•  10 Apr 2025
  •  ദീപം 58
  •  നാളം 6
വചനനാളം

മഹത്ത്വത്തിന്റെ രാജാവ് വിനീതനാകുന്നു

ഏപ്രില്‍ 13  നോമ്പുകാലം  ഏഴാം ഞായര്‍
ഉത്പ 49:8-12, 22-26  സഖ 9:9-12
റോമാ 11:13-24  മത്താ 21:1-17

   ഈശോയുടെ മിശിഹാത്വത്തെയും രാജത്വത്തെയുംകുറിച്ചു പ്രതിപാദിക്കുന്ന  ദൈവവചനഭാഗങ്ങളാണ് ഇന്നു വിശുദ്ധ കുര്‍ബാനമധ്യേ പ്രഘോഷിക്കുന്നത്.  ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണം യാക്കോബ് തന്റെ മക്കള്‍ക്കു നല്കുന്ന അന്തിമാശീര്‍വാദവിവരണത്തില്‍ നിന്നുള്ളതാണ്.  മിശിഹായുടെ യുഗത്തെക്കുറിച്ചുള്ള പ്രവചനമാണ് ഇവിടെ കാണുന്നത്.  
സഖറിയായുടെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണവും മിശിഹായെക്കുറിച്ചുള്ള പ്രവചനമാണ്.  വിജയശ്രീലാളിതനും സമാധാനപ്രേമിയും വിനയാന്വിതനും ഭൂമിമുഴുവന്റെമേലും ആധിപത്യമുള്ളവനുമായ മിശിഹായുടെ സീയോനിലേക്കുള്ള വരവ് സഖറിയ പ്രവചിക്കുന്നു. യഹൂദര്‍ക്കും വിജാതീയര്‍ക്കും മിശിഹായില്‍ രക്ഷയുണ്ട് എന്ന കാര്യം പൗലോസ് ശ്ലീഹാ അനുസ്മരിക്കുന്നു. 
ഇന്നത്തെ സുവിശേഷം വളരെ മനോഹരമായി മിശിഹായുടെ ജറുസലേംപ്രവേശനം അവതരിപ്പിക്കുന്നു.  പഴയ നിയമത്തില്‍നിന്നുള്ള രണ്ടു വായനകളുടെയും പൂര്‍ത്തീകരണമാണ് ഈ രാജകീയപ്രവേശനത്തില്‍ കാണുന്നത്. 
  ബേത്ഫഗെ: ഈശോയുടെ ജറുസലേമിലേക്കുള്ള യാത്ര തുടങ്ങുന്നത് അത്തിയുടെ വീട് എന്ന് അര്‍ഥം വരുന്ന ബേത്ഫഗെ എന്ന സ്ഥലത്തുനിന്നാണ്. ജറുസലേംനഗരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ബേത്ഫഗെ എന്ന കൊച്ചുഗ്രാമം ഒലിവുമലയുടെ ഭാഗമാണ്. ഓശാനവിളികളോടെയാണ് അവര്‍ ഈശോയെ എതിരേറ്റത്. ഹോഷിയാന എന്ന ഹീബ്രുപദത്തിന്റെ ഗ്രീക്കുരൂപമാണ് ഓശാന. 'ഞങ്ങളെ സഹായിക്കണമേ' എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ഇവിടെ സഹായത്തിനുള്ള ഒരു യാചന എന്നതിനോടൊപ്പം ഓശാന എന്ന വാക്ക് ദ്യോതിപ്പിക്കുന്നത് ഒരു അഭിവാദനമാണ്. തീര്‍ഥാടകരുടെ ഓശാനവിളി പ്രധാനമായും രക്ഷകനായ ഈശോയ്ക്ക് അഭിവാദനമര്‍പ്പിക്കുന്നതാണ്. 
