മാര്‍ച്ച് 9 നോമ്പുകാലം രണ്ടാം ഞായര്‍
ഉത്പ 5:19-31 ജോഷ്വ 4:15-24
റോമാ 6:15-23 മത്താ 7:21-27
നോമ്പുകാലം രണ്ടാം ഞായറാഴ്ച ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് വിശുദ്ധഗ്രന്ഥപ്രഘോഷണങ്ങളില്‍നിന്നു ലഭിക്കുന്നത്. ദൈവവചനം കേള്‍ക്കുകയും അനുസരിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍മാത്രമാണ് സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതും സ്വര്‍ഗരാജ്യപ്രവേശനത്തിന് അര്‍ഹത നേടുന്നതും എന്ന് സുവിശേഷം പഠിപ്പിക്കുന്നു. ദൈവവചനം കേള്‍ക്കാതെയും അനുസരിക്കാതെയും കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുന്നവരും കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചെന്നും പിശാചുക്കളെ ഒഴിപ്പിച്ചെന്നും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചെന്നും അവകാശവാദങ്ങളുന്നയിക്കുന്നവരും പുറന്തള്ളപ്പെടുമെന്ന ഈശോയുടെ പ്രസ്താവന അസന്ദിഗ്ധമാണ്.
ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയില്‍ ദൈവഹിതമനുസരിച്ചു ജീവിക്കുന്ന മനുഷ്യകുലത്തിന്റെ കാര്യമാണു പറയുന്നത്. അവിടെ വിവരിക്കുന്ന വംശാവലിയില്‍ മനുഷ്യനു ദീര്‍ഘായുസ്സുള്ളതായി വിവരിക്കുന്നു. പ്രാചീന സുമേറിയന്‍രാജാക്കന്മാരുടെ വംശാവലി വിവരണത്തില്‍ രാജാക്കന്മാര്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ദീര്‍ഘായുസ്സുള്ളവരായി ജീവിക്കുന്നവരായി വിവരിക്കുന്നുണ്ട്. അത് അവരുടെ മഹത്ത്വം എടുത്തുകാണിക്കുന്നതിനുള്ള ഒരു രചനാശൈലിയായിരുന്നു. അതേ രചനാശൈലിയാണ് ഉത്പത്തിപ്പുസ്തകത്തിലെ വംശാവലിവിവരണത്തിലും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഈ വംശാവലിയില്‍ ദീര്‍ഘായുസ്സുള്ള മനുഷ്യകുലത്തെ അവതരിപ്പിക്കുന്നത്, ദൈവത്തിന്റെമുമ്പില്‍ കൂടുതല്‍ പ്രീതികരമായി ജീവിക്കുന്നവര്‍ക്കു കൂടുതല്‍ ആയുസ്സ്. ഹെനോക്ക് ദൈവത്തിനു പ്രീതനായതിനാല്‍ അവന്‍ മരണം കാണാതെ എടുക്കപ്പെട്ടു എന്നും തിരുവചനം പറയുന്നു. ഹെനോക്കിനെപ്പോലെ ദൈവത്തിനു പ്രീതികരമായി ജീവിക്കാനുള്ള ആഹ്വാനമാണ് ഒന്നാമത്തെ പ്രഘോഷണം നല്കുന്നത്.
ദൈവത്തിന്റെ വചനമനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ജനം വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്ന കാര്യമാണ് ജോഷ്വായുടെ പുസ്തകത്തില്‍നിന്നുള്ള പ്രഘോഷണത്തില്‍ ശ്രവിക്കുന്നത്. ഭാവിതലമുറകളും കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമെന്നു ലോകമെങ്ങുമുള്ള ജനങ്ങളെ അറിയിക്കുകയും വേണം. ഇസ്രയേല്‍ജനം പുതിയ നാട്ടില്‍ പ്രവേശിക്കുന്നു. ഗില്‍ഗാലില്‍വച്ച് രക്ഷിതജീവിതത്തിലേക്കു പ്രവേശിക്കുന്നു. അവര്‍ കര്‍ത്താവിനു പ്രീതികരമായി പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണു തിരുവചനഭാഗം നല്കുന്നത്.
പാപത്തിന്റെ അടിമത്തത്തില്‍നിന്നു മോചിതരായി ദൈവത്തിന്റെ നിയമത്തിനു കീഴ്‌പ്പെട്ടു ജീവിച്ച് ഈശോമിശിഹായിലൂള്ള നിത്യജീവന്‍ പ്രാപിക്കുന്നവരാകാനുള്ള ആഹ്വാനമാണ് പൗലോസ് ശ്ലീഹാ റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പ്രബോധിപ്പിക്കുന്നത്.
