- കട്ടക്കയം അബ്രാഹം മല്പാന്‍ ഗോവര്‍ണദോര്‍
- ശങ്കൂരിക്കല്‍ ഗീവര്‍ഗീസ് മല്പാന്‍ ഗോവര്‍ണദോര്‍
കട്ടക്കയം അബ്രാഹം ഗോവര്‍ണദോരുടെ ഭരണകാലം നസ്രാണികള്‍ക്ക് ആദ്യന്തം പ്രാധാന്യമുള്ള കാലഘട്ടമായിരുന്നു. ഗോവര്‍ണദോര്‍ എന്ന നിലയില്‍ ഒന്നരവര്‍ഷമേ അദ്ദേഹം ഭരണം നടത്തിയിരുന്നുള്ളൂ. വിഭജനമല്ല, ഐക്യമാണ് ശക്തിയെന്ന് കട്ടക്കയം തിരിച്ചറിഞ്ഞിരുന്നു. ഹൃദയത്തില്‍ അപരപ്രിയത്വം എന്ന ദാര്‍ശനികത കാത്തുസൂക്ഷിച്ചു. സമര്‍ത്ഥനായ ഭരണകര്‍ത്താവായിരുന്നു അദ്ദേഹം.അബ്രാഹം കത്തനാര്‍ എന്നും ജനകീയനായിരുന്നു; ജനങ്ങളോടൊത്തും ജനങ്ങളുടെ പക്ഷത്തുമായിരുന്നു. ഇടവക ഭരണക്രമത്തില്‍ ജനാധിപത്യക്രമം ഏര്‍പ്പെടുത്തണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു. വലിയ എതിര്‍പ്പുകളോടുകൂടി അദ്ദേഹം പാലായില്‍ കൈക്കാരന്മാരെ തിരഞ്ഞെടുക്കുകയും താക്കോലുകള്‍ അവരെ ഏല്പിക്കുകയും ചെയ്തു. പള്ളിവികാരിത്തം സ്വന്തം ഇടവകയില്‍നിന്നുളള ഇടവകവൈദികര്‍ക്കു മാറിമാറിക്കൊടുക്കുന്ന ശൈലിയായിരുന്നു അന്നുണ്ടായിരുന്നത്.
നസ്രാണികളുടെ ചരിത്രത്തിലെ സംഭവബഹുലമായ കാലഘട്ടമാണ് കരിയാറ്റില്‍ മാര്‍ യൗസേപ്പ് മെത്രാപ്പോലീത്തായുടെയും (1742-1786) പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെയും (1736-1799) തച്ചില്‍ മാത്തുത്തരകന്റെയും (1741-1814) ജീവിതകാലവും പ്രവര്‍ത്തനസമയവും.
1599 ല്‍ നസ്രാണിയുടെ സ്വത്വവും സ്വാതന്ത്ര്യവും നഷ്ടമായി. 1653 നും 1665 നുമിടയില്‍ ഐക്യവും ഇല്ലാതായി. കൂനന്‍കുരിശുസത്യത്തോടുകൂടി (1653 ജനുവരി 3) വന്ന വിഭജനത്തിന്റെ (പഴയകൂറും പുത്തന്‍കൂറും) വേദനയില്‍ സഭാംഗങ്ങള്‍ കഴിയുന്ന കാലം. കരിയാറ്റിയുടെയും പാറേമ്മാക്കലിന്റെയും റോമായാത്രയുടെ ലക്ഷ്യങ്ങളിലൊന്ന് പുത്തന്‍കൂറിലെ ആറാം മാര്‍ത്തോമ്മായുടെ പുനരൈക്യമായിരുന്നു. കരിയാറ്റിയുടെ അകാലചരമത്തെത്തുടര്‍ന്ന് പാറേമ്മാക്കല്‍ നസ്രാണികളുടെ ഗോവര്‍ണദോരായി സഭാഭരണം ഏറ്റെടുത്തു. പാറേമ്മാക്കല്‍, ഗോവര്‍ണദോര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ നേതൃത്വമാണു നല്കിയത്. പന്ത്രണ്ടു കൊല്ലത്തെ ഭരണശേഷം 1799 ല്‍ പാറേമ്മാക്കല്‍ നിര്യാതനായി.
