•  28 Mar 2024
  •  ദീപം 57
  •  നാളം 4
വിളക്കുമരം

ഒരേയൊരു നേതാജി സുഭാഷ് ന്ദ്രബോസ്

നുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാമതു ജന്മദിനമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാസമ്പന്നരായ നേതാക്കളുടെ മുന്‍നിരയിലായിരുന്നു നേതാജി. എന്നാല്‍, വ്യത്യസ്തനായ ഒരു നേതാവായിരുന്നു ബോസ്. ജനനം ഒറീസയിലെ കട്ടക്കിലായിരുന്നു. പ്രശസ്തമായ ബംഗാളി കുടുംബമായിരുന്നു ബോസ്‌കുടുംബം. സ്വാതന്ത്ര്യസമരത്തോട് അടുത്ത ബന്ധമായിരുന്നു ബോസ് കുടുംബത്തിന്. ബംഗാളി ''ബാബു'' വിഭാഗത്തിലെ ആഢ്യകുടുംബങ്ങളിലൊന്ന്. രാഷ്ട്രീയനേതാക്കളും ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാഹിത്യകാരന്മാരുമൊക്കെ ധാരാളമായുണ്ടായിരുന്ന ഒരു പരമ്പരാഗത ബംഗാളി കുടുംബം. 
ബോസുമാര്‍ ഒരിക്കലും തനി പാരമ്പര്യവാദികളോ യാഥാസ്ഥിതികരോ ആയിരുന്നുമില്ല. അത്യാവശ്യം പുരോഗമനവാദികളും ഉത്പതിഷ്ണുക്കളുമുള്‍പ്പെട്ട കൊല്‍ക്കത്തയിലെ ജനശ്രദ്ധ നേടിയ ഒരു കുടുംബമായിരുന്നു ബോസ്‌കുടുംബം. റോയിമാരും ഘോഷുമാരും ബാനര്‍ജിമാരും മുഖര്‍ജിമാരും ടാഗോര്‍മാരും സെന്‍മാരും ചൗധരിമാരുമൊക്കെ ബംഗാളില്‍ അരങ്ങുവാണിരുന്ന കാലവുമായിരുന്നത്. അന്നത്തെ രീതിക്കു പഠനത്തിനു സമര്‍ഥരായിരുന്ന കുട്ടികളെ മിക്ക സമ്പന്നകുടുംബങ്ങളും ഇംഗ്ലണ്ടിലയച്ചു പഠിപ്പിച്ചിരുന്ന കാലവും. സുഭാഷിനെയും പഠനത്തിനയച്ചത് ലണ്ടനിലേക്കാണ്. നിയമം പഠിച്ച്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയവും നേടിയെങ്കിലും ബോസിന്റെ ചായ്‌വ് രാഷ്ട്രീയത്തിലേക്കായിരുന്നു. ഐ.സി.എസ്. ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍നിന്നു തിരിയെവന്ന ബോസ് സ്വാഭാവികമായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ദേശബന്ധു സി.ആര്‍. ദാസിന്റെ വിശ്വസ്തനുമായി. ദാസ് കൊല്‍ക്കത്ത മേയറായപ്പോള്‍ ബോസിനെയാണു കോര്‍പ്പറേഷന്റെ സി.ഇ.ഒ. ആയി നിയമിച്ചത്. പിന്നീടു വളരെ വേഗം ബോസ് ബംഗാള്‍ കോണ്‍ഗ്രസില്‍ താരമായി, യുവതരംഗവും. ബംഗാള്‍ പി.സി.സി.യുടെ ജനറല്‍ സെക്രട്ടറിയുമായി ബോസ്. ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയനായതോടെ ബോസിന്റെ എതിര്‍ ചേരികള്‍ തമ്മില്‍ കൈകോര്‍ത്തു. കോണ്‍ഗ്രസിലെ ബോംബെ - ഡല്‍ഹി - ലക്‌നോ അച്ചുതണ്ട് എന്നും ബംഗാള്‍ വിഭാഗത്തോടു ഒരുതരം ശീതസമരത്തിലായിരുന്നു. ബംഗാള്‍ കോണ്‍ഗ്രസുകാരുടെ ബുദ്ധിജീവി പരിവേഷത്തോട് വടക്കു-പടിഞ്ഞാറന്‍ ലോബിക്ക് ഒട്ടും പഥ്യമുണ്ടായിരുന്നുമില്ല. ഐ.സി.എസ്. ഉപേക്ഷിച്ചുവന്ന സുഭാഷ് ചന്ദ്രബോസിന്റെ താരത്തിളക്കത്തില്‍ അവര്‍ അസ്വസ്ഥരുമായിരുന്നിരിക്കണം. ബോസ് നയങ്ങളിലും നിലപാടുകളിലും തനതുവഴികള്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നതും 'ഹൈക്കമാന്റി'നെ അസ്വസ്ഥമാക്കിയിരിക്കുവാനിടയുണ്ട്. കോണ്‍ഗ്രസില്‍ ആശയസമരം നടക്കുന്ന കാലവുമായിരുന്നല്ലോ. ഗാന്ധിജിയുടെ അഹിംസാത്മക സത്യഗ്രഹരീതികളോടു വിയോജിപ്പുള്ളവര്‍ വേണ്ടിവന്നാല്‍ ആയുധമെടുത്തും ബ്രിട്ടീഷ് മേല്‍ക്കോയ്മയോടു ചെറൂത്തുനില്‍ക്കാന്‍ തയ്യാറാവണമെന്നും ആവശ്യമുയര്‍ത്തുന്നുണ്ടായിരുന്നു. 
ബോസ് ആശയപരമായി ഒരിക്കലും ഗാന്ധിജിയുടെ അടുത്ത ആരാധകരിലോ അനുയായികളിലോ ഉള്‍പ്പെട്ടിരുന്നില്ല എന്നതായിരുന്നു വാസ്തവം. മോട്ടിലാല്‍ നെഹൃവുമായുള്ള  ഗാന്ധിജിയുടെ  ആഴമായ ആത്മബന്ധം ജവഹര്‍ലാലിനെ കോണ്‍ഗ്രസ് അധ്യക്ഷപദം വരെ എത്തിച്ചുകഴിഞ്ഞിരുന്നു. അതിനോടു വിയോജിച്ചിരുന്ന സീനിയര്‍നേതാക്കളും കോണ്‍ഗ്രസില്‍  ധാരാളമുണ്ടായിരുന്നിരിക്കണം.  കോണ്‍ഗസിന്റെ ജനറല്‍ സെക്രട്ടറിപദത്തില്‍ ശോഭിച്ച ബോസ് സ്വാഭാവികമായും കോണ്‍ഗ്രസ് പ്രസിഡന്റായും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, 1939 ല്‍ വീണ്ടും കോണ്‍ഗ്രസധ്യക്ഷ പദത്തിലേക്കു മത്സരിക്കുവാനുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ തീരുമാനം ഗാന്ധിജിയുടെ നേതൃത്വത്തിനെതിരായ വെല്ലുവിളിയാണെന്ന പ്രചാരണമുണ്ടായപ്പോള്‍ ഗാന്ധിജി തന്റെ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിഖ്യാതചരിത്രകാരനുമായ ഡോ. പട്ടാഭി സീതാരാമയ്യയെ പ്രഖ്യാപിച്ചു. രോഗശയ്യയിലായിരുന്ന ബോസ് സ്‌ട്രെച്ചറിലായിരുന്നു സമ്മേളനവേദിയി ലെത്തിയത്. തിരഞ്ഞെടുപ്പില്‍ ബോസിനായിരുന്നു വിജയം. ദക്ഷിണേന്ത്യയില്‍നിന്നുള്ള പ്രമുഖ നേതാവായിരുന്ന മുത്തുരാമലിംഗ തേവരാണത്രേ ബോസിനുവേണ്ടി ശക്തമായി കളത്തിലിറങ്ങിയത്.
