കേരളത്തിലെ മുഴുവന്‍ വാര്‍ത്താചാനലുകളിലും ബ്രേക്കിംഗ് ന്യൂസ് വന്നുതുടങ്ങി. യുവ ഐ.എ.എസ്. ഓഫീസറും ജില്ലാ കളക്ടറുമായ സലോമി മാത്യു കൊല്ലപ്പെട്ടു! സ്വന്തം സെക്യൂരിറ്റി സ്റ്റാഫിന്റെ വെടിയേറ്റാണ് സലോമി മരിച്ചത്. പട്ടയവിതരണം നടത്തുന്നതിനിടെ കളക്ടര്‍ക്കു നേരേ കൂത്തിയുമായി ചാടിവീണ ക്രിമിനലിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ കളക്ടര്‍ക്കു വെടിയേല്ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ സലോമിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരണം സംഭവിച്ചത്! വില്ലേജ് ആഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങളും ചാനലുകളില്‍ വരുന്നുണ്ടായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനായി സലോമിയുടെ മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ച വാര്‍ത്തയറിഞ്ഞ് രാഷ്ട്രീയപ്രമുഖരും ജനപ്രതിനിധികളും ജനങ്ങളും അവിടേക്ക് ഒഴുകിയെത്തി. വളരെപ്പെട്ടെന്ന് ആശുപത്രിമുറ്റം ജനനിബിഡമായി. വാര്‍ത്തകേട്ട് ഡോക്ടര്‍ ജെയ്ക്ക് അതിവേഗം കളക്ടറുടെ ഔദ്യോഗികവസതിയിലെത്തി. കരഞ്ഞുതളര്‍ന്ന് കട്ടിലില്‍ കിടക്കുന്ന സെലീനയെയും സുമലതയെയും കണ്ടു.
''അവള് നമ്മളെയിട്ടേച്ചു പോയല്ലോ മോനെ... എനിക്കിനിയാരുമില്ലാണ്ടായല്ലോ. ഇതിനാണോ അവളെ ദൈവം ഇത്രയുമൊക്കെയാക്കിയത്?... എന്റെ മോനേ... എനിക്കെന്റെ മകളെ കാണണം... ഇപ്പം കാണണം... കൊണ്ടുപോകാവോ എന്നെ? വേറേയാരോടാ ഞാനിതു പറയുന്നെ?'' കട്ടിലില്‍ അരികെയിരുന്ന ജെയ്ക്കിനോടായി സെലീന പറയുകയും കരയുകയും ചെയ്തു. ഇത്തിരി മാറി മരവിച്ചുനില്‍ക്കുകയായിരുന്നു സുമലത. ഉള്ളിലെ ദണ്ഡം അടക്കി നിര്‍ത്താന്‍ പാടുപെടുകയായിരുന്നു ഡോക്ടര്‍ ജെയ്ക്ക്. അയാളുടെ ജീവിതസ്വപ്നങ്ങള്‍ മുഴുവനാണു പൊലിഞ്ഞുപോയത്! ജീവിതത്തില്‍ എന്നും എത്ര പ്രായമായാലും തീവ്രമായി സ്‌നേഹിച്ചുകൊണ്ടേയിരിക്കുമെന്ന് ഇന്നലെ രാത്രിയും വാക്കുതന്നവള്‍ ഇപ്പോള്‍ നിശ്ചലയായി, ജീവനറ്റ് മരവിച്ചു മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ കിടക്കുന്നു! ചുറ്റും ആയിരങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അരികെയുണ്ടാവേണ്ടതു താനല്ലേ? അവളുടെയമ്മയല്ലേ? കേണുപറയുന്നുണ്ടെങ്കിലും അമ്മയെ ഇപ്പോള്‍ കൊണ്ടുപോകാനാവില്ലല്ലോ.''
''അമ്മേ.... അമ്മേ...'' ജെയ്ക്ക് വിളിച്ചു.