1653 ലെ കൂനന്‍കുരിശുസത്യം ആഗോള ക്രൈസ്തവചരിത്രത്തില്‍ സ്ഥാനംപിടിച്ച സ്വാതന്ത്ര്യപ്രഖ്യാപനമാണ്. അതിനു നേതൃത്വംകൊടുത്ത മാര്‍ത്തോമ്മാ അര്‍ക്കദിയാക്കോനും പിന്നീട് മലങ്കരസഭയുടെ മെത്രാപ്പോലീത്താ ആയ പറമ്പില്‍ (പളളിവീട്ടില്‍) ചാണ്ടിയും കുറവിലങ്ങാടിന്റെ വീരസന്താനങ്ങളാണ്. സഭ രണ്ടായി പിളര്‍ന്നു; പുത്തന്‍കൂറ്റുകാര്‍ മാര്‍ത്തോമ്മായുടെകൂടെയും പഴയകൂറ്റുകാര്‍ ചാണ്ടിമെത്രാന്റെകൂടെയും. കുടുംബക്കാരുകൂടിയായ ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍ ഭാരതനസ്രാണികളുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. പറമ്പില്‍ മത്തായിക്കത്തനാര്‍ (1700) ചാണ്ടിമെത്രാന്റെ അനന്തരവനായിരുന്നു. അദ്ദേഹം സുറിയാനിഭാഷയില്‍ ഭാരതത്തിലെ ക്രിസ്തുമതം എന്ന ഗ്രന്ഥമെഴുതി.
പാലാ കട്ടക്കയം കുടുംബം അതിപ്രഗല്ഭരായ വൈദികര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ജന്മംകൊടുത്ത തറവാടാണ്. അവരില്‍ ഏറ്റവും ശ്രദ്ധേയരാണ് അബ്രാഹം കത്തനാര്‍ (1739-1819), മഹാകവി ചെറിയാന്‍ മാപ്പിള (1859-1936), കട്ടക്കയം വലിയ ചാണ്ടിച്ചന്‍ (1828-1909), കൊച്ചുചാണ്ടിച്ചന്‍ (1866-1933), മോണ്‍. കൊച്ചുചാക്കോച്ചന്‍ (1879-1950) എന്നിവര്‍.
കട്ടക്കയം അബ്രാഹം മല്പാനും
പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും
കട്ടക്കയം അബ്രാഹം പാലാ ഇടവകയില്‍ 1739 ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദികപരിശീലനത്തിനായി ഒരുങ്ങി. അന്നത്തെ കീഴ്‌വഴക്കമനുസരിച്ച് കീര്‍ത്തികേട്ട മല്പാനച്ചന്മാരുടെയും കത്തനാര്‍മാരുടെയും പക്കല്‍നിന്ന് സുറിയാനിയും ലിറ്റര്‍ജിയും പഠിക്കുക എന്നതായിരുന്നു പതിവ്. അതനുസരിച്ച് വൈദികവിദ്യാഭ്യാസം കടനാട്ടില്‍ ഐപ്പ് മല്പാന്റെ കൂട്ടത്തിലായിരുന്നു. പാറേമ്മാക്കല്‍ ഗോവര്‍ണദോരും ഈ പഠനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. കട്ടക്കയം കത്തനാരും പാറേമ്മാക്കല്‍ കത്തനാരും തമ്മില്‍ വലിയ ഇഴയടുപ്പം ഉണ്ടായിരുന്നു. തോമ്മാക്കത്തനാരുടെ സകല പരിശ്രമങ്ങള്‍ക്കും അബ്രാഹം കത്തനാരുടെ പിന്‍ബലം ഉണ്ടായിരുന്നു. സുറിയാനിഭാഷയില്‍ രണ്ടുപേരും അവഗാഹം നേടി. രണ്ടുപേരും അതിബുദ്ധിമാന്മാരായിരുന്നു. സഭയുടെ മഹനീയപാരമ്പര്യത്തോടുള്ള ഇരുവരുടെയും ആഭിമുഖ്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. പാറേമ്മാക്കലിന്റെ കുടുംബത്തില്‍ത്തന്നെ 'ചാണ്ടി മല്പാന്‍' എന്നറിയപ്പെട്ടിരുന്ന മറ്റൊരു കത്തനാരും കൂടി ഉണ്ടായിരുന്നു. കട്ടക്കയം അബ്രാഹം 1764 ല്‍ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തായില്‍നിന്ന് ഗുരുപ്പട്ടം സ്വീകരിച്ചു. താമസം സ്വന്തം ഇടവകയായ പാലാപ്പള്ളിയിലും. സ്വന്തം ഇടവകയ്ക്കുവേണ്ടിയായിരുന്നു പട്ടം സ്വീകരിച്ചുപോന്നത്.
