ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനായ ഒരു വൈദികനെന്നു വിശ്വാസിസമൂഹം ഒന്നടങ്കം വിലയിരുത്തിയ വൈദികശ്രേഷ്ഠനായിരുന്നു കദളിക്കാട്ടില്‍ മത്തായിയച്ചന്‍. ഭൗതികപദവികളിലൊന്നും ഒരിക്കലും അഭിരമിക്കാതിരുന്ന ഒരു യഥാര്‍ത്ഥ ആത്മീയനായിരുന്നു അച്ചന്‍. സാമാന്യം സമ്പന്നകുടുംബത്തിലായിരുന്നു അച്ചന്റെ ജനനം. ജീവിക്കാനുള്ള കഷ്ടപ്പാടുകളൊന്നും ഉണ്ടായിരുന്നുമില്ല. വികാരിയായി പള്ളിഭരണം നടത്തിയിരുന്ന കാലത്തും ലാളിത്യമായിരുന്നു കദളിക്കാട്ടിലച്ചന്റെ ജീവിതമുഖമുദ്ര. എന്നാല്‍, ക്രാന്തദര്‍ശിയുമായിരുന്നു അച്ചന്‍. ളാലം പഴയപള്ളിയിലും പുത്തന്‍പള്ളിയിലും വികാരിയായി പ്രവര്‍ത്തിച്ചവര്‍ വിരലില്‍ എണ്ണാനേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. പള്ളികള്‍തമ്മില്‍ ചരിത്രപരമായ കാരണങ്ങള്‍കൊണ്ടു നിലനിന്നിരുന്ന 'രഹസ്യമത്സരമനോഭാവം' കദളിക്കാട്ടിലച്ചന്റെ സേവനകാലത്ത് ഇരുപള്ളികളിലും അനുഭവപ്പെട്ടതുമില്ല. അച്ചന്‍ എന്നും മനസ്സില്‍ മത്സരമുക്തനായിരുന്നുവെന്നു സാരം. അടിസ്ഥാനപരമായി ഒരു സമാധാനപ്രിയനും.
ആറിനക്കരെ കണ്ണാടിയുറുമ്പ് ക്ലാരമഠത്തോടനുബന്ധിച്ചു പ്രവര്‍ത്തിച്ചുപോന്ന സെന്റ് മേരീസ് ഗേള്‍സ് സ്‌കൂള്‍ ടൗണില്‍ ളാലം പള്ളിക്കു സമീപത്തേക്കു മാറ്റിയത് കദളിക്കാട്ടിലച്ചന്റെ ക്രാന്തദര്‍ശിത്വത്തിന്റെ ഫലമായിരുന്നു. അതിനാവശ്യമായ അനുമതി - സര്‍ക്കാരിന്റെയും സഭാധികാരികളുടെയും - നേടിയെടുക്കാനും അച്ചനു പ്രയാസമൊന്നുമുണ്ടായില്ല. അന്നുമുതല്‍ ളാലം പഴയപള്ളിയുടെ വികാരിതന്നെയായിരുന്നു സെന്റ് മേരീസ് സ്‌കൂളിന്റെയും ലോക്കല്‍ മാനേജര്‍.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കദളിക്കാട്ടിലച്ചന്‍ കാലത്തിനുമുമ്പേ പറന്ന ഒരു പക്ഷിയായിരുന്നു. കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തിനപ്പുറത്തേക്കുകൂടി നോക്കിക്കാണാന്‍ അച്ചനു കഴിഞ്ഞിരുന്നു. അച്ചന്‍ മുന്നോട്ടുവച്ച പല ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ അന്നത്തെ അധികാരികള്‍ക്കോ തന്റെ സഹവൈദികര്‍ക്കോ കഴിഞ്ഞിരുന്നില്ല. പലതും അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിനും അത്ര സ്വീകാര്യമായിത്തോന്നിയിരുന്നില്ല. പക്ഷേ, എതിര്‍പ്പുകളോ വിമര്‍ശനങ്ങളോ ഒന്നും കദളിക്കാട്ടിലച്ചനെ തന്റെ ലക്ഷ്യത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല.
