കൊവിഡ് 19 ന്റെ രണ്ടാം തരംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുനാമിപോലെ ആഞ്ഞടിക്കുന്നതിനിടെ കരളലിയിക്കുന്ന കദനകഥകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ റോബര്‍ട്‌സ്ഗന്‍ജ് ജില്ലയിലെ 52 കാരിയായ രാജേശ്വരീദേവിയുടെ ദാരുണമരണമാണ് ബി.ബി.സി. റിപ്പോര്‍ട്ടു ചെയ്തത്.
കൊവിഡ് ബാധയെത്തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ട രാജേശ്വരീദേവിയെ ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ന്യുമോണിയ പിടിപെട്ടുവെന്ന് സി.ടി. സ്‌കാനില്‍ ബോധ്യമായിട്ടും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ആശുപത്രിയധികൃതര്‍ക്കു കഴിയാതെപോയി. 36 മണിക്കൂര്‍ അത്യാഹിതവിഭാഗത്തില്‍ കിടത്തിയശേഷം കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു കൊണ്ടുപൊയ്‌ക്കൊള്ളാനുള്ള നിര്‍ദേശമാണവര്‍ നല്‍കിയത്. ആംബുലന്‍സ് സൗകര്യം ലഭ്യമാകാതെ വന്നതിനാല്‍ സ്വന്തം കാറില്‍ മറ്റൊരാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഓക്‌സിജനില്ലാതെയും നഴ്‌സിന്റെ സഹായമില്ലാതെയും അവിടെയെത്തിയപ്പോഴേക്കും ശ്വാസം കിട്ടാതെ രാജേശ്വരീദേവി മരിക്കുകയായിരുന്നു. പുതിയ സ്ഥലത്ത് രാഷ്ട്രീയസ്വാധീനമുപയോഗിച്ചു തരപ്പെടുത്തിയ മുറിയും കിടക്കയും അതിനുവേണ്ടി ചെലവഴിച്ച പണവും വൃഥാവിലായി.
''മരുന്നും ഓക്‌സിജനും ശരിയായ ശുശ്രൂഷയും കിട്ടിയിരുന്നെങ്കില്‍ എന്റെ അമ്മ മരിക്കുമായിരുന്നില്ല'' രാജേശ്വരീദേവിയുടെ മകന്‍ ബി.ബി.സി. ലേഖകനോടു വെളിപ്പെടുത്തി.
ഓക്‌സിജനു കടുത്ത ക്ഷാമം നേരിടുന്ന രാജ്യതലസ്ഥാനത്ത് ഡസന്‍കണക്കിനാളുകളാണ് ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ 'ജയ്പൂര്‍ ഗോള്‍ഡന്‍' എന്ന സ്വകാര്യാശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ കഴിഞ്ഞിരുന്ന 25 കൊവിഡ് ബാധിതര്‍ മരണത്തിനു കീഴടങ്ങിയത് ഇക്കഴിഞ്ഞ 25-ാം തീയതി പുലര്‍ച്ചെയാണ്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് 24 കിടപ്പുരോഗികള്‍ മരണപ്പെട്ടിട്ട് ഒരാഴ്ച തികഞ്ഞിരുന്നില്ല.
ഓക്‌സിജന്റെയും പ്രതിരോധമരുന്നുകളുടെയും ക്ഷാമം വരുത്തിവച്ചത്
കൊവിഡ് പ്രതിസന്ധി രൂക്ഷമായിത്തുടരുമ്പോള്‍ ചികിത്സയില്‍ നിര്‍ണായകമായ ഓക്‌സിജനും മരുന്നുകളും വ്യാപകമായി കയറ്റിയയച്ചതാണ് വിനയായത്. 2020 ഏപ്രില്‍മുതല്‍ ഈ വര്‍ഷം ജനുവരിവരെയുള്ള പത്തു മാസങ്ങളിലായി 9,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇവിടെനിന്നു വിദേശരാജ്യങ്ങളിലേക്കു കയറ്റിയയച്ചുവെന്നാണ് ഔദ്യോഗികരേഖകള്‍ വ്യക്തമാക്കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളിലെ കയറ്റുമതിയുടെ പല മടങ്ങാണിത്. കയറ്റുമതി ചെയ്തതെല്ലാം വ്യാവസായിക ഓക്‌സിജനാണെന്നാണ് സര്‍ക്കാര്‍ വാദം. ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഓക്‌സിജനു ക്ഷാമം നേരിട്ടതോടെ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള ഓക്‌സിജനാണ് മെഡിക്കല്‍ ഓക്‌സിജനാക്കി മാറ്റി നല്‍കുന്നത്. നിലവിലുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കുപുറമേ 162 പുതിയവകൂടി നിര്‍മിക്കുന്നതിനു ലക്ഷ്യമിട്ട് 'പിഎം കെയര്‍' പദ്ധതിയില്‍പ്പെടുത്തി 200 കോടി രൂപ നീക്കിവച്ചിരുന്നുവെങ്കിലും 33 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതരും വെളിപ്പെടുത്തി.
