•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

ഒരു ക്ലാസ് റ്റീച്ചറിന്റെ ഡയറിക്കുറിപ്പ്

പ്ലസ്‌വണ്‍കാരുടെ ക്ലാസ് തുടങ്ങിയ ദിവസമായിരുന്നു ഇന്ന്... സീനിയേഴ്‌സ് നല്കിയ വരവേല്പു സ്വീകരിച്ച് വര്‍ണത്തുമ്പികളെപ്പോലെ പാറിനടന്ന അവര്‍ ബെല്ലടിച്ചപ്പോള്‍ ക്ലാസുകളിലേക്കു ചേക്കേറി.
ആദ്യദിനത്തില്‍ ക്ലാസില്‍ പോകാന്‍ പണ്ടുണ്ടായിരുന്ന ഉത്സാഹമൊന്നും തോന്നിയില്ല. വര്‍ഷങ്ങളുടെ തനിയാവര്‍ത്തനം വിരസത സമ്മാനിക്കുന്നുവോ. പതിയെ ക്ലാസിലേക്കു കടന്നു ചെന്നു. ലിസ്റ്റില്‍ നോക്കി പേരുകളൊന്നൊന്നായി വിളിച്ചു. ഓരോരുത്തരോടും അത്യാവശ്യവിവരങ്ങളൊക്കെ തിരക്കി. ഇന്നുതന്നെ എല്ലാം മനസ്സിലാക്കാനൊന്നും പറ്റില്ലല്ലോ. പതിയെ ഓരോ കുട്ടിയെയും പരിചയപ്പെടാമെന്നു കരുതി ഒഴുക്കന്‍മട്ടിലാണ് പരിപാടി മുന്നോട്ടുപോയത്.
''അഭിജിത് ബിജു''... പേരു വിളിച്ചപ്പോഴവന്‍ വലിയ ടെന്‍ഷനോടെയാണ് എഴുന്നേല്ക്കുന്നതെന്നു തോന്നി.
''പറയൂ...'' എന്താണവന്‍ മിണ്ടാത്തത്? ക്ലാസൊന്നു നിശ്ശബ്ദമായതുപോലെ.... എല്ലാവരും തന്നെത്തന്നെ നോക്കുന്നുവെന്ന അറിവ് ആ കുട്ടിക്ക് വല്ലാത്ത ജാള്യം ഉണ്ടാക്കുന്നതുപോലെ തോന്നി. അവന്‍ എന്തൊക്കെയോ അംഗവിക്ഷേപങ്ങള്‍ കാണിക്കുവാന്‍ തുടങ്ങി. എന്തോ ഒരപശബ്ദം കേട്ടതുപോലെ... കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി. ''റ്റീച്ചറേ, അവന്‍ ടൈമെടുക്കും...'' ഒന്നും തിരിഞ്ഞില്ല... വീണ്ടുമവന്‍ സംസാരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ പറഞ്ഞു:
''അഭിജിത്ത്, കുട്ടി ഇരുന്നോളൂ.''
വിളറിയ മുഖവുമായി തലകുമ്പിട്ടിരുന്ന അവനെ വെറുതെവിട്ടു ഞാന്‍ അടുത്ത പേരിലേക്കു കടന്നു.
സ്റ്റാഫ് റൂമില്‍ ചെന്നപ്പോഴേ അഭിജിത്തിന്റെ ബയോഡേറ്റ പരിശോധിച്ചു. വീട്ടിലേക്കു വിളിച്ചു. അമ്മയാണു ഫോണ്‍ എടുത്തത്. അവനു സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടത്രേ... ചില സമയത്ത്, പ്രത്യേകിച്ച്, ടെന്‍ഷന്‍ കൂടുതലുള്ളപ്പോള്‍ അപശബ്ദങ്ങളാകും പുറത്തു വരിക. മറ്റുള്ളവരുടെ മുമ്പില്‍ ഇങ്ങനെ നിസ്സഹായനായിപ്പോകുന്ന എന്റെ കുട്ടി ഇപ്പോള്‍ അവന്റെ ജീവിതംതന്നെ വെറുത്തുതുടങ്ങിയിരിക്കുന്നു. ധാരാളം ചികിത്സകളൊക്കെ ചെയ്തു. സ്പീച്ച് തെറാപ്പിയൊക്കെ ചെയ്യുന്നുണ്ട് റ്റീച്ചര്‍... പഠിക്കാന്‍ നല്ല കഴിവുണ്ട്. പക്ഷേ, സ്‌കൂളില്‍ പോകാന്‍ മടിയാണ്. ഇങ്ങനെ അമ്മ ഒത്തിരി സങ്കടങ്ങള്‍ പറഞ്ഞു.
