കേരളത്തിന്റെ പ്രഥമ വനിതാമന്ത്രിയായ ആനി മസ്‌ക്രീനെക്കുറിച്ച്
ഇന്ത്യയില്‍ പൊതുരംഗത്ത്, പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍, സ്ത്രീകള്‍ വളരെ സജീവമാകുന്നതിനു തൊട്ടുമുമ്പുള്ള കാലത്താണ് ആനി മസ്‌ക്രീന്‍ സിലോണിലെ (ശ്രീലങ്ക) വിമന്‍സ് കോളജധ്യാപകജോലി രാജിവച്ച് തിരുവിതാംകൂറില്‍ തിരിച്ചെത്തുന്നത്. റീജന്റ് മഹാറാണി സേതുലക്ഷ്മി ഭായിയുടെ ഭരണമവസാനിച്ചു. തിരുവിതാംകൂറില്‍ യുവരാജാവായ ശ്രീചിത്തിരതിരുനാള്‍ അധികാരമേറ്റിട്ട് അധികകാലമായിട്ടില്ല. ഭരണയന്ത്രത്തിനുമേല്‍ അമ്മ മഹാറാണി ഗൗരി സേതു പാര്‍വ്വതിഭായിയുടെ നിയന്ത്രണം ഏറിക്കൊണ്ടിരുന്നു. ദിവാന്മാര്‍ മാറിമാറി വരുന്നു. സര്‍ സി.പി. രാമസ്വാമി അയ്യര്‍ സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായി ഇടയ്ക്കിടെ തിരുവനന്തപുരം സന്ദര്‍ശിക്കുന്നുണ്ട്.
മിസ് മസ്‌ക്രീന്‍ എം.എ. ബിരുദത്തിനുപുറമേ നിയമബിരുദംകൂടി സമ്പാദിച്ചുകൊണ്ടാണ് തലസ്ഥാനത്ത് അഭിഭാഷികയായി പ്രാക്ടീസ് തുടങ്ങിയത്. പ്രഗല്ഭയായ വനിതാവക്കീലെന്ന് അവര്‍ പെട്ടെന്നു പേരെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മറ്റൊരു വനിതാവക്കീലും അന്നുണ്ടായിരുന്നു. പില്ക്കാലത്ത് ഇന്ത്യയിലെതന്നെ പ്രഥമ വനിതാഹൈക്കോടതി ജഡ്ജിയായിത്തീര്‍ന്ന അന്നാ ചാണ്ടി. പക്ഷേ, അവര്‍ ഇരുവരും വ്യത്യസ്തതരംഗദൈര്‍ഘ്യത്തിലായിരുന്നു സഞ്ചാരം. അന്നാചാണ്ടി ദിവാനോടും സര്‍ക്കാരിനോടും ആഭിമുഖ്യം കാണിച്ചപ്പോള്‍, മിസ് മസ്‌ക്രീന്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരേ ശക്തമായി ശബ്ദമുയര്‍ത്തി. സംയുക്തരാഷ്ട്രീയപ്രക്ഷോഭണത്തോട് അനുഭാവം കാണിച്ച മിസ് മസ്‌ക്രീന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളുമായിരുന്നു. ആദ്യത്തെ ജനറല്‍ സെക്രട്ടറിമാരിലൊരാളും മിസ് മസ്‌ക്രീന്‍തന്നെ. അസാമാന്യധൈര്യമായിരുന്നു അവര്‍ക്ക്, നല്ല പ്രസംഗപാടവവും. ഇംഗ്ലീഷിലും മലയാളത്തിലും അനായാസമായി പ്രസംഗിക്കുവാന്‍ കഴിഞ്ഞിരുന്ന മിസ് മസ്‌ക്രീനായിരുന്നു പട്ടം താണുപിള്ളയോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രചരണാര്‍ത്ഥം മദ്രാസിലും മുംബൈയിലുമൊക്കെപ്പോയി പ്രസംഗപര്യടനം നടത്തിയതും. അന്നാ ചാണ്ടി അക്കാലത്ത് ദിവാന്റെ പ്രേരണയില്‍ പട്ടത്തിനെതിരേ നിയമസഭാസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുമുണ്ടായി.
