മാര്‍ച്ച് 30 നോമ്പുകാലം അഞ്ചാം ഞായര്‍
ഉത്പ 16:6-16 ജോഷ്വ 9:16-27
റോമാ 12:1-11 യോഹ 7:37-39,8-12-20)
ദൈവത്തിന്റെ കരുതലിനെയും കരുണയെയുംകുറിച്ചു ധ്യാനിക്കാനും അത് അനുഭവിക്കുന്നവര്‍ ദൈവികമായ കരുതലും കരുണയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ദൈവികപദ്ധതിക്കു വിധേയപ്പെട്ടു ജീവിച്ച് ലോകത്തിനു പ്രകാശമായി വര്‍ത്തിക്കാനുമുള്ള സന്ദേശമാണ് ഇന്നു തിരുവചനത്തില്‍നിന്നു ലഭിക്കുന്നത്. ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ മാനുഷികമായ അവഗണന അനുഭവിക്കേണ്ടിവരുന്ന ഹാഗാറിന് കരുതല്‍ നല്കുന്നതും ആകുലയായിക്കഴിഞ്ഞിരുന്ന ഹാഗാറിന്റെ ജീവിതത്തിലേക്കു പ്രകാശമായി കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നതുമാണ് കാണുന്നത്. ഹാഗാറിനോടു കര്‍ത്താവ് ആവശ്യപ്പെടുന്നത് സാറായ്ക്കു കീഴ്‌വഴങ്ങി ജീവിക്കാനാണ്. അതായത്, ദൈവികപദ്ധതിക്കു കീഴ്‌വഴങ്ങി ജീവിക്കാനുള്ള ആഹ്വാനമാണ് ഹാഗാറിനു നല്കുന്നത്.
ദൈവത്തിന്റെ നാമത്തില്‍ ജനപ്രമാണികള്‍ ശപഥം ചെയ്തതിനാല്‍ ഉടമ്പടി പാലിക്കുന്നതിനുവേണ്ടി തങ്ങള്‍ പിടിച്ചെടുത്ത ദേശത്തെ നിവാസികളോടു കരുണകാണിക്കുന്ന ഒരു സംഭവമാണ് ജോഷ്വായുടെ പുസ്തകത്തില്‍നിന്നുള്ള വായനയില്‍ ശ്രവിക്കുന്നത്. ആ ദേശത്തുകാര്‍ കളവു പറഞ്ഞിട്ടും കര്‍ത്താവിനെപ്രതി അവരോടു ക്ഷമിച്ച് കരുണകാണിക്കാനാണ് ജോഷ്വാ ജനത്തോടു നിര്‍ദേശിക്കുന്നത്.
ലോകത്തിന് അനുരൂപരാകാതെ ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലിയായി അര്‍പ്പിക്കാനാണ് പൗലോസ് ശ്ലീഹാ റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നത്. ഓരോരുത്തരും തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവകൃപയ്ക്കനുസരിച്ച് മിശിഹായില്‍ ഏകശരീരത്തിലെ അംഗങ്ങള്‍ എന്നവിധം വര്‍ത്തിക്കാനും നിഷ്‌കപടമായ സ്‌നേഹത്തിന്റെ ഉടമകളായി തിന്മയെ ദ്വേഷിക്കാനും നന്മയെ മുറുകെപ്പിടിക്കാനും അന്യോന്യം സഹോദരതുലും സ്‌നേഹിച്ച് ആത്മാവില്‍ ജ്വലിക്കുന്നവരായി മാറാനും തിരുവചനം നമ്മെ ക്ഷണിക്കുന്നു. മിശിഹായില്‍നിന്നു പ്രകാശം സ്വീകരിക്കുന്നവര്‍ ലോകത്തിനു പ്രകാശമായി മാറണം.
ഈശോയില്‍ വിശ്വസിക്കുന്നവന്‍ അവിടുത്തെ അരൂപിയെ സ്വീകരിക്കുന്നു. അരൂപിയെ സ്വീകരിച്ചവന്റെ ഹൃദയത്തില്‍നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും (യോഹ. 7:38-39). അരൂപി, പരിശുദ്ധാരൂപി എന്ന മഹാദാനമാണ്. ഈ അരൂപിയുടെ ഫലങ്ങളാണ് ജീവനദിയായി ഹൃദയതടാകത്തില്‍നിന്നൊഴുകുന്നത്. അതിലുള്‍ക്കൊള്ളുന്നത് ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ഭക്തി, ദൈവഭയം എന്നിവയത്രേ. ഒരുവന്‍ ബോധ്യത്തോടെ വെളിപ്പെടുത്തുന്ന ആധ്യാത്മികവചനങ്ങളും പ്രവൃത്തികളുമാണ് ഹൃദയത്തില്‍നിന്നു പുറപ്പെടുന്നത്. അവയാണ് അരൂപിയുടെ ഫലങ്ങള്‍. ദൈവത്തില്‍നിന്നു കൃപ സ്വീകരിക്കുന്നവര്‍ ദൈവികകൃപകളുടെ ചാനലുകളായി മാറണം.
ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോനാഥന്‍ പറയുകയാണ്: ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല. അതായത്, ഈശോയെ സ്വീകരിക്കുന്നവര്‍ക്ക്, അവനെ അനുഗമിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പവര്‍ കട്ട് ഇല്ല. ചുരുക്കത്തില്‍, ഈശോയുടെ മക്കള്‍ക്കു ജീവന്റെ വെളിച്ചം ഉണ്ടായിരിക്കും.
കൂടാരത്തിരുനാളിന്റെ പശ്ചാത്തലത്തില്‍ ഈശോ നടത്തുന്ന ഈ പ്രഖ്യാപനം വളരെയധികം അര്‍ഥമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇസ്രയേല്‍ക്കാര്‍ ഈജിപ്തില്‍നിന്നുള്ള വിമോചനാനന്തരം യാഹ്‌വെയുടെ സംരക്ഷണത്തിലും പരിപാലനയിലും മരുഭൂമിയില്‍ ജീവിച്ച കാലഘട്ടത്തിന്റെയും തദവസരത്തില്‍ അവര്‍ക്കു ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളുടെയും കൃതജ്ഞതാനിര്‍ഭരമായ അനുസ്മരണവും ആഘോഷവുമായിരുന്നു യഹൂദരുടെ കൂടാരത്തിരുനാള്‍ (ലേവ്യ. 23:33-43). ഈ തിരുനാളിന്റെ രണ്ടാംദിവസം വൈകുന്നേരം ജറുസലേം ദേവാലയത്തിനടുത്തുള്ള 16 വലിയ ദീപങ്ങള്‍ കത്തിക്കുന്ന പതിവുണ്ടായിരുന്നു. മരുഭൂമിവാസത്തില്‍ ദൈവം തങ്ങള്‍ക്ക് അഗ്നിയുടെ രൂപത്തില്‍ സംരക്ഷണം നല്കിയതിന്റെ ഓര്‍മയാണ് ഇവിടെ അവര്‍ കൊണ്ടാടിയിരുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഈശോ ലോകത്തോടു വിളിച്ചുപറയുന്നത്: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. ഈശോയാകുന്ന യാഥാര്‍ഥ്യത്തിന്റെ മുന്നോടിയായിരുന്നു ഇസ്രയേല്‍ക്കാര്‍ക്കു മരുഭൂമിയില്‍ ലഭിച്ച പ്രകാശം. ഇവിടെ ഈശോ യഥാര്‍ഥപ്രകാശമായി അവതരിക്കുന്നു. ജറുസലേംദേവാലയത്തിലെ പ്രകാശഗോപുരങ്ങളുടെ സ്ഥാനം ഈശോ ഏറ്റെടുക്കുന്നു.