സെലീന നിറമിഴികളോടെ അയാളെ നോക്കി. പിന്നെ ഏക പിടിവള്ളിയെന്നോണം ആ കൈത്തണ്ടയില്‍ ഇറുകെപ്പിടിച്ചു. തന്റെ മരുമകനാകേണ്ടിയിരുന്നവന്‍! സലോമിയുടെ കഴുത്തില്‍ മിന്നുകെട്ടേണ്ടിയിരുന്നവന്‍! ഭാഗ്യമില്ലാത്തവന്‍!
''അമ്മേ, അമ്മയെ ഞാന്‍ പിന്നെ വന്നു കൊണ്ടുപോകാം. ഇപ്പഴ് ഞാന്‍ മെഡിക്കല്‍ കോളജിലേക്കു ചെല്ലട്ടെ. അവള്‍ക്ക് വേണ്ടപ്പെട്ട ഒരാളെങ്കിലും വേണ്ടേ അടുത്ത്.''
സമ്മതഭാവത്തില്‍ സെലീന തലയനക്കി. ദുരന്തങ്ങള്‍ മുമ്പും അനുഭവിച്ചിട്ടുള്ളവളാണവര്‍. ദുഃഖവും അപമാനവും ഇല്ലായ്മയുമൊക്കെ എന്നും സെലീനയ്ക്കു കൂട്ടിനുണ്ടായിരുന്നു. വീണ്ടും വിധിയുടെ പ്രഹരം!
ഡോക്ടര്‍ ജെയ്ക്ക് എഴുന്നേറ്റു. അദ്ദേഹം സുമലതയുടെ അടുത്തേക്കു നീങ്ങി. അവള്‍ സങ്കടത്തോടെയും ദീനതയോടെയും അയാളെ നോക്കി.
''അമ്മയെ നോക്കിക്കോണേ. ഞാന്‍ ഹോസ്പിറ്റലിലേക്കു പോകുകാ. അവിടെ നമ്മുടെ ഭാഗത്തുനിന്ന് ഉത്തരവാദപ്പെട്ടവര്‍ വേണമല്ലോ.''
സുമലത സമ്മതഭാവത്തില്‍ തലയനക്കി. കേവലം ഒരു ജോലിക്കാരിയായല്ല അവള്‍ കളക്ടറുടെ ബംഗ്ലാവില്‍ കഴിഞ്ഞു വന്നത്. ഒരു കുടുംബാംഗത്തെപ്പോലെയും പലപ്പോഴും ഒരമ്മയുടെ അവകാശാധികാരങ്ങളോടെയുമായിരുന്നു. എല്ലാം പെട്ടെന്നവസാനിച്ചു. സലോമിയുമായി വിവാഹനിശ്ചയം മാത്രം കഴിഞ്ഞ ഈ മനുഷ്യന്‍കൂടി വന്നില്ലായിരുന്നെങ്കില്‍ തങ്ങളുടെയവസ്ഥ എത്ര ദയനീയമാകുമായിരുന്നുവെന്ന് അവളോര്‍ത്തു.
ഡോക്ടര്‍ ജെയ്ക്ക് മെഡിക്കല്‍ കോളജിലേക്കു പുറപ്പെട്ടു. അദ്ദേഹമവിടെയെത്തുമ്പോഴും അവിടം ജനനിബിഡമായിരുന്നു. വളരെ ശ്രമപ്പെട്ടാണ് മൃതദേഹം കിടത്തിയിരുന്നിടത്ത് എത്തിയത്. സലോമിക്കു വിവാഹം നിശ്ചയിച്ചിരുന്ന ആളാണെന്ന പരിഗണനയില്‍ മാത്രമാണ് കാണാന്‍ അവസരം കിട്ടിയത്. മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹോസ്പിറ്റല്‍ സ്റ്റാഫ്. നേഴ്‌സിങ് സൂപ്രണ്ട് സലോമിയുടെ മുഖം മൂടിയിരുന്ന വെളുത്ത തുണി മാറ്റി. ശാന്തമായി ഉറങ്ങിക്കിടക്കുന്നതുപോലെ സലോമി! ജെയ്ക്കിന്റെ കണ്ണുകള്‍ നിറഞ്ഞുവന്നു. അവന്‍ കുനിഞ്ഞ് അവളുടെ നെറ്റിയില്‍ മൃദുവായി ചുംബിച്ചു. പെട്ടെന്നുതന്നെ അവിടെനിന്നിറങ്ങേണ്ടി വന്നു.
