•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

ചിരി മാഞ്ഞ പെണ്‍മുഖങ്ങള്‍

ഫ്ഗാന്‍സ്ത്രീകളുടെ നിലവിളികള്‍ അവസാനിക്കുന്നില്ല. സ്വപ്‌നങ്ങളൊക്കെയും നഷ്ടമായി അവര്‍ മരണത്തിന്റെ താഴ്‌വരയില്‍ വേട്ടക്കാരെ ഭയന്നുകഴിയുകയാണ്. നാളുകളായി നെയ്തുകൂട്ടിയ സ്വപ്‌നങ്ങളൊക്കെയും അവര്‍ക്കു നഷ്ടമായിരിക്കുന്നു. അതുകൊïാണ് ജെന്നി നോര്‍ദ് ബെര്‍ഗ് എഴുതിയത്, ''ലോകത്തില്‍ എന്തുമാകാന്‍ ഞാനിഷ്ടപ്പെടുന്നു. പക്ഷേ ഒരു അഫ്ഗാന്‍ പെണ്ണാകാന്‍ ഞാനില്ല'' എന്ന്. ഭൂമിയിലെ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാഷ്ട്രമാണ് അഫ്ഗാന്‍. ഈ രാജ്യത്ത് ഒരു സ്ത്രീക്ക് തന്റെ 50-ാം ജന്മദിനം കാണാനായാല്‍ അവള്‍ ഏറ്റവും ഭാഗ്യവതിയായിരിക്കും.
അമ്മയാകുന്നവരില്‍ 10 ശതമാനവും കുഞ്ഞുങ്ങളും പ്രസവത്തില്‍ മരിക്കുന്നിവിടെ. ഒരു സ്ത്രീ തന്റെ ചുരുങ്ങിയ ജീവിതത്തില്‍ ആറു കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഒരു സമൂഹം. അവരില്‍ ഒരാളെങ്കിലും ആണ്‍കുട്ടിയല്ലെങ്കില്‍ അവളുടെ ജീവിതം കൂടുതല്‍ ഭീഷണിയിലാകും. ഇതൊക്കെയാണ്  മുമ്പേ അഫ്ഗാന്‍സ്ത്രീകളുടെ അവസ്ഥ. താലിബാന്റെ വരവുകൂടി ആയതോടെ സ്ത്രീകള്‍ പേടിച്ചരïു കഴിയുന്നു.
ബുര്‍ഖയിടാത്ത സ്ത്രീയെ വെടിവച്ചു കൊല്ലുന്നു,
പത്തുവയസ്സുപോലും തികയാത്ത പെണ്‍കുട്ടിയെ അമ്മയില്‍നിന്നു പിടിച്ചുവലിച്ചു കൊïുപോകുന്നു.... പറഞ്ഞ വാക്കുകള്‍ ഒന്നൊന്നായി താലിബാന്‍ ഭീകരര്‍ തെറ്റിക്കുകയാണ്. പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച് ഓടിക്കുന്നു, ഭര്‍ത്താവ് മരിച്ച, ആണായി ആരും കുടുംബത്തില്‍ ഇല്ലാത്ത സ്ത്രീ പുറത്തിറങ്ങിയതിനു ചാട്ടവാറിനടിക്കുന്നു ..... അഫ്ഗാനിലെ സ്ത്രീകളുടെ ദുരവസ്ഥ വിളിച്ചോതുന്നുï്  ഈ ദൃശ്യങ്ങളൊക്കെയും.
താലിബാന്റെ വരവറിഞ്ഞ് ആദ്യം പകച്ചുപോയതു സ്ത്രീകളാണ്. രïു പതിറ്റാïു മുമ്പത്തെ  താലിബാന്‍ അധിനിവേശകാലത്തെ ക്രൂരതകള്‍ കïറിഞ്ഞ സ്ത്രീകള്‍ക്ക്, മരണം മുന്നില്‍ കാണുന്ന, ഇത്തരമൊരു ദുരവസ്ഥ വീïും ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.
കാബൂള്‍ താലിബാന്‍ പിടിച്ചെടുക്കുന്നതിന്റെ തലേന്ന് ജോലിസ്ഥലത്തുനിന്നു ഭയപ്പാടോടെ  വീടുകളിലേക്കു മടങ്ങാന്‍ ടാക്‌സികള്‍ക്കു കൈകാട്ടിയ സ്ത്രീകളോട് വണ്ടിയില്‍ കയറ്റില്ലെന്നും ജീവനില്‍ കൊതിയുണ്ടെന്നുമാണ് ഡ്രൈവര്‍മാര്‍ പറഞ്ഞത്. സ്ത്രീകളെ വാഹനത്തില്‍ കയറ്റിയാല്‍ തങ്ങളുടെ ജീവിതവും അപകടത്തിലാകുമെന്നവര്‍ ഭയന്നു. മണിക്കൂറുകള്‍ അധികം നടന്ന് ഊടുവഴികള്‍ ചുറ്റിത്തിരിഞ്ഞാണ് പല സ്ത്രീകളും അന്ന് വീടുകളിലെത്തിയത്. 'നിന്റെയൊക്കെ തെരുവിലെ സ്വാതന്ത്ര്യം കഴിഞ്ഞു, പോയി ബുര്‍ഖയിടൂ' തുടങ്ങിയ ആക്രോശങ്ങളും ഒപ്പം കേട്ടു.