സാരമില്ല, എല്ലാം ശരിയാവുമെന്നെനിക്കു വെറുതെ പറയാനാകില്ല. സമയമുള്ളപ്പോള്‍ സ്‌കൂളില്‍ വരൂ, നമുക്കു സംസാരിക്കാമെന്നു പറഞ്ഞ് കോള്‍ കട്ട് ചെയ്തു.
ഈ അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞത് 'ജയ്‌ലെന്‍ അര്‍നോള്‍ഡ്' എന്ന അമേരിക്കക്കാരന്‍ പയ്യന്റെ മുഖമാണ്...
നാളെ കുട്ടികളോടവനെക്കുറിച്ചു പറയാം.
*****
ഇന്നു ക്ലാസില്‍ ചെന്നപ്പോള്‍ അഭിജിത്തിനെയാണു തിരഞ്ഞത്. ഇല്ല. അവന്‍ എത്തിയിട്ടില്ല... നന്നായി... എനിക്കു കുട്ടികളോടു തുറന്നു സംസാരിക്കാമല്ലോ.
Bullying   എന്ന പദം നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞുതുടങ്ങി...
''കളിയാക്കുക, ഭീഷണിപ്പെടുത്തുക, വാക്കുകൊണ്ടോ പ്രവൃത്തിയാലോ ഉപദ്രവിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങി സഹപാഠികളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നുമുണ്ടാകുന്ന ഒരു വ്യക്തിയുടെ സ്വച്ഛന്ദമായ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തിയാണിത്.
സാധാരണമായി ബലഹീനരെന്നു തോന്നുന്നവരുടെമേലാണ് ഇത്തരം പ്രയോഗങ്ങളുണ്ടാകുക. ഞാനെന്താണു നിങ്ങളോടു പറയുന്നതെന്നോ, അഭിജിത്ത് വ്യത്യസ്തനായ ഒരു വ്യക്തിയാണ്. അവനു കുറവുകളുണ്ടെന്നല്ല, അവന്റെ കഴിവുകള്‍ ഭിന്നമാണ് എന്നുമാത്രം. നമുക്കവനോടുള്ള സമീപനത്തില്‍ കുറച്ചു ശ്രദ്ധവയ്ക്കണം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അവനു ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും നമ്മുടെ ഭാഗത്തുനിന്നുണ്ടായിക്കൂടാ. അതിനായി അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഒറ്റക്കെട്ടായി നിലകൊള്ളാം. അല്ലെങ്കില്‍ അവന്‍ ഈ ക്ലാസിലേക്കു വരില്ല. പഠിക്കാനും മെച്ചപ്പെടാനും നിങ്ങളെപ്പോലെതന്നെ അവനും അവകാശമുണ്ട്.
ഇങ്ങനെ പറയാന്‍ എനിക്കു പ്രേരണ നല്കിയത് 'ജയ്‌ലെന്‍ അര്‍നോള്‍ഡ്' എന്ന കുട്ടിയെക്കുറിച്ച് ഞാന്‍ അടുത്തകാലത്തറിയാനിടയായതാണ്.
അവനിപ്പോള്‍ ഏകദേശം 20 വയസ്സായിക്കാണും.South Asian University(SEU) യില്‍ സിനിമാനിര്‍മാണത്തില്‍ ബിരുദത്തിനു പഠിക്കുന്ന ജയ്‌ലെന്‍ സംഘാടകനാണ്, നടനാണ്, പ്രഭാഷകനാണ്. CNN, CBS National News തുടങ്ങി നൂറോളം ചാനലുകള്‍ ജയ്‌ലെനെ മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. അനേകം ടോക്‌ഷോകളില്‍ പ്രത്യക്ഷപ്പെടുന്നു. ഞാനവനെക്കുറിച്ചു വായിച്ച സമയത്ത് ആ കുട്ടി 2,40,000 കുട്ടികളോടു നേരിട്ടു സംവദിച്ചുകഴിഞ്ഞു. അനേകം പുരസ്‌കാരങ്ങള്‍, അവാര്‍ഡുകള്‍... അവയുടെ പട്ടികയിലെ അവസാനത്തേത് Nobel prize for youth ആണ്. എത്ര അവാര്‍ഡുകള്‍ നല്‍കിയാലും മതിയാവില്ല ഈ കൗമാരക്കാരന്. കാരണം, അത്രയധികം ജീവിതങ്ങളെയാണ് അവന്‍ ആത്മഹത്യയില്‍നിന്നും വിഷാദത്തില്‍നിന്നും കരകയറ്റിയത്. അത്രയേറെപ്പേരുടെ മനോഭാവത്തിലാണ് മാറ്റമുണ്ടാക്കിയത്.