പാലാപ്പള്ളി വികാരിത്തം
1765 ല്‍ പാലാപ്പള്ളിക്കുവേണ്ടി മുന്നിട്ടിറങ്ങിയത് അബ്രാഹം കത്തനാരായിരുന്നു. പാലാപ്പള്ളിയുടെ ഭരണപരമായ കാര്യങ്ങള്‍ അക്കാലത്ത് അത്ര സമാധാനപൂര്‍വമായ ഒരു അന്തരീക്ഷത്തിലല്ലായിരുന്നു. പള്ളിപ്രമാണികളും പള്ളിപ്രധാനികളുമായ അല്മായര്‍ ശക്തമായ രീതിയില്‍ ഇടവകഭരണത്തില്‍ ഏര്‍പ്പെട്ടിരുന്നു. നാലു വീട്ടുകാരുടെ പ്രത്യേക ഇടപെടലുകള്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. മേമ്പൂട്ടുകാരുടെ പക്കല്‍നിന്ന് താക്കോല്‍ കരസ്ഥമാക്കി പള്ളിമേടയില്‍ത്തന്നെ വയ്ക്കണമെന്നുമുള്ള ചിന്തകള്‍ വളര്‍ന്നുവന്ന കാലമായിരുന്നു അത്. ജനാധിപത്യരീതിയില്‍ പള്ളിക്കൈക്കാരന്മാരെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായത്തിനും കൂടുതല്‍ വ്യാപ്തി കിട്ടി. ഈ കാര്യങ്ങളെല്ലാം നിവേദനങ്ങളാക്കി കൊടുങ്ങല്ലൂര്‍ രൂപതാധ്യക്ഷനു സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ പിന്നില്‍ അബ്രാഹം കത്തനാരുടെ പ്രേരണയും ബുദ്ധിപരമായ ഇടപെടലുകളും അജപാലനപരമായ കരുതലുകളും ഉണ്ടായിരുന്നു. ഇക്കാലയളവില്‍ പള്ളിമേമ്പൂട്ടുകാര്‍ അബ്രാഹം കത്തനാരുടെ മരുമകന്‍ വായുമറ്റത്തു മുതലാളിയും സഹോദരീഭര്‍ത്താവായ വയലക്കൊമ്പില്‍ ഇട്ടിയേപ്പുമാപ്പിളയുമായിരുന്നു. കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്താ ആയിരുന്ന സാല്‍വദോര്‍ റെയ്‌നയുമായി ആലോചന നടത്തുകയും സമ്മതം ലഭിക്കുകയും ചെയ്തതിനുശേഷമാണ് പള്ളിഭരണത്തിനു യോഗക്കാരെ നിയോഗിക്കാന്‍ ആഗ്രഹിച്ചത്.
എന്നും ജനങ്ങളോടൊത്ത്
അബ്രാഹം കത്തനാര്‍ എന്നും ജനകീയനായിരുന്നു; ജനങ്ങളോടൊത്തും ജനങ്ങളുടെ പക്ഷത്തുമായിരുന്നു. ഇടവക ഭരണക്രമത്തില്‍ ജനാധിപത്യക്രമം ഏര്‍പ്പെടുത്തണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു. വലിയ എതിര്‍പ്പുകളോടുകൂടി അദ്ദേഹം പാലായില്‍ കൈക്കാരന്മാരെ തിരഞ്ഞെടുക്കുകയും താക്കോലുകള്‍ അവരെ ഏല്പിക്കുകയും ചെയ്തു. പള്ളിവികാരിത്തം സ്വന്തം ഇടവകയില്‍നിന്നുളള ഇടവകവൈദികര്‍ക്ക് മാറിമാറി കൊടുക്കുന്ന ശൈലിയായിരുന്നു അന്നുണ്ടായിരുന്നത്. പലപ്പോഴും ചുരുങ്ങിയ മാസങ്ങള്‍ മാത്രമേ തുടര്‍ച്ചയായി വികാരിസ്ഥാനം ലഭിച്ചിരുന്നുള്ളൂ. അബ്രാഹം കത്തനാര്‍ക്ക് നിരന്തരമായ എതിര്‍പ്പുകള്‍ സഹിക്കേണ്ടതായിവന്നു. അദ്ദേഹം തന്റെ ബോധ്യങ്ങളില്‍നിന്നു മാറാന്‍ തയ്യാറായില്ല. സമര്‍ത്ഥനായ ഭരണകര്‍ത്താവായിരുന്നു അദ്ദേഹം. സ്വന്തക്കാരെ വകവച്ചില്ലെന്നുമാത്രമല്ല, പലപ്പോഴും അവരോട് ഏറ്റുമുട്ടുകയും ചെയ്തു. പള്ളിയോഗം രൂപീകരിച്ചെങ്കിലും കാര്യക്ഷമമായി യോഗത്തിന് ഇടപെടാന്‍ സാധിക്കാതെവന്നു എന്നത് നിര്‍ഭാഗ്യകരമായ ചരിത്രസംഭവമായി നില്ക്കുന്നു.
