•  5 Dec 2024
  •  ദീപം 57
  •  നാളം 39
വിളക്കുമരം

ആത്മീയതയുടെ പാഠപുസ്തകം

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ വിയോഗം അപ്രതീക്ഷിതമല്ലെങ്കിലും അതു സഭാവിശ്വാസികളുടെയും ക്രൈസ്തവസമൂഹത്തിന്റെയും മാത്രമല്ല, കേരളത്തിലെ പൊതുസമൂഹത്തിന്റെയും സഹോദരസഭകളുടെയും സമുദായങ്ങളുടെയും, തിരുമേനിയെ അടുത്തറിഞ്ഞിട്ടുള്ളവരുടെയും മനസ്സില്‍ ഏല്പിച്ചിട്ടുള്ള ആഘാതം പറഞ്ഞറിയിക്കാനാവാത്തതാണ്. ബാവാ തിരുമേനിയുടെ സൗഹൃദവലയം വളരെ വിശാലമായിരുന്നു. അതിനു തിരുമേനി സഭാപരമോ സമുദായപരമോ മതപരമോ ആയ ഒരു പരിധിയോ പരിമിതിയോ വച്ചിരുന്നുമില്ല. യഥാര്‍ത്ഥ മാനവികതയുടെ മറുപേരായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവായുടേത്.
സ്‌നേഹസൗഹൃദങ്ങളിലും വ്യക്തിബന്ധങ്ങളിലും മാത്രമല്ല ആത്മീയപ്രസന്നതയിലും അനന്യമായ മുഖശോഭയിലും പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി, കാലം ചെയ്ത മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ ശിഷ്യനും യഥാര്‍ത്ഥ പിന്‍ഗാമിയുമായിട്ടാണ് തിരുമേനിയെ അടുത്തറിഞ്ഞവര്‍ക്കൊക്കെ അനുഭവപ്പെട്ടിരുന്നത്. തികഞ്ഞ ഭക്തന്‍. നോയമ്പും ഉപവാസവും ധ്യാനവും പ്രാര്‍ത്ഥനയുമൊക്കെ തിരുമേനിക്ക് ജീവിതക്രമത്തിന്റെതന്നെ ഭാഗമായിരുന്നു.
അടുപ്പമുള്ള ആരാധകരുടെയും സുഹൃത്തുക്കളുടെയും വിശദവിവരങ്ങളെല്ലാം തിരുമേനിക്കു ഹൃദിസ്ഥമായിരുന്നു. എല്ലാവരെയും ബാവാ ഓര്‍ക്കുകയും ചെയ്തിരുന്നു.അവരുടെ സന്തോഷ-സന്താപസന്ദര്‍ഭങ്ങളിലെല്ലാം തിരുമേനി സമീപസ്ഥനുമായിരുന്നു. ഒട്ടേറെ സന്ദര്‍ഭങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്, സ്വന്തം അനുഭവത്തിലും. ബാവാ തിരുമേനിയുടെ ആത്മീയമാനസപുത്രനും എനിക്കു പ്രിയ ശിഷ്യനുമായ ജോര്‍ജ് ജേക്കബ് ഹൈറേഞ്ചിലെ ഒരു ഹൈസ്‌കൂള്‍ അധ്യാപകനാണ്. കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ ജോര്‍ജിന്റെ പുതിയ ഭവനത്തിന്റെ കൂദാശയ്ക്കു ബാവാ വേണമെന്ന് ജോര്‍ജിനു വലിയ ആഗ്രഹം. തിരുമേനിക്ക് അന്നുച്ചയ്ക്കു കോട്ടയത്തുണ്ടാവുകയും വേണം. മഴക്കാലവും. രാവിലെ ഒന്‍പതുമണിക്കു ഞാനെത്തുമ്പോള്‍ ബാവാ എട്ടരയ്ക്കുതന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു. ആ മഴയത്തും തണുപ്പത്തും കോട്ടയത്തുനിന്ന് അതിരാവിലെ അഞ്ചു മണിക്കു പുറപ്പെട്ടു കട്ടപ്പന വന്നു കൂദാശാകര്‍മങ്ങളെല്ലാം നടത്തിയശേഷം മാത്രം പ്രഭാതഭക്ഷണം കഴിച്ച് ബാവ അപ്പോള്‍ത്തന്നെ കോട്ടയത്തേക്കു മടങ്ങിയ ചിത്രം എന്റെ മനസ്സില്‍ മായാതെയുണ്ട്. വാത്സല്യത്തിന്റെയും ഒരു മറുപേരായിരുന്നു ബാവാത്തിരുമേനിയുടേത്.