ഞാനല്പം വാചാലയായിപ്പോയി എന്നു തോന്നുന്നു. അവിശ്വസനീയമായ മാറ്റങ്ങള്‍ ലോകത്തില്‍ വരുത്തിയ 14 കുട്ടികളിലൊരാളായി Readers Digest എന്ന പ്രശസ്ത മാഗസിന്‍ അടയാളപ്പെടുത്തുന്ന ജയ്‌ലെന്‍ അര്‍നോള്‍ഡ് നമ്മുടെ അഭിജിത്തിനെപ്പോലെ... ഭിന്നശേഷിയുള്ള ഒരു കുട്ടിയാണ്. ഒരു പക്ഷേ, അഭിജിത്തിനെക്കാളും അനേകമടങ്ങ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു കുട്ടി.
പുതിയ സ്‌കൂളില്‍ വലിയ പ്രതീക്ഷയോടെ ചെന്ന ജയ്‌ലെന് അവന്റെ സഹപാഠികളില്‍നിന്നു വലിയ അളവില്‍ ഉപദ്രവങ്ങളുണ്ടായി. അവനവരുടെ മുമ്പില്‍ ഒരു കോമാളിയായി. കാഴ്ചവസ്തുവായി. അവരവനെ തോണ്ടിയും തൊട്ടുമൊക്കെ രസിച്ചു. ആ കുഞ്ഞുമനസ്സിനേറ്റ മുറിവിന്റെ ഫലമായി അവനുണ്ടായ സമ്മര്‍ദം അവന്റെ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിച്ചു. എത്ര ശ്രമിച്ചിട്ടും അവന് അവന്റെ ചലനങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. അവന്റെ വായില്‍നിന്നു പുറപ്പെടുന്ന ശബ്ദത്തെ അടക്കിവയ്ക്കാനാവുന്നില്ല. മറ്റുള്ളവരുടെ ഇടപെടല്‍ പ്രശ്‌നം വഷളാക്കുന്നു. ധാരാളം ഡോക്‌ടേഴ്‌സിനെ കണ്ടു. മരുന്നുകള്‍ കഴിച്ചു. പല പാര്‍ശ്വഫലങ്ങളും നേരിടേണ്ടിവന്നു. പക്ഷേ, അസ്വസ്ഥതകള്‍ക്കുമാത്രം ശാശ്വതപരിഹാരങ്ങളുണ്ടാകുന്നില്ല.
ജയ്‌ലെനെ അവന്‍തന്നെ വിശേഷിപ്പിക്കുന്നതിങ്ങനെ: ഞാന്‍ ഒരു അക്ഷരമാലക്കുട്ടിയാണ്. ജയ്‌ലെന്‍ അര്‍നോള്‍ഡ് TS, OCD, ASP. പേരിനുശേഷമുള്ള ഈ ചുരുക്കെഴുത്തുകള്‍ അവന്റെ ഡിഗ്രികളല്ല, അവന്റെ നാഡീസംബന്ധമായ പ്രശ്‌നങ്ങളാണ്.
TS - Tourette Syndrome
OCD - Obsessive Compulsive disorder
AS - Asperger Syndrome
ഇവയെല്ലാംകൂടി ജയ്‌ലെന്റെ ജീവിതത്തെ ഒരു വിഷമവൃത്തത്തിലാക്കി. തന്റെ ശരീരത്തെ സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥ.
പ്രിയ കുട്ടികളേ, നിങ്ങളുടെ കരങ്ങള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലല്ല ചലിക്കുന്നതെങ്കില്‍, നിങ്ങളുടെ സംസാരത്തിനിടയില്‍ കേള്‍ക്കാനൊട്ടും ഹിതംതോന്നാത്ത അപശബ്ദങ്ങള്‍ തനിയെ പുറത്തുവന്നാല്‍... അതാണ് ജയ്‌ലെന്റെ അവസ്ഥ. ഈ അവസ്ഥയില്‍നിന്നാണ് അവന്‍ ലോകമറിയുന്ന ഹീറോയായി മാറുന്നത്...