വിദ്യാഭ്യാസത്തിനു പുറമേ, ഇഷ്ടഭക്ഷണം, ഡ്രസ്, പാട്ട്, സിനിമ, ബ്യൂട്ടി പാര്‍ലറുകള്‍ എന്നു തുടങ്ങി ജീവിതത്തിലെ ഓരോ ചെറിയ സന്തോഷവും വിലക്കപ്പെട്ടിരിക്കുന്നു ഇന്നിവിടുത്തെ സ്ത്രീകള്‍ക്ക്.
 ബിരുദ സര്‍ട്ടിഫിക്കറ്റുകളും  വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും കണ്ണീരോടെ അവര്‍ കത്തിച്ചുകളയുന്നു.
27 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ നേടിയെടുത്ത പാര്‍ലമെന്റായിരുന്നു അഫ്ഗാനിലേത്.  അങ്ങനെ ഏറെ കഷ്ടപ്പെട്ടു നേടിയ നേട്ടങ്ങളുടെ  കൊടുമുടിയില്‍നിന്നാണ്  താലിബാന്റെ തടവറകളിലേക്ക് ഈ സ്ത്രീകള്‍ വീണുപോകുന്നത്.  
പുറത്തിറങ്ങിക്കൂടാ, ഹൈഹീല്‍ഡ് ചെരുപ്പുകള്‍ പാടില്ല, കാല്‍പെരുമാറ്റം പുരുഷന്‍ കേള്‍ക്കരുത്,   ഉറക്കെ സംസാരിക്കരുത്, പുറത്തുനിന്ന് വീടുകളിലേക്കു നോക്കിയാല്‍ സ്ത്രീകളെ കാണരുത്,  ജനലുകള്‍ പെയിന്റടിച്ചു മറയ്ക്കണം, സ്ത്രീകളുടെ ചിത്രം പ്രസിദ്ധീകരിക്കരുത്, സ്ത്രീകളുടെ പേര് ഒരു സ്ഥാപനത്തിനും പാടില്ല, ബാല്‍ക്കണികളില്‍ സ്ത്രീകള്‍ നില്‍ക്കരുത്, ടി വിയില്‍ പ്രത്യക്ഷപ്പെടരുത്, റേഡിയോയിലൂടെ സംസാരിക്കരുത്, പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുത്  ഇങ്ങനെ പോകുന്നു സ്ത്രീകള്‍ക്കെതിരായ  നിയമങ്ങള്‍. എട്ടാം വയസ് മുതല്‍ രക്തബന്ധുവോ ഭര്‍ത്താവോ അല്ലാത്ത പുരുഷനുമായി സ്ത്രീക്ക് യാതൊരു ബന്ധവും പാടില്ലെന്നാണ് താലിബാന്റെ നയം.
താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തശേഷം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മീഡിയ പ്ലാറ്റ് ഫോമുകളിലെ വനിതാമാധ്യമപ്രവര്‍ത്തകരോട് ജോലിക്കു വരരുതെന്ന് ആവശ്യപ്പെട്ടതായി ടിവി അവതാരിക ശബ്‌നം ദാവ്‌റാന്‍    അറിയിച്ചിരുന്നു. സ്ത്രീകള്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്ന് താലിബാന്‍ ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ്  നീതിനിഷേധത്തിന്റെ ഈ കാഴ്ചകളൊക്കെയും.
പര്‍ദയോ ബുര്‍ഖയോ ധരിക്കാതെ സ്ത്രീകള്‍  പുറത്തിറങ്ങുന്നതു കുറ്റകരമാണെന്ന്  ഇസ്ലാമിക ശരി അത്ത് നിയമത്തിലുണ്ടെന്നാണ്  താലിബാന്റെ പക്ഷം. വീടിനു പുറത്തു ജോലി ചെയ്യുന്നതില്‍ നിന്നു  സ്ത്രീകള്‍ക്കു  വിലക്കുണ്ട്. പുരുഷന്‍മാര്‍ ഒപ്പമില്ലാതെ വരുന്ന സ്ത്രീകള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുന്നതില്‍നിന്ന് താലിബാന്‍ കടകള്‍ക്കു വിലക്കുണ്ട്. നിയമലംഘകര്‍ക്ക്  പരസ്യമായ ചാട്ടവാറടിയടക്കം  പ്രാകൃതശിക്ഷകള്‍  പതിവ്.