പാലാവിടുന്ന അബ്രാഹം കത്തനാര്‍
തന്റെ അജപാലനചിന്തകള്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ല എന്നു കണ്ടപ്പോള്‍ അദ്ദേഹം പാലായില്‍ തുടരാന്‍ ആഗ്രഹിച്ചില്ല. ഒരു ഇടവകവൈദികനെ അന്യ ഇടവകയില്‍ പറഞ്ഞയയ്ക്കുന്നത് അന്ന് അത്ര പതിവില്ലായിരുന്നു. സ്വന്തം ഇടവകയ്ക്കുവേണ്ടിയായിരുന്നു ദേശത്തു പട്ടക്കാര്‍. പക്ഷേ, നിശ്ചയദാര്‍ഢ്യക്കാരനായ കത്തനാര്‍ വിട്ടുകൊടുത്തില്ല. 1766 ല്‍ പാലാ കടവില്‍നിന്ന് കോട്ടയത്തേക്കു വള്ളംകയറി. മടക്കിക്കൊണ്ടുവരുവാന്‍ പാലാക്കാര്‍ പല വള്ളങ്ങളില്‍ അനുഗമിച്ചെങ്കിലും വിജയിച്ചില്ല. പല വള്ളങ്ങള്‍ കോട്ടയത്ത് ഒരുമിച്ചെത്തിയെന്നതാണു സത്യം. അസാധാരണ നേതൃപാടവം ഉണ്ടായിരുന്നെങ്കിലും പാലായ്ക്കുവേണ്ടി അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാനായില്ല. എന്നും ശിരസ്സുയര്‍ത്തി നില്ക്കാന്‍ മാത്രമേ കത്തനാര്‍ തയ്യാറായുള്ളൂ.
കുമരകത്തു സ്ഥലം വാങ്ങുന്നു
കട്ടക്കയം അബ്രാഹം കത്തനാര്‍ അനുഭവങ്ങളുടെ തീച്ചുളയില്‍നിന്ന് സ്വന്തം നിലപാടുകളിലേക്കു മാറി. പാലായില്‍നിന്നു യാത്രപറഞ്ഞ അബ്രാഹം കത്തനാര്‍ കോട്ടയത്ത് വലിയ പള്ളിയില്‍ ഏതാനും ആഴ്ചകള്‍ താമസിച്ചു. കുമരകം കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിന്റെ ഫലമായി അവിടെ കുറെ സ്ഥലം വാങ്ങിച്ചു. കുമരകത്ത് കൊടുവന്തറ ഒരു ധനികന്റെവക പുരയില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. കുമരകത്തെ സ്ഥലം ദളവായുടെ അനുമതിയോടെയാണു പതിച്ചുകിട്ടിയത്. അബ്രാഹം കത്തനാരുടെ സഹോദരന്‍ കുരുവിള പാലായില്‍നിന്ന് ഒരു പുര വാങ്ങിച്ച് കുമരകത്ത് പതിച്ചുകിട്ടിയ സ്ഥലത്ത് പുനര്‍നിര്‍മിച്ച് ഒന്നിച്ചു താമസം തുടങ്ങി. തുടര്‍ന്ന് അബ്രാഹം കത്തനാര്‍ കുമരകത്ത് പള്ളിപണി ആരംഭിച്ചു. വി. നെപുംസിയാന്റെ പേരു പള്ളിക്കു നല്കി. 1769 മേയ് 16 ന് പള്ളി കൂദാശ ചെയ്തു.
പള്ളിയോടൊത്ത് സെമിനാരിയും
അബ്രാഹം കത്തനാര്‍ ഉത്തമനായ സുറിയാനി പണ്ഡിതന്‍കൂടിയായിരുന്നു. നസ്രാണിവൈദികര്‍ സുറിയാനിയും ആരാധനക്രമവും നല്ലവണ്ണം പഠിക്കണമെന്ന് കത്തനാര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. തച്ചില്‍ മാത്തുത്തരകനുമായി കത്തനാര്‍ക്ക് ആത്മബന്ധമുണ്ടായിരുന്നു. കത്തനാരുടെ സഭാജീവിതത്തിലും പൊതുജീവിതത്തിലും മാത്തുത്തരകന്‍ കാര്യമായ സ്വാധീനം ചെലുത്തി. ആവശ്യാനുസരണം സാമ്പത്തികപിന്‍ബലവും നല്കി.
