ഈസ്റ്റര്‍-വിഷു ചിത്രമായി ആമസോണ്‍ പ്രൈമില്‍ റിലീസായ, ഫഹദ് ഫാസില്‍ - ദിലീഷ് പോത്തന്‍ ടീമിന്റെ ''ജോജി''എന്ന സിനിമ മികച്ച പ്രേക്ഷകസ്വീകാര്യത നേടിക്കൊണ്ടു മുന്നേറുകയാണ്. ശ്യാം പുഷ്‌കരന്റേതാണ് രചന. സൂപ്പര്‍ ഹിറ്റായിരുന്ന ''മഹേഷിന്റെ പ്രതികാര''ത്തിനുശേഷം ഫഹദ്-ദിലീഷ്-ശ്യാം ടീം ഒന്നിച്ച ''ജോജി'' കഥകൊണ്ടും കഥനംകൊണ്ടും പാത്രങ്ങളുടെ വിസ്മയാവഹമായ പ്രകടനംകൊണ്ടും ഛായാഗ്രഹണംകൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടും മികച്ച ചലച്ചിത്രാനുഭവംതന്നെയാണ് പ്രേക്ഷകര്‍ക്കു സമ്മാനിച്ചിരിക്കുന്നത്. 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
വില്യം ഷേക്‌സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ മാക്ബത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ള ദൃശ്യാവിഷ്‌കാരമാണ് ജോജിയുടേത്. മധ്യതിരുവിതാംകൂറിലെ ഒരു മലയോരഗ്രാമത്തില്‍, പനച്ചെയില്‍ എന്ന ക്രിസ്തീയതറവാട്ടിലെ ഉഗ്രപ്രതാപിയായ കുട്ടപ്പന്‍ എന്ന പിതാവും മക്കളും തമ്മിലുള്ള ബന്ധങ്ങളിലെ വൈകാരികതലങ്ങളാണ് ഈ സിനിമയിലെ പ്രമേയം. സ്വാര്‍ത്ഥതയും അത്യാഗ്രഹവും നിമിത്തം സത്യബോധവും ധാര്‍മികതയും നഷ്ടപ്പെട്ടുപോയ ജോജി എന്ന ആ വീട്ടിലെ ഇളയ സന്തതി നടത്തുന്ന ചതിയുടെ ചോരക്കളികളിലൂടെ ദാരുണമായി പര്യവസാനിക്കുന്ന ഒരു സിനിമയാണിത്.
തിരക്കഥയിലെ സ്ഥിതിവര്‍ണനകള്‍ക്കപ്പുറത്ത് മൂര്‍ത്തമായ ഒരു കഥാതന്തുവിനെ കഥാപാത്രങ്ങളുടെ ഇമയാട്ടംകൊണ്ടുപോലും പൊലിപ്പിച്ചവതരിപ്പിക്കുന്നതിലുള്ള കൈയടക്കം മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ'മുന്‍ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ള ദിലീഷ് പോത്തനെന്ന ഉജ്ജ്വലസംവിധായകന്റെ ആസൂത്രണമികവുതന്നെയാണ് ജോജിയുടെ മുന്നേറ്റത്തിലും എടുത്തുപറയേണ്ടത്. എരുമേലിയിലെ ഒരു ക്രിസ്തീയകുടുംബത്തില്‍ അവരാരുമറിയാതെ ക്യാമറാ വച്ച്, അവരുടെ ജീവിതം ഒപ്പിയെടുത്തതുപോലെ, അത്ര റിയലിസ്റ്റിക്കായ അവതരണം. ചിത്രത്തിലെ നായകന്‍ പിതാവിനെയും ജ്യേഷ്ഠനെയും കൊല്ലാന്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ക്യാപ്‌സൂളും വെടിയുണ്ടയും കലാപരമായി സമന്വയിക്കുന്ന ഖഛഖക എന്ന ടൈറ്റിലില്‍പ്പോലും ആ വിദഗ്ധവിരല്‍സ്പര്‍ശം നമുക്കു കാണാം.