ദിവാന്‍ സര്‍ സി.പി.ക്കു മസ്‌ക്രീനോടുണ്ടായിരുന്ന പകയും വൈരാഗ്യവും വാസ്തവത്തില്‍ പട്ടത്തോടുപോലുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മിസ് മസ്‌ക്രീനാവട്ടെ സൗകര്യം കിട്ടിയപ്പോഴൊക്കെ ദിവാനെതിരേ ഏറ്റവും കടുത്ത വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. മിസ് മസ്‌ക്രീനെ ശക്തമായി എതിര്‍ക്കുമ്പോഴും ദിവാന്‍ സര്‍ സി.പി.ക്ക് ആനി മസ്‌ക്രീന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് നല്ല മതിപ്പായിരുന്നു.
അവിവാഹിതയായിരുന്നു അവര്‍. ആരെയും വകവയ്ക്കാത്ത പ്രകൃതവും. പട്ടത്തെ മാത്രം അവര്‍ ബഹുമാനത്തോടെ താണുപിള്ളസാറെന്നു വിളിച്ചു. ടി.എം. വര്‍ഗീസ് അവര്‍ക്ക് മിസ്റ്റര്‍ വര്‍ഗീസും, സി. കേശവന്‍ മിസ്റ്റര്‍ കേശവനും, എ.ജെ. ജോണ്‍ മിസ്റ്റര്‍ ജോണുമായിരുന്നു. ദിവാനെ അവര്‍ മിസ്റ്റര്‍ രാമസ്വാമി അയ്യരെന്നാണ് അഭിസംബോധന ചെയ്തത്. ശുദ്ധമനസ്സായിരുന്നു അവരുടേത്. അതുകൊണ്ടുതന്നെ ആര്‍ക്കും എളുപ്പത്തില്‍ അവരെ തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞിരുന്നു. ആളുകളെ അപ്പാടെ വിശ്വസിച്ചു. ആര്‍ക്കെങ്കിലും ആരെയെങ്കിലും ചതിക്കുവാന്‍ കഴിയുമെന്നവര്‍ കരുതിയിരുന്നേയില്ല. തന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മന്ത്രി ഇ. ജോണ്‍ ഫിലിപ്പോസിനെക്കുറിച്ച് പാര്‍ട്ടിയില്‍ തന്നോട് ഏറെ അടുപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതു വിശ്വാസിച്ചാണവര്‍ പാര്‍ട്ടിയോഗത്തില്‍ സഹപ്രവര്‍ത്തകനെതിരേ ഒരിക്കല്‍ അഴിമതിയാരോപണം ഉന്നയിച്ചത്. തന്നോട് അടുപ്പമുണ്ടായിരുന്നവര്‍ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അപ്പോഴേക്ക് ജോണ്‍ ഫിലിപ്പോസിന്റെ രാഷ്ട്രീയഭാവി തകര്‍ക്കപ്പെട്ടുകഴിഞ്ഞിരുന്നു. മിസ് ആനി മസ്‌ക്രീനെതിരേ ജോണ്‍ ഫിലിപ്പോസ് മാനനഷ്ടക്കേസ് കൊടുത്തുകൊണ്ടാണ് തനിക്കെതിരേയുണ്ടായ ആരോപണത്തെ നേരിട്ടത്. ആ കേസില്‍ മിസ് മസ്‌ക്രീന്‍ ശിക്ഷിക്കപ്പെട്ടുവെന്നു മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് അവര്‍ അതോടെ മിക്കവാറും പുറത്താവുകയും ചെയ്തു.