അതേ, അഫ്ഗാന്‍ മണ്ണില്‍  നിറയുന്നത്  ഒന്നുറക്കെ കരയാന്‍പോലുമാകാത്ത ഒരു ജനതയുടെ വിലാപങ്ങളാണ്.
'ആരെങ്കിലും ഞങ്ങളെയൊന്നു രക്ഷിക്കൂ' എന്നു പറഞ്ഞ് നിലവിളി കൂട്ടുകയാണ് അഫ്ഗാനിലെ സ്ത്രീകളെന്ന് ബിബിസി ലേഖിക  നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ നിലവിളികളില്‍ ഒരാശ്വാസവാക്കു പറയാന്‍ പക്ഷേ ആര്‍ക്കുമാകുന്നില്ല. തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ ദാഹിച്ചും വിശന്നും  മരിച്ചുവീഴുമ്പോഴും ലോകം പുലര്‍ത്തുന്ന നിശ്ശബ്ദത തങ്ങളെ മുറിപ്പെടുത്തുന്നുവെന്ന് അവര്‍ വിലപിച്ചു. ''പേടിച്ചരണ്ട സ്ത്രീകളുടെ മുഖമാണ് എനിക്കു  ചുറ്റുമിപ്പോള്‍. അവര്‍ പഠിക്കുന്നതിനെ, ജോലി ചെയ്യുന്നതിനെ, സ്വതന്ത്രരായി നടക്കുന്നതിനെ എതിര്‍ക്കുന്ന പുരുഷന്മാരുടെ നാണംകെട്ട മുഖങ്ങളുമുണ്ട് ചുറ്റിലും.'' ലേഖിക യാള്‍ ഹക്കീമ ചൂണ്ടിക്കാട്ടുന്നു.
''എന്റെ പേടി അധികം വൈകാതെ സത്യമായി വന്നു. ഗ്രാമത്തില്‍ കടന്ന അവര്‍ ഒരു പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. വഴങ്ങാന്‍ കൂട്ടാക്കാതെ അവള്‍ ഓടി വീടിനുമുകളില്‍നിന്നു ചാടി ജീവനൊടുക്കി''- തെക്കന്‍ അഫ്ഗാന്‍ പ്രവിശ്യയിലെ ഖൂല്‍-ഇ-ആദം ഗ്രാമം താലിബാന്‍ കീഴടക്കിയ ജൂലൈയിലെ ഒരു പ്രഭാതത്തില്‍ കണ്ട നടുക്കുന്ന കാഴ്ചയെക്കുറിച്ച് ഏഴുമാസം ഗര്‍ഭിണികൂടിയായ 24 കാരി  ഫാത്തിമ വെളിപ്പെടുത്തിയതിങ്ങനെ. ഗ്രാമം താലിബാന്‍ പിടിച്ചെടുത്തത്തോടെ കുടുംബത്തോടൊപ്പം കാബൂളിലേക്കു രക്ഷപ്പെട്ടോടുകയായിരുന്നു  ഫാത്തിമയും കുടുംബവും.
താലിബാന്‍ പിന്‍വാങ്ങി 2001 മുതലുള്ള  രണ്ടുപതിറ്റാണ്ടിന്റെ യു.എസ്. ഇടപെടലിനിടെ സ്ത്രീകള്‍  ഏറെ മുന്നേറിയിരുന്നു. ഇന്നാളുകളില്‍ സ്ത്രീകള്‍ക്കായി 78 കോടി യുഎസ്  ഡോളര്‍ അമേരിക്ക ചെലവിട്ടുവെന്നാണു കണക്ക്. സൈന്യത്തിന്റെയും പോലീസിന്റെയും ഭാഗമായി സ്ത്രീകള്‍ മികച്ച നേട്ടം സ്വന്തമാക്കി  ഇക്കാലത്ത്. മുമ്പ് താലിബാന്‍ഭരണത്തില്‍ വെറും അടിമകളായിരുന്ന സ്ത്രീകള്‍ക്ക്  ഒരുവിധ സ്വാതന്ത്ര്യവും ഉണ്ടായില്ല. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം വിലക്കിയ താലിബാന്‍ 12 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കു പുറത്തിറങ്ങരുതെന്നു  നിഷ്‌കര്‍ഷിച്ചിരുന്നു. വനിതകള്‍ ജോലിക്കു പോകുന്നതു തടഞ്ഞു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പഴയകാലത്തിനുശേഷം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ അവര്‍ ഏറെ സ്വപ്നങ്ങള്‍ കണ്ടിരുന്നു. അതേ, അഫ്ഗാന്‍ സ്ത്രീകള്‍ വീണ്ടെടുത്ത ചിരികള്‍ക്കുമേലാണ്  വീണ്ടും താലിബാന്‍ സങ്കടം വിതച്ചിരിക്കുന്നത്.
