പി. ഭാസ്‌കരന്റെ രചനയില്‍, ജോബ് സംഗീതം നിര്‍വഹിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാധുരിയിലൂടെ പുറത്തുവന്ന ഈ ഗാനം പാടാത്ത മലയാളികള്‍ ഉണ്ടാവില്ല. പഴയകാലത്തിന്റെ നിറമുള്ള ഓര്‍മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ മനോഹരഗാനവും കേട്ട്, ആമ്പല്‍പ്പൂക്കളുടെ ഇടയിലൂടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് വള്ളത്തിലൊരു യാത്ര... ഓര്‍ക്കുമ്പോള്‍ത്തന്നെ എത്ര മനോഹരം... ഇത്തരത്തില്‍ നയനമനോഹരകാഴ്ചയൊരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങള്‍. നോക്കെത്താദൂരത്തോളം പിങ്ക് വര്‍ണത്തിലുള്ള ആമ്പല്‍വസന്തം ഒരുക്കിയാണ് ഇവിടെ പ്രകൃതി കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്നത്.
കോട്ടയം മലരിക്കല്‍, നീണ്ടൂര്‍, പനച്ചിക്കാട്, കുമരകം മേഖലകളിലെ പാടശേഖരങ്ങളിലാണ് ഈ ദൃശ്യവിസ്മയം. ഇതില്‍ മലരിക്കല്‍ ആമ്പല്‍വസന്തമാണ് കൂടുതല്‍ പ്രശസ്തം. ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കുറി മലരിക്കല്‍ ആമ്പല്‍വസന്തം കാണാനെത്തുന്നവര്‍ക്ക് വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലരിക്കലിലെപോലെതന്നെ മനോഹരമായ കാഴ്ചകള്‍ മറ്റു പാടശേഖരങ്ങളിലുമുണ്ടെങ്കിലും ഇവയെക്കുറിച്ച് സഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളൂ... എങ്കിലും സ്ഥിരം യാത്രക്കാരും അയല്‍നാട്ടുകാരുമായി എല്ലാ പാടശേഖരങ്ങളിലും ഇപ്പോള്‍ നല്ല തിരക്കാണ്. നീണ്ടൂര്‍ പാടശേഖരത്തിലെ ആമ്പല്‍വസന്തം കൂടുതല്‍ മനോഹരമാക്കാനും സംരക്ഷിക്കാനുമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്. വര്‍ഷങ്ങളായി ഇവിടെ ആമ്പലുകള്‍ കൂട്ടമായി വിരിഞ്ഞുനില്‍ക്കാറുണ്ടെങ്കിലും സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്കു തിരിഞ്ഞിട്ട് അധികമായിട്ടില്ല. ഒരു പിങ്ക് കടലിന്റെ മനോഹാരിതയാണ് ഈ പൂക്കള്‍ കാഴ്ചക്കാര്‍ക്കു സമ്മാനിക്കുന്നത്.
രാവിലെ പത്തുമണിയാകുമ്പോഴേക്കും ആമ്പലുകള്‍ വാടിത്തുടങ്ങുമെന്നതിനാല്‍ ഭംഗി പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ അതിനുമുമ്പ് എത്തണം. പൂക്കളുടെ പശ്ചാത്തലത്തില്‍നിന്ന് ഫോട്ടോകള്‍ പകര്‍ത്താനാണ് മിക്കവര്‍ക്കും താത്പര്യം. കല്യാണവീഡിയോകള്‍ ഷൂട്ട് ചെയ്യാനെത്തുന്നവരുടെ പ്രിയ ലൊക്കേഷന്‍കൂടിയാകുകയാണ് ആമ്പല്‍പ്പാടങ്ങള്‍... ഇതോടൊപ്പം ഷോര്‍ട്ട് ഫിലിമും ഗാന ചിത്രീകരണവുമൊക്കെയായി നിരവധി കലാകാരന്മാരും ഇവിടെ എത്താറുണ്ട്. ചെറുതോണികളില്‍ സഞ്ചരിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
കൗതുകംകൊണ്ട് പൂക്കള്‍ പറിച്ചുകൊണ്ടുപോകുന്നവരാണ് വരുന്നവരിലേറെയും. എന്നാല്‍ പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സുമാത്രമാണുള്ളതെന്ന് തിരിച്ചറിയാതെയാണിത്. എല്ലാ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ആമ്പലുകള്‍ പൂവിട്ടുതുടങ്ങുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിറയെ പൂക്കളാകും. പാടത്ത് കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകള്‍ ഇല്ലാതാകും. പിന്നെ ഒരു വര്‍ഷം കാത്തിരിക്കണം മറ്റൊരു ആമ്പല്‍വസന്തത്തിനായി.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞവര്‍ഷം സന്ദര്‍ശനാനുമതി നല്‍കിയിരുന്നില്ല. ഇത്തവണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെ ആളുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ചെറിയ വരുമാനവുമായിട്ടുണ്ട്. പ്രാദേശികതോണികളാണ് പലയിടത്തും സജീവമായിട്ടുള്ളത്. ആമ്പല്‍പ്പൂക്കള്‍ കാണാന്‍ എത്തുന്നവര്‍ തോണികളിലേറി പൂക്കളെ തൊട്ടുതലോടി സഞ്ചരിക്കുന്നത് ക്യാമറയില്‍ പകര്‍ത്താനും ആളുകളുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയ പടിഞ്ഞാറന്‍മേഖലയ്ക്ക് പുത്തന്‍പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടാണ് പുതിയൊരു ആമ്പല്‍വസന്തംകൂടി എത്തിയത്.