ഈശോ താന്‍ ലോകത്തിന്റെ പ്രകാശമാണെന്നു പറയുമ്പോള്‍ രണ്ടു കാര്യങ്ങളാണ് അര്‍ഥമാക്കുക. 1. ലോകത്തിന്റെ പ്രകാശമായ ഈശോ പലരുടെയും ജീവിതത്തിലേക്കു വെളിച്ചമായി വരുന്നത് സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് അന്ധനു കാഴ്ച (യോഹ. 9), വ്യഭിചാരിണിയുടെ ജീവിതത്തിന് പുതിയ തുടക്കം (യോഹ. 8:1-12), സമരിയാക്കാരിസ്ത്രീക്ക് തുറവുള്ള മനസ്സ് (യോഹ. 4:1-42). ഇങ്ങനെ തന്റെ മുമ്പില്‍ വന്നവര്‍ക്ക്, ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടവര്‍ക്ക് ഈശോ പുതിയ ഉള്‍ക്കാഴ്ച നല്കുന്നു. രണ്ടാമതായി, ഈശോ ലോകത്തിന്റെ പ്രകാശമാകുന്നു എന്നു പറയുമ്പോള്‍ ഈശോയെ ന്യായവിധിയാളനായിട്ടാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ഈ സുവിശേഷഭാഗത്തിനു മുമ്പിലുള്ള ഭാഗം ശ്രദ്ധിക്കുക. പാപത്തില്‍ പിടികൂടിയ സ്ത്രീയെ വിധിക്കാതെ വിടുന്ന ഈശോ മതനേതാക്കളോടു പറയുന്നു: നിങ്ങള്‍ വിധിക്കരുത്. ഈശോതന്നെ അസന്ദിഗ്ധമായി പറയുന്നു: ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല. പക്ഷേ, 8:16ല്‍ ഈശോ പറയുന്നു: എന്റെ വിധി ന്യായവും സത്യവുമാണ്. കാരണം, പ്രകാശമായ ഈശോയുടെ മുമ്പില്‍ എല്ലാ മനുഷ്യരുടെയും പ്രവര്‍ത്തനങ്ങള്‍ വെളിവാക്കപ്പെടും. ഇവിടെ ഈശോ ഒരു വേര്‍തിരിവ് പ്രഖ്യാപിക്കുന്നു. പ്രകാശത്തിന്റെ മക്കളെ അന്ധകാരത്തിന്റെ മക്കളില്‍നിന്ന് ഈശോ മാറ്റിനിര്‍ത്തും.
ലോകത്തിന്റെ പ്രകാശമായ ഈശോ മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നുണ്ട് (മത്താ. 5:14): നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു. അതായത്, എല്ലാ മനുഷ്യരും ലോകത്തിന്റെ പ്രകാശമായി മാറേണ്ടവരാണ്, ഈശോയെപ്പോലെ. ഈശോ ജറുസലേം ദേവാലയത്തിലെ പ്രകാശഗോപുരങ്ങളുടെ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചതുപോലെ ദൈവസ്‌നേഹമാകുന്ന പ്രകാശം ലോകത്തിനു കൊടുക്കുന്നവരാകണം. പ്രകാശഗോപുരങ്ങളാകാനുള്ള വിളിയാണ് നമുക്കുള്ളത്. ഈ ദൈവസ്‌നേഹത്തിന്റെ വെളിച്ചത്തില്‍ തിന്മയുടെ ശക്തികളെ ഉന്മൂലനം ചെയ്യാനുള്ള വിളിയാണ് മിശിഹായുടെ അനുയായിയുടേത്. പ്രതീക്ഷയറ്റവര്‍ക്ക് പ്രതീക്ഷയുടെ തിരിനാളം തെളിക്കുമ്പോള്‍, തകര്‍ന്ന ജീവിതങ്ങളെ പ്രകാശത്തിലേക്കു നയിക്കുമ്പോള്‍ എനിക്കും ഈശോയെപ്പോലെ പറയാന്‍ സാധിക്കും, ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന്.
പ്രകാശമായ ഈശോ ജനത്തെ പ്രകാശത്തിലേക്കു ക്ഷണിക്കുന്നു. പക്ഷേ, ഇരുട്ടില്‍ വസിക്കുന്ന ജനങ്ങള്‍ അവനെ തിരസ്‌കരിക്കുന്നു. അവസാനം അവനെ അവര്‍ കുരിശില്‍ തറയ്ക്കുന്നു. എന്നാല്‍, കുരിശില്‍ ഉയര്‍ത്തപ്പെട്ടതുമുതല്‍ ലോകത്തിന്റെ പ്രകാശമായി അവന്‍ മാറി. അങ്ങനെ സ്ലീവാ പ്രകാശകേന്ദ്രമായി മാറുന്നു. ഇന്നും ജനങ്ങള്‍ അതില്‍നിന്നു പ്രകാശം സ്വീകരിച്ചു പ്രകാശദാതാവിലേക്കടുക്കുന്നു. ഈ നോമ്പുകാലം ഇതിനുള്ള അവസരമാകട്ടെ. ഈശോ പറഞ്ഞു: ഞാന്‍ ലോകത്തിനു പ്രകാശമാകുന്നു; എന്നെ അനുഗമിക്കുന്നവര്‍ അന്ധകാരത്തില്‍ നടക്കുന്നില്ല. ഈശോ തന്റെ ശിഷ്യരോടു പറയുന്നു. നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മിശിഹായുടെ ശിഷ്യരെ അനുഗമിക്കുന്നവരും അന്ധകാരത്തില്‍ നടക്കാന്‍ ഇടവരുത്തരുത് എന്നു സാരം.