ഓശാന: ദൈവജനത്തിന്റെ ആര്‍പ്പുവിളിയും നിലവിളിയുമാണിത്. ഈശോ ജറുസലേമിനെ സമീപിക്കുമ്പോള്‍ അവിടുത്തെ മുമ്പിലും പിമ്പിലുമായി നടന്ന് ജനസമൂഹം ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞത്, ദാവീദിന്റെ പുത്രനു ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍, ഉന്നതങ്ങളില്‍ ഹോസാന എന്നാണ്. ഹോസാന എന്ന വാക്ക് രണ്ട് അര്‍ഥത്തിലാണ് മനസ്സിലാക്കേണ്ടത്: ആര്‍പ്പുവിളി, നിലവിളി. ഒന്നാമതായി, ഈശോയുടെ ആഗമനത്തില്‍ ആനന്ദിക്കുന്ന ജനങ്ങളുടെ പശ്ചാത്തലത്തില്‍ ഹോസാന എന്നത് ആര്‍പ്പുവിളിയുടെ ഒരു സ്വരമാണ്. മനുഷ്യകുലത്തെ രക്ഷിക്കാന്‍ ദാവീദിന്റെ പുത്രന് ഹോസാന എന്ന് ജനം ഉച്ചത്തില്‍ വിളിച്ചുപറയുമ്പോള്‍, ദാവീദിന്റെ സന്താനപരമ്പരയില്‍നിന്ന്  ഇതാ രക്ഷകന്‍ എത്തിയിരിക്കുന്നു എന്ന ആര്‍പ്പുവിളിയുടെ ധ്വനിയാണ് ഇവിടെയുള്ളത്. കൂടാതെ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഈ ആര്‍പ്പുവിളി. രണ്ടാമതായി, ഹോസാന എന്നത് നിലവിളിയുടെ സ്വരമാണ്. പ്രയാസങ്ങളുടെയും ക്ലേശങ്ങളുടെയും സാഹചര്യങ്ങളില്‍നിന്നു ദൈവകൃപയുടെ സ്വീകരണത്തിനായി ജനം പുറപ്പെടുവിക്കുന്ന അപേക്ഷയുടെ വിളിയാണ് ഹോസാന.
   ഇസ്രായേല്‍ജനം എന്നും നടത്തിയിരുന്ന ദൈവസന്നിധിയിലെ യാചനയാണ്. 'ഹോഷിയാന' (സങ്കീ. 118:25). ഞങ്ങളെ രക്ഷിക്കണമേ എന്ന് ഏറ്റവും വിനയത്തോടെ താണുവീണപേക്ഷിക്കുന്ന യാചന. ഈ യാചനയാണ് മരച്ചില്ലകള്‍ കൈകളിലേന്തി ഉത്സവഘോഷയാത്രയുടെ പ്രതീതിയോടെ ബലിപീഠംവരെ ഒരു പ്രദക്ഷിണമായി അവര്‍ നടത്തിയത് (സങ്കീ. 118:26-27). ഇസ്രയേല്‍ജനം ആഗ്രഹിച്ചപേക്ഷിച്ച ഹോഷിയാന ഈശോയിലൂടെ പൂര്‍ത്തിയാകുന്നു.
  ആര്‍പ്പുവിളികളോടെ വസ്ത്രങ്ങളും മരത്തിന്റെ ചില്ലകളും ജനങ്ങള്‍ മിശിഹായുടെ വഴിത്താരകളില്‍ വിരിക്കുന്നു. ഹോസാനവിളികളാല്‍ നഗരം നിറഞ്ഞുനില്ക്കുന്നു. ഇവിടെ വലിയൊരു വൈരുദ്ധ്യം ശ്രദ്ധിക്കുക: ഇസ്രായേലിന്റെ രാജാവായി സ്വീകരിക്കപ്പെടുന്ന ഈശോ അതേ കാരണത്താല്‍ കുരിശുമരണത്തിനു വിധിക്കപ്പെടുന്നു. ഇവിടെ നടക്കുന്നത് രാജകീയപ്രദക്ഷിണമാണെങ്കിലും ഇതിന്റെ ലക്ഷ്യം കുരിശാണ്, സഹനമാണ്.