പ്രാര്‍ഥനയും പ്രവൃത്തികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രാര്‍ഥനയെ സംബന്ധിച്ച ശരിയായ ധാരണകള്‍ ഉണ്ടാകണമെന്നും സുവിശേഷഭാഗം പ്രബോധിപ്പിക്കുന്നു. പ്രാര്‍ഥന വ്യാജമില്ലാത്തതായിരിക്കണം. അതു നല്ല ഫലം പുറപ്പെടുവിക്കുന്ന സ്ഥിതിയാണ്. ആരാധനാസമയങ്ങളെ അഥവാ പ്രാര്‍ഥനാമണിക്കൂറുകളെമാത്രം പ്രാര്‍ഥനയായി കരുതരുത്. പ്രാര്‍ഥനാജീവിതത്തിന്റെ ആഘോഷംമാത്രമാണ് അവ. ജീവിതംതന്നെ പ്രാര്‍ഥനയാകണം. ജീവിതമില്ലാത്ത ആരാധന വ്യാജമാണ്.
ദൈവവചനം ശ്രവിക്കുക, അനുസരിക്കുക എന്നീ രണ്ടു കാര്യങ്ങളാണു ദൈവരാജ്യപ്രവേശനത്തിനുള്ള അത്യന്താപേക്ഷിതഘടകങ്ങളെന്ന് ഈശോ പഠിപ്പിക്കുന്നു. ഇതുതന്നെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം എന്നും അവിടുന്നു വിശേഷിപ്പിക്കുന്നു. സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ, അതായത്, ദൈവവചനം ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യാതെ, ഒരുവനും ചെയ്യരുതാത്ത നാലുകാര്യങ്ങളെക്കുറിച്ച് ഈശോ നമ്മെ ബോധവാന്മാരാക്കുന്നു:
-കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നത്.
-ദൈവനാമത്തില്‍ പ്രവചിക്കുന്നത്.
-അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
-പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്.
ഒരുവന്‍ ചെയ്യുന്ന അനുഷ്ഠാനകര്‍മങ്ങളാണ് ഒന്നാമത്തേത്; രണ്ടാമത്തേത് മറ്റുള്ളവര്‍ക്കു നല്കുന്ന പ്രബോധനം; മൂന്നാമത്തേത് മറ്റുള്ളവര്‍ക്കു നല്കുന്ന ശാരീരിക-മാനസികസുസ്ഥിതി; നാലാമത്തേത് മറ്റുള്ളവരെ ഭൗതികവ്യാപാരങ്ങളില്‍നിന്ന് ആധ്യാത്മികവഴികളിലെത്തിക്കുന്നത്. ഇവ അനുഷ്ഠിക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത് ദൈവവചനമനുസരിച്ചുള്ള ജീവിതമാണ്.
സ്‌നേഹത്തിന്റെ നിയമം പ്രവൃത്തിപഥത്തിലെത്തിക്കാനോ ത്യാഗത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനോ മനസ്സില്ലാതെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ വ്യാജപ്രവാചകന്മാരാണ്. ദുഷിച്ച ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന അഥവാ ദുഷ്ടലാക്കോടെ തിന്മ പ്രവര്‍ത്തിക്കുന്ന, കപടതകാണിച്ചു മാന്യന്മാരായി നടക്കുന്നവരാണിവര്‍. അപരന്റെയും തന്റെയും ജീവിതത്തില്‍ നവീകരണം വരുത്താനും അവരെ ദൈവത്തോടു ചേര്‍ത്തുനിര്‍ത്താനും പരിശ്രമിക്കാത്ത ഇക്കൂട്ടര്‍ ദൈവജനത്തെ ദൈവത്തില്‍നിന്ന് അകറ്റാന്‍ കാരണമാകുന്നു. ഇത്തരത്തിലുള്ള കപടവ്യക്തികളെ തിരിച്ചറിയാന്‍ ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്കു സാധിക്കണം (7:15-20). വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുള്ളവരാണ് യഥാര്‍ഥ ശിഷ്യര്‍ (7:21-28) എന്ന് അവിടുന്നു പ്രബോധിപ്പിക്കുന്നു.
