ഇവിടെയുള്ള എത്രയോ ലക്ഷംപേരെ ക്രൈസ്തവമിഷനറിമാര്‍ കൈകൊടുത്തു കരകയറ്റിവിട്ടിട്ടുണ്ട്? ജാതിയോ മതമോ നിറമോ ഒന്നും നോക്കാതെ എത്രയധികം സാധുക്കളെ സൗജന്യവിദ്യാഭ്യാസം നല്കി ഉയര്‍ത്തിവിട്ടിട്ടുണ്ട്? അവരും ക്രൈസ്തവരെയും മിഷനറിമാരെയും ക്രിസ്തീയസ്ഥാപനങ്ങളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഖലീല്‍ ജിബ്രാന്‍ എഴുതിയ പ്രസിദ്ധമായൊരു കഥയാണ് ''രണ്ടു സന്ന്യാസിമാര്‍.'' ദൈവത്തെ ആരാധിക്കുക എന്ന ലക്ഷ്യത്തോടെ ഒരിടത്തു രണ്ടു സന്ന്യാസിമാര്‍ ഒന്നിച്ചു പാര്‍ത്തിരുന്നു. രണ്ടുപേര്‍ക്കുംകൂടി ആകെയുണ്ടായിരുന്ന സ്വത്ത് ഒരു മണ്‍പാത്രം മാത്രമായിരുന്നു. അങ്ങനെ ഒന്നായി സ്‌നേഹിച്ചു കഴിഞ്ഞവരുടെ ഇടയിലേക്ക് ഒരു ദുര്‍ഭൂതം കടന്നുവന്നു. അതു മൂത്തസന്ന്യാസിയുടെ ഉള്ളില്‍ കയറിക്കൂടി. അതോടെ അയാളുടെ ഭാവമാകെ മാറി.
അയാള്‍ ഇളയ സന്ന്യാസിയുമായി കയര്‍ത്തുതുടങ്ങി: ''നമുക്ക് ഉടനെ പങ്കുപിരിയണം; സ്വത്തു ഭാഗിക്കണം'' അയാള്‍ ശബ്ദമുയര്‍ത്തി. രംഗം ഇളയ സന്ന്യാസിയെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും, മനസ്സില്ലാമനസ്സോടെ അയാള്‍ അതിനു വഴങ്ങി; ഏകസമ്പാദ്യമായ മണ്‍പാത്രം മൂത്ത സന്ന്യാസിക്കുതന്നെ കൊടുത്തു: ''അങ്ങ് ഇതെടുത്തുകൊള്ളുക.''
'അതുവേണ്ട, ഭാഗിക്കണം' എന്നു തന്നെയായി മൂത്തയാള്‍.
''ഭാഗിച്ചാല്‍ ആര്‍ക്കുമില്ലാതാകില്ലേ, നമുക്കു നറുക്കിടാം.'' ഇളയ ആള്‍ വീണ്ടും പറഞ്ഞു.
''അതുംപാടില്ല, മുറിക്കുക തന്നെ വേണം'' മൂത്തയാള്‍ ശാഠ്യംപിടിച്ചു.
ഒടുവില്‍ അതു ഭാഗിക്കാനും ഇളയയാള്‍ വഴങ്ങിയപ്പോള്‍ മൂത്ത സന്ന്യാസി പിന്നെയും അലറി: ''അപ്പോള്‍, ഒരു വഴക്കിന് നീ തയ്യാറല്ല അല്ലേ?''
എത്രയോ സ്‌നേഹത്തിലായിരുന്നു ആ സന്ന്യാസിമാര്‍ രണ്ടുപേരും? ഒരേ മണ്‍പാത്രത്തില്‍ ഭക്ഷണമുണ്ടാക്കി, അതേ പാത്രത്തില്‍ ഒന്നിച്ചിരുന്ന് അനുഭവിച്ചവര്‍! ദൈവസ്‌നേഹത്തിലധിഷ്ഠിതമായ സഹോദരസ്‌നേഹത്തില്‍ നിറഞ്ഞുനിന്നവര്‍ - യഥാര്‍ത്ഥ സന്ന്യാസം സ്വന്തമാക്കിയവര്‍! ആ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഒരു ദുരാത്മാവു കടന്നുവരുന്നത്. അതിന്, ആ സാഹോദര്യവും സന്ന്യാസവും സഹിക്കാനായില്ല. എങ്ങനെയെങ്കിലും അവരെ അകറ്റണം, ഒറ്റപ്പെടുത്തണം. അതു മാത്രമായിരുന്നു ഭൂതത്തിന്റെ ലക്ഷ്യം. അതിനുവേണ്ടിത്തന്നെയാണ് അതു മൂത്തയാളില്‍ പ്രവേശിക്കുന്നതും. അതോടെ അയാള്‍ അയാളല്ലാതായി മാറി.
