- സെപ്റ്റംബര്‍ 5
- വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍
കൊല്‍ക്കൊത്തയിലെ ഒരു പലചരക്കുകട. വെള്ളയില്‍ നീലബോര്‍ഡറുള്ള വെള്ള സാരിയുടുത്ത മദര്‍ തെരേസ കടയുടമസ്ഥനു മുമ്പില്‍ കൂപ്പു കൈയുമായി നില്ക്കുന്നു. തന്റെ ആശ്രമത്തിലുള്ള അന്തേവാസികള്‍ക്കു കഴിക്കാന്‍ ഭക്ഷണമില്ല. അന്യനുമുമ്പില്‍ അവര്‍ക്കുവേണ്ടി യാചിക്കാന്‍ ഇറങ്ങിയതാണവര്‍. രാവിലെ തന്റെ കടയില്‍ സഹായവും തേടിയെത്തിയ മദര്‍ തെരേസയെക്കണ്ട് കടയുടമസ്ഥന്റെ പുരികങ്ങളുയര്‍ന്നു. ആ മുഖത്ത് അവജ്ഞയുടെ ഭാവങ്ങള്‍ നിഴലിച്ചു. 'ഇതൊരു നിരന്തരശല്യമായല്ലോ, ഇതിങ്ങനെ ആവര്‍ത്തിച്ചാല്‍ ശരിയാകില്ല, ഇന്നത്തോടെ തീരണം ഈ സഹായിക്കല്‍' എന്നിങ്ങനെ ചിന്തിച്ചുകൊണ്ട് അയാള്‍ വായില്‍ ഊറിക്കൂടിയ ഉമിനീര്‍ മദര്‍ തെരേസയുടെ മുഖത്തേക്ക് ഒറ്റത്തുപ്പല്‍! ഒരു നിമിഷം അമ്പരന്നുപോയെങ്കിലും 'ഈ അപമാനവും വേദനയും ഈശോ അനുഭവിച്ച പീഡനത്തിനുമുമ്പില്‍ ഒന്നുമല്ല' എന്നു സ്വയം ആശ്വസിച്ചുകൊണ്ട് പുഞ്ചിരിക്കുന്ന മുഖത്തോടെ മൃദുസ്വരത്തില്‍ മദര്‍ പറഞ്ഞു: ''സഹോദരാ, എനിക്കു തരാനുള്ളതു നിങ്ങള്‍ തന്നു. ഞാനതു സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇനി ആശ്രമത്തില്‍ വിശന്നിരിക്കുന്ന എന്റെ കുഞ്ഞുങ്ങള്‍ക്കുള്ളതു തന്നേക്കൂ.''
കഠിനഹൃദയന്റെ ഉള്ളംതൊടുന്നതായിരുന്നു ആ വാക്കുകള്‍. അതിനു മിന്നല്‍പ്പിണറിന്റെ തീക്ഷ്ണത ഉണ്ടായിരുന്നിരിക്കണം! ചെയ്തുപോയ അപരാധത്തിനു പ്രായശ്ചിത്തമെന്നോണം തുടര്‍ന്ന് ആ കടയില്‍നിന്ന് ആശ്രമത്തിനുള്ളത് ദീര്‍ഘകാലം ലഭിച്ചുപോന്നു.
മദര്‍ തെരേസയുടെ ബാല്യത്തിലെ പേര് 'ആഗ്നസ്' എന്നായിരുന്നു. അല്‍ബേനിയക്കാരനായ നിക്കോളായ്‌ന്റെയും വെനീസുകാരി ദ്രാനാഫൈലിന്റെയുടെയും മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായി 1910 ഓഗസ്റ്റ് 26 ന് ആഗ്നസ് ജനിച്ചു. ഒട്ടാമന്‍ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയില്‍ സ്‌കോപ്യായ് ആയിരുന്നു ജന്മസ്ഥലം. ഇന്ന് അതിന്റെ പേര് 'റിപ്പബ്ലിക് ഓഫ് മാസിഡോണിയ' എന്നാണ്. കത്തോലിക്കാ സ്റ്റേറ്റ് സ്‌കൂളിലും സേക്രഡ് ഹാര്‍ട്ട് പള്ളിയിലുമായിരുന്നു പ്രാരംഭവിദ്യാഭ്യാസം. ആഗ്നസിന് എട്ടു വയസ്സുള്ളപ്പോള്‍ പിതാവു മരിച്ചു. ബാല്യകാലത്തുതന്നെ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ആഗ്നസ് താത്പര്യം കാണിച്ചിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു വന്ന ഒരു പുരോഹിതന്റെ കത്തില്‍നിന്ന് അവര്‍ ഇന്ത്യാരാജ്യത്തെക്കുറിച്ച് അറിയാനിടയായി. ബംഗാളിനെക്കുറിച്ചും ഭാരതത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചും ചെറുപ്പത്തില്‍ത്തന്നെ ആഗ്നസിന് ഏകദേശധാരണയുണ്ടായിരുന്നു.