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ഭിന്നശേഷിക്കാരായ കുട്ടികളോടും പ്രത്യേക വാത്സല്യവും കരുതലും ബാവാ എന്നും മനസ്സില്‍ സൂക്ഷിച്ചു. അവരെ സഹായിക്കാനുള്ള ഒരവസരവും തിരുമേനി നഷ്ടപ്പെടുത്തിയതുമില്ല. നടന്‍ മമ്മുട്ടിയും ഓര്‍ത്തഡോക്‌സ് സഭയിലെതന്നെ വൈദികനായ തോമസ് കുര്യന്‍ മരോട്ടിപ്പുഴയച്ചനുംകൂടി തുടങ്ങിയ 'കെയര്‍ ആന്‍ഡ് ഷെയര്‍' പദ്ധതിയുടെ പ്രധാന രക്ഷാധികാരികളിലൊരാള്‍ ബാവാ തിരുമേനി ആയിരുന്നുവെന്നതും സ്മരണീയമാണ്. മാണിസാര്‍ ധനകാര്യമന്ത്രി ആയിരുന്നപ്പോള്‍ തുടക്കംകുറിച്ച കേരള സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാപദ്ധതിയിലും ബാവാതിരുമേനി വളരെ പ്രസന്നനായിരുന്നു. തിരുമേനി കാന്‍സര്‍ ബാധിതനാകുന്നതിനും എത്രയോമുമ്പാണ്  ബാവാ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സാര്‍ത്ഥം പ്രത്യേക സഹായപദ്ധതികള്‍ക്കു മുന്‍കൈ എടുത്തത്. തനിക്കു ദൈവനിയോഗമായി ലഭിച്ച എല്ലാ പൗരോഹിത്യപദവികളെയും യേശുവിന്റെ സൗഖ്യദായകശുശ്രൂഷയുടെ ഭാഗമായിട്ടാണ് ബാവാ കണ്ടത്. അതായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവായുടെ ദര്‍ശനവും ദൗത്യവും.
നിര്‍ഭയനായിരുന്നു തിരുമേനി. തന്റെ ബോധ്യങ്ങള്‍ക്കു നിരക്കാത്ത ~ഒരു നിലപാടും ബാവായ്ക്ക് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. ആരുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാനും തിരുമേനി കൂട്ടാക്കിയിരുന്നില്ല. ഇതു ചിലപ്പോഴെങ്കിലും തിരുമേനിയെ ഒരു കടുംപിടിത്തക്കാരന്‍ എന്നു തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയിട്ടുമുണ്ട്. പക്ഷേ, അപ്പോഴും ബാവാ സ്വന്തം നിലപാടുകളില്‍നിന്നു വ്യതിചലിച്ചതുമില്ല. തിരുമേനിയുടെ സ്വഭാവം എല്ലാക്കാലത്തും അത്രയേറെ സുതാര്യമായിരുന്നു.
പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുമായി എനിക്ക് ആത്മബന്ധമുണ്ടാകുന്നത് അദ്ദേഹം നിയുക്ത കാതോലിക്കയായി കോട്ടയത്തു വന്നതിനുശേഷമാണ്. ദേവലോകം അരമനയില്‍വച്ചുണ്ടായ ആദ്യകൂടിക്കാഴ്ചയില്‍ത്തന്നെ  തിരുമേനിയുടെ രൂപവും പെരുമാറ്റവും എന്റെ മനസ്സില്‍ പതിഞ്ഞു. ഔപചാരികതകള്‍ ഒന്നുമില്ലാതെയുള്ള നിയുക്തബാവായുടെ ഇടപെടല്‍ പില്‍ക്കാലത്തുണ്ടായ ആഴമായ ആത്മബന്ധത്തിന് ആദ്യപടിയായി. എപ്പോള്‍ വേണമെങ്കിലും സാറിന് എന്നെ വിളിക്കാമെന്നു പറഞ്ഞ് എനിക്കു തിരുമേനിയുടെ പേഴ്‌സണല്‍ മൊബൈല്‍ നമ്പര്‍ തന്നു. എന്റെ നമ്പര്‍ തിരുമേനി ചോദിച്ചുവാങ്ങി സേവ് ചെയ്യുകയും ചെയ്തു. കാണുമ്പോഴൊക്കെ ഹൃദ്യമായ ചിരിയോടെ നമ്മെ സ്വീകരിക്കുന്ന ബാവായുടെ മുഖത്തു വായിക്കാമായിരുന്നു, നമ്മെ എങ്ങനെയാണ് തിരുമേനി സ്വന്തം ഹൃദയത്തോട് ചേര്‍ത്തുവച്ചിട്ടുള്ളതെന്ന്. കളങ്കമില്ലാത്ത മനസ്സ്, കാപട്യമില്ലാത്ത വാക്ക്, നയതന്ത്രങ്ങളില്ലാത്ത ഇടപെടല്‍. അടുത്തറിയാന്‍ കഴിഞ്ഞവര്‍ക്കെല്ലാം അനുഭവവേദ്യമായിരുന്നു പരിശുദ്ധ ബാവായുടെ നന്മയുടെ ആഴങ്ങള്‍. താരതമ്യമില്ലാത്ത പുണ്യമായിരുന്നു തിരുമേനിയുടെ ശക്തിയും ബലവും.