ഞങ്ങള്‍ക്കു ഞങ്ങളായിത്തന്നെ ജീവിക്കാന്‍ അഫ്ഗാനിസ്ഥാനില്‍ ഇനി കഴിയില്ലെന്ന് ഒരു സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി പറയുന്നത് ഏറെ വേദനയോടെയാണ്: ''അഫ്ഗാനിലെ ഏറ്റവും മികച്ച രണ്ടു യൂണിവേഴ്സിറ്റികളില്‍നിന്നായി ഞാന്‍ ഒരേസമയം ഡിഗ്രികള്‍ നേടേണ്ടതായിരുന്നു. നവംബറില്‍ അഫ്ഗാനിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാബൂള്‍ യൂണിവേഴ്സിറ്റിയില്‍നിന്നും എനിക്കു ഡിഗ്രി ലഭിക്കുമായിരുന്നു. പക്ഷേ, ഇന്നു രാവിലെ അതെല്ലാം എന്റെ കണ്‍മുന്നില്‍വച്ച് ഒലിച്ചുപോയി. ഇന്ന് ഇക്കാണുന്ന ഞാനാകാന്‍ എത്ര പകലുകളും രാത്രികളും ഞാന്‍ കഷ്ടപ്പെട്ടതാണ്. പക്ഷേ, ഇന്നു രാവിലെ ഞാന്‍ ഏറ്റവുമാദ്യം ചെയ്തത്, എന്റെയും എന്റെ സഹോദരിമാരുടെയും ഐഡികളും ഡിപ്ലോമകളും സര്‍ട്ടിഫിക്കറ്റുകളും ഒളിപ്പിച്ചുവയ്ക്കുകയാണ്. വല്ലാതെ തകര്‍ന്നുപോയി. ഞങ്ങള്‍ ഞങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന എല്ലാറ്റിനെയും ഒളിച്ചുവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളായിത്തന്നെ ജീവിക്കാന്‍ ഇന്ന് അഫ്ഗാനിസ്ഥാനില്‍ കഴിയില്ല. പലരും തങ്ങളുടെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചുകളയാന്‍  നിര്‍ബന്ധിതരായിരിക്കുന്നു'' അവള്‍ പറയുന്നു.
''ശരി അത്ത്  നിയമപ്രകാരമുള്ള ശിക്ഷകള്‍ ഭീകരമാണ്. വിവാഹേതരബന്ധത്തിന് കല്ലെറിഞ്ഞു കൊല്ലും, കളവു ചെയ്താല്‍ കൈ മുറിച്ചുമാറ്റും, 12 വയസ്സു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശം നല്‍കില്ല.'' ബിബിസി കാബൂള്‍ ലേഖിക യാള്‍ ഹക്കീമ  അടുത്ത നാളില്‍ കാബൂളില്‍വച്ച് താലിബാന്റെ ഒരു കമാന്‍ഡറുമായി സംസാരിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തു പറഞ്ഞത്  ഇസ്ലാമിക ശരി അത്ത് നിയമം അഫ്ഗാനിലേക്കു തിരിച്ചുകൊണ്ടുവരുമെന്നുതന്നെയാണ്. താലിബാന്‍, പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയാണെന്നും പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി വില്‍ക്കുകയാണെന്നും  അഫ്ഗാനിസ്ഥാനിലെ പ്രശസ്ത സംവിധായിക സഹ്റ കരിമി എഴുതിയ കത്തില്‍ പറയുന്നു.  
 ഇതിനിടയിലും സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി  ഒരു കൂട്ടം സ്ത്രീകള്‍  തെരുവിലിറങ്ങി തോക്കുധാരികളായ ഭീകരരുടെ മുന്നില്‍ പ്രതിഷേധിക്കുന്ന വീഡിയോ പുറത്തുവന്നതു ശ്രദ്ധിക്കപ്പെട്ടു.
സ്ത്രീകളുടെ പുഞ്ചിരി വിടരുന്ന, അവര്‍ക്കു മരണഭയമില്ലാതെ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാനാവുന്ന, സമാധാനമായുറങ്ങാന്‍ സാധിക്കുന്ന സദ്ഭരണത്തിന്റെ നാളുകള്‍ അഫ്ഗാന് എത്രയും വേഗം സ്വന്തമാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)