- സെപ്റ്റംബര്‍ 8
- പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാള്‍
പൂഴിമണ്ണില്‍ മനുഷ്യന്റെ കാല്പാടുകള്‍ പതിഞ്ഞ കാലംമുതല്‍ നാളിതുവരെ ജനിമൃതികള്‍ക്കിടയില്‍ എത്രയോ ജന്മങ്ങള്‍ പോക്കുവെയില്‍പോലെ കടന്നുപോയി! പുരസ്‌കാരജേതാക്കള്‍, ജനനേതാക്കള്‍, ചരിത്രവ്യക്തികള്‍, സാഹിത്യശില്പികള്‍, കലാകായികതാരങ്ങള്‍, കോടീശ്വരര്‍, ആത്മീയഗുരുക്കള്‍, പണ്ഡിതര്‍ എന്നിങ്ങനെ മഹത്തരര്‍ എന്നു ലോകം മുദ്രകുത്തിയവര്‍ അക്കൂട്ടത്തിലുണ്ട്. തങ്ങളുടെ അമാനുഷികമായ സിദ്ധികള്‍ കാട്ടി ലോകത്തെ വിസ്മയിപ്പിച്ച അവരുടെയൊക്കെ പ്രതിഭാവിലാസങ്ങള്‍ക്കു മുമ്പില്‍ വിശ്വവാസികള്‍ വായും പൊളിച്ചിരുന്നു. അവരില്‍ അധികവും ഓര്‍മകളില്‍ മാത്രമായി ഇന്ന് അവശേഷിക്കുന്നു. ജന്മചരമദിനങ്ങളില്‍മാത്രം അവരെക്കുറിച്ചുള്ള സ്മരണകള്‍ക്കു ജീവന്‍ വയ്ക്കുന്നു! എന്നാല്‍, കാലത്തെ കൊതിപ്പിച്ചു ജീവിച്ചവര്‍ വിരലിലെണ്ണാവുന്നത്ര വിരളമാണ്. അവരില്‍ ഒരുവളാണ് പരിശുദ്ധ കന്യാമറിയം.
നദിയായി ഒഴുകിയവള്‍
ഒഴുകുന്ന പുഴ പാടിത്തരുന്ന വലിയൊരു പാഠഗീതമുണ്ട്. സ്വാര്‍ത്ഥതയുടെ ലവണരസം ലേശവുമില്ലാത്ത സേവനശീലത്തിന്റെ പാഠം. നിശ്ചലമായ നീര്‍ത്തടങ്ങളെപ്പോലെയല്ല നദി. അവള്‍ സദാ സഞ്ചാരിണിയാണ്. ജീവനുള്ളവയ്‌ക്കെല്ലാം ഊര്‍ജവും ഉന്മേഷവും നല്കിക്കൊണ്ട് തന്റെ ആശ്രിതരുടെയെല്ലാം അനവധിയായ ആവശ്യങ്ങളിലേക്ക് അവള്‍ ആവേശത്തോടെ ഒഴുകിയെത്തുന്നു. നഗരനടുവിലൂടെയും, നാട്ടിന്‍പുറങ്ങളിലൂടെയും, കടത്തുകടവിലൂടെയും, കാനനമാറിലൂടെയുമൊക്കെ അവള്‍ സാനന്ദം നീന്തിപ്പോകുന്നു. തനിക്കുവേണ്ടി ഒന്നുംതന്നെ അവള്‍ കരുതിവയ്ക്കുന്നില്ല. അവള്‍ ഒരു സംഭരണി (ഞഋടഋഞഢഛകഞ)യല്ല, സരിത്ത് (ഞകഢഋഞ) ആണ്, സഹയാത്രികയാണ്, സംവാഹകയാണ്.