നിരാശയുടെ നെരിപ്പോടില്‍ തന്റെ ജീവിതം ഹോമിക്കാന്‍ അവനൊരുക്കമായിരുന്നില്ല. ഉറ്റവരുടെ സഹായത്താല്‍ അവനൊരു പ്രസ്ഥാനമാരംഭിച്ചു. തന്നെപ്പോലുള്ള കുട്ടികളുടെ നേരേയുള്ള അതിക്രമ(യൗഹഹ്യശിഴ)ത്തിനെതിരേ പ്രവര്‍ത്തിക്കുന്ന Jaylens Challenge Foundation ആണത്.  ഈ പ്രസ്ഥാനത്തിലൂടെ ജയ്‌ലെന്‍ തന്നെപ്പോലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ ശക്തീകരിച്ചു. തങ്ങളുടെ കഴിവുകളെ വളര്‍ത്തി. ദൈവം തങ്ങളെയേല്പിച്ച ദൗത്യം പൂര്‍ത്തിയാക്കുകയാണ് ജന്മനിയോഗമെന്നവരോടു പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ അവഗണിക്കാതെ, പരിഹസിക്കാതെ, ഒറ്റപ്പെടാത്താതെ. എങ്ങനെയവരോടു പെരുമാറണമെന്നു വ്യക്തമാക്കിക്കൊടുക്കാന്‍ പരിശീലനക്കളരികള്‍ ആരംഭിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, ജോലിസ്ഥലങ്ങള്‍ തുടങ്ങിയവയൊക്കെ സന്ദര്‍ശിച്ചു സംസാരിക്കുകയും വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുകയും ചെയ്യുന്നു. അവന്റെ ഉദ്യമങ്ങള്‍ വലിയ വിജയമായി."Bullying no way' '' എന്ന മുദ്രാവാക്യമടങ്ങിയ ബാന്റുകള്‍ കൈത്തണ്ടയില്‍ ധരിച്ച് ധാരാളം കുട്ടികള്‍ അവനോടു ചേര്‍ന്നുനിന്നു. ഈ പ്രസ്ഥാനത്തിനായി ധനസഹായങ്ങള്‍ നല്‍കി ഏജന്‍സികള്‍ പ്രോത്സാഹിപ്പിച്ചു. പ്രശസ്തസംഗീതജ്ഞര്‍ അവനുവേണ്ടി ഗാനങ്ങളെഴുതി... ഷോകള്‍ നടത്തി. അങ്ങനെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ 2000 ല്‍ ജനിച്ച ജയ്‌ലെന്റെ ആഗ്രഹം തന്നെപ്പോലുള്ള വ്യക്തികള്‍ക്കു സമാധാനപൂര്‍ണമായ ജീവിതം സാധ്യമാക്കുക എന്നതായിരുന്നു. അതിലവന്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരുന്നു.
ശ്രദ്ധയോടെ കേട്ടിരുന്ന കുട്ടികളിലൊരാള്‍ പറഞ്ഞു: ''റ്റീച്ചര്‍, നമുക്കു  നാളെത്തന്നെ ജയ്‌ലെന്റെ... സോറി... അഭിജിത്തിന്റെ വീട്ടില്‍ പോകണം. അവനോടും അമ്മയോടും സംസാരിക്കണം. ഞങ്ങളില്‍നിന്നൊരു വിഷമവും അവനുണ്ടാവില്ല, തീര്‍ച്ച. എനിക്കു സമാധാനമായി. വൈകല്യങ്ങളെ അതിജീവിച്ചു മുന്നേറിയ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഡോ. സാമുവല്‍ ജോണ്‍സനെക്കുറിച്ചും മൊസാര്‍ട്ട് എന്ന സംഗീതമാന്ത്രികനെക്കുറിച്ചും ഞാനവരോടു പറഞ്ഞു. ഇതുപോലുള്ള ധാരാളം വ്യക്തികള്‍ എല്ലാക്കാലവുമുണ്ടെന്നും അവര്‍ക്കുവേണ്ടി നമ്മുടെ അഭിജിത്തിനെ നമ്മോടു ചേര്‍ത്തു പിടിക്കാമെന്നുമവര്‍ എന്നോടു പറഞ്ഞു.
അങ്ങനെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു. നാളെ ഞങ്ങള്‍ അഭിജിത്തിന്റെ വീട്ടിലേക്ക്...

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)