അബ്രാഹം കത്തനാര്‍
ഭരണപരമായ കാര്യങ്ങളിലേക്ക്
പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ 1787 ഫെബ്രുവരി ഒന്നിന് അങ്കമാലിയില്‍ സുറിയാനിപ്പള്ളിക്കാരെയെല്ലാം ഒന്നിച്ചുകൂട്ടി. ആ സമ്മേളനഫലമാണ് അങ്കമാലി പടിയോല. സുറിയാനിപ്പള്ളിക്കാരെയെല്ലാം ചേര്‍ത്തു സഭാഭരണം സംബന്ധിച്ച വ്യവസ്ഥകള്‍ തയ്യാറാക്കി. പൗരാണികകാലം മുതലുള്ള സുറിയാനിഭാഷയും അര്‍ക്കദിയാക്കോന്‍പദവിയും തുടരണമെന്ന് എല്ലാവരും ഉറപ്പിച്ചുപറഞ്ഞു. സുറിയാനിപ്പള്ളിക്കാരുടെ ശ്രേയാഭിവൃദ്ധിക്കും പരിരക്ഷയ്ക്കുമായി പന്ത്രണ്ടുവൈദികരെ കാനോനിസ്റ്റുകളായി നിയമിക്കണമെന്നും നിശ്ചയിച്ചു. കട്ടക്കയം അബ്രാഹം കത്തനാര്‍ ഉള്‍പ്പെടെ 12 കത്തനാര്‍മാരെ കാനോനിസ്റ്റുമാരായി തിരഞ്ഞെടുത്തു. വലിയ ചുമതലകളാണ് അവരെ ഏല്പിച്ചത്.
സഭയുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ചുമതല. ഒരാള്‍ മരണപ്പെട്ടാല്‍ മറ്റു പതിനൊന്നുപേരും ചേര്‍ന്ന് പന്ത്രണ്ടാമത്തെ വ്യക്തിയെ തിരഞ്ഞെടുക്കാം. മരിച്ച കത്തനാരുടെ വസ്തുവകയിന്മേല്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് അവകാശമുണ്ടായിരിക്കുകയില്ല. അബ്രാഹം കത്തനാര്‍ പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ ആലോചനക്കാരില്‍ ഒരാളായിരുന്നു. പാറേമ്മാക്കല്‍ അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കാ അദ്ദേഹത്തിന്റെ കീഴിലുള്ള സുറിയാനിപ്പള്ളികളെല്ലാം ഗോവര്‍ണദോര്‍ക്ക് വിട്ടുകൊടുത്തു. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരും ഗോവര്‍ണദോരെ ആദരിച്ചിരുന്നു. പലര്‍ക്കും മറ്റ് അധികാരസ്ഥാനങ്ങളും രാജാവില്‍നിന്നു ലഭിക്കുകയും ചെയ്തു.
കട്ടക്കയം അബ്രാഹം ഗോവര്‍ണദോര്‍
പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ മരണശേഷം നസ്രാണികള്‍ക്കിടയില്‍ പല സംഭവങ്ങളും അരങ്ങേറി. പുത്തന്‍ചിറ ഇടവകക്കാരനായ പണ്ടാരി പൗലോസ് അബ്രാഹം മെത്രാനും പന്ത്രണ്ട് കാനോനിസ്റ്റുമാരും മറ്റു വൈദികരും മാത്തുത്തരകന്‍ തുടങ്ങിയ ജനപ്രമാണിമാരും ചങ്ങനാശ്ശേരി പള്ളിയില്‍ കൂടി ഭരണകാര്യങ്ങള്‍ ആലോചിച്ചു. പ്രസ്തുത യോഗത്തിന്റെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായത്തോടുകൂടി കട്ടക്കയത്തില്‍ അബ്രാഹം മല്പാനെ ഗോവര്‍ണദോരായി തിരഞ്ഞെടുത്തു. പഴയകൂര്‍ നസ്രാണിക്കത്തോലിക്കരുടെ സഭാഭരണം ഏല്പിച്ചുകൊടുക്കുകയും ചെയ്തു. പൗലോസ് അബ്രാഹം മെത്രാന്‍ കട്ടക്കയത്തില്‍ ഗോവര്‍ണദോര്‍ക്ക് അധികാരപത്രങ്ങള്‍ കൈമാറുകയും ചെയ്തു. കട്ടക്കയം ഗോവര്‍ണദോരുടെ ഭരണകാലം നസ്രാണികള്‍ക്ക് ആദ്യന്തം പ്രാധാന്യമുള്ള കാലഘട്ടമായിരുന്നു. ഗോവര്‍ണദോര്‍ എന്ന നിലയില്‍ ഒന്നരവര്‍ഷമേ കട്ടക്കയം അബ്രാഹം കത്തനാര്‍ ഭരണം നടത്തിയിരുന്നുള്ളൂ. പണ്ടാരി പൗലോസ് മെത്രാനും കട്ടക്കയം അബ്രാഹം ഗോവര്‍ണദോരും പരിശുദ്ധ സിംഹാസനം അറിയാതെ അധികാരമെടുത്തു എന്ന ന്യൂനത നിലനിന്നതിനാല്‍ സഭയിലാകമാനം അത് ഒരു ചിന്താക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഒരു പക്ഷേ, പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും വിചാരിച്ചിരുന്നിരിക്കണം നിയമാനുസൃതമായി ഒരു ഗോവര്‍ണദോരെ നിയമിക്കാന്‍ തനിക്ക് അധികാരമില്ലെന്ന്.
