•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

ആ കണ്ണുകളില്‍ ചോര പൊടിയുന്നുണ്ടായിരുന്നു

പാവപ്പെട്ടവന്റെ പ്രാണനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ ജനങ്ങളുടെ അന്തകന്മാരായി മാറുമ്പോള്‍ പകച്ചുനില്‍ക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍!
തമിഴ്‌നാട്ടില്‍നിന്ന് അഞ്ചുവര്‍ഷംമുമ്പ് ഭാര്യയെയും പത്തുവയസ്സുള്ള ഒരു മകളെയും കൂട്ടി ജോലി തേടി കേരളത്തില്‍ വന്നതായിരുന്നു കുമാരസ്വാമി. കുറെയൊക്കെ അലഞ്ഞുതിരിയേണ്ടി വന്നെങ്കിലും ഒടുവില്‍ കണ്ണൂരിലൊരു ഹോട്ടലില്‍ ജോലി കിട്ടി. അടുക്കളപ്പണിയാണ്. പാചകകലയില്‍ വിദഗ്ധനായതുകൊണ്ട് അദ്ദേഹത്തിനു യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.
ഹോട്ടലുടമ കുമാരസ്വാമിയെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കും. വെളുപ്പിന് അഞ്ചുമണിക്ക് ഹോട്ടലില്‍ കയറിയാല്‍ രാത്രി പതിനൊന്നുമണിവരെ തുടരണം. അപ്പോഴേ അവിടുത്തെ തിരക്കൊഴിയൂ. അതുവരെ ആസ്ത്മാരോഗിയായ ഭാര്യയും മകളും ഏതെങ്കിലും മരച്ചുവട്ടിലോ റോഡിറമ്പിലോ പീടികത്തിണ്ണയിലോ ചെന്നിരിക്കും. കുമാരസ്വാമി പണികഴിഞ്ഞിറങ്ങിയാല്‍ ഹോട്ടലില്‍നിന്നു കൊണ്ടുവരുന്ന ഭക്ഷണം അവരൊന്നിച്ചിരുന്നു കഴിക്കും. പിന്നീട് മൂവരും തൊട്ടടുത്തുള്ള ഏതെങ്കിലും കടത്തിണ്ണയില്‍ കിടന്നുറങ്ങും. ഇതാണു പതിവ്.
താമസസൗകര്യത്തിനുവേണ്ടി ദൂരെയെവിടെയെങ്കിലും ചെന്നു താമസിച്ചാല്‍ കുമാരസ്വാമിക്കു വെളിപ്പിനു ഹോട്ടലില്‍ കയറാന്‍ സാധിക്കില്ല. കൃത്യനിഷ്ഠ ലംഘിച്ചാല്‍ പണിപോകും. പിന്നെ ഭാര്യയെയും മകളെയുംകൊണ്ട് അലഞ്ഞുതിരിയണം. അതുപേടിച്ചാണ് തൊട്ടടുത്തുള്ള പീടികത്തിണ്ണയില്‍ ഒതുങ്ങിക്കൂടുന്നത്.
മഴക്കാലം. കുമാരസ്വാമിയുടെ ഭാര്യയ്ക്ക് ആസ്ത്മ മൂര്‍ച്ഛിച്ചു. ശ്വാസം കിട്ടാതെ അവര്‍ കിടന്നു പിടഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ കിടത്തിയില്ല. മരുന്നു കൊടുത്തു വിടുകയായിരുന്നു. കുമാരസ്വാമിയും മകളും ഉറങ്ങാതെ കാവലിരിക്കെ പാതിരാത്രിയിലെപ്പോഴോ ആ ജീവശ്വാസം നിലച്ചു. അതോടെ കുമാരസ്വാമിയും മകളും തനിച്ചായി. പ്രായപൂര്‍ത്തിയായ മകളെയുംകൊണ്ട് ഇനി കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നത് ആപത്താണ്. കുറെ പണംകൂടി സമ്പാദിച്ചിട്ട് എത്രയും വേഗം മകളെയുംകൊണ്ടു സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകാന്‍ അയാള്‍ തീരുമാനിച്ചു.
''വിട്... എന്നെ വിട്...''
നിശയുടെ യാമങ്ങളിലെപ്പൊഴോ മകളുടെ നിലവിളിയും ബഹളവും കേട്ടു കുമാരസ്വാമി ഞെട്ടിയുണര്‍ന്നു. തിടുക്കപ്പെട്ട ചാടിയെണീറ്റെങ്കിലും ഒരു തവണയേ ആ സംഭവം കണ്ണിലുടക്കിയുള്ള നിഴല്‍പോലെ...
തന്റെ തൊട്ടടുത്ത് ഉറങ്ങിക്കിടന്ന മകളെ ആരൊക്കെയോ ബലം പ്രയോഗിച്ചു പൊക്കിയെടുത്തുകൊണ്ടുപോകുന്നു. പിന്നാലേ ഓടിയെങ്കിലും അവരെയും പിടികൂടാന്‍ സാധിച്ചില്ല. പക്ഷേ, ആ നിഴലുകളെ തിരിച്ചറിയാന്‍ കുമാരസ്വാമിക്കു കഴിഞ്ഞു.
അത് വേറേയാരുമല്ല. ഹോട്ടലുടമയുടെ മകനും കൂട്ടുകാരുമായിരുന്നു. കുമാരസ്വാമി അവിടമാകെ അരിച്ചുപെറുക്കിയെങ്കിലും മകളെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. പിറ്റേന്നു രാവിലെ ദൂരെയൊരു കുളത്തിന്റെ കരയില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി എല്ലാം നഷ്ടപ്പെട്ട് ഒരു കല്‍പ്രതിമ കണക്കെ അവളിരുന്നു.
കുമാരസ്വാമി മകളെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു. ഹോട്ടലുടമയുടെ മകന്റെ പേരില്‍ ഒരു പരാതി എഴുതി പോലീസ് സ്റ്റേഷനില്‍ കൊടുത്തു. എസ്.ഐയും സംഘവും പിടികൂടാന്‍ പാഞ്ഞുപോയിട്ട് നിറഞ്ഞ പോക്കറ്റോടെ മടങ്ങിവന്ന് കുമാരസ്വാമിയെയും മകളെയും ക്രൂരമായി മര്‍ദിക്കുകയാണു ചെയ്തത്.
''ചെറ്റകള്‍... മാന്യന്മാരെ അപമാനിക്കാന്‍ നടക്കുന്നു. ഇനി മേലാല്‍ രണ്ടിനേം ഇവിടെങ്ങാനും കണ്ടുപോയാല്‍ തല്ലി ഞാന്‍ എല്ലൊടിക്കും. മകളേംകൊണ്ട് പോടാ... ഈ നാട്ടീന്നു പൊയ്‌ക്കോ. ...''
ഇരുവരെയും പിടിച്ചുതള്ളി. ലാത്തി വീശിയടുക്കുന്ന കാക്കിക്കാരെക്കണ്ടു ഭയന്നുവിറച്ച് ഓടിയകലുമ്പോഴും, ആ കണ്ണുകളില്‍ ചോര പൊടിയുന്നുണ്ടായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)