വൈകുന്നേരം നാലുമണിക്ക് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതായി അറിയിപ്പു കിട്ടി. മറ്റു കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കപ്പെടണം. ഉദ്യോഗസ്ഥപ്രമുഖരുമായി സംസാരിച്ചത് സലോമിയുടെ ഇടവകവികാരിയായ ഇലഞ്ഞിമറ്റത്തിലച്ചനാണ്. ഡോക്ടര്‍ ജെയ്ക്കും അച്ചന്റെയൊപ്പം കൂടി.
ഇടവകയിലെ ട്രസ്റ്റിമാരും അവിടെയെത്തിയിരുന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അക്കാര്യത്തില്‍ ഇടപെട്ടു.
''സലോമിക്ക് സ്വന്തക്കാരായി അമ്മ മാത്രമേയുള്ളൂ. വീട് തീര്‍ത്തും സൗകര്യമില്ലാത്ത ഒരു സ്ഥലത്താണ്. വാഹനമെത്തുകയുമില്ല. അതുകൊണ്ട് ഇന്ന് മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാം. നാളെ പത്തുമണിക്കെടുത്തിട്ട് പള്ളിമുറ്റത്തു തയ്യാറാക്കുന്ന പന്തലില്‍ പൊതുദര്‍ശനത്തിനും അന്തിമോപചാരത്തിനുമായി വയ്ക്കാം. രണ്ടുമണിയോടെ ശുശ്രൂഷകള്‍ ആരംഭിക്കണം.'' ഇലഞ്ഞിമറ്റത്തിലച്ചന്‍ തന്റെ അഭിപ്രായം പറഞ്ഞു. അതെല്ലാവരും അംഗീകരിക്കുകയും ചെയ്തു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിക്കഴിഞ്ഞപ്പോള്‍ ആളുകള്‍ ഓരോന്നു പറഞ്ഞുകൊണ്ട് പിരിഞ്ഞുപോയി.
വാര്‍ത്താചാനലുകള്‍ തുടര്‍ച്ചയായി സലോമിയെ സംബന്ധിച്ച വിവരങ്ങള്‍ നല്കിക്കൊണ്ടിരുന്നു. കളക്ടര്‍ സലോമിയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഗണ്‍മാന്‍ സന്ദീപ് അറസ്റ്റിലായി. രമണി ഷാജി ആദ്യം ഓടിയൊളിച്ചെങ്കിലും പിന്നീട് പോലീസ്‌സ്‌റ്റേഷനില്‍ ചെന്ന് സ്വയം കീഴടങ്ങി.
പിറ്റേന്നു ശനിയാഴ്ച. ഇടവകപ്പള്ളിയുടെ മുറ്റത്തു തീര്‍ത്ത വലിയ പന്തലില്‍ വെള്ളപ്പൂക്കള്‍ കൊണ്ടലങ്കരിക്കപ്പെട്ട ശവപ്പെട്ടിയില്‍ സലോമി കിടന്നു. ദൈവപുത്രന്റെ മൃതദേഹം മടിയില്‍ കിടത്തിയപ്പോള്‍ പരിശുദ്ധമാതാവനുഭവിച്ച കഠിനനൊമ്പരം ഉള്ളിലേറ്റി നീറുന്ന ഹൃദയത്തോടെ സെലീന മകളുടെ ശവമഞ്ചത്തിനരികെയിരുന്നു. രാഷ്ട്രീയസാമൂഹികസാമുദായികനേതാക്കളുള്‍പ്പെടെ അനേകര്‍ സലോമിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു കടന്നുപോയി.
