ്റിയുള്ള ഈശോയുടെ നിരീക്ഷണം (20:20-28). ഇതിനെത്തുടര്‍ന്നു വരുന്ന ഭാഗത്ത് ഈശോ ജറീക്കോയിലെ അന്ധനെ സുഖപ്പെടുത്തുന്ന സംഭവം വിവരിക്കുന്നു. ഇതിന്റെ കാരണമായി പണ്ഡിതന്മാര്‍ പറയുന്നത് അന്ധരായ സെബദീപുത്രന്മാരുടെയും മറ്റു ശിഷ്യന്മാരുടെയും പ്രതീകമായിട്ടാണ് ജറീക്കോയിലെ അന്ധന്‍ നില്ക്കുന്നതും. പ്രതീകാത്മകമായി ഈശോ ശിഷ്യരുടെ കണ്ണുകള്‍ക്കാണ് കാഴ്ച നല്കുന്നത്.
    ഈശോ വിശുദ്ധനഗരമായ ജറുസലേമിലേക്കുള്ള യാത്രയിലാണ്. ഈ യാത്രയില്‍ നാടകീയമായി തന്റെ ജീവിതത്തിന്റെ അവസാനനിമിഷങ്ങളെ മുന്‍കൂട്ടി പ്രഖ്യാപിക്കുകയാണ്. തന്റെ യാത്രയുടെ ലക്ഷ്യം, തനിക്ക് അവിടെ എന്താണു സംഭവിക്കാന്‍ പോകുന്നത്? പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും ഈശോ മുന്‍കൂട്ടിക്കാണുന്നു. കുരിശിലെ മഹത്ത്വീകരണമാണ് ഈശോയുടെ ലക്ഷ്യം. ഈശോയ്ക്കറിയാം, തന്നെ കാത്തിരിക്കുന്നതു കടുപ്പമേറിയ ഒരു മരണമാണെന്ന്. പക്ഷേ, ഈശോ ഉറച്ച തീരുമാനത്തോടെ യാത്ര തുടരുന്നു. കാരണം, ലക്ഷ്യം അറിയാവുന്നവന്‍ കടുത്ത പ്രതിസന്ധികളില്‍പ്പോലും പിന്തിരിയില്ല.
    ഈശോ തന്റെ ശിഷ്യസമൂഹത്തെ ഉറപ്പിക്കുന്നത് പത്രോസിന്റെ ആഴമേറിയ വിശ്വാസത്തിന്മേലാണ്. ഈ ചെറിയ സമൂഹത്തിന്റെ സ്വഭാവം തന്റെ മൂന്നു പീഡാനുഭവപ്രവചനത്തിലൂടെ ഈശോ പ്രഖ്യാപിക്കുന്നു. കുരിശിനെ അഭിമുഖീകരിക്കേണ്ട സമൂഹം. പക്ഷേ, ശിഷ്യന്മാര്‍ക്ക് ഈശോയുടെ ഈ ആഗ്രഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഈയൊരു സാഹചര്യം വിവരിക്കുന്നതാണ് മൂന്നാമത്തെ പീഡാനുഭവപ്രവചനത്തെത്തുടര്‍ന്നു വരുന്ന ഭാഗങ്ങള്‍. ഇവിടെ ശിഷ്യന്മാര്‍ പ്രതിഫലം ആവശ്യപ്പെടുന്നു. ഉയര്‍ന്ന സ്ഥാനം, ദൈവത്തിന്റെ ഇടത്തും വലത്തുമുള്ള സ്ഥാനം അവര്‍ ആഗ്രഹിക്കുന്നു. താന്‍ ഏല്ക്കാന്‍ പോകുന്ന വേദനയുടെ, തിരസ്‌കരണത്തിന്റെ നൊമ്പരങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ശിഷ്യന്മാര്‍ സ്ഥാനമാനങ്ങളെപ്പറ്റി ചിന്തിക്കുന്നു. ഈശോ എന്നും അവസാനക്കാരനാകാന്‍ ആഗ്രഹിക്കുന്നു; ശുശ്രൂഷിക്കാനും ജീവന്‍ കൊടുക്കാനും. പക്ഷേ, ശിഷ്യന്മാര്‍ എന്നും വലിയവരാകാന്‍, ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇവിടെ ശിഷ്യന്മാര്‍ അന്ധരായിത്തീരുന്നു. അവര്‍ക്ക് ദൈവരാജ്യത്തിന്റെ സ്വഭാവത്തെ അറിയാനുള്ള ഉള്‍ക്കാഴ്ച ഇല്ലാതെപോകുന്നു. ഈ അന്ധര്‍ക്കാണ് ഈശോ കാഴ്ച കൊടുക്കുന്നത്.
