സ്വന്തം ജന്മശതാബ്ദിക്കു മൂന്നു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് മൈക്കിള്‍ കള്ളിവയലില്‍ കാലത്തെ കടന്നുപോയത്. ജീവിതകാലമത്രയും അദ്ദേഹം രാജകീയമായി ജീവിച്ചുവെന്നു വേണമെങ്കില്‍ പറയാം. കഴിഞ്ഞ തലമുറയിലെ കര്‍ഷകപ്രഭുവായിരുന്നു അദ്ദേഹത്തിന്റെ പിതാവ് കൊണ്ടൂപ്പറമ്പില്‍ പാപ്പന്‍ചേട്ടന്‍ എന്നു ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന കള്ളിവയലില്‍ ഏബ്രഹാം. പാപ്പന്‍ചേട്ടന്റെ വസ്ത്രധാരണവും ശരീരഭാഷയുംപോലും പ്രൗഢമായിരുന്നു. മന്‍മല്‍ മുണ്ടും കോളറില്ലാത്ത മുറിക്കയ്യന്‍ ഷര്‍ട്ടുമായിരുന്നു വേഷം. എന്നാല്‍, കസവിന്റെ കരയോടുകൂടിയതോ അല്ലാത്തതോ ആയ കവണികൊണ്ട് തലപ്പാവു കെട്ടിയേ അദ്ദേഹം പുറത്തിറങ്ങിയിരുന്നുള്ളൂ. അവസാനകാലങ്ങളില്‍ കൈയില്‍ ഒരു വാക്കിങ്സ്റ്റിക്കുമെടുത്തിരുന്നു. കാറുകള്‍ വിരളമായിരുന്ന കാലത്തും കൊണ്ടൂപ്പറമ്പില്‍ പാപ്പന്‍ചേട്ടന്‍ കാറിലേ യാത്ര ചെയ്തിരുന്നുള്ളൂ. പള്ളിയില്‍ കയറുമ്പോള്‍ മാത്രം ചെരുപ്പും തലപ്പാവും അഴിക്കും. രാജാവിന്റെയും ദിവാന്റെയും മുമ്പിലും മെത്രാന്മാരെ കാണുമ്പോഴും തലപ്പാവു കൈയില്‍പ്പിടിക്കും.
നല്ല അധ്വാനിയായിരുന്നു പാപ്പന്‍ചേട്ടന്‍. ഒന്നാന്തരം കര്‍ഷകന്‍. പാടവും പറമ്പും തോട്ടവുമായി അക്കാലത്തെ ഒരു ഭൂപ്രഭുവായിരുന്നു അദ്ദേഹം, നാട്ടുപ്രമാണിയും. അക്കാലത്ത് ആരെങ്കിലും ധാരാളിത്തം കാണിച്ചാല്‍ മറ്റുള്ളവര്‍ അതിനെ ചോദ്യം ചെയ്തിരുന്നത്, ''നീയെന്താ കൊണ്ടൂപ്പറമ്പിലെയാണോ'' എന്നു ചോദിച്ചായിരുന്നുവെന്നും കഥയുണ്ട്. മുണ്ടക്കയത്തിനപ്പുറത്തേക്കുള്ള ഇന്നത്തെ ഹൈറേഞ്ചുപ്രദേശങ്ങളിലേക്കു വഴിയും യാത്രാസൗകര്യങ്ങളും തീരെക്കുറവായിരുന്ന കാലത്താണ് കൊണ്ടൂപ്പറമ്പില്‍ പാപ്പന്‍ അവിടെപ്പോയി തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചത്. റബറും തേയിലയും കാപ്പിയും കുരുമുളകും ഏലവുമെല്ലാം അദ്ദേഹം അവിടെ കൃഷി ചെയ്തു ലാഭകരമെന്നു തെളിയിച്ചു. സായിപ്പുമാര്‍ക്കു മാത്രമായിരുന്നു അന്ന് അവിടെ തോട്ടങ്ങള്‍ ഉണ്ടായിരുന്നത്. അവരോടു മത്സരിച്ചല്ല, ബുദ്ധിമാനായിരുന്ന കള്ളിവയലില്‍ പാപ്പന്‍ സായിപ്പന്മാരോടു സഹകരിച്ചും അവരോടു സൗഹൃദം സ്ഥാപിച്ചുമാണ് ഹൈറേഞ്ചിലേക്കു തന്റെ തോട്ടവ്യവസായ സാമ്രാജ്യത്തെ വികസിപ്പിച്ചത്.