തന്റെ ജന്മനിയോഗം തിരിച്ചറിഞ്ഞ ആഗ്നസ് പതിനെട്ടാം വയസില്‍ വീടുവിട്ടിറങ്ങി, 'സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ' എന്ന സന്ന്യാസിനീസമൂഹത്തില്‍ ചേര്‍ന്നു. അവിടെനിന്ന് അയര്‍ലണ്ടില്‍ ഇംഗ്ലീഷ് പഠനത്തിന് അയയ്ക്കപ്പെട്ടു. ലൊറേറ്റോ ആശ്രമം അതിന്റെ ഇന്ത്യയിലുള്ള സ്‌കൂളുകളില്‍ അധ്യാപകരെ തിരഞ്ഞെടുത്തുകൊണ്ടിരുന്ന കാലമായിരുന്നു. ആഗ്നസിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 1929 ല്‍ ഡാര്‍ജിലിങ്ങില്‍ ലൊറേറ്റോ സന്ന്യാസിനികളുടെ കേന്ദ്രത്തില്‍ അവരെത്തി. 1934 ല്‍ ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ച് 'തെരേസ' എന്ന സന്ന്യാസിനീനാമം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കൊത്തയിലെ ലൊറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ അധ്യാപികയായിരിക്കെ 1937 മേയ് 14 ന് സിസ്റ്റര്‍ 'നിത്യവ്രതം' സ്വീകരിച്ചു. ബംഗാളിഭാഷയില്‍ അവര്‍ നേടിയെടുത്ത പ്രാവീണ്യം അവര്‍ക്ക് 'ബംഗാളി തെരേസ' എന്ന വിളിപ്പേരു നേടിക്കൊടുത്തു.
കൊല്‍ക്കൊത്തയിലെ ദരിദ്രജനങ്ങളുടെ കഠിനജീവിതം മദറിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. 1946 ലെ ഹിന്ദു-മുസ്ലീം കലാപം ജനജീവിതം നരകതുല്യമാക്കി. കലാപത്തിനിരയായവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ രാപകല്‍ ഏര്‍പ്പെട്ട മദര്‍ തെരേസ മാനസികസംഘര്‍ഷത്തില്‍പ്പെട്ടു, ശാരീരികമായി തളര്‍ന്നു. ആത്മീയാശ്വാസത്തിനും ധ്യാനത്തിനുമായി അവര്‍ ഡാര്‍ജിലിങ്ങിലെ ആശ്രമത്തിലേക്കു പോയി. ആ യാത്ര വേറിട്ടൊരു ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടുവയ്പായിരുന്നു.
സ്വതന്ത്രമായ ചാരിറ്റിപ്രവര്‍ത്തനം ലക്ഷ്യമിട്ട് അവര്‍ മോദിജില്‍ എന്ന സ്ഥലത്ത് ഒരു വിദ്യാലയം തുടങ്ങി. ലൊറേറ്റോ ആശ്രമത്തിന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്, കൊല്‍ക്കൊത്തനഗരസഭയിലെ ശുചീകരണത്തൊഴിലാളികളുടെ വേഷമായ നീല ബോര്‍ഡറുള്ള വെള്ളസാരി സ്വീകരിച്ചു. 1950 ഒക്‌ടോബര്‍ ഏഴിന് കൊല്‍ക്കൊത്ത അതിരൂപതയ്ക്കു കീഴില്‍ പുതിയ സന്ന്യാസിനീസമൂഹം രൂപീകരിക്കാന്‍ വത്തിക്കാന്‍ മദര്‍ തെരേസയ്ക്ക് അനുവാദം നല്കി. തുടക്കത്തില്‍ 10-13 അംഗങ്ങള്‍ മാത്രമായി ആരംഭിച്ച സന്ന്യാസിനീസമൂഹം 1959 ആയപ്പോഴേക്കും കൊല്‍ക്കൊത്തയ്ക്കു പുറത്തേക്കും തങ്ങളുടെ ആതുരസേവനദൗത്യം വ്യാപിപ്പിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞിരുന്നു.