പുനരൈക്യം സാധ്യമായി
വാസ്തവത്തില്‍, മാര്‍ത്തോമ്മായുടെ പുനരൈക്യം റോമില്‍നിന്ന് കരിയാറ്റിമെത്രാപ്പോലീത്തായ്ക്കു കൊടുത്ത അധികാരമായിരുന്നു. പാറേമ്മാക്കലിന് ഇതു നന്നായി അറിയാമായിരുന്നതുകൊണ്ടുകൂടിയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ കാലത്ത് പുനരൈക്യം നടക്കാതിരുന്നത്. കാരണം, സ്വീകരിക്കാന്‍ അധികാരമുള്ള ആള്‍ ഇല്ലാതായി. ഉദയംപേരൂര്‍ മുതല്‍ സ്വന്തമെത്രാന്മാരെ കിട്ടാത്തതിനാല്‍ ഏറെ സഹിച്ച ഒരു സഭയാണ് നസ്രാണികള്‍. ആ സഹനത്തെത്തുടര്‍ന്നുളള പിരിവുകളും പിരിമുറുക്കങ്ങളുമാണ് പിന്നീട് നാം കാണുന്നതെല്ലാം.
അല്പകാലത്തേക്കുമാത്രമായിരുന്നുള്ളൂവെങ്കിലും പുനരൈക്യം സാധ്യമായി. ഇത് അബ്രാഹം ഗോവര്‍ണദോരുടെ കാലത്തായിരുന്നു. ചരിത്രപ്രസിദ്ധമായ ഈ സംഭവത്തില്‍ പണിയെടുത്തത് തച്ചില്‍ മാത്തുത്തകരനും അബ്രാഹം മല്പാനുമാണ്. പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ മരിച്ചു മൂന്നുമാസം കഴിഞ്ഞാണ് ആറാം മാര്‍ത്തോമ്മാ ആലപ്പുഴ തത്തമ്പള്ളിയില്‍വച്ച് കത്തോലിക്കാസഭയിലേക്കു പുനരൈക്യപ്പെട്ടത്. മാര്‍ത്തോമ്മാ മെത്രാന്‍ ഒരു കത്തോലിക്കാ മെത്രാന്റെ അധികാരാവകാശങ്ങളോടുകൂടി കത്തോലിക്കാസഭയില്‍ നില്ക്കാന്‍ അത്ര തത്പരനല്ലായിരുന്നു. ലത്തീന്‍ മെത്രാന്മാരുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകളുമുണ്ടായിരുന്നു. പക്ഷേ, മാര്‍ത്തോമ്മായെ അതേപടി സ്വീകരിക്കാമെന്ന് സുറിയാനിക്കാര്‍ ഉറച്ചുനിന്നു. 1799 ജൂണ്‍ 22 ന് ഉടമ്പടിയുണ്ടാക്കി. എല്ലാ കൗണ്‍സില്‍ പ്രബോധനങ്ങളും സ്വീകരിച്ചുകൊള്ളാമെന്നു സമ്മതിക്കുകയും ചെയ്തു. പുനരൈക്യപത്രം സ്വീകരിക്കേണ്ടത് കൊച്ചി മെത്രാനായിരുന്നെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഏതായാലും വളരെ വേഗത്തില്‍ കത്തോലിക്കാക്കൂട്ടായ്മ ആറാം മാര്‍ത്തോമ്മാ ഉപേക്ഷിക്കുകയാണുണ്ടായത്.