ദക്ഷിണേന്ത്യന്‍ പ്രതിനിധികളില്‍ വലിയ പങ്ക് വോട്ടും തേവര്‍ ബോസിനുറപ്പാക്കിയിരുന്നു. ഗാന്ധിജിക്കു മനസ്സില്‍ വല്ലാതെ മുറിവേറ്റിരുന്നിരിക്കണം. അദ്ദേഹം ബോസ് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ തന്റെ പക്ഷക്കാരോടുമുഴുവനും രാജിവയ്ക്കുവാന്‍ ഉപദേശിച്ചതോടെ സുഭാഷ് ബോസ്  കോണ്‍ഗ്രസധ്യക്ഷപദവും രാജിവയ്ക്കുകയായിരുന്നു. പിന്നീട് ഗാന്ധിജിയുമായും കോണ്‍ഗ്രസുമായും അകലം പാലിച്ചുവെന്നു മാത്രമല്ല, പ്രായോഗികമായി കോണ്‍ഗ്രസുമായിത്തന്നെ വഴിപിരിയുകയും കൊല്‍ക്കത്ത കേന്ദ്രമാക്കി ഇന്ത്യന്‍ ഫോര്‍വേര്‍ഡ് ബ്‌ളോക്ക് എന്ന പുതിയൊരു രാഷ്ട്രീയപ്രസ്ഥാനത്തിനുതന്നെ രൂപംനല്‍കുകയുമായിരുന്നു. ഗാന്ധിജിയുടെ സത്യഗ്രഹരീതിയിലുള്ള സമരവഴിയില്‍ ഇന്ത്യയ്ക്കു നൂറു വര്‍ഷം കഴിഞ്ഞാലും സ്വാതന്ത്ര്യപ്രാപ്തി അകലെ ആയിരിക്കുമെന്നുകൂടി ബോസ് പറഞ്ഞുവച്ചു. കുറച്ചുനാള്‍ ബോസ് കൊല്‍ക്കത്ത മേയര്‍സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജെ.എം. സെന്‍ ഗുപ്തയെത്തുടര്‍ന്നായിരുന്നു ബോസ് മേയറായത്. ബോസിനെത്തുടര്‍ന്നു മേയര്‍പദവിയില്‍ വന്നത് പില്‍ക്കാലത്ത് ബംഗാള്‍ മുഖ്യമന്ത്രിയായിത്തീര്‍ന്ന ഡോ. ബി.സി. റോയിയും. ഗാന്ധിജിയുമായി അകലത്തിലാവുമ്പോഴും സുഭാഷ് ബോസ് ദേശബന്ധു ചിത്തരന്‍ജന്‍ ദാസിന്റെ മാനസപുത്രനായിത്തന്നെ തുടര്‍ന്നു. ജ്യേഷ്ഠന്‍ ശരച്ചന്ദ്രബോസ് ആശയപരമായി എന്നും ഗാന്ധിപക്ഷത്തായിരുന്നു എന്നതും ചരിത്രം.