ഏതു മാനദണ്ഡം വച്ചു വിലയിരുത്തിയാലും, ഏബ്രഹാം കള്ളിവയലില്‍ എന്ന കൊണ്ടൂപ്പറമ്പില്‍ പാപ്പന്‍ ഒരു പ്രതിഭാശാലിതന്നെയായിരുന്നു. മക്കളും ഒട്ടും മോശക്കാരായില്ല എന്നാണ് അവരുടെ ജീവിതസാക്ഷ്യവും. മൂത്ത മകന്‍ ജോസ് കള്ളിവയലില്‍ രാഷ്ട്രീയത്തിലും താത്പര്യമെടുത്തിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ അനുഭാവിയായിരുന്ന ജോസ് ഐക്യകേരളപ്രസ്ഥാനത്തിന്റെ ട്രഷററുമായിരുന്നു. പട്ടംതാണുപിള്ള, കെ. കേളപ്പന്‍, കെ.പി. മാധവന്‍നായര്‍, ഇക്കണ്ടവാര്യര്‍, കെ.എ. ദാമോദരമേനോന്‍ തുടങ്ങിയവരായിരുന്നു ഐക്യകേരളപ്രസ്ഥാനത്തിന്റെ നേതാക്കള്‍.
മൈക്കിള്‍ എ. കള്ളിവയലില്‍ ആയിരുന്നു മക്കളില്‍ ഇളയയാള്‍. ഉന്നതവിദ്യാഭ്യാസം നേടിവന്ന മൈക്കിള്‍ പിതാവിനോടൊപ്പം തോട്ടവിളകള്‍ വന്‍തോതില്‍ കൃഷി ചെയ്യുന്നതിലും അതില്‍ ആധുനികസാങ്കേതികസാധ്യതകള്‍ തേടുന്നതിലും അപാരമായ ധൈര്യവും ഉള്‍ക്കാഴ്ചയുമാണ് പ്രകടിപ്പിച്ചത്. ആ രംഗത്തു നിരന്തരമായ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് സാഹസികമായ മനോധൈര്യം കാണിക്കുകയും ചെയ്തു.
മൈക്കിള്‍ ഒരിക്കലും ഒരു ദന്തഗോപുരവാസി ആയിരുന്നില്ല. ജനങ്ങളോടു ചേര്‍ന്നും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും ജീവിച്ചതുകൊണ്ടു സമൂഹത്തിലെ എല്ലാത്തലത്തിലുള്ളവരുമായും മൈക്കിള്‍ കള്ളിവയലിനു ബന്ധമുണ്ടായിരുന്നു. എല്ലാവരും അദ്ദേഹത്തെ സ്‌നേഹത്തോടെ അപ്പച്ചന്‍ എന്നാണു വിളിച്ചിരുന്നത്. തന്റെ ജീവിതസമ്പ്രദായങ്ങളിലും ജീവിതശൈലിയിലും ഒരുതരം 'ആഢ്യത്വം' പുലര്‍ത്തുന്നതില്‍ മൈക്കിള്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ശാന്തമായാണ് എല്ലാവരോടും സംസാരിച്ചിരുന്നതും ഇടപെട്ടിരുന്നതും. തോട്ടങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ സൗകര്യാര്‍ത്ഥം അദ്ദേഹം പീരുമേട്ടിലേക്കു താമസം മാറ്റുകയും ചെയ്തു. അമ്മമഹാറാണിയുടെ വേനല്‍ക്കാലവസതിയായിരുന്ന കൊട്ടാരമാണ് മൈക്കിള്‍ താമസത്തിനായി വാങ്ങിച്ചത്. അതിന്റെ ഭംഗിയും പ്രൗഢിയും മങ്ങലേല്ക്കാതെ നിലനിര്‍ത്തുന്നതിലും വളരെ ശ്രദ്ധാലുവായിരുന്നു മൈക്കിള്‍. വിവാഹം ചെയ്തത് പാലാ (ഇടമറ്റം) കുരുവിനാക്കുന്നേല്‍ (കോളഭാഗം) ജോസഫ് തോമസ് കുരുവിനാക്കുന്നേലിന്റെയും അന്നമ്മ (പെണ്ണമ്മ) കരിപ്പാപ്പറമ്പിലിന്റെയും മകള്‍ മറിയമ്മയെയും. 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' വിഭാഗത്തില്‍പ്പെടുന്ന ദമ്പതികളായിരുന്നു അവര്‍.
കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായി എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ വടവാതൂര്‍ സെമിനാരിയില്‍ വച്ചു നടത്തപ്പെടുന്ന 'കുടുംബധ്യാന'ത്തില്‍ അവരിരുവരും കൃത്യമായി പങ്കെടുക്കുന്നതു കണ്ടു ഞങ്ങള്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. സമയം പാലിക്കുന്നതില്‍ കള്ളിവയലില്‍ ദമ്പതികള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃകയായിരുന്നു. പല വര്‍ഷങ്ങളിലും കെ.എം. മാണിയും പത്‌നിയും ഈ ധ്യാനത്തിനു വന്നിരുന്നു. അവരും കൃത്യമായി സമയക്രമം പാലിച്ചിരുന്നു. ഒരുപക്ഷേ, അവരുടെയൊക്കെ ജീവിതവിജയത്തിന്റെ ഒരു രഹസ്യവും ഇത്തരം ചിട്ടകള്‍ കൃത്യമായി പാലിച്ചിരുന്നതാവാം. എന്നാല്‍, ഭക്തിയുടെ അതിപ്രസരമൊന്നും അവരൊരിക്കലും കാണിച്ചിരുന്നുമില്ല. പരമ്പരാഗതശൈലിയിലുള്ള ധ്യാനമായിരുന്നല്ലോ വടവാതൂര്‍ ധ്യാനത്തിന്റെ പ്രധാന ആകര്‍ഷണവും.
ദീര്‍ഘകാലം റബര്‍ബോര്‍ഡിലും അംഗമായിരുന്നു മൈക്കിള്‍. ഒരിക്കല്‍ റബര്‍ബോര്‍ഡിന്റെ വൈസ് ചെയര്‍മാനുമായി. നാണ്യവിളകളുടെ വിലസ്ഥിരതയ്ക്കായുള്ള പരിശ്രമങ്ങള്‍ക്ക് എന്നും മുന്‍നിരയില്‍ത്തന്നെ അദ്ദേഹം നിലകൊണ്ടു. തന്റെ വിപുലമായ സൗഹൃദബന്ധങ്ങളെ അക്കാര്യത്തില്‍ അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു.
ജന്മദേശമായ പൈകയില്‍ അദ്ദേഹം ഒരു ക്രംപ് റബര്‍ ഫാക്ടറി സ്ഥാപിക്കുവാനും സാഹസം കാട്ടി. അവിടെ ഒട്ടേറെ പ്രതിബന്ധങ്ങളെയും സമരങ്ങളെയുമൊക്കെ മറികടന്നാണ് മൈക്കിള്‍ കള്ളിവയലില്‍ അതിനെ നിലനിര്‍ത്തിയത്. പിന്നീടതു മകന്‍ ജോസഫിന്റെ ചുമതലയില്‍ പൂര്‍ണമായി വിട്ടുകൊടുത്തുകൊണ്ട് മകനിലുള്ള തന്റെ വിശ്വാസത്തെയും പ്രതീക്ഷയെയും ഉറപ്പിക്കുകയും ചെയ്തു. താന്‍ സ്ഥാപിച്ചു നടത്തിയ കൂട്ടിക്കല്‍ മര്‍ഫി സ്‌കൂളും മകനെയാണ് അദ്ദേഹം ഏല്പിച്ചത്. സ്വന്തം പിതാവ് കൊണ്ടൂപ്പറമ്പില്‍ പാപ്പന്റെ സ്മരണയ്ക്കായി മുണ്ടക്കയത്തു മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും അദ്ദേഹം സ്ഥാപിച്ചു. തന്റെ തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവും അതിന്റെ പിന്നിലുണ്ടായിരുന്നു.