നസ്രത്തിലെ മറിയം ഒരു നദിയായി ഒഴുകിനടന്നവ ളാണ്. മനുഷ്യരാശിയെ മോചിപ്പിക്കാനായി മണ്ണിലേക്കിറങ്ങിയ ദൈവം മാംസമായി അവളുടെ ഉദരത്തില്‍ ഉരുവായ നിമിഷം ദൈവാനുഗ്രഹങ്ങളുടെ, ദൈവികസാന്നിധ്യത്തിന്റെ നിറവാണ് അവളിലുണ്ടായത്. വരങ്ങളുടെ ഉറവിടമായ പരിശുദ്ധ റൂഹാ അവളില്‍ ആവസിച്ച മാത്രയില്‍ കൃപകളുടെ നിറപറയായി മാറി ആ കന്യാജന്മം! അതില്‍പ്പരമൊരു ഭാഗ്യം ഭൂമിയില്‍ ഒരു മനുഷ്യജന്മത്തിനു ലഭിക്കാനുണ്ടോ? എന്നിട്ടും, തനിക്കു കൈവന്ന സൗഭാഗ്യത്തെയും താലോലിച്ചു സ്വഭവനത്തില്‍ തങ്ങാതെ അവള്‍ തിടുക്കത്തില്‍ വീടുവിട്ടിറങ്ങി! ആ 'തിടുക്കം' ഒരു 'തുടക്കം' ആയിരുന്നു. പരസ്നേഹത്തില്‍ പദങ്ങളൂന്നി പരസേവനത്തിലേക്കു പാണികള്‍ വിരിക്കുന്ന ഒരു ജീവിതശൈലിയുടെ തുടക്കം! മലഞ്ചെരിവുകളിലെ മണല്‍വഴികളിലൂടെ, വയല്‍ വരമ്പുകളിലൂടെ, കുറ്റിച്ചെടികള്‍ക്കിടയിലെ ഒറ്റയടിപ്പാതകളിലൂടെ ഒരു വരവാഹിനിയായി, വരദായിനിയായി തന്റെ ചാര്‍ച്ചക്കാരിയായ ഏലീശ്വായുടെ വസതിയിലേക്ക് അവള്‍ സഞ്ചരിച്ചു; അവളെ സന്ദര്‍ശിച്ച്, സഹവസിച്ച് മൂന്നുമാസം നീണ്ട സേവനം ചെയ്യാന്‍ (ലൂക്കാ 1:56). സ്വകാര്യതകള്‍ക്കു സ്ഥാനം കൊടുക്കാതെ അവരുടെ വറുതികളിലേക്കും വല്ലായ്മകളിലേക്കും നിര്‍ബാധം കടന്നുചെല്ലാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു (യോഹ. 2:1). സഹവാസികളുടെ നെഞ്ചകം നീറിയ നേരങ്ങളില്‍ നനവായും ആശ്വാസമായും അവള്‍ അടുത്തുണ്ടായിരുന്നു. കുഴിച്ചിടത്തു മാത്രമായി കഴിഞ്ഞുകൂടുന്ന കിണറി ന്റെയല്ല; മറിച്ച്, ഉറവിടം ഉപേക്ഷിച്ച് പലയിടങ്ങള്‍ പിന്നിട്ടു പരന്നൊഴുകുന്ന കൈത്തോടിന്റെ മനോഭാവമായിരുന്നു മറിയത്തിന്റേത്. അവള്‍ ഒരേ സമയം അമ്മയും (ലൂക്കാ 1:43), ആയയും (ലൂക്കാ 1:38) ആയിരുന്നു. അവളുടെ ശുശ്രൂഷാദായകമായ സാമീപ്യം അനുഭവിച്ചവരാരും കുറവുകളൊന്നും അറിഞ്ഞില്ല. നിരുപമസ്നേഹത്തിലേക്കും നിഷ്‌കാമസേവനത്തിലേക്കും നിത്യവും നീണ്ടുനിന്ന അവളുടെ കരവല്ലികളില്‍ സുകൃതങ്ങളുടെ സൗഗന്ധികങ്ങള്‍ എന്നും വിടര്‍ന്നുനിന്നു! അതുകൊണ്ടുതന്നെ എളിയവളായ അവളിലൂടെ സര്‍വേശ്വരന്‍ പല വലിയ കാര്യങ്ങളും ചെയ്തു! (ലൂക്കാ 1:49).