രണ്ടാം ലോകമഹായുദ്ധമാരംഭിച്ചതോടെ പാശ്ചാത്യ സഖ്യത്തിനെതിരേ ജര്‍മ്മനി - ജപ്പാന്‍ - ഇറ്റലി അച്ചുതണ്ടു ശക്തികള്‍ക്കൊപ്പംനിന്ന് ബ്രിട്ടനെ തോല്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുവാനുള്ള എളുപ്പവഴിയെന്നായിരുന്നു നേതാജിയുടെ വാദം. ബോസ് പ്രകടമായിത്തന്നെ ജപ്പാനുമായി ബന്ധപ്പെട്ടുവെന്നു മാത്രമല്ല, അച്ചുതണ്ടു ശക്തികളുടെ പിന്തുണയോടെ ഇന്ത്യയ്ക്കുപുറത്ത് ഒരു ആസാദ് ഹിന്ദ് സര്‍ക്കാരിനുതന്നെ രൂപം നല്‍കി. അതോടൊപ്പംതന്നെ ഒരു ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും (ഐ.എന്‍.എ) നേതാജി രൂപംകൊടുത്തു. ജപ്പാന്‍ യുദ്ധത്തടവുകാരായിപ്പിടിച്ച ബ്രിട്ടീഷ് സേനയിലെ ഇന്ത്യന്‍ ഭടന്‍മാരെക്കൂടി ഐ.എന്‍.എയിലേക്കു മാറ്റി. ബര്‍മയിലും മലയയിലുമൊക്കെനിന്നും ധാരാളം ഇന്ത്യന്‍ യുവാക്കള്‍ ഐ.എന്‍.എ.യില്‍ ചേരാന്‍ മുന്നോട്ടുവന്നു. അന്നു ജപ്പാനിലായിരുന്ന കെ.പി. കേശവമേനോന്‍പോലും  ബോസിന്റെയും ഐ.എന്‍.എ.യുടെയും അനുഭാവിയായി മാറിയിരുന്നല്ലോ. അക്കാലത്തെ യുദ്ധവാര്‍ത്തകള്‍ക്കിടയില്‍ നേതാജിയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ ദേശീയ സൈന്യവും പലപ്പോഴും  ഇടം പിടിച്ചു. പില്‍ക്കാലത്തു നെഹൃ മന്ത്രിസഭയില്‍ അംഗമായിത്തീര്‍ന്ന  ഷാനവാസ് ഖാനും പ്രശസ്ത ദേശീയവാദിയായിരുന്ന അമ്മു സ്വാമിനാഥന്റെ മകള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുമൊക്കെയായിരുന്നു അക്കാലത്ത് ഐ.എന്‍.എ.യിലെ ബോസിന്റെ  വിശ്വസ്തര്‍. ഇന്ത്യയിലും ഐ.എന്‍.എ.യിലേക്കു ഒട്ടേറെ യുവാക്കള്‍ അണിചേര്‍ന്നു. നേതാജി ഇന്ത്യന്‍ യുവജനങ്ങളുടെ ഇതിഹാസതാരമായിത്തീര്‍ന്നിരുന്നുവെന്നതായിരുന്നു യാഥാര്‍ഥ്യം. ഐ.എന്‍.എ. ഒരാവേശമായി ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും അലകളുയര്‍ത്തി.
ജര്‍മന്‍പ്രവാസകാലത്തു ബോസ് ഒരു പ്രണയത്തിലും ചെന്നുപെട്ടിരുന്നു. രഹസ്യമായി അവര്‍ വിവാഹവും കഴിച്ചിരുന്നുവെന്നു  പില്‍ക്കാലത്തു   ബോസിന്റെ അക്കാലത്തെ അടുത്ത സഹപ്രവര്‍ത്തകരാണ് സാക്ഷ്യപ്പെടുത്തിയത്. - എമിലി ഷിങ്കല്‍ 1936-37 കാലത്തു ബോസിന്റെ സെക്രട്ടറിയുമായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്കുണ്ടായ ഏക മകളായിരുന്നു അനിതാ ബോസ്. നെഹൃ പ്രധാനമന്ത്രിയായിരിക്കേ അനിത ഒരിക്കല്‍ ഇന്ത്യാസന്ദര്‍ശനത്തിനു വന്നിരുന്നു. നെഹൃ സര്‍ക്കാര്‍ അവരെ സ്വാഗതം ചെയ്യുകയും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്‌തെങ്കിലും ഇന്ത്യയില്‍ സ്ഥിരതാമസമാക്കുവാനുള്ള അവരുടെ ആഗ്രഹത്തോട് അനുകൂലനിലപാടല്ല സ്വീകരിച്ചതെന്ന ആക്ഷേപം നേതാജി അനുകൂലികള്‍ പിന്നീട് ഉയര്‍ത്തുകയുണ്ടായി. എന്നാല്‍, ജര്‍മനിയിലേക്കു മടങ്ങുംമുന്‍പ് അനിതാ ബോസ് പ്രധാനമന്ത്രി നെഹൃവിനും മറ്റ് ഇന്ത്യന്‍ നേതാക്കള്‍ക്കും പ്രത്യേകം നന്ദി പറയുകയുണ്ടായി എന്നതുകൊണ്ടാവാം ആ വഴി വിവാദങ്ങള്‍ക്കൊന്നും പിന്നീട് വലിയ പ്രസക്തി ഉണ്ടായില്ല.