നിര്‍മല്‍ ഹൃദയ, ശാന്തിനഗര്‍, ശിശുഭവന്‍ എന്നീ സ്ഥാപനങ്ങള്‍ മദര്‍ തെരേസയുടെ ചാരിറ്റിപ്രവര്‍ത്തനവീഥിയിലെ വിവിധ നാഴികക്കല്ലുകളാണ്. തെരുവില്‍ക്കിടന്നു മരിക്കാന്‍ വിധിക്കപ്പെട്ടവരെ ചികിത്സിക്കാനായി 1952 ല്‍ കൊല്‍ക്കൊത്ത നഗരത്തില്‍ മദര്‍ സ്ഥാപിച്ചതാണ് 'നിര്‍മല്‍ഹൃദയ.' കുഷ്ഠരോഗികളെ മറ്റു രോഗികള്‍ക്കൊപ്പം ശുശ്രൂഷിക്കുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന തിരിച്ചറിവില്‍ കുഷ്ഠരോഗികള്‍ക്കു മാത്രമായി ആരംഭിച്ച സത്രമാണ് 'ശാന്തിനഗര്‍'. ചേരികളിലെ കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുംവേണ്ടി വിഭാവനം ചെയ്ത പ്രസ്ഥാനമായിരുന്നു 'ശിശുഭവന്‍'. 1964 ലെ ഭാരതസന്ദര്‍ശനവേളയില്‍, മദര്‍ തെരേസയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കണ്ട് സന്തോഷചിത്തനായ പോള്‍ ആറാമന്‍ മാര്‍പാപ്പാ തന്റെ വില കൂടിയ കാര്‍ മദര്‍ തെരേസയ്ക്കു സമ്മാനമായി നല്കുകയുണ്ടായി.
കാലക്രമത്തില്‍ മദര്‍ തെരേസായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മേഖല അതിവിപുലമാവുകയും രാജ്യത്തിന്റെ അതിരു കടന്ന്, അന്താരാഷ്ട്രതലത്തിലേക്ക് ഉയരുകയും ചെയ്തു. 1982 ല്‍ പാലസ്തീന്‍-ഇസ്രായേല്‍ സംഘട്ടനത്തില്‍ അകപ്പെട്ടുപോയവരെയും 1971 ല്‍ ബംഗ്ലാദേശില്‍ യുദ്ധക്കെടുതികള്‍മൂലം ദുരിതത്തില്‍പ്പെട്ടുപോയവരെയും പരിചരിക്കാന്‍ അവര്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തി.
ചാരിറ്റിപ്രവര്‍ത്തനത്തിലുള്ള നിസ്തുലമായ ഇടപെടലുകള്‍ മാനിച്ച് 1962 ല്‍ രാഷ്ട്രം പദ്മശ്രീ നല്കി മദര്‍ തെരേസയെ ആദരിച്ചു. ഇന്ത്യയ്ക്കുപുറത്തു ജനിച്ച ഒരാള്‍ക്കു കിട്ടുന്ന ആദ്യപദ്മബഹുമതിയായിരുന്നു അത്. 1980 ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന മദര്‍ തെരേസയ്ക്കു സമ്മാനിച്ചു. 1962 ല്‍ത്തന്നെ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ 'മാഗ്‌സെസെ' അവാര്‍ഡു നല്കി മദറിനെ ആദരിച്ചു. 1979 ല്‍ നോബല്‍ സമ്മാനവും ആ അതുല്യമനുഷ്യസ്‌നേഹിയെ തേടിയെത്തി. ലോകത്തെ മുഴുവന്‍ പീഡിതരുടെയും ദുഃഖിതരുടെയും അഭയവും ആശ്വാസവുമായിരുന്ന മദര്‍ തെരേസ തന്റെ 87-ാമത്തെ വയസില്‍ 1997 സെപ്റ്റംബര്‍ മാസം 5-ാം തീയതി ദൈവസന്നിധിയിലേക്കു യാത്രയായി. എല്ലാവിധ ഔദ്യോഗികബഹുമതികളോടുംകൂടി അവരുടെ ദിവ്യശരീരം മണ്ണോടു ചേര്‍ന്നു.
നോബല്‍ സമ്മാനം നേടിയ വര്‍ഷം ഭാരതം ആദരസൂചകമായി അവരുടെ ചിത്രം ആലേഖനം ചെയ്ത തപാല്‍സ്റ്റാമ്പാണു പുറത്തിറക്കിയതെങ്കില്‍ 2010 ല്‍ മദര്‍ തെരേസയുടെ ജന്മശതാബ്ദിവേളയില്‍ ഭാരതം മദറിന്റെ രൂപം പതിച്ച അഞ്ചുരൂപ നാണയം പുറത്തിറക്കി ആദരവു പ്രകടിപ്പിച്ചു.
മരണശേഷം അധികം വൈകാതെ, 2016 സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ വത്തിക്കാന്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. മരണശേഷവും ലോകം അവരെ നമിക്കുന്നു.