ചരമപ്രസംഗം നടത്തിയ ഇലഞ്ഞിമറ്റത്തിലച്ചന്‍ വികാരവിക്ഷുബ്ധനായി:
''യേശുക്രിസ്തു പറഞ്ഞു, മറ്റൊരാള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന്. ഇവിടെയതാണുണ്ടായത്. സലോമി സ്വന്തം ജീവന്‍ ബലി കൊടുത്തത് ഒരു നല്ല മനുഷ്യന്റെ ജീവനുവേണ്ടിയല്ല. ഒരു കൊടുംക്രിമിനലിന്റെ ജീവനു പകരമായാണ്. ഈ രക്തസാക്ഷിത്വം എന്നും എക്കാലത്തും ലോകം വാഴ്ത്തും. സലോമി മരിച്ചിട്ടില്ല. അവള്‍ ദൈവത്തിന്റെ മടിയിലുണ്ട്.നമ്മളെയൊക്കെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒരു മാലാഖയെപ്പോലെ...'' അച്ചന്‍ അവിടെനിര്‍ത്തി.
കുറ്റം സമ്മതിച്ച് കീഴടങ്ങിയ രമണിഷാജിയെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മൊഴി രേഖപ്പെടുത്തി. പിന്നെ ലോക്കപ്പിലടച്ചു. സ്റ്റേഷനിലെ തിരക്കൊഴിഞ്ഞ സമയത്ത് സബ്ഇന്‍സ്‌പെക്ടര്‍ സതീഷ് ബാബു അവനെ കാണാന്‍ ലോക്കപ്പുമുറിയിലെത്തി. നിക്കറും ബനിയനും ധരിച്ച് തറയില്‍ കൂനിക്കൂടിയിരുന്ന ഷാജി പിടഞ്ഞെഴുന്നേറ്റു. എസ്.ഐ. അയാളെ അടിമുടി നോക്കി. കഠിനമായ കുറ്റബോധത്താല്‍ അവന്‍ തലകുനിച്ചുനിന്നു. പോലീസില്‍നിന്ന് എല്ലാ വിവരവും ഷാജി മനസ്സിലാക്കിയിരുന്നു.
''തന്ത കാലന്‍മാത്തനാണെന്ന് നിന്റെ തള്ള പറഞ്ഞുതന്നില്ലായിരുന്നോടാ?''
''ഇല്ല സാര്‍. കോട്ടയംകാരനാ. മരിച്ചുപോയി. എനിക്കത്രേ അറിയൂ.''
''എടാ, എന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ഈ സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്തിട്ടുണ്ട്. അന്നു നീ കിടക്കുന്ന ഈ ലോക്കപ്പുമുറിയിലിട്ട് കാലനെ ഞാനിടിച്ചിട്ടുണ്ട്. നിന്നെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ചത്തുപോയ കാലന്‍ മുമ്പില്‍ നില്‍ക്കുകാന്നാ തോന്നിയത്.''
രമണി ഷാജി ഇന്‍സ്‌പെക്ടറുടെ മുമ്പില്‍ കൈകൂപ്പി.
''സാര്‍.... ഞാന്‍ മഹാപരാധം ചെയ്തു. പെങ്ങളെ കൊന്നു. ഇപ്പം അവളുടെ ശവമടക്കു നടക്കുകാ. അവിടെവരെ എന്നെയൊന്നു കൊണ്ടുപോകുവോ. എനിക്കെന്റെ പെങ്ങള്‍ക്ക് ഒരന്ത്യചുംബനം കൊടുക്കണം സാറേ...'' ഷാജി വിങ്ങിപ്പൊട്ടിക്കൊണ്ടു പറഞ്ഞു.
''അതു നടക്കാത്ത കാര്യാ. നിന്നെയവിടെക്കണ്ടാല്‍ ആളുകള് വലിച്ചുകീറും. പോലീസിനു പണിയാകും.''
''കൊന്നോട്ടെ... ഞാന്‍... ഞാനെന്തിനു ജീവിക്കണം സാറേ...''
ഷാജി വിങ്ങിപ്പൊട്ടി.