അബ്രാഹം കത്തനാര്‍ ഗോവര്‍ണദോര്‍ സ്ഥാനം
ഉപേക്ഷിക്കുന്നു
കട്ടക്കയം അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പിന്റെ സാധുതയെക്കുറിച്ച് വരാപ്പുഴ അധികാരികള്‍ തര്‍ക്കം തുടങ്ങി. സുറിയാനിക്കാരുടെമേല്‍ വരാപ്പുഴയ്ക്ക് അധികാരമുണ്ടെന്ന് പാറേമ്മാക്കല്‍ മരിച്ച ഉടനെ വീണ്ടും പറഞ്ഞുപരത്തി. പുതിയ ഗോവര്‍ണദോറുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നു പറഞ്ഞു സുറിയാനിക്കാര്‍തന്നെ കുറേപ്പേര്‍ വരാപ്പുഴ പള്ളിയില്‍ ചേര്‍ന്നു. കൊച്ചി, കൊടുങ്ങല്ലൂര്‍ രൂപതകളില്‍ മെത്രാന്മാര്‍ ഇല്ലാതെ വരുമ്പോള്‍ അവിടെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നതിന് ഗോവാ മെത്രാപ്പോലീത്തായ്ക്ക് അധികാരമുണ്ട്. അക്കാലത്ത് കൊച്ചി രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന അലോഷ്യസ് ഡി റീബീമര്‍ എന്ന വൈദികന് കൊടുങ്ങല്ലൂര്‍ രൂപതയുടെ ഭരണംകൂടി ഗോവായില്‍നിന്നു കൊടുത്തു. അദ്ദേഹം തന്റെ പ്രതിനിധിയായി കൊടുങ്ങല്ലൂര്‍ രൂപത ഭരിക്കുന്നതിന് മാത്തുത്തരകന്റെ അനുജനച്ചന്‍ തച്ചില്‍ അബ്രാഹം മല്പാനെ ഗോവര്‍ണദോരാക്കി. സഹോദരനായ മാത്തുത്തരകന്‍തന്നെ ആ നിയമനത്തെ എതിര്‍ത്തു. സ്വയംഭരണത്തിനുവേണ്ടിയുള്ള വലിയ തത്രപ്പാടുകളാണ് ഇവിടെ നാം കാണുന്നത്.
അംഗീകാരമില്ലാത്ത കപ്പിത്തളം
പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ നടത്തിയ ഏറ്റവും വലിയ പരിഷ്‌കാരം കപ്പിത്തളം (രവമുലേൃ) എന്ന വൈദികസംഘത്തോട് ഉപമിക്കാവുന്ന ഒരു ആലോചനാസംഘത്തിന്റെ സ്ഥാപനമായിരുന്നല്ലോ (കാനോനിസ്റ്റുമാര്‍). 12 വൈദികരുടെ സംഘമായിരുന്നു ഇത്. ഗോവര്‍ണദോര്‍ പറയുന്ന സ്ഥലത്ത് ഇവര്‍ താമസിക്കണമായിരുന്നു. ഉപജീവനമാര്‍ഗം ലഭിക്കും. ഇവരില്‍ ഒരുവനായിരുന്നു കട്ടക്കയം കത്തനാര്‍. കപ്പിത്തളത്തിന്റെ ചുമതലയായിരുന്നു മെത്രാന്‍ വരുന്നിടംവരെ ഗോവര്‍ണദോരെ നിയമിക്കല്‍. പക്ഷേ, മാര്‍പാപ്പായുടെ അംഗീകാരം കിട്ടാത്ത കപ്പിത്തളം ആയിരുന്നു. തന്മൂലം ബുദ്ധിമാനായ കട്ടക്കയം പിന്‍വാങ്ങി. പോര്‍ച്ചുഗീസുകാരും കട്ടക്കയത്തിന് അനുകൂലമല്ലായിരുന്നു. സഭയുടെ ഐക്യം മാത്രം ആഗ്രഹിച്ച ക്രാന്തദര്‍ശിയായ കട്ടക്കയം സ്ഥാനം ഉപേക്ഷിച്ചു. തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ പുതിയ ഗോവര്‍ണദോറുടെ കൂട്ടത്തില്‍ നിന്നു. ഗോവര്‍ണദോര്‍ സ്ഥാനമൊഴിഞ്ഞ കട്ടക്കയം കുമരകത്തുതന്നെ താമസം തുടര്‍ന്നു. കുമരകം പള്ളിയുടെയും സെമിനാരിയുടെയും ചുമതല തുടര്‍ന്നു. അപ്രകാരം പാരമ്പര്യത്തിന്റെയും തനിമയുടെയും ഊര്‍ജം പകര്‍ന്നു. അബ്രാഹം കത്തനാര്‍ 1819 ല്‍ എണ്‍പതാം വയസ്സില്‍ നിര്യാതനായി. അവസാനനിമിഷംവരെ സജീവതയുടെ ആള്‍രൂപമായിരുന്നു. താന്‍ സ്ഥാപിച്ച പള്ളിയുടെ മദ്ബഹായില്‍ ഭൂദാനം ചെയ്യപ്പെട്ടു.