  ഇവിടെ ഉയരുന്ന ഒരു ചോദ്യമിതാണ്: എന്തുകൊണ്ടാണ് ഈ രാജകീയപ്രവേശനത്തിന് ഈശോ കഴുതയെ തിരഞ്ഞെടുക്കുന്നത്? 1 രാജാ. 1:33ല്‍ കാണുന്നു: കഴുത യുദ്ധപ്രിയനായ രാജാവിന്റെ വാഹനമല്ല; മറിച്ച്, സമാധാനപ്രിയനായ രാജാവിന്റെ വാഹനമാണ്. സഖറിയായുടെ പ്രവചനത്തില്‍നിന്നു ശ്രവിച്ചതുപോലെ കഴുതയുടെ പുറത്തു യാത്രചെയ്യുന്ന രാജാവ് ശാന്തനും സമാധാനപ്രിയനുമാണ്. ഈശോയുടെ വിനയത്തിന്റെ ഭാവമാണ് ഈ സഞ്ചാരത്തിലൂടെ  കാണിക്കുന്നത്.
സുവിശേഷകന്‍ സമാധാനരാജാവായ ഈശോ തിരഞ്ഞെടുത്ത കഴുതയുടെ സവിശേഷതകള്‍ വിവരിക്കുന്നു. 1. കെട്ടിയിരിക്കുന്ന കഴുതയെയും കഴുതക്കുട്ടിയെയും നിങ്ങള്‍ കാണും. ഇതിന്റെ അര്‍ഥതലങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഇന്നത്തെ ഒന്നാം വായനയില്‍ (ഉത്പ. 49:8-12) യാക്കോബ് തന്റെ മകനായ യൂദായെ അനുഗ്രഹിക്കുന്ന ഭാഗം നാം ശ്രദ്ധിക്കണം: ''യൂദാ, നീ ഒരു സിംഹക്കുട്ടിയാണ്. എന്റെ മകനേ, നീ ഇരയില്‍നിന്നു പതുങ്ങിയിരിക്കുന്നു. അവന്‍ തന്റെ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും'' (49:11) ഈ അനുഗ്രഹം യൂദാഗോത്രത്തില്‍ ജനിച്ച ഈശോയില്‍ നിറവേറുന്നു. അതായത്, ഈശോയിലൂടെ പൂര്‍വപിതാവായ യാക്കോബിന്റെ പ്രവചനം പൂര്‍ത്തീകരിക്കപ്പെടുന്നു.
2. മര്‍ക്കോസിന്റെ സുവിശേഷത്തില്‍  ആരും ഉപയോഗിക്കാത്ത, യാത്ര ചെയ്യാത്ത കഴുത എന്ന സൂചന നല്കുന്നുണ്ട് (മര്‍ക്കോ. 11:2). തള്ളക്കഴുതയോടൊപ്പമുള്ള കഴുതക്കുട്ടി ആരും സവാരിക്ക് ഉപയോഗിക്കാത്തതായിരിക്കും. അതിനാലാണ് കഴുതയെയും കഴുതക്കുട്ടിയെയും അഴിച്ചുകൊണ്ടുവരുക എന്നു പറയുന്നത്. ആരും ഉപയോഗിക്കാത്തത് ദൈവത്തിനര്‍പ്പിക്കുന്ന ബലിമൃഗത്തിന്റെ പ്രത്യേകതയാണ് (നിയമാ. 21:3). തന്റെ ജനനത്തിനുവേണ്ടി കന്യകയുടെ ഗര്‍ഭപാത്രം ഈശോ ഉപയോഗിക്കുന്നു. ആരും ഉപയോഗിക്കാത്ത ഗര്‍ഭപാത്രം (മത്താ. 1:18-23). അതുപോലെ, അവനെ സംസ്‌കരിക്കാന്‍ പുതിയ കല്ലറ, ആരും ഉപയോഗിക്കാത്തത് നിര്‍മിക്കുന്നു (യോഹ. 19:41). ദൈവപുത്രനായ ഈശോയ്ക്കു കൊടുക്കുന്ന വലിയ പ്രാധാന്യത്തെ ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
3. കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ട്. ഇവിടെ ഉയര്‍ന്നുനില്ക്കുന്ന ഒരു ചിന്ത വിശുദ്ധമായ ഉപയോഗത്തിനുള്ള ഒരു മൃഗം എന്നതാണ്.  ദൈവമാണ് എല്ലാ സൃഷ്ടികളുടെയും ഉടമസ്ഥന്‍ എന്ന ആശയം ഇവിടെ അന്തര്‍ലീനമായിരിക്കുന്നു.  അവന് ഇഷ്ടമുള്ളതിനെ അവന് ആവശ്യമുള്ളപ്പോള്‍ എടുക്കുന്നു. നാം കാവല്‍ക്കാര്‍മാത്രം. യഥാര്‍ഥ അവകാശി ദൈവമാണ്. 