''എടാ മഹാപാപീ, നിനക്കു കിട്ടാവുന്ന യഥാര്‍ത്ഥ ശിക്ഷ മരണമല്ല. ജീവിതമാ.''
അങ്ങനെ പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ സതീഷ് ലോക്കപ്പടച്ച് പുറത്തിറങ്ങി.
സമയം വൈകുന്നേരം ആറുമണി കഴിഞ്ഞു. പുഴക്കരവക്കച്ചന്‍ തറവാടുവീട്ടില്‍ ആഹ്ലാദിച്ചര്‍മാദിക്കുകയായിരുന്നു.
താന്‍ ആഗ്രഹിച്ചതു നടന്നു. രമണി ഷാജി വാക്കുപാലിച്ചു. കൊലപാതകശ്രമത്തിലുള്ള കുറ്റമേ ഷാജിയുടെ തലയിലുള്ളൂ. കൊന്നതു സെക്യൂരിറ്റി പോലീസുകാരന്‍! അത് അപ്രതീക്ഷിതഭാഗ്യമായി. ഭാര്യയും മകളും അയാളെ വെറുത്തു. കുറ്റപ്പെടുത്തി. ശപിച്ചു. അതൊന്നും വക്കച്ചന്റെ ശിലാഹൃദയത്തെ തെല്ലും ഉലച്ചില്ല
വക്കച്ചന്‍ യാത്രയ്‌ക്കൊരുങ്ങി. എല്ലാവരും പൊയ്ക്കഴിഞ്ഞ് പള്ളിസെമിത്തേരിയിലെത്തണം. അലമാരയില്‍ കിഴികെട്ടി സൂക്ഷിച്ചിരിക്കുന്ന മണ്ണെടുത്ത് ജൂബയുടെ പോക്കറ്റില്‍ തിരുകി. കാറില്‍ക്കയറി അയാള്‍ പള്ളിയിലേക്കു തിരിച്ചു. പത്തുമിനിട്ടുകൊണ്ട് സ്ഥലത്തെത്തി. പള്ളിമുറ്റവും സെമിത്തേരിയും തീര്‍ത്തും വിജനമായിരുന്നു. വക്കച്ചന്‍ സെമിത്തേരിയുടെ ഗേറ്റിനു നേരേ നടന്നു. അപ്പോള്‍ ഒരു പോലീസ് ജീപ്പ് അവിടേക്കിരച്ചെത്തിനിന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ്ഇന്‍സ്‌പെക്ടറും ചാടിയിറങ്ങി.
''വക്കച്ചാ... നില്‍ക്കവിടെ.'' സി.ഐ. അയാളുടെ മുമ്പില്‍ക്കയറി വിലങ്ങിക്കൊണ്ടു പറഞ്ഞു.
''എന്താ... എന്താ പ്രശ്‌നം?'' വക്കച്ചന്‍ പരിഭ്രാന്തനായി.
''യു ആര്‍ അണ്ടര്‍ അറസ്റ്റ്. കളക്ടര്‍ സലോമി മാത്യു വധക്കേസിലെ ഒന്നാംപ്രതി താങ്കളാണ്.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
''അതിന്... ഞാന്‍... ഞാനെന്തു ചെയ്തു?'' അയാള്‍ വിറച്ചുകൊണ്ടു ചോദിച്ചു.
''ഒക്കെ പറഞ്ഞു തരാം. കൈനീട്ട്.'' പോലീസ് ബലമായി പിടിച്ച് അയാളുടെ കൈകളില്‍ വിലങ്ങണിയിച്ചു.
''കൊലപാതകം നടത്തുന്നതു മാത്രമല്ല അത് ആസൂത്രണം ചെയ്യുന്നതും ഒരേ കുറ്റം തന്നെയാടോ... രമണി ഷാജി എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു.''
സബ്ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വക്കച്ചന്റെ ദേഹം വിയര്‍ത്തു. അയാള്‍ വിറകൊണ്ടു.
വാഹനം ഓടിയകലുമ്പോള്‍ ദേവാലയമണി മുഴങ്ങുന്നുണ്ടായിരുന്നു.
(അവസാനിച്ചു)