സഹായസേവനഹസ്തങ്ങള്‍ നീട്ടാന്‍ മടിക്കുന്ന സമൂഹത്തിന്റെ ഭാഗമാണ് നീയെന്നു മറന്നുപോകരുത്. സ്വാര്‍ത്ഥതയുടെ സത്രങ്ങളില്‍ താമസിക്കാനാണ് മനുഷ്യനു കൂടുതല്‍ താത്പര്യം. അയല്ക്കാരുടെയെന്നല്ല, അപ്പനമ്മമാരുടെയും കൂടപ്പിറപ്പുകളുടെയുംപോലും ആവശ്യങ്ങള്‍ക്കു നേരേ കതകു കൊട്ടിയടയ്ക്കുന്ന മനുഷ്യമൃഗങ്ങള്‍ മണ്ണില്‍ പെരുകുന്നുണ്ട്. കരയുന്നവരുടെ കവിള്‍ത്തടങ്ങളൊപ്പാനും, കയത്തില്‍ത്താഴുന്നവരെ കരകയറ്റാനുമൊക്കെ കഴിയാത്തവണ്ണം മനുഷ്യകരങ്ങള്‍ കുറുകിക്കൊണ്ടിരിക്കുന്ന കാലമാണു നിന്റേത്. സഹോദരരുടെ കഷ്ടതകള്‍ അടുത്തറിയാനും സാധിക്കുന്ന വിധത്തില്‍ സഹായിക്കാനും അധികമാര്‍ക്കും സമയവും സന്മനസ്സുമില്ല. അകലങ്ങളില്‍ ഇരുന്നുള്ള ഫേസ്ബുക്ക്/വാട്ട്സ്ആപ്പ് സൗഹൃദമാണ് ഏവര്‍ക്കും ഏറെയിഷ്ടം. അതാകുമ്പോള്‍ കൂട്ടരുടെ കഷ്ടകാലങ്ങളില്‍നിന്ന് പെട്ടെന്ന് 'ലോഗൗട്ട്' ചെയ്യാന്‍ എളുപ്പമാണല്ലോ? അടുത്തിരിക്കാനും ആശ്വസിപ്പിക്കാനുമൊക്കെ ആര്‍ക്കാണ് ആഗ്രഹം? അതേസമയം, ചിലരുടെയെങ്കിലുമൊക്കെ സാന്നിധ്യം ആശ്വാസത്തിനു പകരം അസ്വസ്ഥത ജനിപ്പിക്കുകയും ചെയ്യുന്നു. അഭയമാണെന്നു കരുതുന്നവര്‍ പലപ്പോഴും ആപത്തായി പരിണമിക്കുന്നു. വേലിയായി കാക്കേണ്ടവര്‍ വന്യജീവിയായി കടിച്ചുകീറുന്നു. എന്നാല്‍, മറിയത്തെ നിന്റെ അമ്മയായി നീ ആദരിക്കുന്നുണ്ടെങ്കില്‍ നിന്റെ സാന്നിധ്യസ്വഭാവം സ്വല്പമെങ്കിലും വ്യത്യസ്തമായിരിക്കട്ടെ. അവളുടേതുപോലെ സ്വാര്‍ത്ഥരഹിതമായ സേവനതത്പരതയുടെ ഊഷ്മളത നിന്റെയും സാമീപ്യത്തിനുണ്ടാവണം. സേവനസന്നദ്ധത എന്ന വലിയ പുണ്യം നിന്റെ കൈക്കുമ്പിളില്‍നിന്ന് ഒരുനാളും ഊര്‍ന്നുപോകാതിരിക്കട്ടെ. ആവുന്നത്ര സഹായങ്ങള്‍ മറ്റുള്ളവര്‍ക്കു സമ്മാനിക്കാന്‍ നിന്റെ മനസ്സും കരങ്ങളും എപ്പോഴും നീണ്ടുതന്നെ നില്ക്കട്ടെ. മറിയത്തിന്റെ മുഖത്തുനിന്നു പഠിക്കുക, അവളുടെ പെരുമാറ്റരീതികളില്‍നിന്നു പരസേവനത്തിന്റെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കുക. പരിശുദ്ധ അമ്മയേപ്പോലെ സ്നേഹനിര്‍ഭരമായ പരിചരണത്തിന്റെ പര്യായമായിരിക്കട്ടെ നീയും നിന്റെ ചെറുജീവിതവും.