ഓര്‍ക്കുക, എളിമയുള്ള മനസ്സോടെ ജനഹൃദയങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ജനങ്ങളെ ഇളക്കാന്‍ സാധിക്കുന്നത്.
കര്‍ത്താവിന് ആവശ്യമുണ്ട് എന്ന്അറിഞ്ഞമാത്രയില്‍ യേശുവിനു യാത്ര ചെയ്യാന്‍ കഴുതക്കുട്ടിയെ വിട്ടുകൊടുത്ത ഉടമസ്ഥന്റെ മാതൃക എത്ര അനുകരണീയമാണ്! നമ്മുടെ സമയം, സമ്പത്ത്, കഴിവുകള്‍ ഇവയൊക്കെ കര്‍ത്താവിന് ആവശ്യമുണ്ട് എന്നറിഞ്ഞാലുടനെ ഉദാരമായി, ലുബ്ധുകൂടാതെ നാം അവിടത്തേക്കു നല്കണം. 
ഈശോയുടെ ദൈവത്വത്തിന്റെയും രാജത്വത്തിന്റെയും പരസ്യമായ ഏറ്റുപറച്ചില്‍ ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്ന രാജസങ്കല്പത്തെ തച്ചുടയ്ക്കുന്നു. വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്ന ഈശോ രാജാവാണ്. സര്‍വമഹത്ത്വങ്ങള്‍ക്കും അര്‍ഹനായവനുമാണ്. എന്നാല്‍, മഹത്ത്വങ്ങളൊക്കെ അവന്‍ എനിക്കു മഹത്ത്വം നല്‍കാനായി മാറ്റിവച്ചു. ഞാന്‍ മഹത്ത്വമുള്ളവനാകാന്‍ വിനയാന്വിതനായി. എന്റെ ജീവിതത്തില്‍ എന്തിനൊക്കെയോവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ ഈശോയുടെ മാതൃക മറന്നുപോയി. ഇല്ലാത്ത മഹത്ത്വവും പ്രതാപവും സ്വന്തമാക്കാന്‍ ആഗ്രഹിച്ച് അധാര്‍മികതയിലേക്കു പിന്തിരിഞ്ഞു. പലപ്പോഴും പലര്‍ക്കുമായി മാറ്റിവയ്ക്കാമായിരുന്ന അവസരങ്ങള്‍ അര്‍ഹതപ്പെട്ടതുപോലും ഞാന്‍ നിഷേധിച്ചു. അപരന്റെ വളര്‍ച്ചയില്‍ ഉള്ളുതുറന്ന് അഭിനന്ദിക്കാന്‍ ബോധപൂര്‍വം മറന്നു. അസൂയയോടെ ഞാന്‍ നിലകൊണ്ടു. ജീവിതത്തില്‍ എളിമപ്പെടാനുള്ള സാഹചര്യങ്ങള്‍ക്കുമുമ്പില്‍ പതറിനില്‍ക്കുമ്പോള്‍, പരാജിതനെപ്പോലെ നിലവിളിക്കുമ്പോള്‍ ഞാന്‍ അറിയുന്നു എന്റെ ദൈവം മഹത്ത്വങ്ങളെല്ലാം മാറ്റി കഴുതപ്പുറമേറിയത് എന്നെ മഹത്ത്വമുള്ളവനാക്കുന്നതിനായിരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)