    ശിഷ്യന്മാരുടെ ആഗ്രഹം ശ്രദ്ധിക്കുക: ഒരുവന്‍ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും രാജ്യത്തിലെ ഉന്നതമായ സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് സെബദീപുത്രന്മാരുടെ അമ്മയുടെ ഈ അഭ്യര്‍ഥന. ഇത് ഘടനയ്ക്കുവേണ്ടിയുള്ള താത്പര്യമാണ്. നേതൃത്വഘടനയിലെ മുന്തിയ സ്ഥാനങ്ങള്‍ തേടിവന്ന സെബദീപുത്രന്മാരോട് ഈശോ പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നു. അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നു. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെ ആകരുത്.
    ഈശോ സ്ഥാപിക്കുന്ന രാജ്യത്തില്‍ ആരായിരിക്കും പ്രഥമസ്ഥാനീയരെന്ന ഒരു തര്‍ക്കം ശിഷ്യന്മാരുടെ ഇടയിലുണ്ടായിരുന്നു. ആ രാജ്യത്തില്‍ തന്റെ മക്കള്‍ക്ക് ഉന്നതമായ സ്ഥാനം നല്കണമെന്ന ശിപാര്‍ശയുമായി എത്തുന്ന സെബദീപുത്രന്മാരുടെ മാതാവിനോടു നല്കുന്ന മറുപടിയിലൂടെ ദൈവരാജ്യത്തിന്റെ യഥാര്‍ഥസ്വഭാവത്തെക്കുറിച്ച് ഈശോ വിശദീകരിക്കുന്നു. ദൈവരാജ്യം സ്ഥാനമാനങ്ങളുടേതല്ല; മറിച്ച്, പിതാവിന്റെ ഹിതത്തിനനുസരിച്ചാണ്.
    ഈശോയുടെ വചനങ്ങള്‍ കേട്ട് അവിടുത്തെ പിന്തുടരുന്നവര്‍, അവിടുത്തെ ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ എപ്രകാരമുള്ളവരായിരിക്കണമെന്നും ഈശോ ഇവിടെ പഠിപ്പിക്കുന്നുണ്ട്:    നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം (20:27). മറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നവരാകരുത് ഈശോയുടെ ശിഷ്യന്മാര്‍; മറിച്ച്, തന്റെതന്നെ പാത പിന്‍തുടര്‍ന്ന് (യോഹ. 13:1-11) എല്ലാവര്‍ക്കും ശുശ്രൂഷ നല്കുന്ന വ്യക്തികളായിരിക്കണമെന്നും ഈശോ പ്രബോധിപ്പിക്കുന്നു.
    മഹത്ത്വം ലഭിക്കുന്നത് സഹനത്തിലൂടെയാണെന്ന് ഈശോ പ്രബോധിപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചു കൃത്യമായി അറിവില്ലാത്ത സെബദീപുത്രന്മാരും അമ്മയും ഈശോയുടെ അടുത്തെത്തി അവിടത്തെ മഹത്ത്വത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുമ്പോള്‍ ഈശോ അവരോടു പറയുന്നത് ഇപ്രകാരമാണ്: നിങ്ങള്‍ ചോദിക്കുന്നതെന്തെന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം നിങ്ങള്‍ക്കു കുടിക്കാന്‍ സാധിക്കുമോ? (20:22). ഈശോയുടെ മരണത്തില്‍ പങ്കുപറ്റാന്‍ ശ്ലീഹന്മാരായ യാക്കോബിനും യോഹന്നാനും സാധിക്കുമോയെന്നാണ് ഈ ചോദ്യങ്ങളുടെ യഥാര്‍ഥ പൊരുള്‍. പാനപാത്രം എന്ന പദം ഇവിടെ സഹനത്തിന്റെയും മരണത്തിന്റെയും പ്രതീകമാണ്. മത്താ 26:39 ല്‍ ഈശോ പ്രാര്‍ഥിക്കുന്നുണ്ട്: 'എന്റെ പിതാവേ, സാധ്യമെങ്കില്‍, ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടേ'യെന്ന്. പാനപാത്രം സഹനത്തിന്റെ, മരണത്തിന്റെ അടയാളംതന്നെയാണ്. ഈശോയുടെ പീഡാനുഭവത്തിലും സഹനത്തിലും മരണത്തിലും പങ്കുചേരുമ്പോഴാണ് ഒരാള്‍ അവിടുത്തെ മഹത്ത്വത്തിലും പങ്കുചേരുന്നത്. മഹത്ത്വത്തിന്റെ വഴി കുരിശിന്റെ വഴിയാണെന്നു സാരം. സുവിശേഷചിന്ത ഈ നോമ്പുകാലത്തില്‍ നമ്മുടെ ജീവിതങ്ങളെ ശുദ്ധീകരിക്കട്ടെ. നമ്മുടെ സംരക്ഷണത്തില്‍ ഏല്പിക്കപ്പെട്ടവര്‍ക്കുവേണ്ടി നമ്മള്‍ നടത്തുന്ന സേവനവും സ്വയം സമര്‍പ്പണവും ശൂന്യവത്കരണവുമാകട്ടെ നമ്മെ സ്വര്‍ഗരാജ്യത്തില്‍ വലിയവരാക്കുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)