വൈദികനായിരിക്കേ, മാര്‍ മാത്യു അറയ്ക്കല്‍ പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റി സ്ഥാപിച്ചു നടത്തുമ്പോഴാണ് മൈക്കിളുമായിച്ചേര്‍ന്ന് കുട്ടിക്കാനം മരിയന്‍ കോളജിന്റെ പ്രാരംഭകാലപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. മരിയന്‍ കോളജിന്റെ ഇന്നത്തെ പ്രശസ്തിക്കു പിന്നില്‍ മൈക്കിള്‍ കള്ളിവയലിന്റെ മാര്‍ഗനിര്‍ദേശങ്ങളും കലവറയില്ലാത്ത സഹകരണവുമുണ്ടായിരുന്നു. കോളജിന്റെ വിശേഷസന്ദര്‍ഭങ്ങളിലെല്ലാം പ്രായവും അനാരോഗ്യവും അവഗണിച്ചു മൈക്കിള്‍ പങ്കെടുത്തിരുന്നതും എനിക്കോര്‍മയുണ്ട്.
ഉറച്ച ഒരു വിശ്വാസിയായിരുന്നു മൈക്കിള്‍ കള്ളിവയലില്‍. വയലില്‍പ്പിതാവിന്റെ കാലംമുതല്‍ പാലാ രൂപതയുമായും അദ്ദേഹം ദൃഢമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരള കാത്തലിക് ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു മൈക്കിള്‍. കോട്ടയത്ത് കെ.കെ. റോഡിനരികില്‍ വളരെ വിശാലമായ വളപ്പും മൂന്നുനില മന്ദിരവുമായി കാത്തലിക് ട്രസ്റ്റിനെ സാന്നിധ്യമറിയിക്കുന്ന സ്ഥാപനമായി മാറ്റുന്നതിന്റെ മുഖ്യശില്പി, കാല്‍നൂറ്റാണ്ടുകാലം അതിന്റെ പ്രസിഡന്റായിരുന്ന മൈക്കിള്‍ കള്ളിവയലിലായിരുന്നു.
ഒന്നാന്തരം ഇംഗ്ലീഷായിരുന്നു മൈക്കിളിന്റേത്. ഓരോരുത്തരോടും എങ്ങനെ സംസാരിക്കണമെന്നും ഇടപെടണമെന്നും അദ്ദേഹത്തിനു കൃത്യമായി അറിയാമായിരുന്നു. നല്ല ഒരു ആതിഥേയനുമായിരുന്നു മൈക്കിള്‍. എല്ലാറ്റിലും ഒരു 'ക്ലാസ്' നിലവാരം പുലര്‍ത്തുന്നതിലും മൈക്കിള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
വേദപുസ്തകവെളിച്ചത്തില്‍ പറഞ്ഞാല്‍, ദീര്‍ഘായുസ്സായിരുന്നു അദ്ദേഹത്തിന് അനുഗ്രഹമായി കിട്ടിയത്. കര്‍മയോഗിയായിരുന്നു അദ്ദേഹം, ക്രാന്തദര്‍ശിയും. താന്‍ ജനിച്ച നാടിനെയും ജീവിച്ച ദേശത്തെയും അദ്ദേഹം ഹൃദയത്തോടു ചേര്‍ത്തുവച്ചു. കുടുംബപ്രശസ്തിയെ ഒന്നുകൂടി ഉയര്‍ത്തി. സന്തോഷകരമായ ബാല്യവും സാഹസികമായ യൗവനവും പ്രൗഢമായ മധ്യവയസ്സും ആനന്ദകരമായ വാര്‍ദ്ധക്യവുംകൊണ്ടാണ് ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചത്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം അനുഗൃഹീതനായി ജീവിച്ചു.