''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'' എന്ന ശ്രീനാരായണഗുരുവിന്റെ ഉദ്‌ബോധനം സഹോദരന്‍ അയ്യപ്പന്‍ വിപ്ലവാത്മകമായി പരിഷ്‌കരിച്ചത് ''ജാതി വേണ്ടïമതം വേണ്ടïദൈവം വേണ്ട മനുഷ്യന്'' എന്നായിരുന്നുവല്ലോ.
ജാതിചിന്തയ്ക്കു കുറവേതുമില്ല എന്നു ബോധ്യപ്പെടാന്‍ നമ്മുടെ കല്യാണപ്പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പത്രപ്പരസ്യങ്ങള്‍ ജാതി തിരിച്ചുതന്നെയാണ് പ്രത്യക്ഷപ്പെടാറ്. നായര്‍സുന്ദരി, ഈഴവസുന്ദരി, ക്രിസ്ത്യന്‍ സുന്ദരി, മുസ്ലീം സുന്ദരി എന്നിങ്ങനെ സുന്ദരിമാര്‍ ജാതിയടിസ്ഥാനത്തിലാണിപ്പോള്‍. ജാതി പ്രശ്‌നമല്ലാത്തവരുമുണ്ട് കേട്ടോ. അത്തരമൊരു പരസ്യം വായിച്ച് ഞാന്‍ ഞെട്ടിത്തരിച്ചുപോയി. ജാതി പ്രശ്‌നമല്ല എന്നുപറഞ്ഞ പരസ്യക്കാരന്‍ അതിലൊരു 'പുരോഗമനാത്മക'മായ ക്ലോസ് വച്ചിരിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് സംഗതി എങ്ങനെ?
പരസ്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ചിരിക്കാനും ചിന്തിക്കാനുമുളള വക വേണ്ടുവോളം കിട്ടിത്തുടങ്ങി. പരസ്യം ചെയ്യുന്നവരുടെ സത്യസന്ധതയെ അഭിനന്ദിച്ചേ മതിയാവൂ. തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹമോചനം നേടിയ എന്ന പ്രയോഗം കേള്‍ക്കുമ്പോഴേ നമുക്ക് സഹതാപം തോന്നിപ്പോകും. പാവം പുനര്‍വിവാഹിതരെ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പല പരസ്യങ്ങളിലും വധു സല്‍സ്വഭാവിയാണെന്ന് എടുത്തുപറയുന്നുണ്ട്. ഡിമാന്റില്ല എന്നതാണ് മറ്റൊരു സന്തോഷകരമായ പ്രസ്താവം. പിന്നെ നിങ്ങളുടെ ഇഷ്ടംപോലെ എന്ന് ഊഹനീയം. വരനെ കൊണ്ടുപോകുമത്രേ. നാട്ടില്‍ ഒരു തൊഴിലുമില്ലാതെ തെക്കുവടക്കു നടക്കുന്ന വായില്‍നോക്കിക്ക് ലോട്ടറി കിട്ടിയ സന്തോഷം. ജാതകത്തില്‍ വിദേശവാസം എന്നുള്ളത് പാഴ്‌വാക്കല്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ. പാവം ബ്രോക്കര്‍മാരുടെ വയറ്റത്തടിച്ചുകൊണ്ടാണിപ്പോള്‍ പരസ്യങ്ങള്‍ പലതും ആൃീസലൃ െഋഃരൗലെ എന്തിന്? കഞ്ഞിയില്‍ പാറ്റയിട്ടതിനോ? ഇതൊരു കൊലച്ചതിതന്നെ ചേട്ടാ, യാത്രക്കാശ്, കാപ്പികുടി ഇതെല്ലാം ഇല്ലാതാവുക എന്നുവച്ചാല്‍ എങ്ങനെ സഹിക്കാനാണ്!