സന്ന്യാസത്തിനും സര്‍വോപരി സഹിഷ്ണുതയ്ക്കും വിശ്വവിഖ്യാതി നേടിയ നാടായിരുന്നല്ലോ ഗതകാലങ്ങളിലെ ആര്‍ഷഭാരതം! ഇവിടെയുള്ള എത്രയോ ലക്ഷംപേരെ ക്രൈസ്തവമിഷനറിമാര്‍ കൈകൊടുത്തു കരകയറ്റിവിട്ടിട്ടുണ്ട്? ജാതിയോ മതമോ നിറമോ ഒന്നും നോക്കാതെ എത്രയധികം സാധുക്കളെ സൗജന്യവിദ്യാഭ്യാസം നല്കി ഉയര്‍ത്തിവിട്ടിട്ടുണ്ട്? പകരം അവരും ക്രൈസ്തവരെയും മിഷനറിമാരെയും ക്രിസ്തീയസ്ഥാപനങ്ങളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ആരാധനാലയങ്ങളെ സംരക്ഷിക്കുകയും അവിടെ നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കുഷ്ഠരോഗികളെ ശുദ്ധരാക്കിക്കൊണ്ട് പണ്ടു പലസ്തീനായില്‍ക്കൂടി കടന്നുപോയ ഗുരുദേവനെ അനുകരിച്ചുകൊണ്ടാണ് ഗ്രഹാം സ്റ്റെയിന്‍സ് ഒറീസയിലെ ഗ്രാമങ്ങളിലെത്തിച്ചേര്‍ന്നത്. ആ മനുഷ്യസ്‌നേഹിയെയും രണ്ടു പിഞ്ചോമനകളെയും വാഹനത്തിലിട്ട് ചുട്ടുകരിച്ച ദാരാസിംഗിലെ ദുരാത്മാവ് യൂദാസ് സ്‌കറിയോത്തയിലും (യോഹ 13:27), നഥുറാം വിനായക് ഗോഡ്‌സേയിലും, മുമ്പു കണ്ട മൂത്ത സന്ന്യാസിയിലും ആവേശിച്ച അതേ ദുര്‍ഭൂതം തന്നെയല്ലേ?
ജാതിയും മതവും നോക്കാതെ ഇന്‍ഡോറിലെ ആദിവാസികളെ അകമഴിഞ്ഞു സ്‌നേഹിച്ച സ്വര്‍ണപരാഗമാണു റാണി മരിയ. ആ ത്യാഗിനിയെ വണ്ടിയില്‍നിന്നു വലിച്ചിറക്കി കുത്തിമലര്‍ത്തിയവനെ ബാധിച്ച ദുരാത്മാവ് ആരുടേതായിരുന്നു?
'പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ' എന്നാണ് ഭാരതത്തില്‍ മുമ്പു പറയപ്പെട്ടിരുന്നതെങ്കില്‍ ഇന്നു പരാക്രമവും പീഡനവും സ്ത്രീകളോടുതന്നെയാണ്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍പ്പോലും.
മൂത്ത സന്ന്യാസിയെ ബാധിച്ച അതേ ദുര്‍ഭൂതംതന്നെയാണ് ഇന്നു നമ്മുടെ സമൂഹത്തെയും ഗ്രസിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ദൈവസ്‌നേഹം കെടുത്തിക്കളയണമെങ്കില്‍ സാഹോദര്യത്തിന്റെ എണ്ണ വറ്റിക്കണമെന്ന് അതിനു ശരിക്കും നിശ്ചയമുണ്ട്. ദുര്‍ഭൂതങ്ങള്‍ക്ക് അടിമകളാകാതിരിക്കാനും അവരുടെ കൈയിലെ ഉപകരണങ്ങളായി വര്‍ത്തിച്ച് അക്രമവും അരാജകത്വവും വിഭാഗീയതയും വളര്‍ത്താതിരിക്കാനും നമുക്കു ജാഗരൂകരാകാം.