ഷേക്‌സ്പിയറുടെ മാക്ബത്തിന്റെ
കാലികപ്രസക്തി
വില്യം ഷേക്‌സ്പിയറുടെ നാടകങ്ങള്‍ പൊതുവായി ശുഭമായോ ശോകമായോ (ഇീാലറ്യ/ഠൃമഴലറ്യ) പര്യവസാനിക്കുന്നതാണ്. മാക്ബത്ത് ശോകപര്യവസായിയായ നാടകമാണ്. സ്‌കോട്‌ലന്റിലെ രാജാവായിരുന്ന ഡങ്കന്റെ വലംകൈയായ സൈന്യാധിപനായിരുന്ന മാക്ബത്ത്, അധികാരാസക്തികളുടെ ശമനത്തിനുവേണ്ടി, തന്റെ ഭാര്യയായ ലേഡി മാക്ബത്തിന്റെ ദുഷ്‌പ്രേരണയാല്‍, കുത്സിതമായ മാര്‍ഗത്തിലൂടെ രാജാവിനെ വധിക്കുന്നു. ആ പാതകം മറച്ചുവയ്ക്കാനും പരമലക്ഷ്യത്തിന്റെ സാഫല്യത്തിനുംവേണ്ടി കൂടുതല്‍ നിഷ്ഠുരകൊലപാതകങ്ങളും ചതികളും നടത്തി, കുറ്റബോധം താങ്ങാനാവാതെ ഉന്മാദചിത്തനായി ജീവിച്ച് നാടകാന്ത്യത്തില്‍ അപമൃത്യു ഏറ്റുവാങ്ങുന്ന കഥ വിശ്വപ്രസിദ്ധമാണ്.
പഠിക്കാനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ കെട്ടിപ്പടുക്കാനും വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തിട്ടും അതൊന്നും സമുചിതമായി വിനിയോഗിക്കാതെ ആലസ്യം പൂണ്ടു ജീവിച്ചിട്ട്, പിതൃസമ്പാദ്യം കരഗതമാക്കിയാല്‍ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാമെന്ന മിഥ്യാബോധത്താല്‍ അതിലേക്കുമാത്രം കണ്ണുംനട്ട്, ഏതുവിധേനയും അതു കൈയാളാന്‍, പുറമേ പരുക്കനെങ്കിലും സ്‌നേഹമുള്ള പിതാവിനെ രോഗക്കിടക്കയില്‍ വച്ച് മരുന്നു മാറ്റി നല്‍കിയും, മദ്യപനും തകര്‍ന്നുപോയ ഒരു കുടുംബജീവിതത്തിന് ഉടമയുമാണെങ്കിലും അപ്പനോടുള്ള അടങ്ങാത്ത സ്‌നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന മൂത്ത ജ്യേഷ്ഠനെ പന്നിപ്പടക്കമെറിഞ്ഞും കൊല്ലുന്ന ജോജിയും, ഈ നിഷ്ഠുരപ്രവൃത്തിക്കു സക്രിയമായിത്തന്നെ പ്രേരണയും പിന്തുണയും നല്‍കുന്ന മറ്റൊരു ജ്യേഷ്ഠപത്‌നി ബിന്‍സിയും 'ജോജി'യില്‍ യഥാക്രമം അഭിനവമാക്ബത്തായും ലേഡി മാക്ബത്തായും പകര്‍ന്നാടുന്നു.