സ്വാതന്ത്ര്യസമരത്തില്‍ മിസ് മസ്‌ക്രീന്‍ ഏറെ ത്യാഗങ്ങളനുഭവിച്ചിരുന്നു. നഷ്ടങ്ങളും. ഒട്ടേറെത്തവണ അവര്‍ക്കു തടവുശിക്ഷയും കിട്ടി. ദിവാന്റെ അറിവോടെയായിരുന്നു ഒരിക്കല്‍ അര്‍ദ്ധരാത്രി പാളയത്തെ അവരുടെ വീട്ടില്‍ ഭവനഭേദനം നടന്നതെന്ന് അവരും ജനങ്ങളും വിശ്വസിച്ചു. പിടിക്കപ്പെട്ടതു പരോളിലിറങ്ങിയ മോഷ്ടാക്കളായിരുന്നുവെന്നതു സര്‍ക്കാരിനെ അന്നു വെട്ടിലാക്കുകയും ചെയ്തു. ഉടുതുണിയുള്‍പ്പെടെ സര്‍വ്വതും മോഷ്ടിക്കപ്പെട്ടു.
രാത്രി രണ്ടു മണിക്കാണവര്‍ ഒറ്റയ്ക്കു വീട്ടില്‍നിന്നു പാളയം പോലീസ് സ്റ്റേഷന്‍വരെ നടന്നുചെന്ന് രേഖാമൂലം പരാതിപ്പെട്ടത്. പോലീസ് സ്വയം പിടിയിലായ ഒരു സംഭവമായിരുന്നു അത്. സി.പി. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേറ്റ സംഭവവും. അതോടെ മിസ് മസ്‌ക്രീനു ജനമനസ്സുകളില്‍ ഒരു ഇതിഹാസകഥാപാത്രത്തിന്റെ പരിവേഷവുമുണ്ടായി.
'സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നവര്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി. കുറച്ചുകാലത്തേക്ക് ഇന്ത്യന്‍ ഭരണഘടനനിര്‍മ്മാണസമിതിയില്‍ തിരുവിതാംകൂറിന്റെ പ്രതിനിധിയും. ഡല്‍ഹിയില്‍ അവര്‍ നന്നായി ശോഭിക്കുകയും ചെയ്തു. പട്ടത്തിന്റെ ആദ്യമന്ത്രിസഭയുടെ പതനവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് മിസ് മസ്‌ക്രീനെ കേരളത്തിലെ പ്രഥമ വനിതാമന്ത്രിയാക്കിയത്. 'മിസ് മസ്‌ക്രീന്‍ മന്ത്രിസഭയില്‍ ഉണ്ടാവുന്നില്ലെങ്കില്‍ താനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നില്ലെ'ന്ന് ജോണ്‍ ഫിലിപ്പോസ് പ്രഖ്യാപിച്ചതോടെയാണ് മുഖ്യമന്ത്രി ടി.കെ. നാരായണപിള്ളയും വഴങ്ങിയത്. നേരത്തേ അക്കാമ്മ ചെറിയാന്റെ പേരും മന്ത്രിപദത്തിലേക്കു നിര്‍ദേശിക്കപ്പെട്ടെങ്കിലും തന്നെക്കാള്‍ ത്യാഗമനുഷ്ഠിച്ചിട്ടുള്ളത് ആനി മസ്‌ക്രീനാണെന്നു പറഞ്ഞുകൊണ്ട് അക്കാമ്മയും മിസ് മസ്‌ക്രീനെ പിന്തുണയ്ക്കുകയായിരുന്നു. അധികാരരാഷ്ട്രീയത്തില്‍ അവിശ്വസനീയമായ ഒരനുഭവമായി അക്കാമ്മയുടെ ത്യാഗം അനുസ്മരിക്കപ്പെടുന്നു.