നാദമായി നിറഞ്ഞവള്‍
ഇമ്പമാര്‍ന്ന നാദത്തിനു കാതോര്‍ക്കാത്തവരുണ്ടോ? അനാദിയില്‍ അലയടിച്ച 'ഉണ്ടാകട്ടെ' (ഉത്പ. 1:2) എന്ന നാദത്താല്‍ സകലവും സൃഷ്ടിക്കപ്പെട്ട നിമിഷംമുതല്‍ ശബ്ദമുഖരിതമാണു പ്രപഞ്ചം. മൃദുവും കഠോരവും, ദീര്‍ഘവും ഹ്രസ്വവും, സുഖകരവും അസഹനീയവുമൊക്കെയായുള്ള സ്വരതരംഗങ്ങള്‍ അന്തരീക്ഷത്തെ ആവരണം ചെയ്തുനില്ക്കുന്നു. കാതിനു കുളിര്‍മ പകരുന്ന സ്വരം നമുക്കു സന്തോഷവും സൗഖ്യവും നല്കും. നാദങ്ങള്‍ക്കു നയനങ്ങളെ നനയ്ക്കാനും ഉണക്കാനും, ഹൃദയങ്ങളെ ഉണര്‍ത്താനും ഉടയ്ക്കാനും, മനസ്സിനെ ഉറപ്പിക്കാനും ഉരുക്കാനും ഉള്ള കഴിവുണ്ട്. നാദം ഒരു വേദമാണ്. ഹൃദയത്തിന്റെ ഭാഷയാണ് അതിനുള്ളത്. മനുഷ്യനു മനുഷ്യനോടും ദൈവത്തോടും പ്രകൃതിയോടും ഇതര ജീവജാലങ്ങളോടുമുള്ള അടിസ്ഥാനബന്ധത്തിന്റെ തത്ത്വങ്ങള്‍ അടങ്ങിയ അധ്യായങ്ങള്‍ അതിലുണ്ട്. സ്വരം ഒരു മാധ്യമമാണ്. സൃഷ്ടിപരമായ ആശയങ്ങളെ പലരുമായി പങ്കുവയ്ക്കാനുള്ള വിനിമയമാര്‍ഗം. സ്വരം ഒരു വരമാണ്. ചുറ്റുമുള്ളവര്‍ക്കു നന്മ നേരാനും അവരെ നേടാനും ആഹ്ലാദിപ്പിക്കാനുമായി നമുക്കു സ്വര്‍ഗം കടമേകിയിരിക്കുന്ന കനിവ്!
നസ്രത്തിലെ മറിയം ഒരു നാദമായി നിറഞ്ഞവളാണ്. വചനമായ ദൈവം അവളുടെ വയറ്റില്‍ ഉടലെടുത്തപ്പോള്‍ അനിര്‍വചനീയമായ ആമോദത്താല്‍ അവളുടെ ഉള്ളം നിറഞ്ഞു! അപ്പോള്‍മുതല്‍ ആ കന്യകയുടെ സ്വരത്തിനു സന്തോഷത്തെ ദാനമേകാനുള്ള വരം ലഭിച്ചു. അവളുടെ ആത്മാവില്‍ തുളുമ്പിനിന്ന രക്ഷകനായ ദൈവത്തിലുള്ള ആനന്ദം (ലൂക്കാ 1:47) മൊഴികളാകുന്ന മുരളികയിലൂടെ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. അതുകൊണ്ടല്ലേ അവളുടെ അഭിവാദനസ്വരം ശ്രവിച്ച മാത്രയില്‍ തന്റെ ഗര്‍ഭസ്ഥശിശുപോലും സന്തോഷത്താല്‍ കുതിച്ചുചാടി (ലൂക്കാ 1:44) എന്ന് എലിസബത്ത് സാക്ഷ്യപ്പെടുത്തിയതും! അവള്‍ക്കു മാത്രമല്ല, പിറക്കാന്‍ പോകുന്ന പൈതലിനും പിന്‍തലമുറകള്‍ക്കുംവരെ സ്ഥായിയായ സന്തോഷത്തിന് ആ കന്യകയുടെ കര്‍ണാനന്ദകരമായ നാദം കാരണമായി. അവളുടെ സ്വരം സ്വീകരിച്ചവരും, അനുസരിച്ചവരുമൊക്കെ അനുഗ്രഹങ്ങളുടെ ആധിക്യം അനുഭവിക്കുകതന്നെ ചെയ്തു. തന്റെ മകനും രക്ഷകനുമായ ക്രിസ്തുവിലേക്കായിരുന്നു അവളുടെ നാദവീചികള്‍ സഞ്ചരിച്ചിരുന്നത്. 'അവന്‍ പറയുന്നതുചെയ്യുവിന്‍' (യോഹ. 2:5) എന്നുമാത്രമാണ് അവള്‍ക്ക് എപ്പോഴും എല്ലാവരോടും പറയാനുണ്ടായിരുന്നത്. അങ്ങനെ, തന്റെ നാദത്തിന്റെ നൗകയിലേറ്റി മറ്റുള്ളവരെ നിത്യരക്ഷയുടെ നിര്‍മലതീരത്തേക്ക് അടുപ്പിക്കാന്‍ അവള്‍ പരിശ്രമിച്ചു. സര്‍വശക്തനോടും സഹജീവികളോടും ആര്‍ദ്രവും ആത്മീയവുമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉതകുന്ന തൂക്കുപാലങ്ങളായി അവള്‍ തന്റെ വാക്കുകളെ മാറ്റി. തന്റെ മൊഴികള്‍കൊണ്ട് അവള്‍ ആരെയും മുറിവേല്പിച്ചില്ല. പകരം, അപരരുടെ ആന്തരികവ്രണങ്ങളെ തന്റെ മൃദുസ്വനത്താല്‍ അവള്‍ സുഖപ്പെടുത്തി. തന്റെ എളിയ ജീവിതത്തിലെ എണ്ണമില്ലാത്ത കൃപകളെ അനുസ്മരിച്ചുകൊണ്ട് ചുറ്റുമുള്ളവരുടെ മുമ്പില്‍ ദൈവത്തെ വാഴ്ത്തിപ്പാടാന്‍ അവള്‍ തന്റെ സ്വരത്തെ വിനിയോഗിച്ചു. അതുവഴിയായി കര്‍ത്താവിനുവേണ്ടി അനേകരെ സമ്പാദിക്കാന്‍ അവള്‍ക്കു സാധിച്ചു.