കര്‍ത്താവേ, കര്‍ത്താവേ, എന്ന് ദിവസത്തില്‍ ആയിരംവട്ടം പ്രാര്‍ഥിക്കുകയും ദൈവത്തിന്റെ സ്വരം നിരന്തരം കേള്‍ക്കുകയും ചെയ്താല്‍ പോരാ. ദൈവത്തിന്റെ തീരുമാനം നടപ്പാക്കുന്നവരാകണമെന്ന് ഈശോ സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഗിരിപ്രഭാഷണത്തിന്റെ ഉപസംഹാരമാണ് ഇന്നത്തെ സുവിശേഷം. രണ്ടു സുപ്രധാന പഠനങ്ങളാണ് ഈ ഭാഗത്തുള്ളത്. ഒന്ന്, വ്യാജപ്രവാചകന്മാര്‍. സഭയ്ക്കകത്തും പുറത്തും വ്യാജപ്രവാചകന്മാരുണ്ടാകും. ദൈവത്തിന്റെ നാമത്തിലാണു പ്രവര്‍ത്തിക്കുന്നത് എന്നു പറയുകയും സ്വന്തം സുഖംമാത്രം അന്വേഷിക്കുകയും ചെയ്യുന്ന അവരെ ജാഗ്രതയോടെ കാണണമെന്ന് ഈശോ ഓര്‍മിപ്പിക്കുന്നു.
പിതാവിന്റെ ഇഷ്ടം നിറവേറ്റുകയെന്ന അളവുകോലനുസരിച്ച് അവര്‍ക്കു സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം നിഷേധിച്ചുകൊണ്ട് കര്‍ത്താവ് പറഞ്ഞു: ഞാന്‍ നിങ്ങളെ അറിയില്ല. അവര്‍ വിളിച്ചപേക്ഷിക്കുന്ന കര്‍ത്താവുതന്നെ അവരെ അറിയില്ല എന്നു പറയുക. പേടിപ്പെടുത്തുന്ന വാക്കുകളാണിത്. കര്‍ത്താവ് നമ്മെ അറിയാതെവരികയെന്നു പറഞ്ഞാല്‍. പിന്നെ നമ്മുടെ പ്രാര്‍ഥനാജീവിതംകൊണ്ടും സത്കര്‍മങ്ങള്‍കൊണ്ടും എന്താണു ഫലം? അതുകൊണ്ട് ഈ നന്മപ്രവൃത്തികള്‍ക്കൊപ്പം പിതാവിന്റെ ഹിതം നിറവേറുന്നവര്‍കൂടിയാകുക. ഓര്‍ക്കുക, ഉച്ചത്തില്‍ അവനെ സ്തുതിച്ചാലും അവന്റെ ഇഷ്ടം എന്റെ ജീവിതത്തില്‍ നിറവേറപ്പെടുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശനം എളുപ്പമല്ല.
നിയമാവര്‍ത്തനപ്പുസ്തകത്തില്‍ മോശയുടെ പ്രഭാഷണം ഉപസംഹരിക്കുന്നത് രണ്ടു വഴികളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ് (30:15-18). ജീവനും നന്മയും മരണവും തിന്മയും നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു എന്നാണ് മോശ പറയുന്നത്. അതുപോലെ ഇവിടെ ഈശോ തന്റെ ഗിരിപ്രഭാഷണം അവസാനിപ്പിക്കുന്നത് ബുദ്ധിമാനായ മനുഷ്യനെക്കുറിച്ചും വിഡ്ഢിയായ മനുഷ്യനെക്കുറിച്ചും പറഞ്ഞുകൊണ്ടാണ്. മണലില്‍ വീടു പണിതവന്‍, പാറമുകളില്‍ വീടു പണിതവന്‍. പാറയെന്നത് ദൈവമാണ്, പഴയനിയമത്തില്‍ (നിയമ. 32:40-31). ദൈവവുമായുള്ള ഉടമ്പടിബന്ധത്തില്‍ അടിസ്ഥാനമിട്ട് കൃത്യതയുള്ള, ഏകാഗ്രതയുള്ള ലക്ഷ്യവുമായി ജീവിതം കെട്ടിപ്പടുക്കണമെന്നു സൂചന.
മത്തായി 7:21-23 ലെ മൂന്നു പദങ്ങള്‍ ശ്രദ്ധിക്കുക: രാജ്യം, പിതാവ്, സ്വര്‍ഗം. പിതാവിന്റെ ഹിതം ഇതു രണ്ടുമാണ് സര്‍വപ്രധാനം. കര്‍ത്തൃപ്രാര്‍ഥനയില്‍ പിതാവിന്റെ നാമം പൂജിതമാകാനും ദൈവരാജ്യം വരാനും ദൈവഹിതം നിറവേറാനും നാം പ്രാര്‍ഥിക്കുന്നു. എങ്ങനെയാണിതു സംഭവിക്കുക? നാം ദൈവഹിതം നിറവേറ്റുമ്പോള്‍ ദൈവഭരണം ഭൂമിയില്‍ ആരംഭിക്കും. അതിന് കപട ആധ്യാത്മികതയില്‍നിന്നു പുറത്തുവന്ന് ഈ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ നാം തയ്യാറാവണം. ഈ നോമ്പുകാലം പിതാവിന്റെ ഇഷ്ടം നിറവേറാനുള്ള കാലമായിരിക്കട്ടെ ഏവര്‍ക്കും.