എന്റെ ജീവിതഭാഗ്യങ്ങളിലൊന്നായി ഞാന്‍ കാണുന്നത് കഴിഞ്ഞ കാലത്തെയും ഇപ്പോഴത്തെയും ഒട്ടേറെ ആത്മീയ മഹാചാര്യന്മാരുമായി അടുത്തറിയാനും ഇടപഴകാനും ഇടവന്നുവെന്നതുതന്നെയാണ്. അതില്‍ മതഭേദമോ സഭാവ്യത്യാസങ്ങളോ ഉണ്ടായിട്ടുമില്ല. അതൊരു വലിയ ദൈവാനുഗ്രഹമായി എന്നതിലും എനിക്കു സംശയമില്ല. ബാവാ തിരുമേനി എന്നെ എപ്പോഴും വാത്സല്യപൂര്‍വം തിരുമേനിയോടു ചേര്‍ത്തുനിര്‍ത്തി. എന്റെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും എന്നും ഒപ്പം നിന്നു. ഞാന്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ അംഗത്വ കാലാവധി അവസാനിച്ചു ഡല്‍ഹിയില്‍നിന്നു തിരിയെ വന്നു പാലായില്‍ താമസമാക്കിയശേഷം ഒരു ദിവസം പാലായിലെ ഞങ്ങളുടെ ഭവനത്തില്‍ വരികയും ഞങ്ങളെ പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. തൃശൂര്‍ നിന്ന് ഒരു യാത്രാമദ്ധ്യേ കൂത്താട്ടുകുളത്തെത്തിയപ്പോള്‍ നേരേ കോട്ടയത്തിനുപകരം പാലാവഴി വരികയായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, ബാവാ തിരുമേനി വരുന്ന കാര്യം അറിയിച്ചപ്പോള്‍ അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവും വരാന്‍ സന്മനസ്സു കാട്ടി. ബാവാ തിരുമേനിക്ക് അതു വലിയ സന്തോഷമായി.
പൗലോസ് ദ്വിതീയന്‍ ബാവായുടെ കാര്യത്തില്‍ ഉണ്ടായ അവിസ്മരണീയമായ ഒരു അനുഗ്രഹാനുഭവം പരുമല ആശുപത്രിയില്‍ രണ്ടാഴ്ചമുമ്പ് ബാവായെ കാണാനും സംസാരിക്കാനും അവസരമുണ്ടായി എന്നതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌തോമോസ് തിരുമേനിയുമൊത്താണ് ബാവാ തിരുമേനിയെ അവസാനമായി കണ്ടത്. സന്ദര്‍ശകര്‍ക്കു കര്‍ശനനിയന്ത്രണമുള്ള സമയമായതുകൊണ്ടു കാണാന്‍ കഴിയുമോ എന്നു സംശയമുണ്ടായിരുന്നു. പക്ഷേ, ബാവാ തിരുമേനി എനിക്കു ചെന്നു കാണാന്‍ പ്രത്യേക അനുമതി നല്‍കി. ഒരുപക്ഷേ, അവസാനദിവസങ്ങളില്‍ തിരുമേനിയെ നേരില്‍ അടുത്തു കാണാനും സംസാരിക്കാനും അവസരം ലഭിച്ച അല്മായനും ഞാനായിരുന്നിരിക്കാം. അഭിവന്ദ്യ ക്രിസോസ്‌തോമോസ് തിരുമേനിയോടു നന്ദി പറയാന്‍ എനിക്കു വാക്കുകളില്ല. ബാവായെ കാണാനുള്ള എന്റെ ആഗ്രഹം തിരുമേനിയോടു പറഞ്ഞത് അദ്ദേഹം ആയിരുന്നല്ലോ. രോഗശയ്യയിലും വളരെ പ്രസന്നനായിരുന്നു ബാവാ. രോഗഗൗരവം തിരുമേനിക്കും അറിയാമായിരുന്നിരിക്കണം. യാത്രപറയുമ്പോള്‍ എന്റെ കണ്ണു നിറയുന്നത് തിരുമേനി കണ്ടുകാണണം. ചിരിച്ചുകൊണ്ടുതന്നെ എന്റെനേര്‍ക്കു കൈ ഉയര്‍ത്തി, എന്നെ ആശീര്‍വദിക്കുംപോലെ. തിരുമേനിക്കുനേരേ ഞാനും സ്‌നേഹാദരവോടെ തല നമിച്ചു കൊണ്ട് ആചാരപ്രകാരം പിറകോട്ടു നടന്നുതന്നെ മുറി വിടുകയും ചെയ്തു. അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച; ബാവാ തിരുമേനിയോടുള്ള എന്റെ യാത്രാവന്ദനവും. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)