കൊവിഡ് 19 ന്റെ വ്യാപനം രൂക്ഷമാകുന്നതിനിടെ തദ്ദേശീയമായി നിര്‍മിച്ച 'കോവിഷീല്‍ഡ്' വാക്‌സിന്‍ 90 രാജ്യങ്ങളിലേക്കു കയറ്റിയയച്ചത് വ്യാപകപ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ഏപ്രില്‍ രണ്ടാംവാരംവരെയുള്ള കയറ്റുമതി 6.50 കോടി ഡോസ് വാക്‌സിനായിരുന്നുവെന്നാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചത്. ഇതില്‍ 3.60 കോടി വ്യാവസായികാടിസ്ഥാനത്തിലും ഒരു കോടി ഗ്രാന്റായും 1.90 കോടി സൗഹൃദരാജ്യങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള 'കോ വാക്‌സ്' പ്രോഗ്രാമിലും ഉള്‍പ്പെടുത്തിയാണെന്നും മന്ത്രി വിശദീകരിച്ചു.
ലോകത്തെ ഒന്നായി വീക്ഷിച്ചുകൊണ്ട് സ്വീകരിച്ച നടപടിയായിരുന്നു വാക്‌സിന്‍ കയറ്റുമതിയെന്ന് രാജ്യത്തെ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ചുകൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്തുവന്നെങ്കിലും ഇപ്പോഴത്തെ സങ്കീര്‍ണമായ സാഹചര്യങ്ങളെ എങ്ങനെ മറികടക്കാനാകുമെന്നു പറയാന്‍ അവര്‍ക്കാകുന്നില്ല. വിദേശനയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടുകളാണ് തങ്ങള്‍ പിന്തുടരുന്നതെന്നാണ് ജയശങ്കറിന്റെ ന്യായീകരണം. വന്‍ശക്തിരാഷ്ട്രങ്ങള്‍ക്കുപോലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇന്ത്യയ്ക്കു ചെയ്യാന്‍ കഴിഞ്ഞതെന്നും വാക്‌സിന്‍ കയറ്റുമതിയെ പരാമര്‍ശിക്കവേ വിദേശകാര്യമന്ത്രി പറഞ്ഞുവച്ചു.
''മെഡിക്കല്‍ ഓക്‌സിജന്റെ കുറവും വാക്‌സിന്‍ ക്ഷാമവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി. ഹൈദരാബാദിലെ ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കോവാക്‌സിനും റഷ്യന്‍നിര്‍മിത സ്പുട്‌നിക്-വി യും വിതരണത്തിനെത്തുമ്പോള്‍ വാക്‌സിന്‍ ക്ഷാമത്തിനു പരിഹാരമാകും. ഓക്‌സിജന്‍ ലഭ്യതയ്ക്ക് പ്രധാനമന്ത്രിയുടെ ശക്തമായ ഇടപെടലുമുണ്ടാകും.'' ഇന്ത്യയിലെ വാക്‌സിന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായ വി.കെ. പോള്‍ അറിയിച്ചു. ഈ വര്‍ഷം 20 കോടി ഡോസ് കോവാക്‌സിന്‍ പുറത്തിറക്കുമെന്നു പ്രഖ്യാപിക്കുന്ന ഭാരത് ബയോടെക്, ഉത്പാദനം വര്‍ദ്ധിപ്പിച്ച് 70 കോടി ഡോസ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. സെപ്റ്റംബര്‍മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ കമ്പനിക്കാകുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിലുണ്ട്.
പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ഭയം
വാക്‌സിനേഷനെടുക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണെങ്കിലും കുത്തിവയ്പ്പിനുശേഷമുണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങളെപ്പറ്റി പുറത്തുവരുന്ന വാര്‍ത്തകള്‍ ജനങ്ങളെ ഭയാശങ്കയിലാക്കുന്നുണ്ട്. അസ്ട്രാ സെനെക്ക പൂണെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചു നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ യൂറോപ്യന്‍ പതിപ്പായ വാക്‌സ് സെവ്‌റിയ കുത്തിവച്ച ചുരുക്കംചിലരുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതും ഏതാനുംപേര്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടതും വാര്‍ത്തയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 10,000 ല്‍ ഒരാളിലും യു.കെ. യില്‍ 25,000 ല്‍ ഒരാളിലും മാത്രമേ ഈ പ്രതിഭാസം കാണാനായുള്ളൂവെങ്കിലും തുടക്കത്തില്‍ ഡെന്മാര്‍ക്കും തുടര്‍ന്ന് ഐസ്‌ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളും വാക്‌സ് സെവ്‌റിയയുടെ ഉപയോഗം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മിച്ച വാക്‌സിനും ഇതേ ദുര്യോഗം നേരിട്ടു. അവിടെ പത്തുലക്ഷം പേരില്‍ ഒരാള്‍ക്കേ രക്തം കട്ടപിടിച്ചതായി തെളിയിക്കാനായുള്ളൂ. വാക്‌സിനുകളുടെ ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്നും അതിനെക്കാളേറെ വാക്‌സിനേഷന്‍കൊണ്ടുള്ള പ്രയോജനങ്ങള്‍ക്കു പ്രാധാന്യം നല്കണമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.