ആലോചനകളിലെ വില്ലന്‍ ജാതകമാണ്. ചൊവ്വാദോഷവും പാപജാതകവുമായാല്‍ കുടുങ്ങിയതുതന്നെ, അതേ ദോഷമുള്ളവരെത്തന്നെ കണ്ടുപിടിക്കണം. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നാണല്ലോ. പാപജാതകക്കാരന് പാപജാതകി. ചൊവ്വാദോഷക്കാരന് ചൊവ്വാദോഷി, മറ്റൊരു നിവൃത്തിയുമില്ലെങ്കില്‍ ജോത്സ്യനെക്കണ്ട് ഒന്ന് കൈമടക്കുക. ജോത്സ്യന്‍ എന്തെങ്കിലും വഴി കണ്ടെത്താതിരിക്കില്ല. 51 വയസ്സുള്ള സുന്ദരിക്ക് അനുരൂപനായ വരനെ ആവശ്യമുണ്ട് എന്നാണ് ഒരു പരസ്യം. യുവത്വത്തിനു പ്രായപരിധിയില്ലെന്നാണ് ആധുനികമതം. മനസ്സ് ചെറുപ്പമായിരുന്നാല്‍ മതി.
സത്യം സത്യമായിത്തന്നെ പറയണമെന്നും കള്ളം പറഞ്ഞ് ആരെയും കബളിപ്പിക്കരുതെന്നുമായിരുന്നു പെണ്ണിന്റെ അച്ഛന്റെ നിര്‍ബന്ധം. ഒരു കാലിനു സ്വാധീനക്കുറവുള്ള മകള്‍ നടക്കുമ്പോള്‍ അല്പം ഭംഗികേടുണ്ടായിരുന്നു. പാവം പരസ്യം എഴുതാന്‍ ഒരു ബന്ധുവിനെ ചുമതലപ്പെടുത്തി. പത്രത്തില്‍ പരസ്യം വന്നപ്പോള്‍ 'ലേശം നടപ്പുദൂഷ്യമുള്ള സുന്ദരിയായ പെണ്‍കുട്ടി' എന്നായിപ്പോയി. മറ്റൊരു പരസ്യത്തില്‍ കണ്ടത് 41 വയസ്സ് പക്ഷേ, കണ്ടാല്‍ പറയുകയില്ലഎന്നാണ്.
കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയും എന്നൊരു ചൊല്ലുണ്ടെന്നുകൂടി ഓര്‍മിക്കുക. ഒരാഴ്ചത്തെ ലീവിന് ഉടനെ നാട്ടില്‍ വരുന്ന ചെറുപ്പക്കാരന് വധുവിനെ ആവശ്യമുണ്ടത്രേ. ആ ചങ്ങാതിയോട് ഇത്ര ധൃതിവേണ്ട എന്നു പറയാനാണു തോന്നിയത്. എന്നാല്‍പ്പിന്നെ കല്യാണം കറസ്‌പോണ്ടന്‍സ് കോഴ്‌സുപോലെ തപാലിലാക്കുന്നതായിരിക്കില്ലേ നല്ലത്? മറ്റൊരു പരസ്യത്തില്‍ ചെറുക്കന്‍ കല്യാണം കഴിച്ചാല്‍ പോരാ. ഭാര്യവീട്ടില്‍ ദത്തുനില്ക്കണം. ആയുഷ്‌കാലം അവനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പെണ്ണുവീട്ടുകാര്‍ റെഡി.
വധു ഗൃഹജോലികളില്‍ നിപുണയാണത്രേ. അതായത്, പഠിത്തം രണ്ടാം ക്ലാസിനപ്പുറമില്ല എന്ന്. ബാധ്യതകളില്ലാത്ത പുനര്‍വിവാഹക്കാരെയും പരിഗണിക്കുമത്രേ. ഇനിയാണ് ബാധ്യത തുടങ്ങാന്‍ പോകുന്നതെന്നര്‍ത്ഥം. കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും പരസ്യത്തില്‍ പറയുന്നു. പൂര്‍വകഥ ആര്‍ക്കറിയാം?
ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒരു പരസ്യത്തെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. എന്റെ ഭര്‍ത്താവിന്റെ അകാലദേഹവിയോഗത്തില്‍ എന്നെ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത എല്ലാ നല്ലവരായ ആളുകള്‍ക്കും എന്റെ നന്ദി ഹൃദയപൂര്‍വം അറിയിക്കുന്നു എന്ന് നന്ദിനിക്കുട്ടി, വെളുത്ത നിറം, 35 വയസ്സ്, പുണര്‍തം നക്ഷത്രം, ബാധ്യതകളില്ല.