ശങ്കൂരിക്കല്‍ ഗീവര്‍ഗീസ് ഗോവര്‍ണദോര്‍
വരാപ്പുഴ മിഷനറിമാരുടെ നിര്‍ദേശപ്രകാരം അലോഷ്യസ് റീബീമര്‍ ഏതാനും പള്ളിക്കാരെ ആലപ്പുഴ മാര്‍ സ്ലീവാ പള്ളിയില്‍ വിളിച്ചുകൂട്ടി വേറൊരാളെ ഗോവര്‍ണദോരായി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. ശങ്കൂരിക്കല്‍ ഗീവര്‍ഗീസ് മല്പാനെ ഗോവര്‍ണദോരായി തിരഞ്ഞെടുക്കുകയും ഗോവാ മെത്രാപ്പോലീത്താ അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ കൊടുങ്ങല്ലൂരിന്റെ ഭരണനിര്‍വഹണത്തില്‍ നിയമാനുസൃതമായി പാറേമ്മാക്കലിന്റെ പിന്‍ഗാമിയെ ലഭിച്ചു. സമുദായൈക്യം നിലനിര്‍ത്താന്‍ കട്ടക്കയം പുതിയ ഗോവര്‍ണദോരുടെ നേതൃത്വം അംഗീകരിച്ചു. കട്ടക്കയത്തിന്റെ അസാധാരണമായ കുലീനത്വം അതാണ്. വിഭജനമല്ല, ഐക്യമാണ് ശക്തിയെന്ന് കട്ടക്കയം തിരിച്ചറിഞ്ഞിരുന്നു. ഹൃദയത്തില്‍ അപരപ്രിയത്വം എന്ന ദാര്‍ശനികത കാത്തുസൂക്ഷിച്ചു. സമുദായപ്രമാണിമാരും ഈ നിയമനത്തെ അംഗീകരിക്കുകയാണുണ്ടായത്. ശങ്കൂരിക്കലിന്റെ കാര്യത്തില്‍ നിയമതടസ്സമൊന്നുമില്ലാത്തതിനാല്‍ അദ്ദേഹമാണ് പാറേമ്മാക്കലിനുശേഷം വന്ന നിയമാനുസൃതമായ ഗോവര്‍ണദോര്‍ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആലപ്പുഴയില്‍ യോഗംകൂടി നാലുപേരുടെ ലിസ്റ്റ് തയ്യാറാക്കി, ശങ്കൂരിക്കല്‍ ഗീവര്‍ഗീസ്, തോട്ടയ്ക്കാട് യാക്കോബ് കൂരിയത്ത് കത്തനാര്‍, തച്ചില്‍ അബ്രാഹം മല്പാന്‍ (മാത്തുത്തരകന്റെ അനുജന്‍), പ്ലാത്തോട്ടത്തില്‍ തോമ്മാക്കത്തനാര്‍. വരാപ്പുഴയിലെ ലൂയിസ് മറിയം മെത്രാനില്‍നിന്നാണ് റീബീമറിന് ഈ പേരുകള്‍ ലഭിച്ചത്. ശങ്കൂരിക്കല്‍ റോമിലെ പ്രൊപ്പഗാന്തയില്‍ പഠിച്ച ആളായിരുന്നു. അദ്ദേഹത്തെയാണ് കൊടുങ്ങല്ലൂര്‍ മഹാമെത്രാസന ഇടവകയുടെ ഗോവര്‍ണദോറാക്കിയത്. ഗോവാ മെത്രാപ്പോലീത്തായും സമ്മതിച്ചു. പണ്ടാരി പൗലോസ് മെത്രാന്‍ സ്വേച്ഛാപൂര്‍വം സ്ഥാനത്യാഗം ചെയ്ത് വരാപ്പുഴയിലെ ലൂയിസ് മറിയം അപ്പസ്‌തോലിക്കായ്ക്കു കീഴ്‌പ്പെട്ടു. അദ്ദേഹം എവിടെ മരിച്ചു എന്നറിയില്ല. മെസൊപ്പൊട്ടോമിയായിലേക്കു പോയി എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 1801 ല്‍ ശങ്കൂരിക്കല്‍ ഗോവര്‍ണദോര്‍ അന്തരിച്ചു.