അനാഥരെയും ആലംബഹീനരെയും ശുശ്രൂഷിക്കാനുള്ള ദൗത്യത്തെ ജീവിതനിയോഗമായി തിരിച്ചറിഞ്ഞതോടെയാണ് അച്ചന്‍, താന്‍ താമസിച്ചിരുന്ന പാലാ വലിയപള്ളിക്കടുത്തായിത്തന്നെ തന്റെ ആദ്യസേവനകേന്ദ്രം തുറന്നത്. പെണ്‍കുട്ടികള്‍ക്കുവേണ്ടി ആരംഭിച്ച ബാലമന്ദിരത്തിന്റെ മേല്‍നോട്ടത്തിനു സ്ത്രീകള്‍തന്നെ വേണമെന്ന തിരിച്ചറിവിലാണ് അച്ചന്‍ ഒരു സന്ന്യാസിനീസമൂഹത്തിനുവേണ്ടി ശ്രമമാരംഭിച്ചത്. സഭാധികാരികള്‍പോലും ആദ്യമൊന്നും അതിനോട് അത്ര അനുകൂലനിലപാടല്ല സ്വീകരിച്ചത്. അന്നത്തെ കാലസാഹചര്യങ്ങളില്‍ അതില്‍ അദ്ഭുതവുമില്ല. ഒടുവില്‍ ബാലികമാരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും മുതിര്‍ന്ന സ്ത്രീകളുടെ സാന്നിധ്യമാവശ്യമാണെന്ന തന്റെ വാദം അധികാരികളെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ അച്ചനു കഴിഞ്ഞു. അങ്ങനെയാണ് ഏതാനും യുവതികളെ ചേര്‍ത്ത് ഒരു ഭക്തസ്ത്രീസംഘത്തിന് അച്ചന്‍ പ്രാരംഭം കുറിച്ചത്. അപ്പോഴും എതിര്‍ക്കാനും വിമര്‍ശിക്കാനും ഒട്ടേറെപ്പേരുണ്ടായി. എങ്കിലും പലരില്‍നിന്നു കടംവാങ്ങിയും സ്വന്തം പത്രമേനികൂടി ഉപയോഗിച്ചുമാണ് അച്ചന്‍ വസ്തുവിന്റെ ആധാരം നടത്തിയതും ഒരു താത്കാലികകെട്ടിടം പണിതുണ്ടാക്കിയതും. പല വീടുകളില്‍നിന്നും നിരാലംബരും നിരാശ്രയരുമായ പെണ്‍കുട്ടികള്‍ ബാലികാഭവനിലേക്കെത്തിയപ്പോഴാണ് താന്‍ മനസ്സിലാക്കിയതിലും എത്രയോ കൂടുതല്‍ ഗൗരവമേറിയ ഒരു പ്രശ്‌നത്തിലാണ് താന്‍ ഇടപെട്ടതെന്ന തിരിച്ചറിവ് അച്ചനും ഉണ്ടായത്. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്ക്കുവാന്‍ ഒട്ടേറെ സമ്മര്‍ദങ്ങളുണ്ടായി. എന്നാല്‍, അച്ചന്‍ പിന്തിരിഞ്ഞില്ലെന്നുമാത്രമല്ല, നാടുമുഴുവന്‍ നടന്നു പണവും അരിയും പഴയ വസ്ത്രങ്ങളുമൊക്കെ ശേഖരിച്ചു താനാരംഭിച്ച സ്ഥാപനത്തിന്റെ നടത്തിപ്പിനായി തന്റെ സമയവും യത്‌നവും സമര്‍പ്പിക്കുകയാണുണ്ടായത്.
എന്നും തിരുഹൃദയഭക്തനായിരുന്നു അച്ചന്‍. തന്റെ പരിശ്രമങ്ങളെ തിരുഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ട് അച്ചന്‍ താന്‍ തിരഞ്ഞെടുത്ത സേവനപാതയില്‍ ഉറച്ചുനിന്നു. താന്‍ മനസ്സില്‍ കണ്ട 'തിരുഹൃദയസന്ന്യാസിനീസമൂഹ'ത്തിന്റെ കാനോനികമായ അംഗീകാരത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അച്ചന്‍ ശക്തമാക്കുകയാണുണ്ടായത്. ഒടുവില്‍, സഭാധികാരികളും അച്ചന്റെ നിരന്തരമായ നിവേദനങ്ങളെ അനുഭാവത്തോടെ പരിഗണിക്കുകയും പടിപടിയായ നടപടികളിലൂടെ തിരുഹൃദയസന്ന്യാസിനീസമൂഹത്തെ (എസ്.എച്ച്. കോണ്‍ഗ്രിഗേഷന്‍) കാനോനികമായി അംഗീകരിക്കുകയും ചെയ്തു. അതോടെ എതിര്‍പ്പിന്റെ മഞ്ഞുരുകി. അച്ചന്റെ പുണ്യജീവിതത്തെ സമൂഹവും ജനങ്ങളും തിരിച്ചറിഞ്ഞുവെന്നു സാരം. യുദ്ധകാലസാഹചര്യങ്ങളും നാട്ടിലെ സാമ്പത്തികപ്രതിസന്ധിയും പലപ്പോഴും സന്ന്യാസിനികള്‍ക്കും അവരുടെ സംരക്ഷണത്തിലായിരുന്ന ബാലികമാര്‍ക്കും ഒരു നേരത്തെ ഭക്ഷണംപോലും ഉറപ്പാക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. അച്ചനും പലപ്പോഴും അവര്‍ക്കൊപ്പം പട്ടിണി പങ്കുവച്ചു. ഉദരസംബന്ധമായ ശാരീരികപ്രയാസങ്ങള്‍ അച്ചന്റെ ആരോഗ്യത്തെ അപകടത്തിലാക്കി. അകാലത്തിലാണച്ചന്‍ കാലത്തെ കടന്നുപോയത്.
1872 ഏപ്രില്‍ 25 നായിരുന്നു അച്ചന്റെ ജനനം. പാലായുടെ പുണ്യവഴിയില്‍ ഉയര്‍ന്നുനില്ക്കുന്ന ത്യാഗാര്‍പ്പണത്തിന്റെ ഒരു കുത്തബ്മീനാറാണ് ധന്യന്‍ കദളിക്കാട്ടിലച്ചന്‍. 150-ാമതു ജന്മദിനത്തില്‍ അച്ചന്റെ ധന്യമായ ഓര്‍മയ്ക്കുമുമ്പില്‍ പ്രണാമം!