പറവൂര്‍ ടി.കെ.യുടെ മന്ത്രിസഭയില്‍ ചേര്‍ന്നപ്പോള്‍ മിസ് മസ്‌ക്രീനു ലഭിച്ചത് ആരോഗ്യവകുപ്പായിരുന്നു. കേന്ദ്രത്തില്‍ രാജകുമാരി അമൃത കൗറിനു പണ്ഡിറ്റ് നെഹ്‌റു നല്‍കിയതും ആരോഗ്യവകുപ്പുതന്നെയായിരുന്നല്ലോ. പിന്നീട് ഡോ. സുശീലാനയ്യാര്‍ക്കും. തമിഴ്‌നാട്ടില്‍ ജ്യോതി വെങ്കിടാചലത്തിനു മുഖ്യമന്ത്രി കാമരാജും, ലൂര്‍ദ്ദമ്മാള്‍ സൈമണ് മുഖ്യമന്ത്രി ഭക്തവത്സലവും നല്കിയതും ആരോഗ്യവകുപ്പായിരുന്നു. തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് മിസ് ആനി മസ്‌ക്രീന്‍ വകുപ്പു കൈകാര്യം ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച അവര്‍ രോഗികളില്‍നിന്നു നേരിട്ടു തെളിവുകള്‍ ശേഖരിച്ചു. വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ പരസ്യമായിത്തന്നെ ശാസിച്ചു. മന്ത്രി ചികിത്സാനിര്‍ദേശങ്ങള്‍ നല്കുന്നുവെന്ന് ചില ഡോക്ടര്‍മാര്‍ മന്ത്രിയെ പരിഹസിക്കുകകൂടി ചെയ്തു. പക്ഷേ, ആനി മസ്‌ക്രീന്‍ അക്ഷോഭ്യയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതിഗതികള്‍ മെച്ചമാക്കുവാന്‍ ആവതെല്ലാമവര്‍ ചെയ്തു. അതിലവര്‍ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു.
ആനി മസ്‌ക്രീനു ജീവിതത്തിലും രാഷ്ട്രീയത്തിലും വഴിത്തിരിവായത് ഫിലിപ്പോസ്-മസ്‌ക്രീന്‍ കേസുതന്നെയായിരുന്നുവെന്നു പറയാം. അശനിപാതംപോലെ ജോണ്‍ ഫിലിപ്പോസിനെതിരായി ആരോപണം വന്നപ്പോള്‍ അതു കോണ്‍ഗ്രസിലും സംസ്ഥാനരാഷ്ട്രീയത്തിലുംതന്നെ പലര്‍ക്കും മനസ്സുമടുപ്പുണ്ടാക്കി. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതോടെ അവരും ദുഃഖിതയായിത്തീര്‍ന്നിരുന്നു. പഴയ സഹപ്രവര്‍ത്തകരില്‍ പലരും അവരോടു മിണ്ടാതായി. ടി.കെ. മന്ത്രിസഭയുടെ രാജിയോടെ മിസ് മസ്‌ക്രീന്റെ രാഷ്ട്രീയപ്രതാപത്തിനും വല്ലാതെ മങ്ങലേറ്റു.
1951-52 ലെ പൊതുതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഉദയസൂര്യന്‍ അടയാളത്തില്‍ ലോക്‌സഭയിലേക്ക് അവര്‍ മത്സരിച്ചത് കോണ്‍ഗ്രസിലെ കരുത്തനായിരുന്ന നെയ്യാറ്റിന്‍കര ടി.കെ. നാരായണപിള്ളയോടാണ്. തിരഞ്ഞെടുപ്പില്‍ മിസ് മസ്‌ക്രീന്റെ ജയം ചരിത്രസംഭവമായി. ആ തിരഞ്ഞെടുപ്പില്‍ പട്ടത്തിന്റെ പിന്തുണയും മിസ് മസ്‌ക്രീനു കിട്ടിയെന്നു വ്യക്തമായിരുന്നു. ലത്തീന്‍ സമുദായവും ഒറ്റക്കെട്ടായി അവര്‍ക്കൊപ്പം നിന്നു.