മഹായുദ്ധത്തിന്റെ അവസാനപാദങ്ങളിലായിരുന്നു, നിര്‍ഭാഗ്യമെന്നു  പറയട്ടെ ഒളിവുജീവിതത്തിനിടയില്‍ നേതാജി ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലോകമാകെ ഞെട്ടല്‍ ഉണ്ടാക്കിയത്. പലര്‍ക്കും ഇന്നും അത്ര സ്വീകാര്യമല്ലാത്ത ഒരു വാദമാണ് നേതാജി വിമാനാപകടത്തില്‍പ്പെട്ടു മരിച്ചുവെന്നത്. പല കമ്മീഷനുകള്‍  പല തവണ അന്വേഷിച്ചിട്ടും ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുന്ന ഒരു ചോദ്യവുമാണ് നേതാജിയുടെ മരണം.  1966 ല്‍  താഷ്‌കെന്റില്‍ വച്ച് അന്ന് പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി  ഇന്ത്യാ - പാക്കിസ്ഥാന്‍ സമാധാനസംഭാഷണങ്ങള്‍ക്കിടെ അന്തരിച്ചതും ദുരൂഹത ഉയര്‍ത്തുകയുണ്ടായി. പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയ്ക്കുണ്ടായ വിജയം പ്രധാനമന്ത്രി ശാസ്ത്രിക്കു നേടിക്കൊടുത്ത വന്‍ജനസമ്മതിയാണ്  ശാസ്ത്രിയുടെ ജീവനു ഭീഷണിയായതെന്ന് അന്നു പ്രധാനമന്ത്രി ശാസ്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന കുല്‍ദീപ് നയ്യാര്‍ പലപ്പോഴും പറയാതെ പറഞ്ഞിരുന്നുവെന്നതും നമ്മുടെ ഓര്‍മയിലുണ്ട്. നേതാജിയുടെ അപകടമരണം നടന്നതും  ബോസിന്റെ ജനസമ്മതി അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന സമയത്തും കാലത്തുമായിരുന്നുവെന്നതാണ് ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന്. എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നും നെഞ്ചേറ്റിയ ഒരു നേതാവെന്ന നിലയിലാണ് ചരിത്രത്തില്‍ നേതാജിയുടെ സ്ഥാനം. ആര്‍മി ജനറലിന്റെ സൈനികവേഷത്തിലുള്ള നേതാജിയുടെ ചിത്രം ഇന്നും ജനങ്ങള്‍ക്കു ഹരംതന്നെ. ഇന്നും ജനഹൃദയങ്ങളില്‍  അഭിമാനമായും ആവേശമായും ജ്വലിച്ചുനില്ക്കുന്ന നേതാജിയുടെ ഉജ്വലചിത്രവും വേറൊന്നല്ല. മറ്റൊരു ഇന്ത്യന്‍ നേതാവിനെയും ഈ രാജ്യത്തെ ജനങ്ങള്‍ ഇന്നേവരെ നേതാജിയെന്നു വിളിച്ചിട്ടുമില്ല.

 

Login log record inserted successfully!