സ്വരനിബിഡമായ സമൂഹത്തിലാണ് നീ ജീവിക്കുന്നത്. അസ്വസ്ഥതയും അനാരോഗ്യവും ഉളവാക്കുന്ന നാനാവിധത്തിലുള്ള ശബ്ദവീചികള്‍ നിന്നെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. എന്നാല്‍, മറിയത്തെ നിന്റെ അമ്മയായി നീ അംഗീകരിക്കുന്നുണ്ടെങ്കില്‍, നിന്റെ സംസാരസ്വഭാവം അല്പമെങ്കിലും വിഭിന്നമായിരിക്കണം. അവളുടേതുപോലെ നിന്റെ സ്വരത്തിനും വചസ്സുകള്‍ക്കും ആനന്ദത്തിന്റെ ഇമ്പവും ഈണവും ഉണ്ടാവണം. അതിനു നിന്റെ ചിത്തം സ്വര്‍ഗം തരുന്ന സന്തോഷത്താല്‍ നിറയണം. ഉള്ളം തുളുമ്പുമ്പോഴേ അധരത്തിലൂടെ ഊറിവരൂ. വാക്കുകളെ വാക്കത്തികളാക്കിക്കൊണ്ട് മനുഷ്യനെ മാനഹത്യ ചെയ്യുന്നതില്‍ ഒരു മനസ്സാക്ഷിക്കടിയും ഇല്ലാത്തവരുടെ കൂട്ടത്തിലാണ് നീ കഴിയുന്നതെന്നു മറക്കരുത്. അണ്വായുധങ്ങള്‍കൊണ്ടല്ല, അക്ഷരായുധങ്ങള്‍ കൊണ്ടുള്ള ആക്രമണങ്ങളിലാണ് ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ ആളുകളും കൊല്ലാക്കൊല ചെയ്യപ്പെടുന്നത്. എന്നാല്‍, നിന്റെ നാദം കേള്‍ക്കുന്നവരില്‍ ആഹ്ലാദംഅലയടിക്കട്ടെ. നിനക്കായി വീണ്ടും കാതോര്‍ക്കാന്‍ അവര്‍ കൊതിക്കട്ടെ. സ്വരം സാന്ത്വനമാകട്ടെ. വചനങ്ങള്‍ വൈദ്യമാകട്ടെ. ആകയാല്‍, നിന്റെ നാദത്തെ നവീകരിക്കണമേയെന്ന് നിരന്തരം പ്രാര്‍ത്ഥിക്കുക. അന്നു നസ്രത്തിന്റെ നാലതിര്‍ത്തികള്‍ക്കുള്ളില്‍ നദിയായി നീന്തിയ, നാദമായി നിറഞ്ഞ ആ കന്യാജന്മം കാലങ്ങളിത്ര കഴിഞ്ഞിട്ടും അവളെ കീര്‍ത്തിക്കുന്ന അനേകരുടെ ഹൃദയങ്ങളില്‍ ആനന്ദമായും അനുഗ്രഹമായും ജീവിക്കുന്നു. ആ ധന്യജന്മത്തെ കണ്ട് കാലത്തിന് ഇന്നും കൊതി തീര്‍ന്നിട്ടില്ല.