അഞ്ചുവര്‍ഷം പാര്‍ലമെന്റിലവര്‍ തന്റെ സാന്നിധ്യമറിയിച്ചെങ്കിലും അവസാനവര്‍ഷമടുത്തതോടെ അവര്‍ തീര്‍ത്തും നിരാശയായതുപോലെ തോന്നിച്ചിരുന്നു. 57 ലെ തിരഞ്ഞെടുപ്പായപ്പോഴേക്കും പാര്‍ട്ടികള്‍ക്കൊന്നും അവരെ വേണ്ടാതായി. പി.എസ്.പി.യും അവര്‍ക്കു ടിക്കറ്റു കൊടുത്തില്ലെന്നു മാത്രമല്ല, സാക്ഷാല്‍ പട്ടംതാണുപിള്ളതന്നെ പാര്‍ലമെന്റിലേക്ക് മത്സരിക്കുവാനും സന്നദ്ധനായി. വളരെ കുറച്ച് വോട്ടുകള്‍ മാത്രമാണ് അപ്രാവശ്യം ആനി മസ്‌ക്രീനു ലഭിച്ചത്. അതോടെ സജീവരാഷ്ട്രീയത്തില്‍ നിന്നവര്‍ ഏതാണ്ടു വിരമിച്ചപോലെയായി.
തിരുവനന്തപുരത്തു വഞ്ചിയൂരിലെ വസതിയില്‍ ദീര്‍ഘകാലമവര്‍ രോഗിയായി ശയ്യാവലംബിയായി കഴിച്ചുകൂട്ടി. പഴയ സഹപ്രവര്‍ത്തരാകട്ടെ, ആരുംതന്നെ അവരെ തിരിഞ്ഞുനോക്കിയതുമില്ല. അവര്‍ മരിക്കുമ്പോള്‍ കോണ്‍ഗ്രസാണു ഭരിച്ചിരുന്നതെങ്കിലും സര്‍ക്കാര്‍ ബഹുമതികളൊന്നുമുണ്ടായില്ല. ശവസംസ്‌കാരച്ചടങ്ങില്‍ കോണ്‍ഗ്രസ് മന്ത്രിമാരാരുംതന്നെ പങ്കെടുക്കാതിരുന്നതും പാറ്റൂര്‍ ശ്മശാനത്തില്‍ അവരെ സംസ്‌കരിക്കുമ്പോള്‍ അതിനു സാക്ഷികളാവാന്‍ കഷ്ടിച്ച് നൂറില്‍ താഴെ ആളുകളേ ഉണ്ടായിരുന്നുള്ളൂവെന്നതും മാധ്യമങ്ങളില്‍ പിന്നീട് കടുത്ത വിവാദവുമായി.
അര്‍ഹിച്ച പരിഗണനകളൊന്നും കിട്ടാതെയും അര്‍ഹിക്കാത്ത അവഗണനകളെല്ലാം സഹിച്ചും അന്ത്യകാലം കഴിച്ചുകൂട്ടിയ ആനി മസ്‌ക്രീന് അനുയോജ്യമായ ഒരു സ്മാരകവും ഉണ്ടായിട്ടില്ല. അക്കാമ്മ ചെറിയാനു തിരുവനന്തപുരത്ത് സ്മാരകപ്രതിമ വന്നപ്പോഴും ആനി മസ്‌ക്രീന് മരണാനന്തരവും വിധിക്കപ്പെട്ടത് സഹപ്രവര്‍ത്തകരുടെപോലും അവഗണന മാത്രം. ഇന്നും അവരെ ഓര്‍മിക്കുന്നവരും ചുരുക്കം. എങ്കിലും ജീവിച്ചിരുന്ന കാലത്തു തിരുവിതാകൂര്‍ രാഷ്ട്രീയത്തിലെ ഒരു പെണ്‍സിംഹംതന്നെയായിരുന്നു മിസ് മസ്‌ക്രീന്‍. ദിവാനുള്‍പ്പെടെ സര്‍വപുരുഷസിംഹങ്ങളും ഭയപ്പെട്ടിരുന്ന പെണ്‍സിംഹം.