ക്രിസ്ത്യാനിയുടെ മാന്വല്‍
ബൈബിള്‍
ഫ്രിഡ്ജും മറ്റും വാങ്ങുമ്പേള്‍ അതിന്റെ പ്രവര്‍ത്തനരീതിയെങ്ങനെയെന്നു വ്യക്തമാക്കുന്ന മാന്വല്‍ അതോടൊപ്പം ലഭിക്കുന്നതുപോലെ, ഒരു ക്രിസ്ത്യാനി എങ്ങനെ സമൂഹത്തില്‍ ജീവിക്കണമെന്നുള്ള മാനദണ്ഡങ്ങളടങ്ങിയ മാന്വലാണ് വിശുദ്ധ ബൈബിളെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട,് പനച്ചെയില്‍ കുടുംബം അംഗങ്ങളായിരിക്കുന്ന ഇടവകയിലെ വികാരി ഫാദര്‍ കെവിന്‍, അത്യാധുനികതയുടെ തരംഗവേഗത്തിനൊപ്പം സത്തകളും മൂല്യങ്ങളും നഷ്ടപ്പെട്ടു പായുന്ന പുതിയ തലമുറയിലെ ക്രിസ്ത്യാനികളോടു പൂര്‍വികനന്മകളിലേക്കു മടങ്ങിവരാന്‍ ആഹ്വാനം നല്‍കുന്നുണ്ട്. മറ്റു മതങ്ങള്‍ എന്തു വിലകൊടുത്തും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ടതിന് വെറിയും വ്യഗ്രതയും പൂണ്ട് പൊതുഗതാഗതം പോലും സ്തംഭിപ്പിക്കുമ്പേള്‍, ആചാരവും അതിന്റെ സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഏതുമല്ലെന്നാണോ! പിതൃവിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ശോകാന്തരീക്ഷം സൃഷ്ടിച്ചില്ലെങ്കിലും, പടക്കം പൊട്ടിച്ച് ആഘോഷിച്ച്, ക്രൈസ്തവപൈതൃകമൂല്യങ്ങള്‍ക്കു കളങ്കം വരുത്തരുതെന്ന, കെവിനച്ചന്റെ പ്രബോധനങ്ങള്‍ ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമുള്ള, ക്രിസ്തീയ അച്ചടക്കത്തിലധിഷ്ഠിതമായ ജീവിതശൈലിയെപ്പറ്റിയാണ് പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്നത്. ഏതു മഹത്തായ പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ പുകഴുന്നവനായാലും ദൈവഭയമില്ലാതെയും ആധ്യാത്മികസംസര്‍ഗമില്ലാതെയും ധനസമ്പാദനത്തിനു മാത്രമായി ജീവിക്കുന്നതും പൗരോഹിത്യത്തെ അവഹേളിക്കുന്നതും, ധാര്‍ഷ്ട്യം പുലമ്പുന്നതുമൊക്കെ ദൈവനിന്ദാപരവും ദൈവത്തില്‍നിന്നകന്നതുമായ പോക്കാണെന്നും, അതുകൊണ്ടു സംഭവിച്ച ശിക്ഷകളാണ് പനച്ചെയില്‍കുടുംബത്തില്‍ വന്നുഭവിച്ച ദുരന്തങ്ങളെന്നും ഒരു പുരോഹിതന്റെ മകന്‍കൂടിയായ സംവിധായകന്‍ ബേസില്‍ ജോസഫ് അവതരിപ്പിച്ച ഫാദര്‍ കെവിന്‍ എന്ന കഥാപാത്രം ജോജിയിലൂടെ ഊന്നിപ്പറയുന്നു.
ദൈവഭയമില്ലാതെ അനാത്മീയരായി ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍, കഥയോടും ആവിഷ്‌കാരസ്വാതന്ത്ര്യത്തോടും നീതി പുലര്‍ത്തുന്നുണ്ടെങ്കിലും, ജോജിയിലെ ചില സംഭാഷണങ്ങളില്‍ കുടുംബപ്രേക്ഷകരെ അലോസരപ്പെടുത്തുന്ന തെറിപ്പദങ്ങളുടെ അതിപ്രസരം ഉണ്ടായിരുന്നതിനാല്‍ അത് സെന്‍സറിങ് കത്രികയ്ക്കു വിധേയപ്പെടേണ്ടിയിരുന്നു. സണ്ണി വാകത്താനം, ബാബുരാജ്, ജോജി മുണ്ടക്കയം, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളാണ് ജോജിയില്‍ കാണുന്നത്.